Sports

ആര്‍ക്കും വേണ്ടാതിരുന്ന, അണ്ടര്‍റേറ്റഡ് താരങ്ങളുടെ ഐപിഎല്‍ | IPL 2025

sreejith mk

27 കോടി കൊടുത്ത് ലഖ്‌നൗ വാങ്ങിയ ഋഷഭ് പന്തിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റിന് നിരാശ. രണ്ട് കോടിക്ക് വാങ്ങിയ ശര്‍ദുല്‍ ഠാക്കൂര്‍ നന്നായി കളിക്കുന്നു. ഒന്നര കോടിക്ക് കൊല്‍ക്കത്ത വാങ്ങിയ അജിന്‍ക്യ രഹാനെ ക്യാപ്റ്റനായി തകര്‍ക്കുന്നു. വില കൂടിയ താരങ്ങള്‍ക്ക് പിഴയ്ക്കുന്നു, വിലയില്ലാത്ത താരങ്ങള്‍ കുതിക്കുന്നു. ഐപിഎല്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ ലേലത്തില്‍ വന്‍തുകയ്ക്ക് വാങ്ങിയ താരങ്ങളില്‍ പലരും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നു. അതേസമയം കുറഞ്ഞ വിലയ്ക്ക് വാങ്ങിയവര്‍ മുന്നേറുകയും ചെയ്യുന്നു. പ്രതീക്ഷകളും പ്രവചനങ്ങളും തെറ്റിക്കുകയാണോ ഐപിഎല്‍ 2025

ഏപ്രില്‍ ഒന്നാം തിയതി നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- പഞ്ചാബ് കിംഗ്‌സ് മത്സരം തോറ്റതിന് ശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്തുമായി ടീം ഉടമ സഞ്ജയ് ഗോയങ്ക സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അധ്യാപകന്റെയോ അല്ലെങ്കില്‍ അച്ഛന്റെയോ മുന്നില്‍ നില്‍ക്കുന്ന പരീക്ഷ തോറ്റ കുട്ടിയുടെ മുഖഭാവമായിരുന്നു അപ്പോള്‍ പന്തിനുണ്ടായിരുന്നത്. ഗോയങ്ക ഇതിനിടയില്‍ വിരല്‍ ചൂണ്ടി സംസാരിക്കുന്നതും കാണാം. കഴിഞ്ഞ വര്‍ഷം ക്യാപ്റ്റനായിരുന്ന കെ.എല്‍.രാഹുലിനെ ഒരു മത്സരം തോറ്റതിന് പിന്നാലെ ഗോയങ്ക ശാസിച്ചത് ഇതുപോലെ തന്നെ വാര്‍ത്തയും ചര്‍ച്ചയുമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയ്ക്ക്, 27 കോടി രൂപയ്ക്ക് ലഖ്‌നൗ വലിയ പ്രതീക്ഷകളോടെ സ്വന്തമാക്കിയ താരമാണ് പന്ത്. സീനിയര്‍ താരം, അനുഭവ സമ്പത്തുള്ള വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ പന്തിന് വിശേഷണങ്ങളും ഏറെയാണ്. അപകടത്തിന് ശേഷം തിരിച്ചെത്തി 2024 ഐപിഎല്‍ കളിച്ച പന്ത് ആ സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. പക്ഷേ, ഇത്തവണ പന്തിന് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. കളിച്ച മൂന്നു കളിയില്‍ രണ്ടെണ്ണം പരാജയം. ക്യാപ്റ്റന്‍ കൂടിയായ പന്തിനെ ഗോയങ്ക ഒന്നും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു.

2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 50 ലക്ഷത്തിന് വാങ്ങിയ താരമായിരുന്നു അജിന്‍ക്യ രഹാനെ. ആ സീസണില്‍ 13 മാച്ചുകളില്‍ നിന്നായി 20.17 ആവറേജില്‍ 242 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. ഈ വര്‍ഷം ലേലത്തില്‍ രഹാനെയെ വാങ്ങാന്‍ ആരും തയ്യാറായില്ല. രണ്ടാം ദിവസം ലേലം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് അടിസ്ഥാന വിലയായ ഒന്നരക്കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രഹാനെയെ വാങ്ങി. 23.75 കോടിക്ക് വാങ്ങിയ വെങ്കടേഷ് അയ്യര്‍ ടീമിലുള്ളപ്പോള്‍ ഒന്നരക്കോടി മാത്രം വിലയുണ്ടായിരുന്ന രഹാനെയെ കൊല്‍ക്കത്ത ക്യാപ്റ്റനാക്കി ഞെട്ടിച്ചു. ബാറ്റ് കൊണ്ടായിരുന്നു രഹാനെ ടീമിന്റെ വിശ്വാസം കാത്തത്. ആദ്യ മാച്ചില്‍ ബംഗളൂരുവിനെതിരെ 31 ബോളില്‍ 56 റണ്‍സ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 28.33 ആവറേജില്‍ 85 റണ്‍സ് സ്‌കോര്‍ ചെയ്തു.

പന്തിന്റെ ലഖ്‌നൗ ടീമില്‍ തന്നെ മറ്റൊരു താരമുണ്ട്. വെറും രണ്ട് കോടി രൂപ മാത്രം വിലയുണ്ടായിരുന്ന ഷാര്‍ദുല്‍ ഠാക്കൂര്‍. ഓള്‍ റൗണ്ടറായ ഷാര്‍ദുല്‍ ഠാക്കൂര്‍ മോഹ്‌സിന്‍ ഖാന് പകരക്കാരനായാണ് ഗ്രൗണ്ടില്‍ ഇറങ്ങിയത്. ആദ്യ മാച്ചില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഡല്‍ഹിയെ ഞെട്ടിക്കാന്‍ അവനായി. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനാകാത്തതുകൊണ്ട് സഞ്ജു സാംസണ് ബിസിസിഐ പൂര്‍ണ്ണ ഫിറ്റ്‌നസ് നല്‍കാത്തതുകൊണ്ടാണ് റിയാന്‍ പരാഗ് രാജസ്ഥാന്റെ ക്യാപ്റ്റനായത്. രണ്ട് കളിയിലെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നതും പരാഗ് ആണ്. 14 കോടി രൂപയ്ക്ക് വാങ്ങിയ പരാഗിനും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

പറഞ്ഞു വന്നത് മറ്റൊന്നുമല്ല, ഈ വര്‍ഷത്തെ ഐപിഎലില്‍ വന്‍വിലയ്ക്ക് ടീമുകള്‍ വാങ്ങിയ താരങ്ങള്‍ക്ക് പ്രതീക്ഷക്കൊത്തുള്ള പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം മുന്‍ വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ടീമുകള്‍ വാങ്ങാന്‍ പോലും മടിച്ച താരങ്ങള്‍ അപ്രതീക്ഷിതമായി തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുന്നു. വന്‍ വിലയുള്ള താരങ്ങളില്‍ രണ്ടാമനായ ശ്രേയസ് അയ്യര്‍ മാത്രമാണ് പിടിച്ചു നില്‍ക്കുന്നത്. പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായ അയ്യര്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി 149 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍ മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. പഞ്ചാബ്കിംഗ്‌സുമായുള്ള മത്സരത്തിന് ശേഷം ഋഷഭ് പന്തിനെ ശകാരിച്ച സഞ്ജയ് ഗോയങ്ക പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കെട്ടിപ്പിടിക്കുന്ന ദൃശ്യത്തിനും ലഖ്‌നൗ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT