"ഒരുമിച്ച് സിനിമ മേഖലയിലേക്ക് കടന്നു വരുന്നു, ഇപ്പോഴും ബാച്ചിലേഴ്സായി തുടരുന്ന രണ്ടുപേർ." നടി ഹണി റോസിനെക്കുറിച്ച് ചോദിച്ചാൽ ആദ്യം പറയാൻ പറ്റുന്നത് ഈ വാക്കുകളാണെന്ന് നടൻ മണിക്കുട്ടൻ. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഇരുവരും തങ്ങളുടെ കരിയർ ആരംഭിച്ചത്. തങ്ങളുടെ സൗഹൃദം അവിടെനിന്നും തുടങ്ങിയതാണെന്നും മണിക്കുട്ടൻ പറഞ്ഞു. സിനിമ രംഗത്തെ തന്റെ മറ്റ് സൗഹൃദങ്ങളെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും ക്യു സ്റ്റുഡിയോയോട് പറയുകയാണ് മണിക്കുട്ടൻ
മണിക്കുട്ടന്റെ വാക്കുകൾ
"ഒരുമിച്ച് സിനിമ മേഖലയിലേക്ക് കടന്നു വരുന്നു, ഇപ്പോഴും ബാച്ചിലേഴ്സായി തുടരുന്നു.." ഇതാണ് ഹണി റോസിനെക്കുറിച്ച് എനിക്ക് പറയാനുള്ള ആദ്യത്തെ കാര്യം. ആദ്യത്തെ സിനിമ കണ്ട് രണ്ടുപേരെയും ആരും അങ്ങനെ ശപിച്ചൊന്നും കാണില്ല എന്ന് വിശ്വസിക്കുന്നു. ഇടയ്ക്ക് കാണാറുണ്ട്, സൗഹൃദം പുതുക്കാറുണ്ട്. അത്രയെ ഉള്ളൂ.
നടി ഭാവന എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. ഒരു തവണ അമ്മയുടെ ഷോ നടക്കുമ്പോൾ, ഞങ്ങൾ ഒരുമിച്ച് ഒരു ഡാൻസ് പെർഫോം ചെയ്യേണ്ടതായി വന്നു. യഥാർത്ഥത്തിൽ വേറൊരു ആർട്ടിസ്റ്റായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ, അയാൾ വരാത്തതുകൊണ്ട് ആ അവസരം എനിക്ക് ലഭിച്ചു. അന്ന് ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്യുന്ന സമയമായിരുന്നു, ഭാവനയാണെങ്കിൽ അന്ന് തമിഴൊക്കെ ചെയ്ത് സൂപ്പർ സ്റ്റാറാണ്. എന്റെ പേടി ഭാവന എങ്ങാനും നോ പറയുമോ എന്നായിരുന്നു. പക്ഷെ, എന്നോടൊപ്പം ഡാൻസ് ചെയ്തു. ഇത് ഛോട്ടാ മുംബൈയ്ക്കും ശേഷമാണ്. അവിടെ നിന്നുമാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. പിന്നീട് സിസിഎൽ വന്നപ്പോഴാണ് കൂടുതൽ കമ്പനിയാകുന്നത്.
എന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഞാൻ ഇപ്പോഴും ലക്ഷ്മി എന്ന് വിളിക്കുന്ന ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. ലക്ഷ്മി ആഗ്രഹിക്കുന്നതും ലക്ഷ്മി എന്ന് വിളിക്കാനാണ്. എനിക്ക് ആദ്യമായി ക്ലാസിക്കൽ ഡാൻസ് പറഞ്ഞു തരുന്നത് ലക്ഷ്മിയാണ്. ബോയ്ഫ്രണ്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത്, 'പഞ്ചാര ഉമ്മ തരാം' എന്ന പാട്ടിനിടയിൽ ഒരു പോർഷൻ എനിക്ക് കളിക്കണമായിരുന്നു. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ വച്ചായിരുന്നു ഷൂട്ട്, അതുകൊണ്ടുതന്നെ പെട്ടന്ന് ഷൂട്ട് തീർക്കണമായിരുന്നു. അപ്പോഴായിരുന്നു ലക്ഷ്മി പെട്ടന്ന് രണ്ട് സ്റ്റെപ്പ് പഠിപ്പിച്ച് തന്ന് വേഗം ഷൂട്ട് ചെയ്യുന്നത്.