Film News

പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ "നന്നായി" തന്ന ഊർജ്ജം വാക്കുകൾക്കും മേലെയാണ്; ദേവദത്ത് ഷാജി

വർഷങ്ങൾക്ക് മുന്നേ തന്റെ ഷോർട് ഫിലിം കണ്ട് മമ്മൂട്ടി അയച്ച 'നന്നായി' എന്ന മെസ്സേജ് നൽകിയ ഊർജ്ജം വാക്കുകൾക്കും അതീതമാണെന്ന് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. ഭീഷ്മ പർവ്വത്തിന്റെ ചിത്രീകരണത്തിനിടയിൽ ഒരിക്കൽ പോലും വർഷങ്ങൾക്ക് മുന്നേ അയച്ച മെസ്സേജിനെ പറ്റി പറയാൻ കഴിഞ്ഞില്ലയെന്നും ദേവദത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ദേവദത്ത് ഷാജിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

2018 ജനുവരി

ഏറ്റവും ഒടുവിൽ ചെയ്ത 'എന്റെ സ്വന്തം കാര്യം' ഷോർട്ട് ഫിലിം യൂടൂബിൽ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിയ്ക്കുന്നു. കാഴ്ചക്കാർ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്ടിൽ ഉള്ളവർക്കെല്ലാം ഷോർട്ട് ഫിലിം ലിങ്ക് ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാൻ, പ്രിയ സഹോദരൻ ഹരികൃഷ്ണൻ ലോഹിതദാസ് തന്റെ മൊബൈൽ സ്ക്രീൻ എന്റെ മുന്നിലേക്ക് നീട്ടുന്നത്. ഷോർട്ട് ഫിലിമിന് ആരോ "നന്നായി" എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്സിന്റെ മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. "മമ്മൂക്ക".

വർഷങ്ങൾ കഴിഞ്ഞു. ഭീഷ്മ പർവ്വത്തിൽ കൂടെ വർക്ക്‌ ചെയ്തവരിൽ ഒരാൾ കോൾ ചെയ്തു, "നിന്നെ അമൽ സർ അന്വേഷിയ്ക്കുന്നുണ്ട് .. മമ്മൂക്കയുടെ റൂമിലേക്ക്...". കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോൾ മമ്മൂട്ടി സർ, അമൽ നീരദ് സർ, അബു സലീമിക്ക , ജോർജേട്ടൻ തുടങ്ങിയവരുണ്ട്. മമ്മൂട്ടി സർ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്ക്ക് മാറ്റാനായി ആക്ഷൻ കാണിച്ചു. അമൽ സർ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സർ വിശേഷങ്ങൾ ചോദിച്ചു. ഞാൻ കൈകൾ പിന്നിൽ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകൾ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോർജേട്ടൻ പതിയെ പിന്നിൽ കൂടി വന്ന് കൈകളിൽ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തിൽ അന്നത്തെ ഷോർട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട 'ഭീഷ്മ പർവ്വം' ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല..

പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ "നന്നായി" തന്ന ഊർജ്ജം വാക്കുകൾക്കും മേലെയാണ്..

ഏപ്രില്‍ 1ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് ഓ ടി ടി റിലീസിലും നേടിക്കൊണ്ടിരിക്കുന്നത്. തിയറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടി ഭീഷ്മപർവം നേരത്തെ നേടിയിരുന്നു. മാര്‍ച്ച് മൂന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

ദേവദത്ത് ഷാജിയും അമല്‍ നീരദും ചേര്‍ന്നൊരുക്കിയ തിരക്കഥക്ക് അഡീഷണൽ ഡയലോഗുകൾ എഴുതിയിരിക്കുന്നത് ആര്‍. ജെ. മുരുകനാണ്. രവിശങ്കറിന്റേതാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേയ്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സൗബിന്‍ ഷാഹിര്‍, നദിയ മൊയ്ദു, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ശ്രിന്ദ, സുദേവ് നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT