പ്രോഗ്രസ്സീവ് ടെക്കീസിന്റെയും ഇന്‍ഫോപാര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്നു വരുന്ന ടെക്കീസ് കലോത്സവം തരംഗ് പുരോഗമിക്കുന്നു. രണ്ടാം ദിവസമായ ചൊവ്വാഴ്ച നാടന്‍പാട്ട്, കഥാരചന, മെഹന്തി ആര്‍ട്ട്, ടീഷര്‍ട്ട് പെയിന്റിംഗ് തുടങ്ങിയ മത്സരയിനങ്ങള്‍ വിവിധ വേദികളിയായി നടന്നു. തിങ്കളാഴ്ച വൈകുന്നേരം ഇന്‍ഫോപാര്‍ക്കില്‍ കമ്പനികളുടെ വര്‍ണശബളമായ ഘോഷയാത്രയോടെ തുടങ്ങിയ കലോത്സവം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
സിനിമാതാരം വിനയ് ഫോര്‍ട്ട്, സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് എന്നിവര്‍ മുഖ്യാതിഥികളായി. ആദ്യ ദിനത്തിലെ മത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 80 പോയിന്റുമായി കീ വാല്യൂ സോഫ്റ്റ് വെയർ സിസ്റ്റംസ് മുന്നിട്ടു നില്‍ക്കുന്നു. 40 പോയിന്റുമായി ഇന്‍വൈസര്‍, വിപ്രോ എന്നീ കമ്പനികള്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. കലോത്സവത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച മൂന്ന് വേദികളിലായി ലളിതഗാനം, സോപാന സംഗീതം, കഥകളി സംഗീതം, വൃന്ദവാദ്യം, ദേശഭക്തിഗാനം, കവിതാരചന എന്നീ മത്സരങ്ങള്‍ നടക്കും.