അന്നൊരു വെള്ളിയാഴ്ചയായിരുന്നു. 2008 ഏപ്രില്‍ 18. റേഡിയോയില്‍ ക്രിക്കറ്റ് കമന്ററിയുടെ ശബ്ദവ്യത്യാസങ്ങള്‍ അനുസരിച്ച് വിക്കറ്റോ, ഫോറോ, സിക്‌സോ എന്ന് മനസിലാക്കിയിരുന്ന തലമുറയും, ഓലമടലുവെട്ടി ബാറ്റാക്കി, പിരിവിട്ട് സ്റ്റംപര്‍ പന്ത് വാങ്ങി പറമ്പുകളില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരു തലമുറയും അന്ന് വൈകുന്നേരത്തോടെ ടെലിവിഷന്റെ മുന്നിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ അല്ലെങ്കില്‍ ലോകക്രിക്കറ്റില്‍ അതുവരെ കണ്ട് ശീലിച്ചു തുടങ്ങിയിട്ടില്ലാത്ത ഒന്ന്. സച്ചിനും ഗാംഗുലിയും ദ്രാവിഡും സേവാഗുമെല്ലാം സ്വന്തം ടീമുകളായി പിരിഞ്ഞ് പരസ്പരം കളിക്കാനിറങ്ങുന്ന ഒരു ലീഗ്. രഞ്ജി ട്രോഫി കണ്ടിട്ടുണ്ട്, ഇന്ത്യ എയും ബിയും കണ്ടിട്ടുണ്ട്, എന്തിന് സച്ചിന്‍ ഇലവനും ഗാംഗുലി ഇലവനും ഓള്‍ സ്റ്റാര്‍ ഇലവനുമെല്ലാം കണ്ടിട്ടുണ്ട്. എന്നാല്‍ കേവലം ഒരു വര്‍ഷം മുന്നേ വലിയ പ്രചാരത്തിലായ ട്വന്റി20 എന്ന കുട്ടിക്രിക്കറ്റില്‍ ഒരു ലീഗ് ആരംഭിക്കുന്നു. ഷാരൂഖ് ഖാനും പ്രീതി സിന്റയും വിജയ് മല്യയുമൊക്കെ അതില്‍ ടീമുടമകളാകുന്നു. ഷോയ്ബ് അക്തറും റിക്കി പോണ്ടിംഗും കളിക്കുന്നത് സൗരവ് ഗാംഗുലിയുടെ കാപ്റ്റന്‍സിക്ക് കീഴില്‍. അതുവരെ ക്രീസില്‍ കണ്ടാല്‍ കടിച്ച് കീറുമെന്ന് തോന്നിച്ച താരങ്ങള്‍ ഒന്നിച്ച് ലീഗിലെത്തുന്നു. എന്നിട്ടും ഇതെന്താകുമെന്ന സംശയത്തിലായിരുന്നു അന്ന് വൈകീട്ട് പ്രേക്ഷകര്‍ ടി.വിക്ക് മുന്നില്‍ തടിച്ചു കൂടിയത്.
ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അന്ന് ടോസ് ഇടാന്‍ ചെന്ന് നിന്നത് ഗാംഗുലിയും ദ്രാവിഡും. ഷാരൂഖ് ഖാന്‍ ഒരു ബോളിവുഡ് ഗാനമെന്ന പോലെ അവതരിപ്പിച്ച, വീ ടൂ ഹോട്ട്, വീ ടൂ കൂള്‍ ആംഹി കൊല്‍ക്കത്ത വീ റൂള്‍ എന്ന് പാടിക്കൊണ്ട് അവതരിച്ച, കറുപ്പില്‍ സ്വര്‍ണനിറത്തിലുള്ള പടച്ചട്ടയണിഞ്ഞ ദാദയും ചിന്നസ്വാമി തട്ടകമാക്കി കൊണ്ട് മതില്‍ കെട്ടാന്‍ തയ്യാറെടുത്ത് വന്ന ജാമിയും. അവര്‍ നേര്‍ക്ക് നേര്‍ ടോസ് വിളിക്കാനെത്തുന്നത് ലൈവായി അത്രയും പേര്‍ കണ്ടത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്.
