മുംബൈയിലെ കാംഗ ലീഗ് എന്ന് അറിയപ്പെടുന്ന ഡോ.എച്ച്.ഡി.കാംഗ മെമ്മോറിയല്‍ ക്രിക്കറ്റ് ലീഗ് എന്ന ക്ലബ് ക്രിക്കറ്റ് മത്സരമുണ്ട്. ഈ ലീഗില്‍ കാംബ്ലിക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ കുനാല്‍ പുരന്ദരെ എഴുതിയ വിനോദ് കാംബ്ലി-ദി ലോസ്റ്റ് ഹീറോ എന്ന ജീവതരിത്ര പുസ്തകത്തില്‍ പറയുന്നുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും കാംബ്ലിയും ഒരേ സമയത്താണ് ഈ ലീഗില്‍ അരങ്ങേറിയത്. ലീഗില്‍ കളിക്കുന്ന ഒരു ക്ലബ്ബിന്റെ സെക്രട്ടറി വിനോദ് കാംബ്ലിയുടെ പിതാവ് ഗണ്‍പത് കാംബ്ലിയുടെ പരിചയക്കാരനായിരുന്നു. അഞ്ച് അടിയോളം മാത്രം ഉയരമുള്ള കാംബ്ലിയുമായി ഗണ്‍പത് സെക്രട്ടറിയുടെ അടുത്തെത്തി. ക്ലബ്ബില്‍ മകനെ കളിപ്പിക്കണമെന്ന് ആവശ്യപ്പെടാനാണ് ഗണ്‍പത് എത്തിയത്. മൂന്ന് മണിക്കൂറോളം സെക്രട്ടറിയുമായി സംസാരിച്ചെങ്കിലും കാംബ്ലിയെ കളിപ്പിക്കാന്‍ സെക്രട്ടറി തയ്യാറായില്ല.
ഫാസ്റ്റ് ബൗളര്‍മാര്‍ വിനോദിനെ എറിഞ്ഞു കൊല്ലുമെന്നും ഒരു കുട്ടിയെ കളിപ്പിച്ചുകൊണ്ട് ടീമിന് റിസ്‌കെടുക്കാന്‍ സാധിക്കില്ലെന്നും സെക്രട്ടറി പറഞ്ഞു. തൊട്ടടുത്ത ഞായറാഴ്ച കാംഗ ലീഗ് കളിക്കുന്ന ജോണ്‍ ബ്രൈറ്റ് ക്ലബ്ബിന്റെ മത്സരത്തില്‍ സച്ചിന്‍ കളിക്കുന്നത് കാണാന്‍ ശിവാജി പാര്‍ക്കില്‍ കാംബ്ലി പോയി. അവിടെയെത്തിയപ്പോള്‍ ടീമില്‍ ഒരാള്‍ കുറവ്. കാംബ്ലിയോട് കളിക്കാനാകുമോയെന്ന് അവര്‍ ചോദിച്ചു. ആ അവസം കാംബ്ലി പാഴാക്കിയില്ല. ടീമിലെടുക്കാതെ ഒഴിവാക്കിയ ക്ലബ്ബിനെതിരെ 80 റണ്‍സുകള്‍ കാംബ്ലി അടിച്ചു. ആ കളിയില്‍ സച്ചിന്‍ വെറും 5 റണ്‍സ് മാത്രമാണ് നേടിയത്.
1996 മാര്‍ച്ച് 13, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ നടക്കുന്നു. എട്ട് വിക്കറ്റിന് 251 റണ്‍സെടുത്ത ശ്രീലങ്കയ്ക്ക് മറുപടി നല്‍കാനിറങ്ങിയ മുഹമ്മദ് അസറുദ്ദീന്റെ പടയ്ക്ക് കാലിടറുന്നു. അര്‍ജുന രണതുംഗയുടെ കരുത്തരായ ബൗളിംഗ് നിരയുടെ ആക്രമണത്തില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ തുടരെത്തുടരെ വീണു. ഏഴ് താരങ്ങള്‍ റണ്‍സൊന്നും എടുക്കാതെയാണ് പുറത്തായത്. വെറും 22 റണ്‍സിനിടെ വീണത് 7 വിക്കറ്റുകള്‍. 65 റണ്‍സെടുത്ത സച്ചിന്‍ വീണതിനു പിന്നാലെ ഇന്ത്യന്‍ പ്രതീക്ഷകളെല്ലാം പവലിയനിലേക്ക് മടങ്ങി. വലിയ പ്രതീക്ഷകളുമായി ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയ ഇന്ത്യന്‍ ആരാധകര്‍ കോപിച്ചു. അവര്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞു. ഗ്യാലറിക്ക് തീയിട്ടു.
