വി എ ശ്രീകുമാര്‍ 
Film News

‘മേനോന്‍ എന്ന ജാതിവാല്‍ ഉപേക്ഷിക്കുന്നു’; വി എ ശ്രീകുമാര്‍ എന്നറിയപ്പെട്ടാല്‍ മതിയെന്ന് സംവിധായകന്‍

THE CUE

പേരിലെ ജാതിവാല്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍. അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുകയാണെന്ന് ശ്രീകുമാര്‍ പറഞ്ഞു. എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്. ഔദ്യോഗിക രേഖകളില്‍ ഇല്ലാതിരുന്ന അച്ഛന്റെ പേരിലുള്ള മേനോന്‍ സംവിധായകനായപ്പോള്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതില്‍ ഖേദിക്കുകയാണെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു.
വി എ ശ്രീകുമാര്‍

മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. 'വി.എ ശ്രീകുമാര്‍' എന്ന് അറിയപ്പെട്ടാല്‍ മതി. ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവുമാണ് എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്നതെന്നും വി എ ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷണിച്ച ശേഷം തന്നെ അപമാനിച്ചതില്‍ ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ കുത്തിയിരിക്കുന്നതിന്റേയും കരഞ്ഞു കൊണ്ട് സംസാരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ നേരിടുന്നത്. 'ഞാന്‍ മേനോനല്ല, ടൈല്‍സിന്റെ പണിയെടുത്ത് ജീവിച്ചയാളാണ്, മനുഷ്യനാണ്' എന്നെല്ലാം ബിനീഷ് പറയുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെ അനില്‍ രാധാകൃഷ്ണ മേനോന്‍ മാപ്പ് ചോദിച്ച് രംഗത്തെത്തി. ബിനീഷ് ബാസ്റ്റിനെ അപമാനിച്ചതില്‍ സിനിമാ സംഘടനയായ ഫെഫ്ക സംവിധായകനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

വി എ ശ്രീകുമാറിന്റെ പ്രതികരണം

പേര് മാറ്റം

പ്രിയമുള്ളവരേ,

കുട്ടിക്കാലം മുതല്‍ ജാതി ചിന്തകള്‍ക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് ഞാന്‍. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേര്‍ന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു.

എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാര്‍ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതില്‍ ഖേദിക്കുന്നു.

ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്- 'മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. 'വി.എ ശ്രീകുമാര്‍' എന്ന് അറിയപ്പെട്ടാല്‍ മതി''

സ്‌നേഹപൂര്‍വ്വം,

വി.എ ശ്രീകുമാര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT