ന്യൂബോള്‍ കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന ഇന്ത്യന്‍ ജോണ്‍ വിക്ക്; ജസ്പ്രീത് ബുംറ | Watch

ന്യൂബോള്‍ കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന ഇന്ത്യന്‍ ജോണ്‍ വിക്ക്; ജസ്പ്രീത് ബുംറ | Watch
Published on

പെര്‍ത്ത് ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനത്തോട് അടുക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരെല്ലാം വിരാട് കോഹ്ലിയുടെ സെഞ്ചുറിക്ക് വേണ്ടി കാത്തിരുന്നു. എത്രയും പെട്ടെന്ന് അത് അടിച്ചെടുക്കാനായിരുന്നു വിരാട് കോഹ്ലി ശ്രമിച്ചതും. കാരണം ഓസീസിന് മേല്‍ ഏകദേശം 450 റണ്‍സ് ലീഡ് കഴിഞ്ഞപ്പോഴേക്കും കോഹ്ലിക്ക് ഡഗ് ഔട്ടില്‍ നിന്ന് നിര്‍ദേശം വന്നിരുന്നു. കഴിഞ്ഞ ഒന്നര ദിവസമായി ജെയ്‌സ്വാളും രാഹുലും കോഹ്ലിയുമെല്ലാം കൂടി പഞ്ഞിക്കിട്ടു കൊണ്ടിരിക്കുന്ന ഓസീസ് ടീമിനെ ഇന്ന് വൈകീട്ട് തന്നെ ക്രീസില്‍ കിട്ടണം. പത്ത് ഓവറെങ്കില്‍ പത്ത്, നാല് ഓവറെങ്കില്‍ നാല്... വെളിച്ചം മങ്ങിക്കൊണ്ടിരിക്കുമ്പോള്‍, വെയിലുകൊണ്ട് മരവിച്ച പിച്ച് തണുത്തു കീറിതുടങ്ങുമ്പോള്‍, കുത്തിത്തിരിയാന്‍ തയ്യാറായിരിക്കുന്ന പുത്തന്‍ കൂക്കുബറ പന്ത് എറിയാന്‍ അയാള്‍ക്ക് കിട്ടണം. അന്നത്തെ ഇന്ത്യന്‍ കാപ്റ്റന്. ന്യൂബോള്‍ കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബായാഗയ്ക്ക്.

ന്യൂബോള്‍ കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന ഇന്ത്യന്‍ ജോണ്‍ വിക്ക്; ജസ്പ്രീത് ബുംറ | Watch
ആസാദ് മൈതാനത്ത് കിടന്ന് വാങ്കഡേ സ്വപ്നം കണ്ടവന്‍; യശസ്വി ജയ്സ്വാൾ | Watch

സെഞ്ചുറി നേടി ഉടന്‍ തന്നെ വിരാട് കോഹ്ലി ഡ്രസിംഗ് റൂമിലേക്ക് ഓടി. നിമിഷനേരം കൊണ്ട് ഇന്ത്യന്‍ ടീം ഗ്രൗണ്ടിലേക്കിറങ്ങാന്‍ റെഡിയായിരുന്നു. അത് പ്രതീക്ഷിച്ചതായിരുന്നു. ഒരോവറാണെങ്കില്‍ പോലും അതെറിയാന്‍ ബുംറ അന്ന് വൈകീട്ട് എത്തിയാല്‍ അത് ഓസീസ് ടീമിന് താങ്ങാന്‍ കഴിയില്ലെന്ന് പെര്‍ത്തിലെല്ലാവര്‍ക്കും അറിയാമായിരുന്നു. തിരിച്ച് പാഡണിഞ്ഞ് ക്രീസിലേക്ക് ഇറങ്ങിയ ഓസീസ് ഓപ്പണര്‍മാരും അത് ഭയത്തില്‍ തന്നെയായിരുന്നു. ആദ്യ ഓവര്‍ ബുംറയ്ക്ക് തന്നെ. നതാന്‍ മക്‌സ്വീനിയെന്ന ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന ചെറുപ്പക്കാരന്‍. ഓര്‍ത്തിരിക്കാന്‍ ആഗ്രഹിക്കുന്ന അരങ്ങേറ്റമായിരിക്കില്ല അവന്റേത്. ഹെയ്ഡനും ലാംഗറും വാര്‍ണറുമെല്ലാം കളിച്ച ഓപ്പണിംഗ് പൊസിഷനില്‍ ഓര്‍ത്തിരിക്കുന്ന അരങ്ങേറ്റം കുറിക്കാനിറങ്ങിയ ചെറുപ്പക്കാരന്‍. ആ നാല് ദിവസങള്‍ മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും. കാരണം ക്രീസില്‍ രണ്ട് ഇന്നിംഗ്‌സിലും കൂടി പത്ത് മിനിറ്റ് തികച്ച് നില്‍ക്കാന്‍ ബുംറ അയാളെ സമ്മതിച്ചില്ല. രണ്ടിന്നിംഗ്‌സിലും വിക്കറ്റിന് മുന്നില്‍ കുടുക്കി. നാല് ഓവറെങ്കില്‍ നാല് ഓവറെന്ന് വിചാരിച്ച് പന്തെടുത്ത കാപ്റ്റന്‍ ബുംറയും സിറാജും കൂടി 12 റണ്‍സിനുള്ളില്‍ മൂന്ന് വിക്കറ്റാണ് ഓസീസിന്റേ വീഴ്ത്തിയത്. ആദ്യ വിക്കറ്റില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങി പിടിച്ചു നില്‍ക്കാമെന്ന് വിചാരിച്ച പാറ്റ് കമ്മിന്‍സിനും ഓസീസ് വിശ്വസ്തനായ മാര്‍നസ് ലബുഷനെയും ആ വൈകുന്നേരം തന്നെ കൂടാരം കയറി.

ഓസ്‌ട്രേലിയ കൈപ്പിടിയിലാക്കിയെന്ന് വിചാരിച്ചതായിരുന്നു ആദ്യ ടെസ്റ്റ്. വിജയത്തോടെ തുടങ്ങാം. ന്യൂസിലാന്റിനോട് ഏറ്റ പരാജയത്തിലെത്തിയ ഇന്ത്യന്‍ ടീമിന് കരുത്തുണ്ടാവില്ലെന്നും വിരാട് കോഹ്ലി ഫോമിലല്ലെന്നും മറ്റു ബാറ്റര്‍മാര്‍ക്ക് ഇവിടെ പിടിച്ച് നില്‍ക്കാനാവില്ലെന്നുമെല്ലാം വിചാരിച്ച കളിയില്‍ ടോസ് നേടി ബുംറ ബോളിംഗ് തെരഞ്ഞെടുക്കുകകൂടി ചെയ്തതോടെ ഓസീസ് ക്യാമ്പ് ആവേശത്തിലായി. അവര്‍ വിചാരിച്ചതെല്ലാം നടന്നിരുന്നു. മര്യാദക്ക് ഒന്ന് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വീണു. ഓസീസ് ബൗളേഴ്‌സിന് വിയര്‍ക്കേണ്ടി പോലും വന്നില്ല ഇന്ത്യയെ മൂന്നാം സെഷന് മുന്നേ ഓള്‍ ഔട്ടാക്കാന്‍. എന്നാല്‍ പെര്‍ത്തിലെ എക്‌സ്ട്രാ ബൗണ്‍സില്‍ ബൗളര്‍മാര്‍ കവിത രചിക്കുമ്പോള്‍ ഇപ്പുറത്തും ഒരുത്തനുണ്ടാവും എന്ന് അവരോര്‍ത്തില്ല. ലൈനും ലെങ്തും അളന്ന് മുറിച്ച്, പേസില്‍ വേരിയേഷന്‍ നടത്തി, ഓസീസ് ബാറ്റര്‍മാരെ കബളിപ്പിച്ച് ബുംറ തുടങ്ങി. കാപ്റ്റനൊപ്പം ഉറ്റ ചങ്ങാതിയെന്ന പോലെ സിറാജും അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയും വേട്ടക്കിറങ്ങിയപ്പോള്‍ ഓസീസ് പട വിയര്‍ത്തു കുളിച്ചു. ഓസീസിനേക്കാള്‍ നൂറ് മടങ്ങ് അഗ്രസീവായാണ് ഇന്ത്യന്‍ ബൗളേഴ്‌സ് പന്തെറിഞ്ഞത്. ഓരോ പന്തും വിക്കറ്റില്ലാതെ മടങ്ങില്ലെന്ന് വെല്ലുവിളിക്കുന്ന പോലെ. സ്മിത്തിനെയും ലബുഷനെയെയും ട്രാവിസ് ഹെഡിനെയും നിലയുറപ്പിക്കാന്‍ അനുവദിക്കരുതെന്ന് ഉറപ്പിച്ചെന്ന പോലെ. അത് വിജയിക്കുകയും ചെയ്തു. ആ തുടക്കത്തിലാണ് ഇന്ത്യ ലീഡ് നേടിയതും, പിന്നീട് കളി മൊത്തത്തില്‍ തിരിച്ച് പിടിച്ചതും.

