ദുബായിലെ 17 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ലഭ്യമാകും. 12 മറൈന്‍ ട്രാന്‍സ്പോർട്ട് സ്റ്റേഷനുകളിലും സൗജന്യ വൈ ഫൈ ലഭ്യമാകുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇആന്‍റുമായി സഹകരിച്ചാണ് സൗജന്യവൈഫെ ലഭ്യമാക്കുന്നത്. പൊതുഗതാഗതം കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ദുബായില്‍ നിലവില്‍ 29 ബസ് - മറൈന്‍ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ലഭിക്കുന്നുണ്ട്.21 ബസ് സ്റ്റേഷനുകളും 22 മറൈന്‍ സ്റ്റേഷനുകളും ഉള്‍പ്പടെ 42 ആർടിഎ സ്റ്റേഷനുകളിലേക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്.2025 രണ്ടാം പാദത്തോടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഡിജിറ്റല്‍ മേഖല അതിവേഗം പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ യാത്രകളില്‍ ഉള്‍പ്പടെ ഇന്‍റർനെറ്റ് ