'ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ' എന്ന പ്രയോഗത്തിന് ഒരു വിലയുമില്ലെന്നും ആ ലേബലിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ ആസിഫ് അലി. ചുറ്റുമുള്ള മനുഷ്യരുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഇവിടെ വരെ എത്തിയത് എന്നും തന്റെ വിജയത്തിന് പിന്നിൽ ഒരുുപാട് പേരുണ്ടെന്നും ആസിഫ് അലി പറഞ്ഞു. തന്റെ പുതിയ ചിത്രമായ സര്‍ക്കീട്ടിന്‍റെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
ആസിഫ് അലി പറഞ്ഞത്:
ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന പ്രയോഗത്തിന് ഒരു വിലയുമില്ല. നമ്മള്‍ എല്ലാവരും ഇന്ന് നില്‍ക്കുന്ന സ്റ്റേജില്‍ എത്താനുള്ള കാരണം നമ്മുടെ ചുറ്റും ഉള്ളവരും നമ്മളെ സ്നേഹിച്ചവരും നമ്മളെ പിന്തുണച്ചവരുമാണ്. അപ്പോള്‍ ഒരുപാട് പേരുടെ, ഞാന്‍ ചെറുപ്പത്തില്‍ കണ്ട എന്‍റെ സുഹൃത്തുക്കള്‍ മുതല്‍ എന്‍റെ മാതാപിതാക്കള്‍ മുതല്‍ എന്‍റെ അധ്യാപകര്‍ മുതല്‍.. നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹത്തിന് അര്‍ഹനായി ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ അവരുടെ എല്ലാവരുടെയും പിന്തുണയുണ്ട്. അതുകൊണ്ട് അരിക്കലും ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നുള്ള ഒരു ലേബലില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
തമർ സംവിധാനം ചെയ്ത സർക്കീട്ട് ആണ് ആസിഫ് അലിയുടേതായി ഇപ്പോൾ തിയറ്ററിൽ എത്തിയിരിക്കുന്ന ചിത്രം. ആസിഫ് അലിയെകൂടാതെ ബാലതാരം ഓഹാൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുബായിൽ തൊഴിൽ തേടിയെത്തുന്ന അമീർ എന്ന ചെറുപ്പക്കാരന് മുന്നിലേക്ക് ജപ്പു എന്ന കുട്ടി എത്തുന്നതും തുടർന്ന് ഇവർക്കിടയിൽ രൂപപ്പെടുന്ന ആത്മബന്ധവുമാണ് സിനിമ. ചിത്രത്തിൽ നായികയായി എത്തുന്നത് ദിവ്യ പ്രഭ ആണ്. ദീപക് പറമ്പോൾ,രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് സർക്കീട്ട്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്.
ചിത്രത്തിൽ ജപ്പുവായി അഭിനയിച്ച സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായ ബാലതാരം ഓർഹാനെ കയ്യിലെടുത്താണ് ആസിഫലി ആദ്യ പ്രദർശനം കണ്ടിറങ്ങിയത്. എല്ലാവരുടെയും കണ്ണൊക്കെ നിറഞ്ഞിരിക്കുവാണല്ലോ എന്നായിരുന്ന പ്രേക്ഷകരോട് ആസിഫലി ചോദിച്ചത്. എല്ലാ പ്രേക്ഷകർക്കും ഈ സിനിമയിലെ ഇമോഷൻസ് കണക്ടാകുന്നു എന്ന് കാണുമ്പോൾ സന്തോഷം. എല്ലാവരുടെയും കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ. എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമയാണ് ഇത് എന്നാണ് എനിക്ക് തോന്നുന്നത്. കുട്ടികൾക്കൊപ്പം ഇരുന്ന് കാണുമ്പോഴാണ് ആ ഇമോഷൻ എല്ലാവർക്കും ഒരുപോലെ കിട്ടുകയെന്നും ആസിഫലി പറഞ്ഞു.