Film News

'ആഗോള പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഞങ്ങൾ സന്തുഷ്ടരാണ്' ; തെക്കേ അമേരിക്കയിൽ പ്രദർശനം നടത്താൻ ഒരുങ്ങി '2018'

വിദേശഭാഷചിത്ര വിഭാ​ഗത്തിൽ ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി തിരഞ്ഞെടുത്ത ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ'. ചിത്രം ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രധാന തിയേറ്റർ റിലീസായി തെക്കേ അമേരിക്കയിൽ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ്. തെക്കേ അമേരിക്കയിലെ 400ൽ പരം സ്‌ക്രീനുകളിലാണ് 2018 റിലീസാകുന്നത്. വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിംസും എം.ബി ഫിലിംസിന്റെ മാർസെലോ ബോൻസിയും തമ്മിലുള്ള സുപ്രധാന കരാറിലൂടെയാണ് ഇത് സാധ്യമായത്.

ലോസ് ഏഞ്ചൽസിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന അമേരിക്കൻ ഫിലിം മാർക്കറ്റിലാണ് കാവ്യ ഫിലിംസും എംബി ഫിലിംസും തമ്മിലുള്ള കരാർ ഒപ്പിട്ടത്. എംബി ഫിലിംസിന്റെ മൗറീഷ്യോ ബോൺസി, ഗിസെൽ ബാർബെ, ഏരീസ് ഗ്രൂപ്പിലെ ശ്യാം കുറുപ്പ് എന്നിവരും ഇതിന് സാക്ഷ്യം വഹിച്ചു. തെക്കേ അമേരിക്കയിലെ ആദ്യ പ്രധാന ഇന്ത്യൻ തിയറ്റർ റിലീസിൽ ഏറെ ആവേശഭരിതനാണെന്നും ആഗോള പ്രേക്ഷകരിൽനിന്ന് ഞങ്ങൾക്കു ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. 2018–ന്റെ ലാറ്റിനമേരിക്കയിലെ റിലീസ് ഇന്ത്യൻ സിനിമകൾക്കു തന്നെ നാഴികക്കല്ലായിരിക്കും. പ്രേക്ഷകർക്കു പ്രചോദനം നൽകുന്ന സാമൂഹിക സന്ദേശമാണ് സിനിമ നൽകുന്നത്. 2018 തെക്കേ അമേരിക്കൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവാർഡുകൾക്കപ്പുറം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സന്ദേശമാണ് തങ്ങളെ ആകർഷിച്ചതെന്നും എം.ബി ഫിലിംസിന്റെ മാർസെലോ ബോൻസി പറഞ്ഞു. ഈ ചിത്രത്തിന് ജനങ്ങളുടെ കണ്ണ് തുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യഘട്ടത്തിൽ 400 തിയറ്ററുകളിലെങ്കിലും 2018 റിലീസ് ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുകയാണെന്നും മാർസെലോ ബോൻസി പറഞ്ഞു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രം കൂടിയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രവും 2018 ആയിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. സോണി ലിവിലാണ് 2018 ന്റെ സ്‍ട്രീമിംഗ്. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT