ആൻറണി വർഗീസ് കേന്ദ്ര കഥാപാത്രമാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന 'ദാവീദ്' നാളെ മുതൽ തിയറ്ററുകളിൽ. ബോക്സിങ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ആക്ഷന് വളരെ പ്രധാന്യമുണ്ടെന്നാണ് മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ടീസറും ട്രെയ്ലറും സൂചിപ്പിക്കുന്നത്. അതേസമയം ദാവീദിന് വേണ്ടി ആൻറണി വർഗീസ് പ്രൊഫഷണൽ ബോക്സിങ് ലൈസൻസ് നേടിയത് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ പ്രൊഫഷണൽ ബോക്സിങ് ലൈസൻസ് നേടുന്ന ആദ്യത്തെ നടൻ കൂടിയാണ് ആന്റണി വർഗീസ്. പ്രൊഫഷണലായി ബോക്സിങ് പഠിച്ച രണ്ടുപേർ ബോക്സിങ് കേന്ദ്ര വിഷയമാകുന്ന ഒരു സിനിമയിൽ പരസ്പരം ഇടിച്ചു തോൽപ്പിക്കാൻ എത്തുമ്പോൾ മികച്ച ദൃശ്യാനുഭവം നൽകാൻ സിനിമയ്ക്ക് കഴിയുമെന്നാണ് പുറത്തുവിടുന്ന അപ്‌ഡേറ്റുകൾ ഉറപ്പു തരുന്നത്.
അതേ സമയം 'ദാവീദ്' ഒരു പക്ക ഇടിപ്പടമായിരിക്കില്ലെന്നാണ് നടൻ ആന്റണി വർഗീസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ചിത്രത്തിൽ ഫാമിലി റിലേഷൻഷിപ്പിനെക്കുറിച്ചാണ് പറയുന്നത്. സിനിമയിൽ തനിക്ക് ഒരു കുട്ടിയുണ്ട്. ആ കുട്ടിയുമായുള്ള തന്റെ കഥാപാത്രത്തിന്റെ ബന്ധമാണ് സിനിമയുടെ അടിസ്ഥാനം എന്നും ഇടഫാമിലി എന്റെർറ്റൈനെർ പ്ലസ് സ്പോർട്സ് ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് ദാവീദ് എന്നും ആന്റണി വർഗീസ് പറഞ്ഞു.
ആന്റണി വർഗീസ് പെപ്പെ പറഞ്ഞത്:
'ദാവീദ്' ഒരിക്കലും ഒരു ഇടിപ്പടം എന്ന് പറയാൻ കഴിയില്ല. ഒരിക്കലും ഒരു പക്കാ ഇടിപ്പടമല്ല. ഒരു ഫാമിലി മൂവിയാണിത്. ഫാമിലി റിലേഷൻഷിപ്പ് സിനിമയിലുണ്ട്. സാധാരണ ആൾക്കാരാണ് സിനിമയിലെ കഥാപാത്രങ്ങൾ. ചെറിയ ചെറിയ തമാശകൾ സിനിമയിലുണ്ട്. ഭയങ്കരമായി കയ്യടിച്ച് ചിരിക്കാൻ കഴിയുന്ന തമാശകളല്ല. റിലേഷൻഷിപ്പും അതോടൊപ്പമുള്ള ഇമോഷനുകളുമാണ് സിനിമ. സിനിമയിൽ എനിക്ക് ഒരു കുട്ടിയുണ്ട്. ആ കുട്ടിയുമായുള്ള റിലേഷൻഷിപ്പ് പറയുന്നുണ്ട്. കുട്ടിയ്ക്ക് സങ്കടമാകുമ്പോഴാണ് ആ കഥാപാത്രത്തിനും ഫീലാകുന്നത്. അതാണ് ദാവീദിന്റെ ഒരു കോർ ഐഡിയ. ആക്ഷനാണ് സിനിമയിലെ മറ്റൊരു കാര്യം. ബോക്സിങ് ഉണ്ട്, നാടൻ തല്ലുമുണ്ട്. അങ്ങനെ എല്ലാം കൂടിയ ഒരു സിനിമയാണിത്. ഫാമിലി എന്റർടൈനർ പ്ലസ് സ്പോർട്സ് ഡ്രാമ എന്ന് പറയുന്ന തരത്തിലുള്ള ഒരു സിനിമയാണിത്. എല്ലാവർക്കും കാണാം എന്നുള്ളതാണ്. യൂത്തിന് കാണാൻ കഴിയുന്ന സിനിമയാണ് അതോടൊപ്പം ഫാമിലിക്ക് കാണാൻ കഴിയുന്ന സിനിമയാണ്. അവന്റെ ഇടിപ്പടമാണ് ഫാമിലിക്ക് കാണാൻ കഴിയൂല എന്നൊക്കെ ചിലർ പറയാറില്ലേ. ദാവീദ് അങ്ങനെ ഒരു സിനിമയല്ല.
സെഞ്ച്വറി മാക്സ് ജോൺ മേരി പ്രൊഡക്ഷൻസിനൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.ആൻറണി വർഗീസ് ,മോ ഇസ്മയിൽ എന്നിവരെ കൂടാതെ വിജയരാഘവൻ , ലിജോ മോൾ,സൈജു കുറുപ്പ് ,അജു വർഗീസ് ,ജെസ് കുക്കു , കിച്ചു ടെല്ലസ് ,വിനീത് തട്ടിൽ, അച്ചു ബേബി ജോൺ, അന്ന രാജൻ എന്നിങ്ങനെ ഒരു വലിയ നിര താരങ്ങൾ തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും തിരക്കഥ രചനയിൽ പങ്കാളിയായിരിക്കുന്നു. സംഗീതം ജസ്റ്റിൻ വർഗീസ്. സാലു കെ തോമസിന്റെതാണ് ചായ ഗ്രഹണം. രാജേഷ് ചെറുമാടം ആണ് എഡിറ്റർ.പി.ആർ.ഓ അക്ഷയ് പ്രകാശ്.