ചിന്നസ്വാമി സ്റ്റേഡിയും അന്ന് നിറഞ്ഞ് കവിഞ്ഞിരുന്നു. ആ മത്സരമായിരിക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാവി തീരുമാനിക്കുക എന്ന് സംഘാടകര്‍ക്ക് അറിയാമായിരുന്നതു കൊണ്ടുതന്നെ കൃത്യമായി കണക്കു കൂട്ടിയതായിരുന്നു ആ മത്സരം. ഷാരൂഖ് ഖാനെന്ന ബോളിവുഡ് കിങ്ങും വിജയ് മല്യ എന്ന ബിസിനസ് ടൈക്കൂണും നേര്‍ക്കുനേര്‍ വരുന്ന മത്സരം എല്ലാ അര്‍ത്ഥത്തിലും ഒരു സൂപ്പര്‍ഹിറ്റ് ആകുമെന്ന് ഉറപ്പിച്ചിരുന്നു അവര്‍. ആദ്യ ബോള്‍ എറിയാനെത്തുന്നത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ പ്രവീണ്‍ കുമാര്‍. അത് നേരിടാന്‍ ക്രീസില്‍ ദാദ. ആദ്യ പന്തില്‍ തന്നെ ലെഗ് ബൈയില്‍ ഒരു റണ്‍സ്. അങ്ങനെ ലോകക്രിക്കറ്റിന് മുന്നില്‍ പുതിയതെന്തോ എന്ന പോലെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവതരിച്ചു. എന്നാല്‍ ആദ്യ ഓവറില്‍ കാര്യമായൊന്നും സംഭവിച്ചില്ല. രണ്ട് മൂന്ന് ഡോട്ട് ബോളുകള്‍, വീണ്ടുമൊരു ലെഗ് ബൈ. സാധാരണമായ ഒരു ഓവര്‍. രണ്ടാമോവറിലും അധികമൊന്നും ആരും പ്രതീക്ഷിക്കാനും വഴിയില്ല. കാരണം അത് എറിയുന്നത് സഹീര്‍ ഖാനാണ്. എന്നാല്‍ 3 കോടി അറുപത് ലക്ഷം രൂപയ്ക്ക് അന്ന് ഷാരൂഖ് ഖാന്‍ ലേലം വിളിച്ചെടുത്തിരുന്ന ന്യൂസിലാന്റ് താരം ബ്രെന്റണ്‍ മക്കല്ലം ആരാണ് എന്ന് പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നു. രണ്ടാം ഓവറില്‍ സഹീര്‍ ഖാനെ ഫോറടിച്ച് കൊല്‍ക്കത്തയ്ക്ക് വേണ്ടിയും ഐപിഎല്ലിന് വേണ്ടിയും മക്കല്ലം വെടിക്കെട്ടിന് തിരികൊളുത്തി. ഇന്ത്യയുടെ വിശ്വസ്ത പേസ് ബൗളറുടെ ആദ്യ ഓവറില്‍ 18 റണ്‍സായിരുന്നു അന്ന് മക്കല്ലം അടിച്ചെടുത്തത്. അടുത്ത ഓവറില്‍ വീണ്ടും കാര്യമായി ഒന്നും സംഭവിച്ചില്ല. എന്നാല്‍ നാലാം ഓവറില്‍ രണ്ട് സിക്‌സടക്കം 23 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തപ്പെട്ടപ്പോള്‍ ടീമിന്റെ സ്‌കോര്‍ 50 തികഞ്ഞിരുന്നു. നാല് ഓവറില്‍ അന്‍പത് റണ്‍സ്. അതോടെ കളി കണ്ടിരുന്നവര്‍ക്ക് മനസിലായി ഇതായിരിക്കും ഐപിഎല്ലെന്ന്, ഇതായിരിക്കും പുതിയ ക്രിക്കറ്റെന്ന്.
സഹീര്‍ ഖാന്‍ പിന്നീട് ഗാംഗുലിയെ 10 റണ്‍സില്‍ പുറത്താക്കി. വണ്‍ഡൗണായെത്തിയത് റിക്കി പോണ്ടിംഗ്. എറിയാന്‍ വരുന്നത് ജാക്ക് കാലിസ്. ക്രിക്കറ്റ് ആരാധകര്‍ക്ക് അത്രമേല്‍ പ്രിയങ്കരമായ താരങ്ങള്‍ ഒരുമിക്കുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടില്‍ കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ ക്രീസിലോ, ബൗളേഴ്‌സിനെ യാതൊരു ബഹുമാനവുമില്ലാത്ത വണ്ണം മക്കല്ലം ഗാലറിയിലേക്ക് പറത്തി. പില്‍ക്കാലത്ത് ബാസ്‌ബോളിന്റെ പടച്ചതമ്പുരാനായി ടെസ്റ്റ് ക്രിക്കറ്റിനെ ട്വന്റി20 ആക്കി മാറ്റിയ മക്കല്ലത്തിന് അത് വലിയ കാര്യമായിരുന്നില്ല. അയാളത് ചെയ്യാന്‍ കെല്‍പ്പുള്ളയാളാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എത്രയോ വട്ടം ബ്ലാക്ക് ക്യാപ്‌സിന്റെ കറുത്ത കുപ്പായമണിഞ്ഞ് അയാള്‍ ഇന്ത്യന്‍ ബൗളേഴ്‌സിനെ ഗാലറിയിലേക്ക് പറത്തിയിരിക്കുന്നു, എന്നാല്‍ അന്നാ വെള്ളിയാഴ്ച ഒറ്റ വ്യത്യാസമേ ഉണ്ടായിരുന്നു. അന്നയാള്‍ അടിച്ചു പറത്തിയ ഓരോ സിക്‌സറിലും ഇന്ത്യ മുഴുവന്‍ കൈയ്യടിക്കുകയും ആര്‍പ്പ് വിളിക്കുകയും ചെയ്തു. ഷാരൂഖ് ഖാന്‍ അന്ന് ഗാലറിയില്‍ നൃത്തം വെച്ചു. അയാള്‍ക്കന്ന് ഇരിക്കാന്‍ സമയം കൊടുക്കാത്ത വിധം, മക്കല്ലം ബൗണ്ടറികള്‍ പായിച്ചുകൊണ്ടിരുന്നു.