ന്യൂബോള്‍ കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന ഇന്ത്യന്‍ ജോണ്‍ വിക്ക്; ജസ്പ്രീത് ബുംറ | Watch
ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

ബുംറയെന്ന ബൗളറും കാപ്റ്റനുമായിരുന്നു കളി നിയന്ത്രിച്ചത്. കമന്റേറ്റേഴ്‌സ് പറഞ്ഞതിങ്ങനെയായിരുന്നു, ഓസ്‌ട്രേലിയ ഈ കളിയില്‍ ഒരുപാട് മുന്നിലായിരുന്നു, അത് പക്ഷേ ബുംറ പന്തെടുക്കുന്നത് വരെ മാത്രമായിരുന്നു. ആദ്യത്തെ പന്ത്രണ്ട് പന്തില്‍ തന്നെ നാല് വിക്കറ്റ് ചാന്‍സുകളായിരുന്നു ബുംറ ക്രിയേറ്റ് ചെയ്തത്. പെര്‍ത്തിലെത്തിയ റെക്കോര്‍ഡ് കാണികളായ മുപ്പത്തിയൊന്നായിരം പേര്‍ക്ക് മുന്നില്‍ ബുംറ ക്രിക്കറ്റ് ഇങ്ങനെയാണ് എന്ന് തെളിയിക്കുകയാരുന്നു. അവര്‍ അയാള്‍ക്ക് വേണ്ടി ആര്‍പ്പ് വിളിക്കുകയായിരുന്നു. സെക്കന്റ് ഇന്നിംഗ്‌സില്‍ വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യന്‍ സ്വപ്നങ്ങളെ തച്ചുടക്കാനെന്ന വണ്ണം ക്രീസില്‍ നിലയുറപ്പിച്ച ട്രാവിസ് ഹെഡിന്റെ വിക്കറ്റ് എടുക്കുക കൂടി അയാള്‍ ചെയ്തപ്പോള്‍ അതിന് പ്രതികാരത്തിന്റെ ഇന്ത്യന്‍ ആവേശവുമായി.

