തനിക്ക് ഒരുപാട് സിനിമകൾ വരാറില്ലെന്നും വരുന്ന സിനിമകളിൽ ഇഷ്ടപ്പെട്ടത് മാത്രം ചെയ്യുന്ന ഒരു നടനാണ് താനെന്നും അശ്വിൻ ജോസ്. സിനിമകൾ അങ്ങനെ ചെയ്യാത്തതുകൊണ്ട് എഴുതാൻ ഒരുപാട് സമയം ഉണ്ടാകാറുണ്ട്. പുസ്തകങ്ങൾ വായിക്കുന്നത് വളരെ കുറവാണെന്നും ഒഴിവുസമയങ്ങളിൽ സിനിമകൾ കാണുക മാത്രമാണ് ചെയ്യാറുള്ളതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
അശ്വിൻ ജോസിന്റെ വാക്കുകൾ
എനിക്ക് കഥകൾ പറയാൻ ഭയങ്കര ഇഷ്ടമാണ്. അതിലൂടെ നമുക്ക് അഭിനയിക്കുകയും ചെയ്യാം. റഫറൻസ് മ്യൂസിക്കെല്ലാം വച്ചാണ് ഞാൻ കഥ പറയുക, അപ്പോൾ എന്തൊക്കെയോ കാണിച്ച് ഒരാളെ പിടിച്ചിരുത്തുന്ന പരിപാടി എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ തലയിൽ ഒരു സംഗതിയുടെ എല്ലാ കാര്യങ്ങളും വന്ന ശേഷം മാത്രമേ ഞാൻ അത് പേപ്പറിലേക്ക് എഴുതാറുള്ളൂ. അതുവരെ ഓരോരുത്തരോടും അതിനെക്കുറിച്ച് പറയും. അത്രയേ ഉള്ളൂ. പണ്ട് മുതലേ സുഹൃത്തുക്കളുടെ അടുത്ത് അഭിനയിച്ച് തകർത്ത് കഥകൾ പറയാറുണ്ട്. എനിക്ക് കൂടുതൽ ഇഷ്ടം മാസ് ആക്ഷൻ പരിപാടികൾ എഴുതനാണ്. പക്ഷെ, ഞാൻ ആദ്യമായി എഴുതിയ സിനിമ അനുരാഗം ആണ്. എന്നെപ്പോലെ ഒരാൾക്ക് ഇരുന്ന് ചിന്തിച്ച് ഒരു സംഗതി ഉണ്ടാക്കി എടുക്കുക പോസിബിൾ അല്ല. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് തന്നെയാ കഥകൾ ഉണ്ടാക്കുന്നത്.
വായനാശീലം വളരെ കുറവാണ്. കിട്ടുന്ന സമയം മുഴുവൻ സിനിമ കാണലായിരുന്നു പണ്ടുമുതലേ ഉള്ള ശീലം, അതുതന്നെയാണ് ഇഷ്ടവും. പിന്നെ, നടന്ന കാര്യങ്ങളെക്കുറിച്ചുള്ള വായനകൾ നടത്താറുണ്ട്. അത് ഇന്റർനെറ്റ് സൗകര്യങ്ങൾ നമ്മിലേക്ക് വന്നതിന് ശേഷമാണ് തുടങ്ങിയത്. പിന്നെ, എന്നെ സംബന്ധിച്ചെടുത്തോളം, ഒരുപാട് സിനിമകൾ വരുന്ന ഒരാളല്ല ഞാൻ. വളരെ ചുരുക്കം സിനിമകളേ എനിക്ക് വരാറുള്ളൂ, അതിൽ നിന്നും എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ. അതുകൊണ്ടുതന്നെ, എഴുതാനും ആലോചിക്കാനുമെല്ലാം എനിക്ക് ധാരാളം സമയമുണ്ട്.