മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ സിനിയമയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായി നടൻ ബിനു പപ്പു ജോയിൻ ചെയ്തിരിക്കുകയാണ്.
ഡാൻ ഓസ്റ്റിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു ഡാൻ ഓസ്റ്റിൻ തോമസ്.
മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. L 365 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ കഥ - തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവിയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കു ഉണ്ട്.
സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ നേരത്തെ അറിയിച്ചിരുന്നു. '90 ദിവസത്തോളം ഷൂട്ട് വരുന്നുണ്ട്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. അതുകൂടാതെ മുംബൈയിലും ശബരിമലയും ചിത്രീകരണം നടക്കുന്നുണ്ട്,' എന്ന് ആഷിഖ് ഉസ്മാൻ ക്യു സ്റ്റുഡിയോയോട് നേരത്തെ വ്യക്തമാക്കിയിരുന്നു.