Film News

നടിയെ ആക്രമിച്ച കേസില്‍ നാല് വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്: പുതിയ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് ലാല്‍

നടിയെ ആക്രമിച്ച കേസില്‍ നാല് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് പറഞ്ഞതാണെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുവെന്ന് നടന്‍ ലാല്‍. വിഷ്വലില്ലാതെ ശബ്ദം മാത്രമായാണ് സമൂഹമാധ്യമത്തില്‍ പ്രചരണം നടക്കുന്നത്. നിരവധി പേര്‍ തന്നെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ ചിലര്‍ അസഭ്യവര്‍ഷവും നടത്തുന്നുണ്ടെന്ന് ലാല്‍ പറയുന്നു. പണ്ട് പറഞ്ഞ കാര്യങ്ങളല്ലാതെ വിഷയത്തില്‍ പുതിയ പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

'പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തി ആ ദിവസം കഴിഞ്ഞ് നാല് വര്‍ഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ എന്തെങ്കിലും ചാനലുകളിലോ പത്രത്തിന് മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല. കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളു എന്നത് തന്നെയാണ്. എന്നാല്‍ നാല് വര്‍ഷം മുമ്പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങലുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി ഇന്ന് ഞാന്‍ പറയുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാട് പേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലര്‍ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലര്‍ അസഭ്യ വര്‍ഷങ്ങളും എന്റെ മേല്‍ ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതുകൊണ്ടുമാണ്.

ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധി എന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെ പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ല.

എന്റെ ഈ കുറിപ്പ് കണ്ടതിന് ശേഷം 'അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു' എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട്, യഥാര്‍ത്ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടേ, ഇരയ്ക്ക് നീതി ലഭിക്കട്ടെ.... പ്രാര്‍ത്ഥനകളുമായി

ലാല്‍

നിവിൻ അടിച്ചു മോനെ... മികച്ച പ്രതികരണവുമായി സർവ്വം മായ

ഫാന്റസിയും ആക്ഷനും മോഹൻലാലും; ബ്രഹ്മാണ്ഡ ചിത്രം വൃഷഭ തിയറ്ററുകളിൽ

'കവിത പോലെ മനോഹരം'; പ്രേക്ഷകരുടെ ഹൃദയം തൊട്ട് 'മിണ്ടിയും പറഞ്ഞും'

സർവ്വംമായ പ്രേക്ഷകർ സ്വീകരിച്ചതില്‍ സന്തോഷം: നിവിന്‍ പോളി

സിനിമയുടെ ലാഭനഷ്ടകണക്കുകള്‍ പുറത്തുവിടുന്നതിനോട് യോജിപ്പില്ല: നിവിന്‍ പോളി

SCROLL FOR NEXT