മോഹൻലാൽ-പൃഥ്വിരാജ് ചിത്രം മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. മാർച്ച് 27 ന് റിലീസ് ചെയ്ത ചിത്രം 14 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 263 കോടി രൂപ കളക്ഷൻ നേടി മുന്നേറുന്നു എന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര ബോക്സ് ഓഫീസിൽ ബുധനാഴ്ച ദിവസം മാത്രം എമ്പുരാൻ നേടിയത് 1.15 കോടി രൂപയാണ്. ഇതോടെ ചിത്രത്തിന്റെ മൊത്തം ആഭ്യന്തര കളക്ഷൻ 102.35 കോടി രൂപയായി. കേരളത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രത്തിന് തമിഴിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിഷു റിലീസ് ആയി എത്തിയ ചിത്രങ്ങൾ ഇനിയും എമ്പുരാന്റെ കളക്ഷനിൽ കാര്യമായ ഇടിവിന് കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
കേരളത്തിൽ നിന്ന് 83 കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത്. കേരളത്തിന് ശേഷം എമ്പുരാന് ഏറ്റവുമധികം കളക്ഷൻ ലഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം കർണാടകയാണ്. 12.32 കോടിയാണ് കർണാടകയിൽ നിന്നും സിനിമ ഇതുവരെ നേടിയിട്ടുള്ളത് എന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. കെജിഎഫും സലാറും നിർമിച്ച ഹൊംബാലെ ഫിലിംസാണ് ചിത്രം കർണാടകയിൽ വിതരണം ചെയ്തത്. തമിഴ്‌നാട്ടിൽ നിന്ന് എമ്പുരാൻ ഇതുവരെ നേടിയിരിക്കുന്നത് 9.4 കോടിയാണ്. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് 4.17 കോടിയാണ് സിനിമ ഇതുവരെ നേടിയിട്ടുള്ളത് എന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഗ്ലോബൽ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിൽ തിയറ്റർ ഷെയർ വന്ന ചിത്രം കൂടിയാണ് എമ്പുരാൻ. ഗോകുലം ഗോപാലൻ നിർമ്മാണ പങ്കാളിയായ ശ്രീ ഗോകുലം മുവീസിന്റെ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റെക്കോർഡുകളാണ് എമ്പുരാൻ പിന്നിലാക്കിയത്. പത്ത് ദിവസം കൊണ്ട് 75 കോടിയാണ് കേരളത്തിൽ നിന്ന് എമ്പുരാൻ നേടിയത്. സംഘപരിവാറിന‍്റെ ബഹിഷ്കരണ ആഹ്വാനവും സൈബർ ആക്രമണവും റിലീസ് ദിവസം മുതൽ ഒരാഴ്ച പിന്നിട്ടിട്ടും രാജ്യസഭയിലടക്കം രാഷ്ട്രീയ സാമൂഹിക മേഖലയിൽ എമ്പുരാൻ വിവാദം കത്തിനിന്നതും റെക്കോർഡ് കളക്ഷന് വഴിയൊരുക്കി. സംഘപരിവാർ സമ്മർദ്ദത്തിന് വഴങ്ങി 2 മിനുട്ടോളം കട്ട് ചെയ്തതിന് ശേഷമുള്ള റി എഡിറ്റഡ് വേർഷനാണ് നിലവിൽ പ്രദർശിപ്പിക്കുന്നത്.