‘കളങ്കാവൽ’ എന്ന സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്തത് മമ്മൂട്ടിയാണെന്ന് നടൻ ജിബിൻ ഗോപിനാഥ്.‘കണ്ണൂർ സ്‌ക്വാഡ്’ എന്ന സിനിമയിൽ ഒരു രംഗത്തിൽ താൻ അഭിനയിച്ചിരുന്നു. പിന്നീട് കളങ്കാവലിലെ കഥാപാത്രത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയപ്പോൾ മമ്മൂട്ടി തന്നെ സജസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ജിബിൻ വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജിബിൻ ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്.
ജിബിൻ ഗോപിനാഥിന്റെ വാക്കുകൾ:
ഡീസ് ഈറേക്ക് മുൻപ് ചെയ്ത സിനിമയാണ് ‘കളങ്കാവൽ’. മമ്മൂക്കയാണ് എന്നെ കളങ്കാവലിലേക്ക് സജസ്റ്റ് ചെയ്തത്. കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം ഞാൻ ഒരു സീനിൽ അഭിനയിച്ചിരുന്നു. പിന്നീട് കളങ്കാവലിലെ കഥാപാത്രം ആര് ചെയ്യണം എന്ന ആലോചന വന്നപ്പോൾ അദ്ദേഹം എന്നെ സജസ്റ്റ് ചെയ്യുകയായിരുന്നു. അക്കാര്യം ഞാൻ പിന്നീടാണ് അറിഞ്ഞത്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.
മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുക എന്നതിനപ്പുറം, ഏകദേശം 40 ദിവസത്തോളം അദ്ദേഹത്തിന്റെ അഭിനയമികവ് നേരിൽ കാണാൻ കഴിഞ്ഞതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ഞാൻ സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹം. അതൊരു ഭാഗ്യമാണ്. ഓരോ രംഗത്തിലും സൂക്ഷ്മമായ രീതിയിൽ അദ്ദേഹം പെർഫോം ചെയ്യുന്നത് കാണുമ്പോൾ, സത്യം പറയട്ടെ - രോമാഞ്ചം തോന്നും.
ഒരു രംഗത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവം പറയാം. ആ സീനിന്റെ റിഹേഴ്സൽ സമയത്ത് ഞാൻ നല്ല രീതിയിൽ ചെയ്തു. എന്നാൽ ഷോട്ടിന്റെ സമയത്ത് പെട്ടെന്ന് ബ്ലാക്ക്‌ഔട്ട് ആയി പോയി. ‘നീ എന്തിനാ നിർത്തിയത്? നല്ല രീതിയിലായിരുന്നല്ലോ ചെയ്തത്,’ എന്ന് മമ്മൂക്ക ചോദിച്ചു. എനിക്ക് സങ്കടത്തേക്കാൾ അപ്പോൾ സന്തോഷമാണ് തോന്നിയത്. കാരണം, ഞാൻ നല്ല രീതിയിലായിരുന്നു ചെയ്തത് എന്ന് മമ്മൂക്കയാണ് പറഞ്ഞത്. എനിക്ക് തെറ്റിപോയി എന്നതിനേക്കാൾ, മമ്മൂക്കയിൽ നിന്ന് ലഭിച്ച അപ്രീസിയേഷനാണ് പ്രധാനമായത്. മമ്മൂക്കയ്‌ക്കൊപ്പം വിനായകൻ ചേട്ടനും ഈ സിനിമയിൽ ഉണ്ട്. രണ്ടുപേരും കൂടി പെർഫോം ചെയ്ത് തകർത്തിട്ടുണ്ട്.