Film Events

വനിതാ വൈസ് പ്രസിഡന്റ്, ആഭ്യന്തര പരാതി സെല്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നാല് സ്ത്രീകള്‍ ഭരണഘടനാ ഭേദഗതിയുമായി താരസംഘടന

THE CUE

25 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ താരസംഘടനയായ അമ്മയില്‍ തീരുമാനം. സംഘടനയിലെ വനിതാ പ്രാതിനിധ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതും ഇന്റേണല്‍ കംപ്ലയിന്റ് സെല്‍ രൂപീകരിക്കണമെന്ന ആവശ്യം ശക്തമായതും പരിഗണിച്ചാണ് ഭേദഗതി. ജൂണ്‍ മുപ്പതിന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഭരണഘടനാ ഭേദഗതി ചര്‍ച്ച ചെയ്ത് പാസാക്കാനാണ് ഭരണ സമിതിയുടെ ആലോചന. നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ അല്ലാതെ അമ്മ ഭരണനേതൃത്വത്തില്‍ വനിതകളില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇനി മുതല്‍ ഒരു വനിതയെ കൂടെ ഉള്‍പ്പെടുത്താനാണ് തീരുമാനം.

നിര്‍വാഹക സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഭരണഘടനാ ഭേദഗതി ജനറല്‍ ബോഡിക്ക് വിടും. നിലവില്‍ കെ ബി ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. ശ്വേതാ മേനോന്‍, ഹണി റോസ്, രചനാ നാരായണന്‍ കുട്ടി എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ഉള്ളത്. ശ്വേതാ മേനോനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുനന്നതെന്ന സൂചനയുണ്ട്.

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയും സുപ്രീം കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കിയുമാണ് ഭേദഗതി. ഭരണഘടനാ ഭേദഗതി ജനറല്‍ കൗണ്‍സിലില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു ദ ക്യൂവിനോട് പ്രതികരിച്ചു. സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതികളും സ്ത്രീകളുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അമ്മയില്‍ സ്ഥിരം സംവിധാനം വേണമെന്നും ഭരണനേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യം പുരുഷ പ്രാതിനിധ്യത്തോളം വേണമെന്നും വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ ഭാഗമായ അമ്മ അംഗങ്ങള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.

അമ്മ രൂപീകരിച്ച ആഭ്യന്തര പരിഹാര സമിതി കോടതി മാര്‍ഗനിര്‍ദേശം അനുശാസിക്കുന്നതാണോ എന്ന് ഹൈക്കോടതി സംഘടനയോട് ആരാഞ്ഞിരുന്നു. ഡബ്ല്യു.സി.സി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടലുണ്ടായത്. അമ്മ രൂപീകരിച്ച കമ്മറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ്

ഡബ്ല്യു.സി.സി കോടതിയെ അറിയിച്ചത്. പുറത്ത് നിന്നുള്ള അംഗത്തെ ഉള്‍പ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡബ്ല്യു.സി.സിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അമ്മ അംഗങ്ങളായിരുന്ന പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെട്ട് നേരത്തെ കത്ത് നല്‍കുകയും ചെയ്തിരുന്നു.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ പരസ്യവിമര്‍ശനമുയര്‍ത്തി സംഘടന വിട്ടത് അമ്മയെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നീട് ദിലീപിനെ പുറത്താക്കിയതായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെങ്കിലും എക്‌സിക്യുട്ടീവ് കമ്മിറ്റി വികസിപ്പിക്കുന്ന കാര്യത്തില്‍ കാര്യമായി ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT