ഛോട്ടാ മുംബൈയിലെ ആദ്യ സീനിൽ ചെട്ടിക്കുളങ്ങര എന്ന ഗാനത്തിൽ കൊടുത്ത അതേ എനർജി എല്ലാ സീനിലും തുടരാൻ മോഹൻലാൽ ശ്രദ്ധിച്ചിരുന്നുവെന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ഒരിക്കൽ കഥാപാത്രമായാൽ പിന്നെ ഒരു കാരണവശാലും അദ്ദേഹം അതിൽ നിന്നും മാറില്ല. ഛോട്ടാ മുംബൈ മോഹൻലാലുമായി താൻ ചെയ്യുന്ന ആദ്യത്തെ സിനിമയായതുകൊണ്ട് എഴുതുമ്പോൾ തന്നെ ഭയങ്കര ത്രിൽഡായിരുന്നുവെന്നും ബെന്നി പി നായരമ്പലം ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ബെന്നി പി നായരമ്പലത്തിന്റെ വാക്കുകൾ
ഛോട്ടാ മുംബൈയിൽ സെബാട്ടിയോട് തല പാലുംവെള്ളം മേടിച്ച് തരാം എന്നുപറയുന്ന ഫ്രേസുണ്ട്. അത് എല്ലാവർക്കും കണക്ട് ആയിക്കോളണം എന്നില്ല. ഇവിടെ ഗ്രാമ പ്രദേശങ്ങളിൽ, ചായ കുടിക്കാത്ത കാരണവന്മാർ പാലും വെള്ളം മതി എന്ന് പറയും. പാലിൽ ചൂടുവെള്ളം ഒഴിച്ച് ഡൈല്യൂട്ട് ചെയ്ത് കുടിക്കുന്നതാണത്. എന്റെ ഒരു സുഹൃത്തുണ്ട്, പാലുംവെള്ളമേ കുടിക്കൂ. ഇത് ചിലപ്പോൾ പുതിയ കുട്ടികൾക്ക് അറിയണമെന്നില്ല. പക്ഷെ, തലയുടെ പ്രായം വെച്ച് എന്തായാലും പാലുംവെള്ളത്തെക്കുറിച്ച് അറിയുമായിരിക്കാം, ചിലപ്പോൾ അയാൾ അത് കുടിച്ചിട്ടുണ്ടാകും, വാങ്ങി കൊടുത്തിട്ടുണ്ടാകും. അത് കണക്ട് ചെയ്തുകൊണ്ടാണ് ആ ഡയലോഗ് എഴുതുന്നത്.
ഛോട്ടാ മുംബൈ മോഹൻലാലുമായി ചെയ്യുന്ന ആദ്യത്തെ സിനിമയായിരുന്നു. അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു, ഇതൊരു ആക്ഷൻ ഹീറോയിക്ക് സിനിമയല്ല, ഒരു ഫൺ പടമാണ് എന്ന്. മോഹൻലാലിന് അഴിഞ്ഞാടാൻ വകുപ്പുള്ള ഒരു പ്ലോട്ട് ഉണ്ട്, കാർണിവലും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പരിപാടികളും എല്ലാം ഉണ്ട്. അപ്പൊ ഈ സ്റ്റേജിൽ ലാലേട്ടൻ തകർക്കും എന്ന് ഞങ്ങൾക്ക് 100 ശതമാനം ഉറപ്പാണ്. അൻവറും ഞാനും തമ്മിലുള്ള ഡിസ്കഷനിൽ തന്നെ ഞങ്ങൾ പല കാര്യങ്ങളും ഫിക്സ് ചെയ്തിരുന്നു. അദ്ദേഹത്തിനും മനസിലായി, ഇത് ഓവർ ഹീറോയിസത്തിന്റെ പരിപാടി അല്ല എന്ന്. ആദ്യത്തെ സീനിൽത്തന്നെ ചെട്ടികുളങ്ങര സോങ്ങിൽ കൊടുത്ത എനർജി ലാലേട്ടൻ അവസാനം വരെ മെയിന്റൈൻ ചെയ്യുന്നുണ്ട്. ഒരിക്കൽ ക്യാരക്ടറായാൽ പിന്നെ ഒരു കാരണവശാലും അദ്ദേഹം അതിൽ നിന്നും മാറില്ല. ബെന്നി പി നായരമ്പലം പറയുന്നു.