ജൂഡ് ആന്തണി ജോസഫ്-വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി. ഒരു കുടുംബം പോലെയായിരുന്നു സിനിമയുടെ സെറ്റ്. തന്റെ പിതാവോ സംവിധായകൻ ജൂഡോ ഒരിക്കൽ പോലും തന്റെ അഭിനയം കണ്ടിട്ട് കൊള്ളാമെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ഷൂട്ട് കഴിഞ്ഞപ്പോൾ പിതാവ് അഭിനയം കൊള്ളാമെന്ന് പറഞ്ഞു എന്ന് ആഷിഷ് പറഞ്ഞു. തന്റെ കഥാപാത്രത്തിന്റെ പ്രകടനം മോഹൻലാലിനും ഇഷ്ടമായി. പുറത്തിറങ്ങുമ്പോൾ ആളുകളുടെ കയ്യിൽ നിന്ന് അടി കിട്ടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞുവെന്നും ആഷിഷ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആഷിഷ് ജോ ആന്റണി.
ആഷിഷ് ജോ ആന്റണിയുടെ വാക്കുകൾ:
തുടക്കത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ എത്തിയ സമയത്ത് എനിക്ക് യാതൊരു പരിചയക്കുറവും തോന്നിയിരുന്നില്ല. കാരണം അതിലുള്ള എല്ലാവരെയും കുഞ്ഞുന്നാൾ തൊട്ടേ എനിക്ക് പരിചയമുള്ളവരായിരുന്നു. ഒരു ഫാമിലി വൈബ് തന്നെയാണ് സെറ്റിൽ നിന്നും കിട്ടിയത്. പിന്നെ എന്റെ അഭിനയം കണ്ടിട്ട് അച്ഛന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നൊരു ചെറിയ ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അച്ഛൻ ഷൂട്ടിങ്ങിന്റെ സമയത്ത് അഭിനയം കണ്ടിട്ട് കൊള്ളാം, ഗംഭീരമായി എന്നൊന്നും പറഞ്ഞിരുന്നില്ല. അത് എന്റെ ആക്ടിങ്ങിന്റെ ഫ്ലോ കളയണ്ട എന്ന് വിചാരിച്ചിട്ടായിരുന്നു.
ജൂഡേട്ടനായാലും അങ്ങനെ തന്നെയാണ്. ഒരു ഷോട്ട് കഴിയുമ്പോൾ ഗുഡ്, അത്ര മാത്രമേ പറയൂ. പിന്നെ എല്ലാം കഴിഞ്ഞ് അവസാനം ആണ് ശരിയായിട്ടുള്ള ഒരു അനാലിസിസ് തരാറുള്ളത്. അച്ഛനും അവസാനം പറഞ്ഞു, നന്നായി അടിപൊളിയായിട്ട് ചെയ്തു എന്ന്. ലാൽ സാറും ഓവറായിട്ടങ്ങനെ ഒന്നും പറയില്ല. എന്നോട് പറഞ്ഞത് പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്നായിരുന്നു. ജൂഡേട്ടനും സിനിമ കണ്ടിറങ്ങി വരുന്ന ആളുകൾ നിന്നെ അടിക്കണം എന്നാണ് ആഗ്രഹം എന്നായിരുന്നു എന്നോട് പറഞ്ഞത്.