സിനിമയിലെ പവർ ഗ്രൂപ്പുകളുണ്ടാവാൻ കാരണം പ്രേക്ഷകരുടെ അമിതമായ താരാരാധനയാണ് എന്ന് സംവിധായകൻ ശ്യാമപ്രസാദ്. എത്ര മോശം സിനിമകളാണെങ്കിൽ ആദ്യ ദിവസം തന്നെ അത് കാണാൻ വേണ്ടി ക്യു നിൽക്കുന്ന പ്രേക്ഷകരാണ് താരങ്ങളെയും സൂപ്പർ-മെഗാ താരങ്ങളെയും സൃഷ്ടിക്കുന്നത് എന്നും പ്രേക്ഷകരാണ് ഇതിന് ഉത്തരവാദികൾ എന്നും ശ്യാമ പ്രസാദ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ശ്യാമപ്രസാദ്.
ശ്യാമപ്രസാദ് പറഞ്ഞത്:
സിനിമയിൽ പവർ ഗ്രൂപ്പുകൾ ഉണ്ടെന്ന കാര്യം തീർച്ചയല്ലേ? ഒരോരുത്തർക്കും മാർക്കറ്റ് വാല്യു ഉണ്ടാകുമ്പോൾ അവർ അവരുടെ ശക്തി ഇൻഡസ്ട്രിയിൽ ഉപയോഗിക്കുമല്ലോ? അത് വളരെ ലളിതമായ കാര്യമല്ലേ? അതിന് ശരിക്കും ഉത്തരവാദികൾ ആരാണ്? ഈ പ്രേക്ഷകരാണ് ഈ താരങ്ങളെയും സൂപ്പർ താരങ്ങളെയും മെഗാ താരങ്ങളെയും എല്ലാ ഉണ്ടാക്കുന്നത്. എത്ര ചവർ ആണെങ്കിലും ആ സിനിമ ആദ്യ ദിവസം തിയറ്ററിൽ പോയി ക്യൂ നിൽക്കുന്ന ആളുകളെയാണ് പറയേണ്ടത്. അവരാണ് ഇതിന് ഉത്തരവാദികൾ.
സ്ത്രീകളുടെ സുരക്ഷ ഒരു പ്രശ്നം തന്നെയാണ്. സിനിമ എന്നത് പത്ത് മുപ്പത് ദിവസത്തേക്കുള്ള കൂടിച്ചേരലും, സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ചേർന്ന് താമസിച്ച് പ്രവർത്തിക്കുകയും ഒക്കെ ചെയ്യുന്ന സ്ഥലമാണ്. അങ്ങനെ ഒരു അവസ്ഥയുള്ളതുകൊണ്ട് അവിടെ ഇത്തരം പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതൊരു പ്രശ്നം തന്നെയാണ്. കൂടുതൽ സമത്വവും ബഹുമാനവും അവിടെ പരസ്പരം ഉണ്ടാകേണ്ടതാണ്. ഇത്തരത്തിൽ നിയമപരമായി നമ്മൾ അത് നേടിയെടുക്കുന്നതിന് മുമ്പേ തന്നെ കലാകാരന്മാരുടെ പ്രവർത്തനത്തിലൂടെ അത് ചെയ്യേണ്ടതായിരുന്നു. കേരളീയർ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരും അതിനെക്കുറിച്ച് സംസാരിക്കാൻ താൽപര്യമുള്ളവരും ആയതിനാൽ ഇത് ചർച്ച ചെയ്യപ്പെടുന്നു എന്നതാണ്. സംഘടന കുറച്ചു കൂടി പോസ്റ്റീവായ രീതിയിൽ ഇക്കാര്യത്തിൽ പ്രതികരിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഒരു പ്രസ്ഥാനത്തിന് ചിലപ്പോൾ അതിന്റേതായ പരിമിധികളുണ്ടാവാം. സംഘടന പ്രതികരിക്കുന്നതിലും കാലതാമസം നേരിട്ടു. അതിലും മികച്ച പ്രതികരണം എത്രയും വേഗം സംഘടനയ്ക്ക് നൽകാമായിരുന്നു. നിയമം ഉണ്ടാവുന്നത് നല്ലത് തന്നെയാണ് കുറച്ചു പേരെയെങ്കിലും അത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും വിലക്കും. എന്നാൽ അതിനെക്കാളുപരി എല്ലാവരും ഇതിനെക്കുറിച്ച് ബോധവാന്മാരാകണം. എന്തുകൊണ്ട് ഇത് ചെയ്തുകൂടാ എന്ന് മനസ്സിലായില്ലെങ്കിൽ ഒരു അവസരം കിട്ടിയിൽ എല്ലാവരും അത് ചെയ്യില്ലേ? മറ്റുള്ളവരുടെ ഇടത്തെയും സ്വകാര്യതയെയും ബഹുമാനിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്, ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അത് പഠിച്ചിട്ടില്ല. ആർട്ടിസ്റ്റ് എന്ന തരത്തിലും സമൂഹം നമ്മളെ വളരെയധികം ശ്രദ്ധിക്കുന്നു എന്ന ബോധത്തിലും ഇത്തരം കാര്യങ്ങളിൽ നമ്മൾ കുറച്ചു കൂടി ബോധവാന്മാരായിരിക്കണം. ശ്യാമപ്രസാദ് കൂട്ടിച്ചേർത്തു.