ഓസീസ് മണ്ണില്‍ ഇന്ത്യന്‍ ബൗളേഴ്‌സ് ഡോമിനേറ്റ് ചെയ്യുക എന്നാല്‍ അത് അത്ര പരിചിതമായ കാര്യമല്ല. കഴിഞ്ഞ രണ്ട് വിജയിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യന്‍ ബൗളേഴ്‌സ് കരുത്ത് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പേസ് അറ്റാക്ക് എന്ന നിലയില്‍ ആരും ഭയന്നേക്കുമോ എന്ന് ചോദിച്ചാല്‍ അങ്ങനെയൊരാള്‍ ഇന്ത്യക്ക് ഇല്ലായിരുന്നു എന്ന് തന്നെ പറയണം. അവിടെയാണ് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഏത് ബാറ്ററും ഭയക്കുന്ന കളി നിയന്ത്രിക്കുന്ന, ഗെയിം ചെയ്ഞ്ചറായി ബുംറ ഇന്ത്യക്ക് വേണ്ടി അവതരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അയാളിലായിരുന്നു ഇന്ത്യന്‍ ടീം തുടങ്ങിയിരുന്നത്. രോഹിത് ശര്‍മയുടെ വിശ്വസ്തന്‍ എന്ന് തന്നെ പറയണം. റണ്‍സ് വിട്ടുകൊടുക്കാനുള്ള അയാളുടെ പിശുക്കും, വഴുതിപ്പോകാത്ത കൃത്യതയും ബാറ്റര്‍മാരെ കുഴക്കി.

കണക്കുകളുടെ പട്ടികയെടുത്ത് നോക്കിയാല്‍ ഒരു മനുഷ്യനും വിശ്വസിക്കാത്ത മത്സരമാണ് 2023 ജൂണ്‍ 29ല്‍ നടന്ന ട്വന്റി20 ഫൈനല്‍. 177 റണ്‍സ് ചേസ് ചെയ്യാനിറങ്ങിയ സൗത്താഫ്രിക്കയെ ഇന്ത്യന്‍ ബൗളേഴ്‌സ് പിടിച്ചുകെട്ടി നിന്നിടത്ത് നിന്ന് അക്‌സര്‍ പട്ടേലിന്റെ ഒറ്റ ഓവറില്‍ 24 റണ്‍സ് അടിച്ച് ഹെന്റിച്ച് ക്ലാസന്‍ സൗത്താഫ്രിക്കയെ മുന്നിലെത്തിക്കുന്നു. ആറ് ഓവറില്‍ 54 റണ്‍സ് എന്നിടത്ത് നിന്ന്, അഞ്ച് ഓവറില്‍ വെറും 30 റണ്‍സ് മാത്രം. ഇന്ത്യന്‍ ആരാധകര്‍ നെഞ്ചത്ത് കൈവെച്ച, അടുത്തൊരു ഫൈനല്‍ തോല്‍വി മണത്തറിഞ്ഞ സെക്കന്റുകള്‍. എന്നാല്‍ ബുംറ അടുത്ത ഓവറില്‍ വിട്ടുകൊടുത്തതാകട്ടെ വെറും നാല് റണ്‍ മാത്രം. ലോകോത്തര ഫിനിഷേഴ്‌സ് എന്ന് പറയാവുന്ന ക്ലാസനും മില്ലറും അയാള്‍ക്ക് മുന്നില്‍ വിയര്‍ത്തു. ആ പ്രഷര്‍ കൂടിയായിരുന്നു അടുത്ത ഓവറില്‍ ക്ലാസന്റെ വിക്കറ്റിലേക്ക് നയിച്ചത്. എന്നാല്‍ കളി തീര്‍ന്നില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെ അവസാന ഓവര്‍ എറിഞ്ഞു തീര്‍ക്കുമ്പോള്‍ വീണ്ടും അയാള്‍ വിട്ടുകൊടുത്തത് രണ്ട് റണ്‍സ് മാത്രം. ഒപ്പം നിര്‍ണായകമായ മാര്‍ക്കോ യാന്‍സെന്റെ വിക്കറ്റും. ആകെയെറിഞ്ഞ 24 പന്തില്‍ പതിനാലെണ്ണവും ഡോട്ട് ബോളാക്കി, രണ്ട് ഫോര്‍ മാത്രം വിട്ടുകൊടുത്ത് ആകെ 18 റണ്‍സ് മാത്രം വഴങ്ങിയ അയാളെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാണ്. മത്സരത്തിന് ശേഷം സിറാജ് പറഞ്ഞത് അന്ന് ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ മനസില്‍ പറഞ്ഞതാണ്. ഐ ബിലീവ് ഒണ്‍ലി ഇന്‍ ജസി ഭായ്, ബിക്കോസ് ഹീ ഈസ് ഗെയിം ചെയ്ഞ്ചര്‍. അതെ അന്ന് ഇന്ത്യന്‍ ആരാധകരുടെ കണ്ണുനീരിന് മധുരത്തിന്റെ സ്വാദ് കൊടുത്തത് അയാള്‍ തന്നെയായിരുന്നു.