മുത്തയ്യാ മുരളീധരന്‍ ബൗളിംഗിനൊരുങ്ങുമ്പോഴേക്കും കാണികള്‍ അക്രമാസക്തരായി. കളി നിര്‍ത്തിവെക്കാന്‍ മാച്ച് റഫറി ക്ലൈവ് ലോയ്ഡ് തീരുമാനിച്ചു. ക്രീസില്‍ അപ്പോഴുണ്ടായിരുന്നത് 10 റണ്‍സുമായി വിനോദ് കാംബ്ലിയും റണ്‍സൊന്നുമെടുക്കാതെ അനില്‍ കുംബ്ലെയും. മാച്ച് നിര്‍ത്തിവെക്കരുതെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന കാംബ്ലിയെ അന്ന് ആരാധകര്‍ കണ്ടു. നിര്‍ണ്ണായകമായ തീരുമാനത്തിലും ആരാധകരുടെ പെരുമാറ്റത്തിലും ദുഃഖിതനായ കാംബ്ലി കണ്ണുനീരോടെയാണ് അന്ന് സ്റ്റേഡിയം വിട്ടത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, പ്രവീണ്‍ ആംറെ, ബല്‍വീന്ദര്‍ സിംഗ് സന്ധു, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവരുടെ ഗുരുവായ രമാകാന്ത് അച്ച്രേക്കറുടെ ശിക്ഷണത്തിലാണ് കാംബ്ലിയുടെയും തുടക്കം. 1988ല്‍ സച്ചിനൊപ്പം സ്‌കൂള്‍ ക്രിക്കറ്റില്‍ പടുത്തുയര്‍ത്തിയ റെക്കോര്‍ഡ് 18 വര്‍ഷത്തോളം തകരാതെ നിന്നു. സെന്റ് സേവ്യേഴ്സ് സ്‌കൂള്‍ ഫോര്‍ട്ടിനെതിരെ നടന്ന ഹരിസ് ഷീല്‍ഡ് ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ ശാരദാശ്രം വിദ്യാമന്ദിര്‍ സ്‌കൂളിനു വേണ്ടി 664 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ചെയതത്. കാംബ്ലി 349 റണ്‍സെടുത്തപ്പോള്‍ സച്ചിന്റെ സംഭാവന 315 റണ്‍സ്. കോച്ച് അച്ചരേക്കറിന്റെ നിര്‍ദേശം അനുസരിച്ച് ഇരുവരും ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തില്ലായിരുന്നെങ്കില്‍ അത് വലിയൊരു സ്‌കോറായി മാറുമായിരുന്നു.
1989ല്‍ തന്റെ 16-ാം വയസില്‍ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയപ്പോള്‍ കാംബ്ലി 1991ലാണ് വരുന്നത്. സച്ചിനേക്കാള്‍ പ്രതിഭാശാലിയെന്ന് ആരാധകര്‍ വാഴ്ത്തിയ ഇന്നിംഗ്സുകളായിരുന്നു കാംബ്ലിയുടേത്. വെറും 14 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് തികച്ചുകൊണ്ട് കാംബ്ലി സച്ചിനോ ക്രിക്കറ്റ് മഹാരഥന്‍മാര്‍ക്കോ സാധിക്കാത്ത അപൂര്‍വ നേട്ടം സ്വന്തം പേരില്‍ കുറിച്ചു. മൂന്നാമത്തെ രാജ്യാന്തര ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി, വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു അത്. ഇംഗ്ലണ്ടിനെതിരെ 224 റണ്‍സ്. സിംബാബ്വെക്ക് എതിരായ അടുത്ത ടെസ്റ്റില്‍ 227 റണ്‍സെടുത്തുകൊണ്ട് രണ്ടാം ഡബിള്‍ സെഞ്ചുറി. പിന്നാലെ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ 125ഉം 120ഉം റണ്‍സുകള്‍. മൂന്നു രാജ്യങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ മൂന്ന് ഇന്നിംഗ്സുകളില്‍ മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന താരമായി കാംബ്ലി ഇതോടെ മാറി. പക്ഷേ, കാംബ്ലിയുടെ ടെസ്റ്റ് കരിയര്‍ കൂടുതല്‍ നീണ്ടില്ല. വെറും 17 ടെസ്റ്റുകള്‍ മാത്രം കളിച്ച് 23-ാം വയസില്‍ ടെസ്റ്റില്‍ നിന്ന് വിടപറഞ്ഞു. 1084 റണ്‍സാണ് ആകെ സമ്പാദ്യം. 104 വണ്‍ഡേ മത്സരങ്ങളില്‍ നിന്ന് 2477 റണ്‍സും നേടി. 14 അര്‍ദ്ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും ഏകദിനത്തില്‍ കുറിച്ചു.
ഇടം കൈ കൊണ്ട് അനായാസം സ്ട്രോക്ക് പ്ലേ നടത്താനുള്ള കഴിവും സ്പിന്‍ ബൗളര്‍മാരെ അടിച്ച് പറത്തുന്ന ശൈലിയുമൊക്കെയായിരുന്നു കാംബ്ലിയുടെ സെല്ലിംഗ് പോയിന്റ്. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് വൈരം അതിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്ത് പാകിസ്താനില്‍ കളിച്ച മാച്ചുകളിലെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും ആരാധകരുടെ പ്രീതി നേടി. സച്ചിന്‍ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ കംബ്ലി വളരെ സ്റ്റൈലിഷായി ക്രീസിലെത്തി. അച്ചടക്കത്തിന്റെ പ്രതിരൂപമായി സച്ചിന്‍ വാഴ്ത്തപ്പെട്ടപ്പോള്‍ അതിന് നേരെ വിപരീത ദിശയിലായിരുന്നു കാംബ്ലി. 1996 ലോകകപ്പ് സെമി കാംബ്ലിയുടെ ക്രിക്കറ്റ് ജീവിതത്തിലും വഴിത്തിരിവായി. കണ്ണുനീരണിഞ്ഞ് കളംവിട്ട കാംബ്ലിയില്‍ നിന്ന് പിന്നീട് ക്രിക്കറ്റിന് കാര്യമായൊന്നും ലഭിച്ചില്ല. പേസര്‍മാരെ കൂച്ചുവിലങ്ങിടുന്ന കാംബ്ലിയുടെ ടെക്നിക്ക് പരാജയപ്പെടാന്‍ തുടങ്ങി. പരിക്കുകള്‍ പലപ്പോഴും ടീമിലെ പൊസിഷനെ ബാധിച്ചു. ഓള്‍റൗണ്ടര്‍മാരെയു ഫിനിഷര്‍മാരെയും തേടിക്കൊണ്ടിരുന്ന സെലക്ടര്‍മാര്‍ പലപ്പോഴും കാംബ്ലിയെ അവഗണിച്ചു. കിട്ടുന്ന അവസരങ്ങള്‍ ഓരോന്നിലും സ്വയം തെളിയിച്ചു കാണിക്കേണ്ട ഗതികേടിലേക്ക് അദ്ദേഹം മാറി. ഇതിനെല്ലാം ഇടയില്‍ കാംബ്ലി സാവധാനത്തില്‍ പിച്ചില്‍ ഇല്ലാതായി. ഒടുവില്‍ റിട്ടയര്‍മെന്റ്. ആദ്യ വിവാഹം തകര്‍ന്നതും ആഡംബര ജീവിതം സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചതുമൊക്കെ ടാബ്ലോയിഡുകള്‍ക്ക് വാര്‍ത്തയായി. കാബ്ലിയുടെ മദ്യപാന ശീലവും വാര്‍ത്തകളില്‍ നിറഞ്ഞു. കഴിഞ്ഞ വര്‍ഷം മദ്യലഹരിയില്‍ ഭാര്യയെ കാംബ്ലി മര്‍ദ്ദിച്ചതും വലിയ വാര്‍ത്തയായി.