മുപ്പത്തിരണ്ട് പന്തില്‍ 5 ഫോറും മൂന്ന് സിക്‌സുമടക്കമായിരുന്നു അന്ന് ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യ അര്‍ധസെഞ്ചുറി പിറന്നത്. എന്നാല്‍ അത് ആദ്യ അര്‍ധസെഞ്ചുറിയില്‍ നിന്ന് ആദ്യ സെഞ്ചുറിയിലേക്ക് മാറാന്‍ പിന്നീട് വേണ്ടി വന്നത് വെറും 21 ബോള്‍ മാത്രമായിരുന്നു. മറുവശത്ത് കണക്കില്‍ എല്ലാം പെര്‍ഫക്ടായിരുന്നുവെന്ന് പറയാം. ദാദയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല, പോണ്ടിങ്ങിനോ പിന്നീട് വന്ന ഡേവിഡ് ഹസിക്കോ റണ്‍മഴ പെയ്യിക്കാനായില്ല. പക്ഷേ ഇപ്പുറത്ത് അയാള്‍ ആര്‍ക്കും മെരുങ്ങിയില്ല. പ്രവീണ്‍കുമാറും സഹീര്‍ഖാനും കാലിസും ആഷ്‌ലി നോഫ്‌കെയുമെല്ലാം മക്കല്ലത്തിന്റെ ഇരകളായി. നോക്കി നില്‍ക്കാനെ ദ്രാവിഡിനും പഴയ വിരാട് കോഹ്ലിക്കുമെല്ലാം കഴിഞ്ഞുള്ളൂ. അടുത്ത പതിനേഴ് പന്തില്‍ വീണ്ടുമൊരു അന്‍പത് റണ്‍സ് കൂടെ ചേര്‍ത്ത് മക്കല്ലം ആദ്യമായി ടി20യിലെ 150 റണ്‍സ് എന്ന മാര്‍ക്കും കടന്നു. പിന്നീട് ഇരുപതാം ഓവറില്‍ അവസാന പന്തില്‍ പ്രവീണ്‍ കുമാറിനെ സിക്‌സര്‍ പറത്തി 73 പന്തില്‍ 158 റണ്‍സ് എന്ന ബെഞ്ച്മാര്‍ക്ക് സെറ്റ് ചെയ്തിട്ടാണ് മക്കല്ലം കളം വിട്ടത്. അന്നാ മത്സരത്തില്‍ രണ്ടാം പന്ത് മുതല്‍ അവസാന പന്ത് വരെ അയാള്‍ ക്രീസിലുണ്ടായിരുന്നു.
ഉത്സവമായിരുന്നു അന്നാ ദിവസം ഇന്ത്യന്‍ ക്രിക്കറ്റിന്, മക്കല്ലത്തിന്റേത് ഒരു വെടിക്കെട്ടും. അന്ന് വരെ എന്തായിരിക്കും ഐപിഎല്ല് കൊണ്ട് സംഭവിക്കുക എന്ന് സംശയിച്ചിരുന്ന, അല്ലെങ്കില്‍ അതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ലാതിരുന്ന ഒരു ലോകത്തിന് മുന്നില്‍ മക്കല്ലത്തിന്റെ ഇന്നിംഗ്‌സ് പറഞ്ഞു വെക്കുകയായിരുന്നു, ഇതാണ് ട്വന്റി20 ക്രിക്കറ്റ്. ഇവിടെ റണ്‍സൊഴുകും, ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍, ആര്‍ക്കും സ്വപ്നം പോലും കാണാന്‍ കഴിയാത്ത വിധത്തില്‍.
