ബോര്‍ഡര്‍- ഗാവസ്‌കര്‍ സീരീസില്‍ ഓസ്‌ട്രേലിയക്ക് എതിരായ നാലാം ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ നേട്ടം അതില്‍ മാത്രം ഒതുങ്ങുന്നില്ല. തകര്‍ന്നടിയുമായിരുന്ന ഇന്ത്യയെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഉയര്‍ത്തെഴുന്നേല്‍പിച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ നിതീഷ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് കുറിച്ചത്. എന്നാല്‍ ഈ സെഞ്ചുറി മാത്രമല്ല നിതീഷ് കുറിച്ച നേട്ടം. സിക്‌സുകളിലും നിതീഷ് ഒരു റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് എതിരായ പരമ്പരയില്‍ എട്ട് സിക്‌സുകളാണ് നിതീഷ് അടിച്ചു കൂട്ടിയത്. ഓസീസിനെതിരെ ഒരു പരമ്പരയില്‍ എട്ട് സിക്‌സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അത്. ഓസീസ് മണ്ണില്‍ വെച്ചാണ് ഈ നേട്ടമെന്നത് അതിന്റെ തിളക്കം കൂട്ടുന്നു.
ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച സന്ദര്‍ശക ടീം ബാറ്റര്‍മാരുടെ നിരയില്‍ കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ് ഇതിലൂടെ നിതീഷ്. മൈക്കിള്‍ വോഗനും ക്രിസ് ഗെയിലുമാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റു ബാറ്റര്‍മാര്‍. 2002-03 ആഷസിലാണ് വോഗന്‍ ഓസീസിനെതിരെ ഒരു സീരീസില്‍ എട്ട് സിക്‌സ് അടിച്ചത്. ഗെയില്‍ 2009-10ലും. 171 ബോളിലാണ് നിതീഷ് തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എട്ടാം പൊസിഷനില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ആദ്യ സെഞ്ചുറിയെന്ന റെക്കോര്‍ഡ് കൂടി നിതീഷിന് സ്വന്തം. ഈ നേട്ടത്തില്‍ നിതീഷിന് കൂട്ടായത് മറ്റൊരു പുതുമുഖമായ വാഷിംഗ്ടണ്‍ സുന്ദര്‍. വാഷിംഗ്ടണും 50 റണ്‍സ് അടിച്ചെടുത്തു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 147 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് എട്ടും ഒന്‍പതും പൊസിഷനിലുള്ള ബാറ്റര്‍മാര്‍ ഒരിന്നിംഗ്‌സില്‍ 150ലേറെ ബോളുകള്‍ വീതം നേരിടുന്നതെന്ന അപൂര്‍വതയും ഇവരുടെ പാര്‍ട്‌നര്‍ഷിപ്പിനുണ്ട്.
കന്നി ടെസ്റ്റ് സെഞ്ചുറി കുറിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമന്‍ എന്ന റെക്കോര്‍ഡ് കൂടി നിതീഷിന് ലഭിച്ചു. 18-ാം വയസില്‍ കന്നി സെഞ്ചുറി നേടിയ സച്ചിനും 21-ാം വയസില്‍ സെഞ്ചുറി കുറിച്ച റിഷഭ് പന്തുമാണ് നിതീഷിന് മുന്നിലുള്ളത്. 59.66 സ്‌ട്രൈക്ക് റേറ്റിലാണ് നിതീഷിന്റെ 105 റണ്‍സ് നേട്ടം. പത്ത് ഫോറുകളും ഒരു സിക്‌സും അടക്കമാണ് നിതീഷ് 100 തികച്ചത്. 99 റണ്‍സില്‍ നില്‍ക്കേ മിഡ് ഓണിലേക്ക് പന്ത് ബൗണ്ടറി കടത്തിക്കൊണ്ടായിരുന്നു ആ സെഞ്ചുറി നേട്ടത്തിലേക്ക് നിതീഷ് ഓടിക്കയറിയത്. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ നിതീഷും രണ്ട് റണ്‍സുമായി മുഹമ്മദ് സിറാജുമാണ് ക്രീസില്‍.
നിതീഷും വാഷിംഗ്ടണും ചേര്‍ന്ന് സ്‌കോര്‍ ചെയ്ത 105 റണ്‍സാണ് മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയെ കരകയറ്റിയത്. മൂന്നാം ദിവസം ചായ സമയത്ത് ഇന്ത്യ ഏഴ് വിക്കറ്റിന് 326 എന്ന സ്‌കോറില്‍ എത്തിയിരുന്നു. 40 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും 85 റണ്‍സുമായി നിതീഷുമായിരുന്നു ക്രീസില്‍. വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒരു മികച്ച പാര്‍ട്‌നര്‍ഷിപ്പ് ആവശ്യമുള്ള ഘട്ടത്തില്‍ തന്നെയാണ് നിതീഷും വാഷിംഗ്ടണും ചേര്‍ന്ന് ഇന്ത്യയുടെ രക്ഷകരായി എത്തിയത്.