Film Events

ദുല്‍ഖറിനെ പിന്തുണച്ചതില്‍ സൈബര്‍ ആക്രമണം, സോഷ്യല്‍ മീഡിയ വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി പ്രസന്ന

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ 'പ്രഭാകരാ' വിളിയില്‍ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കും എതിരെ ട്വിറ്ററിലും സാമൂഹ്യമാധ്യമങ്ങളിലും അധിക്ഷേപവും ആക്രമണവും നടന്നിരുന്നു. ദുല്‍ഖര്‍ സല്‍മാനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ തമിഴ് സിനിമയെ പ്രതിനിധീകരിച്ച് ഖേദപ്രകടനം നടത്തിയ അഭിനേതാവാണ് പ്രസന്ന. ദുല്‍ഖറിനെ പിന്തുണച്ചതിന് പിന്നാലെ പ്രസന്നക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായി. സുരേഷ് ഗോപിയുടെ പ്രശസ്ത ഡയലോഗ് ഓര്‍മ്മയുണ്ടോ ഈ മുഖം സിനിമയില്‍ വീണ്ടും ഉപയോഗിച്ചത് പോലെയാണ് പ്രഭാകരാ വിളി ഉപയോഗിച്ചതെന്നും തെറ്റിദ്ധരിക്കരുതെന്നും പ്രസന്ന ട്വീറ്റുകളിലൂടെ വിശദീകരിച്ചിരുന്നു.

തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിന് പിന്നാലെ പ്രസന്ന ട്വിറ്റര്‍ ഉള്‍പ്പെടെ ഉപേക്ഷിക്കുന്നതായി വാര്‍ത്തകള്‍ വന്നു. പ്രഭാകരാ വിവാദത്തില്‍ വിശദീകരണം നല്‍കിയതിന് കുടുംബത്തെ ഉള്‍പ്പെടെ അപമാനിക്കുന്ന രീതിയില്‍ അധിക്ഷേപം വന്നതാണ് സോഷ്യല്‍ മീഡിയ വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നായിരുന്നു വാര്‍ത്തകള്‍. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രസന്ന സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നുവെന്ന് സൂചനയെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തകള്‍ തള്ളിക്കളയുന്നതാണ് പ്രസന്നയുടെ പുതിയ ട്വീറ്റുകള്‍. വിവാദത്തിന് ശേഷം അഞ്ചോളം ട്വീറ്റുകള്‍ പ്രസന്നയുടേതായി വന്നിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ പിന്തുണച്ചുള്ള ട്വീറ്റിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെട്ടതായി വിശദീകരിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. ഏറ്റവുമൊടുവില്‍ തല അജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് പ്രസന്നയുടെ ട്വീറ്റ്.

ദുല്‍ഖറിനെ പിന്തുണച്ചുള്ള പ്രസന്നയുടെ ട്വീറ്റ്

മലയാള സിനിമകള്‍ കാണാറുള്ള തമിഴ്‌നാട്ടുകാരന്‍ എന്ന നിലയില്‍ എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായിട്ടുണ്ട്. അനാവശ്യ അധിക്ഷേപത്തിനും തെറ്റിദ്ധരിച്ചതിനും ദുല്‍ഖറിനോട് ക്ഷമാപണം നടത്തുന്നു. ഓര്‍മയുണ്ടോ ഈ മുഖം എന്ന് സുരേഷ് ഗോപി സര്‍ ചോദിച്ചത് പോലെയാണ് ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. തഎന്ന കൊടുമൈ ശരവണാ എന്ന സിനിമാ ഡയലോഗ് നമ്മള്‍ ഉപയോഗിക്കുന്നത് പോലെ ഒരു പ്രയോഗമാണ് ഇത്. ആ പേരിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. തെറ്റിദ്ധാരണയുടെ പേരില്‍ വിദ്വേഷം ജനിപ്പിക്കരുത്.

പ്രഭാകരാ' വിവാദത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടി

അനൂപ് സത്യന്റെ സംവിധാനത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന വിദ്വേഷ പ്രചരണത്തില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍. പ്രഭാകരാ വിളി പട്ടണപ്രവേശം എന്ന സിനിമയിലെ തമാശരംഗത്തില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു. ബോധപൂര്‍വം ആരെയെങ്കിലും അധിക്ഷേപിക്കാനായി ഉപയോഗിച്ചതല്ല. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായ പേരാണെന്നും വിദ്വേഷപ്രചരണം തന്നിലും അനൂപിലും നില്‍ക്കട്ടെയെന്നും ദുല്‍ഖര്‍ പറഞ്ഞു. ഞങ്ങളുടെ അച്ഛന്‍മാരെയും മുതിര്‍ന്ന അഭിനേതാക്കളെയും വിദ്വേഷത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ഖേദിക്കുന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. പട്ടണപ്രവേശത്തില്‍ തിലകന്റെ കഥാപാത്രം കരമന ജനാര്‍ദ്ദനന്റെ കഥാപാത്രത്തെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം പോസ്റ്റ് ചെയ്താണ് മറുപടി. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമെതിരെ രൂക്ഷമായ ആക്രമണമാണ് തമിഴ്‌നാട്ടുകാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നുണ്ടാകുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളെയും മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പോസ്റ്റുകളാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് ദുല്‍ഖറിന്റെ മറുപടി.

ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രഭാകരന്‍ തമാശ തമിഴ്‌നാട്ടുകാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ അത് ബോധപൂര്‍വമല്ല. പട്ടണപ്രവേശം എന്ന പഴയ സിനിമയില്‍ നിന്നുള്ള രംഗത്തിന്റെ റഫറന്‍സ് ആണത്. പ്രഭാകരന്‍ എന്നത് കേരളത്തില്‍ പൊതുവായുള്ള പേരാണ്. തുടക്കത്തില്‍ വ്യക്തമാക്കിയതുപോലെ ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ആരെയെങ്കിലും കുറിച്ച് എടുത്തിട്ടുള്ളതല്ല ചിത്രം. സിനിമ കാണാതെയാണ് കൂടുതലാളുകളും പ്രതികരിക്കുന്നതും വിദ്വേഷം പരത്തുന്നതും. എനിക്കും സംവിധായകന്‍ അനൂപ് സത്യനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് മനസ്സിലാക്കുന്നു. എന്നാല്‍ ദയവായി അത് ഞങ്ങളില്‍ തന്നെ നില്‍ക്കട്ട. ഞങ്ങളുടെ അച്ഛന്‍മാരെയും സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും അതിലേക്ക് വലിച്ചിഴയ്ക്കരുത്. ഇതില്‍ വ്രണപ്പെട്ട,നല്ലവരും ദയാലുക്കളുമായ തമിഴ് ജനതയോട് ഖേദം പ്രകടിപ്പിക്കുന്നു. എന്റെ ചിത്രങ്ങളിലൂടെയോ എന്റെ വാക്കുകളിലൂടെയോ ആരെയെങ്കിലും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത് തീര്‍ച്ചയായും തെറ്റിദ്ധാരണ മാത്രമാണ്. ഞങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും ബോധപൂര്‍വം വേദനിപ്പിക്കുന്ന തരത്തില്‍ അധിക്ഷേപാര്‍ഹവും ഭീഷണിയുള്ളവയുമാണ് പരാമര്‍ശങ്ങള്‍. അത് അങ്ങനെയാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

പ്രഭാകരാ വിളി വന്ന വഴി

സത്യന്‍ അന്തിക്കാട് സംവിധാനം നാടോടിക്കാറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗമായ പട്ടണ പ്രവേശത്തിലെ പ്രശസ്തമായ ഡയലോഗ് ആണ് പ്രഭാകരാ എന്ന വിളി. തിലകന്‍ അവതരിപ്പിക്കുന്ന അനന്തന്‍ നമ്പ്യാര്‍ എന്ന അധോലോക നായകന്‍ പൊലീസിനെയും സിഐഡികളെയും ഭയന്ന് കൂട്ടുകാരന്‍ പ്രഭാകരന്‍ തമ്പിയുടെ വീട്ടില്‍ അഭയാര്‍ത്ഥിയായി ഒളിവു ജീവിതത്തിലാണ്. സിഐഡികള്‍ തന്നെയും കുടുക്കുമെന്ന് മനസിലാക്കിയ പ്രഭാകരന്‍ തമ്പി ഉറ്റമിത്രം അനന്തന്‍ നമ്പ്യാരോട് ഇവിടെ നിന്ന് പോകണം എന്ന് പറയുന്നു. തിലകന്‍ അവതരിപ്പിക്കുന്ന അനന്തന്‍ നമ്പ്യാര്‍ കരമന ജനാര്‍ദനന്‍ അവതരിപ്പിച്ച പ്രഭാകരന്‍ തമ്പിയെ ആന്തലോടെ പ്രഭാകരാ എന്ന് വിളിക്കുന്നതാണ് രംഗം. ട്രോളുകളും മീമുകളും സജീവമായതോടെ പ്രഭാകരാ വിളി ട്രെന്‍ഡ് ആയി. മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍ എന്ന സിനിമയില്‍ പ്രഭാകരാ വിളിയിലെ ട്രോള്‍ തമാശയായിട്ടുണ്ട്. ഈ രംഗത്തിലെ തമാശയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ ഹാസ്യമായി പുനരവതരിപ്പിച്ചത്. മേജര്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന സുരേഷ് ഗോപി കഥാപാത്രത്തോട് വളര്‍ത്തുനായയെ സ്നേഹത്തോടെ എന്ത് പേര് വിളിച്ചാലും കൂടെ വരുമെന്ന് സര്‍വജിത്ത് സന്തോഷ് ശിവന്‍ അവതരിപ്പിക്കുന്ന കാര്‍ത്തിക് പറയുന്നു. അപ്പോഴാണ് പ്രഭാകരാ എന്ന് വിളിക്കുന്നത്. വേലുപ്പിള്ള പ്രഭാകരനുമായി ഈ രംഗത്തിന് യാതൊരു ബന്ധവുമില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT