Film News

'2018 മുതൽ ചോദിച്ചു കൊണ്ടിരിക്കുകയല്ലേ? വട ചെന്നൈ 2 അടുത്ത വർഷം ആരംഭിക്കും'; കുബേര ഓഡിയോ ലോഞ്ചിൽ ധനുഷ് ആരാധകരോട്

ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വട ചെന്നൈയുടെ രണ്ടാം ഭാ​ഗം അടുത്ത വർഷം ആരംഭിക്കുമെന്ന് നടൻ ധനുഷ്. വട ചെന്നൈയുടെ സീക്വലുണ്ടാകുമെന്ന് മുമ്പ് സംവിധായകൻ വെട്രിമാരൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ചുള്ള യാതൊരു അപ്ഡേറ്റുകളുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എപ്പോൾ എത്തുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നടൻ ധനുഷ്.

ധനുഷിന്റെ പുതിയ ചിത്രമായ കുബേരയുടെ ഓഡിയോ ലോഞ്ചിൽ വട ചെന്നൈ 2 എപ്പോൾ ഉണ്ടാകുമെന്ന ആൾക്കൂട്ടത്തിന്റെ ചോദ്യത്തിന് 2018 മുതൽ ചോദിച്ചു കൊണ്ടിരിക്കുകയല്ലേ? വട ചെന്നൈ 2 അടുത്ത വർഷം വരും എന്ന് ധനുഷ് മറുപടി പറഞ്ഞു. നിറകയ്യടിയോടെയും ആഹ്ലാദത്തോടെയുമാണ് സദസ്സ് ധനുഷിന്റെ മറുപടിയെ സ്വീകരിച്ചത്. ധനുഷിന്റെ മറുപടി ഇപ്പോൾ സമൂ​ഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

2018 ൽ ആണ് ധനുഷിനെ നായകനാക്കി വെട്രിമാരൻ വട ചെന്നൈ എന്ന ചിത്രം ഒരുക്കിയത്. രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ചിത്രീകരിച്ച സിനിമയാണ് വടചെന്നൈ. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചിരുന്നു. വടക്കന്‍ ചെന്നൈയിലെ അന്‍പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിച്ചത്. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം ധനുഷിന്റെ പുതിയ ചിത്രം കുബേര ജൂൺ 20 ന് തിയറ്ററുകളിലെത്തും. നാഗാർജുന, രശ്‌മിക മന്ദാന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT