Sports

‘അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ സംതൃപ്തനാകുമായിരുന്നു’; രാജി പ്രഖ്യാപനത്തില്‍ നെഞ്ചില്‍ത്തട്ടി യുവരാജ് 

THE CUE

2000 ല്‍ ആരംഭിച്ച ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യുവരാജ് പ്രഖ്യാപിച്ചത്. ഒന്നര ദശാബ്ദത്തിലേറെ നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ നിന്നാണ് 37 കാരനായ യുവി വിരമിക്കുന്നത്. തികവുറ്റ ഓള്‍റൗണ്ടറെന്ന് ഖ്യാതിനേടിയ വിശ്വസ്ത താരമാണ് പാഡഴിച്ചത്. ബിസിസിഐ അനുവദിക്കുകയാണെങ്കില്‍ ഐപിഎല്‍ ഒഴികെയുള്ള ആഭ്യന്തര ട്വന്റി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് യുവരാജ് അറിയിച്ചിട്ടുണ്ട്.

ഏകദിന ലോകകപ്പും ഐപിഎല്‍ കിരീടവുമുയര്‍ത്തിയ ടീമുകളില്‍ നെടുംതൂണായ താരമാണ് യുവി. ഇന്ത്യ കിരീടത്തില്‍ മുത്തമിട്ട 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടി യുവരാജ് ഓള്‍റൗണ്ട് മികവോടെ ടീമിന്റെ ചാലകശക്തിയായിരുന്നു. ഈ ലോകകപ്പില്‍ നാല് മാന്‍ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ടൂര്‍ണമെന്റിന്റെ താരമാവുകയും ചെയ്തു. 2019 ഐപിഎല്ലില്‍ മുംബൈ ഇന്‍ഡ്യന്‍സിനോടൊപ്പമായിരുന്നു യുവരാജ്. 4 മത്സരങ്ങളിലേ മുംബൈക്കുവേണ്ടി ജഴ്‌സിയണിഞ്ഞിരുന്നുള്ളൂ. ആകെ 98 റണ്‍സ് മാത്രമാണ് നേടിയത്. അതേസമയം മുംബൈ കിരീടമുയര്‍ത്തുകയും ചെയ്തു.

ഐപിഎല്ലിന്റെ 2019 എഡിഷനില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ ആശിച്ചിരുന്നു. എന്നാല്‍ വെറും 4 കളികളില്‍ മാത്രമാണ് ഇറങ്ങാനായത്. കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാനായിരുന്നെങ്കില്‍ ഞാന്‍ സംതൃപ്തനാകുമായിരുന്നു. പക്ഷേ ജീവിതത്തില്‍ നമുക്ക് എല്ലാം സാധ്യമായെന്ന് വരില്ലല്ലോ. ഈ ഐപിഎല്‍ തന്റെ കരിയറില്‍ അവസാനത്തേതായിരിക്കുമെന്ന് ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചതാണ്. അതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര കരിയര്‍ ഏറെ ആയാസം നിറഞ്ഞതായിരുന്നു. ഇപ്പോള്‍ ഞാന്‍ ജീവിതം കൂടുതല്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു.
യുവരാജ് സിങ് 

2017 ജൂണിലാണ് യുവരാജ് അവസാനമായി ടീം ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയത്. 304 ഏകദിനങ്ങളില്‍ നിന്ന് 8701 റണ്‍സ് നേടിയിട്ടുണ്ട്. 14 സെഞ്ച്വറികളും 52 അര്‍ദ്ധശതകവും ഇതിലുള്‍പ്പെടും. 40 ടെസ്റ്റുകളില്‍ നിന്ന് 1900 റണ്‍സും നേടി. മൂന്ന് സെഞ്ച്വറികളക്കമാണിത്. 8 അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 58 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നായി 1177 റണ്‍സ് അടിച്ചിട്ടുണ്ട്. 2007 ലെ ടി20 ലോകകപ്പിലെയും 2011 ലെ ഏകദിന ലോകകപ്പിലും ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2007 ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റ്യൂവര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ ആറ് സ്‌ക്‌സ് നേടിയതടക്കം വിസ്മയമുഹൂര്‍ത്തങ്ങള്‍ ഏറെ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട് താരം. കരിയറിന്റെ ഉന്നതികളില്‍ നില്‍ക്കെയായിരുന്നു അര്‍ബുദ ബാധ. അതിനെ അതിജീവിച്ച് കളത്തില്‍ തിരിച്ചെത്തി. തുടര്‍ന്ന് അര്‍ബുദ രോഗികള്‍ക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയുമാണ്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT