മലയാള സിനിമയോട് ആരാധന തോന്നുന്ന കാര്യം ലോ ബഡ്ജറ്റിൽ മികച്ച സിനിമകൾ ചെയ്യുന്നു എന്നതാണെന്ന് അരുന്ധതി റോയ്. സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾക്കെതിരെ മലയാളത്തിൽ തുടങ്ങിവെച്ച ക്യാമ്പയിനില് എനിക്കിഷ്ടമായ കാര്യങ്ങളുണ്ട്. മീ റ്റൂ മൂവ്മെന്റ് തുടങ്ങിയപ്പോൾ ഒരുപാട് മാറ്റങ്ങളാണ് അവിടെ ഉണ്ടായത്. വെളിപ്പെടുത്തലുകളുടെയും കുറ്റപ്പെടുത്തലിന്റെയും നിയമനടപടികളുടെയും എല്ലാം അവസാനം എന്ത് മാറ്റമുണ്ടാക്കി, എങ്ങനെ മുന്നോട്ട് പോയി എന്നതാണ് പ്രധാനം. തെറ്റ് ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം. എന്നാൽ ശിക്ഷാനടപടികൾ കൊണ്ട് മാത്രം പ്രശനങ്ങൾ സോൾവ് ചെയ്യാനാകില്ല. സംസ്കാരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പ്രബുദ്ധമായി തോന്നിയിട്ടുണ്ടെന്ന് പാർവതി തിരുവോത്തിന് നൽകിയ അഭിമുഖത്തിൽ അരുന്ധതി റോയ് പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് അരുന്ധതി മലയാള സിനിമയെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും സംസാരിച്ചത്.
അരുന്ധതി റോയ് പറഞ്ഞത്:
മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം സിനിമ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം ലോ ബഡ്ജറ്റിൽ ചെയ്യുന്ന മികച്ച സിനിമകളാണ്. സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾക്കെതിരെ തുടങ്ങി വെച്ച കാമ്പയിനിൽ എനിക്കിഷ്ടമായ ഒരു കാര്യമുണ്ട്. എന്നാൽ അത് ചെന്നവസാനിച്ച കമ്മിറ്റി റിപ്പോർട്ട് പോലും അടിച്ചമർത്തുകയാണുണ്ടായത്. മീ റ്റൂ മൂവ്മെന്റ് ആരംഭിച്ചപ്പോൾ ഒരുപാട് സംഭവങ്ങളുണ്ടായി. ഒരുപാട് വെറുപ്പും നിയമ നടപടികളും കുറ്റകൃത്യങ്ങളുടെ വെളിപ്പെടുത്തലും ക്ഷമിക്കാൻ കഴിയാത്ത സംഭവങ്ങളും കുറ്റപ്പെടുത്തലുകളും എല്ലാം ഉണ്ടായി. ഇതെല്ലാം നടക്കേണ്ടത് തന്നെയാണ്. എന്നാൽ ഇതിലെല്ലാം നിന്നെല്ലാം എന്ത് മാറ്റമുണ്ടാക്കി എന്നും എങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകുന്നു എന്നതാണ് പോയിന്റ്.
കാരണം ഒറ്റയ്ക്ക് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല ഇതൊന്നും. ആ കാര്യം പ്രബുദ്ധമായി എനിക്ക് തോന്നി. സംസ്കാരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനാണ് കേരളത്തിലുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെക്കുറിച്ച് പ്രബുദ്ധമായ തോന്നുന്ന കാര്യം അതാണ്. ക്രിമിനൽ ആക്ഷനുകൾ എടുക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ അക്രമങ്ങൾ ചെയ്തവർ തീർച്ചയായും ഉണ്ട്. അങ്ങനെയുള്ളവർ ഉറപ്പായും ശിക്ഷിക്കപ്പെടണം. പക്ഷെ ശിക്ഷകൊണ്ട് പ്രശ്നത്തെ സോൾവ് ചെയ്യാൻ കഴിയില്ല. പ്രശ്നങ്ങൾക്കിടയിൽ നമ്മൾ നമ്മളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് കാര്യം.