2007ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തോടെയാണ് ഇന്ത്യയില്‍ ആരാധകര്‍ ക്രിക്കറ്റിന്റെ പുതിയ ഫോര്‍മാറ്റിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാല്‍ ഇന്ത്യയുടെ ന്യൂ ജനറേഷന്‍ അന്ന് നേടിയ വിജയവും ക്രിക്കറ്റിന്റെ പുത്തന്‍ ഫോര്‍മാറ്റും പൂര്‍ണമായി ആരും സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. യുവരാജ് സിംഗ് ഒരോവറില്‍ ആറ് സിക്‌സ് പറത്തിയതും ബൗള്‍ ഔട്ടില്‍ പാകിസ്താനെ തോല്‍പ്പിച്ചതും, ഓസീസിനെ സെമിഫൈനലില്‍ തളച്ചിട്ടതുമെല്ലാം ഉണ്ടെങ്കിലും എല്ലാ മത്സരത്തിലും വലിയൊരു റണ്‍മല സൃഷ്ടിക്കാനൊന്നും ഒരു ടീമിനും കഴിഞ്ഞിരുന്നില്ല. നൂറ്റിനാല്‍പ്പത് റണ്‍സ് പോലും മികച്ച സ്‌കോറായിരിക്കുമെന്നാണ് അന്ന് പലരും കരുതിയിരുന്നത്. എന്നാല്‍ അടിക്ക് തിരിച്ചടി ഉണ്ടാകുമെന്ന് മനസിലാക്കുമ്പോഴെല്ലാം ആദ്യ പന്ത് മുതല്‍ ആക്രമിച്ചു തുടങ്ങുന്ന ബാറ്റേഴ്‌സ് നൂറ്റന്‍പത് റണ്‍സ് പിന്നിടുന്നത് ഒരാള്‍ പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. പക്ഷേ സ്വപ്നത്തേക്കാള്‍ വലുത് സംഭവിക്കുമ്പോഴാണല്ലോ ഒരു ത്രില്ലുണ്ടാകുന്നത്. നമ്മള്‍ ഞെട്ടിത്തരിച്ചിരുന്ന് പോരുന്നത്.
ഐപിഎല്‍ 2025ല്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എത്തുന്നത് ഇന്ത്യന്‍ താരം വൈഭവ് സൂര്യവന്‍ശിയാണ്. പതിമൂന്ന് വയസ്സാണ് രാജസ്ഥാന്‍ റോയല്‍സ് ഒരു കോടിയ്ക്ക് മേല്‍ പണം കൊടുത്ത് സ്വന്തമാക്കിയ താരത്തിന്റെ പ്രായം. ബ്രെന്റന്‍ മക്കല്ലം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെടിക്കെട്ട് നടത്തുമ്പോഴും വിരാട് കോഹ്ലി ആദ്യമായി റോയല്‍ ചലഞ്ചേഴ്‌സ് ജേഴ്‌സി അണിയുമ്പോഴും വൈഭവ് ജനിച്ചിട്ട് പോലുമില്ല. അന്ന് കൊല്‍ക്കത്ത നേടിയ 222 റണ്‍സ് ഇന്ന് ടീം ടോട്ടലിന്റെ കണക്കുകളില്‍ 48 വട്ടം പിന്നിലാക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ അടിച്ചെടുത്തത് 287 റണ്‍സാണ്, അത് ചേസ് ചെയ്ത ബാംഗ്ലൂര്‍ വീണതോ വെറും 20 റണ്‍സ് അകലെ മാത്രവും. പക്ഷേ എന്നിട്ടും മക്കല്ലത്തിന്റെ ആ ഓപ്പണിംഗ് സ്‌കോര്‍ തകര്‍ക്കപ്പെട്ടത് ഒരുവട്ടം മാത്രമാണ്. 2013ല്‍ ക്രിസ് ഗെയ്‌ലായിരുന്നു 175 റണ്‍സ് നേടി മക്കല്ലത്തെ മറികടന്നത്. അതിന് ശേഷം വീണ്ടും പതിനൊന്ന് വര്‍ഷം പിന്നിട്ടിട്ടും ഒരു ബാറ്റര്‍ക്കും അവര്‍ക്കൊപ്പം എത്താന്‍ കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍ അതില്‍ തന്നെയുണ്ട് എത്ര മഹത്തരമായിരുന്നു ആ ഇന്നിംഗ്‌സെന്ന്. ബ്രെന്റന്‍ മക്കല്ലം തിരി കൊളുത്തിയ വെടിക്കെട്ടെന്ന്.