ന്യൂബോള്‍ കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന ഇന്ത്യന്‍ ജോണ്‍ വിക്ക്; ജസ്പ്രീത് ബുംറ | Watch
ഓപ്പണിങ്ങില്‍ അടിച്ച് പറത്താനിറങ്ങുന്ന BEASTS | Watch

വിക്കറ്റ് നേട്ടത്തില്‍ വലിയ റെക്കോര്‍ഡുകളുടെ പിന്നാലെ ബുംറയുടെ കണക്കു പുസ്തകമില്ല. പക്ഷേ വിക്കറ്റിന്റെ എണ്ണത്തിലല്ല അയാളെ ഭയക്കേണ്ടതെന്ന് ഏതൊരു ലോകോത്തര ബാറ്ററും ഉറപ്പിച്ച് പറയും. അയാള്‍ പന്ത് റിലീസ് ചെയ്യുന്നതും പാലിക്കുന്ന കൃത്യതയും അനുകരിക്കാന്‍ പോലും കഴിയില്ലെന്ന് ഏതൊരു പേസ് ബൗളറും ഉറപ്പിക്കും. വൈറ്റ് ബോളും റെഡ് ബോളും ഒരുപോലെ കുത്തിത്തിരിക്കാനും സ്ലോ ബോളു കൊണ്ട് വേണ്ടിവന്നാലൊരു സ്പിന്നറെ പോലെ ടേണ്‍ കണ്ടെത്തി സ്റ്റംപ് തെറിപ്പിക്കാനും, വിചാരിക്കാത്ത മൊമന്റില്‍ ഷൂസിനും ബാറ്റിനുമിടയിലൂടെ ബാറ്ററൊന്ന് മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയാത്ത വിധം യോര്‍ക്കറെറിയാനും അയാള്‍ക്ക് കഴിയും. അയാള്‍ക്കൊന്ന് പിഴക്കുമോ എന്ന് കൊതിക്കാനേ ബാറ്റര്‍മാര്‍ ഇന്ന് ആലോചിക്കുന്നുള്ളൂ. ആ പിഴവില്‍ റണ്‍സടിച്ചെടുക്കാന്‍. അല്ലെങ്കില്‍ അടുത്ത ഓവര്‍ വരെ ഒന്ന് നിലനില്‍ക്കാന്‍. ഓസീസ് മണ്ണിലേക്ക് വണ്ടികയറിയ പുതിയ ടീമംഗങ്ങളോട് ബുംറ പറഞ്ഞതിങ്ങനെയായിരുന്നു. ഈ രാജ്യത്ത് നിങ്ങള്‍ കളിച്ച് പെര്‍ഫോം ചെയ്താല്‍ നിങ്ങളുടെ കളി ഉയരുക തന്നെ ചെയ്യും. എന്നാല്‍ ഓസീസ് പടയിലോ, അവര്‍ പറഞ്ഞിട്ടുണ്ടാകുക ഇങ്ങനെയായിരിക്കും, നിങ്ങള്‍ അയാളെ സര്‍വൈവ് ചെയ്താല്‍, നിങ്ങളുടെ കളി മെച്ചപ്പെടും, കാരണം അത് ബുംറയാണ്. ന്യൂബോള്‍ കൊണ്ട് വേട്ടയ്ക്കിറങ്ങുന്ന ഒരു ജോണ്‍വിക്കാണ്.

Related Stories

No stories found.
logo
The Cue
www.thecue.in