2009ല്‍ ബിസിസിഐക്കെതിരെ തുറന്നടിച്ചുകൊണ്ട് കാംബ്ലി വാര്‍ത്തകളിലെത്തിയിരുന്നു. സെലക്ഷനുകളില്‍ ബിസിസിഐ പക്ഷപാതിത്വം കാട്ടുന്നുവെന്നായിരുന്നു കാംബ്ലി ആരോപിച്ചത്. 1996ലെ ലോകകപ്പ് ടീം സെലക്ഷനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. സെമി ഫൈനലില്‍ ടോസ് കിട്ടിയാല്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും ടോസ് കിട്ടിയപ്പോള്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതോടെ സച്ചിന്‍ അടക്കമുള്ളവരില്‍ നിന്ന് കാംബ്ലി അകന്നു. തന്നെ സഹായിക്കാന്‍ സച്ചിന് കഴിയുമായിരുന്നുവെങ്കിലും അദ്ദേഹം അത് ചെയ്തില്ലെന്ന് കാംബ്ലി വിളിച്ചു പറഞ്ഞു. ബിസിസിഐ തന്നെ ഒഴിവാക്കുന്നതിന് കാരണം ജാതിയും തന്റെ നിറവുമാണെന്നും കാംബ്ലി തുറന്നടിച്ചു. സച്ചിന്‍ വളര്‍ന്നപ്പോള്‍ അതിന്റെ നിഴലിലായിപ്പോയ പ്രതിഭയായി കാംബ്ലിയെ കാണുന്നവരുണ്ട്. ടീമില്‍ സച്ചിന് ലഭിച്ചിരുന്ന പരിഗണനകള്‍ കാംബ്ലിക്ക് ലഭിച്ചില്ലെന്ന് പറയുന്നവര്‍. ലെഗ് സൈഡില്‍ വരുന്ന ബോളുകളെയും ഷോര്‍ട്ട് ബോളുകളെയും നേരിടുന്നതിലും ഫ്രണ്ട് ഫുട്ടില്‍ കളിക്കുന്നതിലും പോരായ്മകള്‍ കാംബ്ലിക്കുണ്ടായിരുന്നു. സച്ചിനും ബാക്ക് ഫുട്ടില്‍ കളിക്കുന്നതില്‍ ചില പിഴവുകളുണ്ടായിരുന്നു. എന്നാല്‍ അത് പരിഹരിക്കാന്‍ താല്‍പര്യമെടുത്തവര്‍ ഏറെയായിരുന്നു. ഒരുപക്ഷേ, സച്ചിനെപ്പോലെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചിരുന്നെങ്കില്‍ കാംബ്ലിക്കും വളരാമായിരുന്നുവെന്ന് വിമര്‍ശിക്കുന്നവരാണ് ഏറെയും. മദ്യത്തിന് അടിമയായ കാംബ്ലി തന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് ആ വിമര്‍ശനങ്ങള്‍ പറയുന്നത്. പതിനാല് തവണ കാംബ്ലി റിഹാബിലിറ്റേഷന്‍ ചികിത്സയ്ക്ക് പോയിട്ടുണ്ടെന്ന് അടുത്ത സുഹൃത്തായ മുന്‍ അംപയര്‍ മാര്‍ക്കസ് കൂറ്റോ വെളിപ്പെടുത്തിയത് ഈയിടെയാണ്.
നടക്കാന്‍ പോലുമാകാതെ അവശനായ കാംബ്ലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അദ്ദേഹം വീണ്ടും ചര്‍ച്ചയായത്. അച്ച്‌രേക്കറെ സ്മരിക്കുന്ന ചടങ്ങില്‍ സച്ചിന്റെ കൈപിടിച്ച് നില്‍ക്കുന്ന, കോച്ചിന്റെ ഓര്‍മ്മയിലും സച്ചിനുമായുള്ള സൗഹൃദം ഓര്‍മിച്ചുകൊണ്ടും പാട്ടുപാടുന്ന കാംബ്ലിയെയും വൈറലായ വീഡിയോയില്‍ കണ്ടു. ചികിത്സക്ക് കാംബ്ലി തയ്യാറാണെങ്കില്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് സന്ധുവും കപിലും പറഞ്ഞതായി വാര്‍ത്തകള്‍ വരുന്നു. അച്ചടക്കമില്ലായ്മയാണ് കാംബ്ലിയെ ഈയവസ്ഥയില്‍ എത്തിച്ചതെന്ന് കുറ്റപ്പെടുത്തുന്നവര്‍ ഏറെയാണെങ്കിലും കാംബ്ലിയെന്ന പ്രതിഭയെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍, അയാള്‍ക്ക് കാര്യമായ പരിഗണ കൊടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് തയ്യാറായിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയാണ്.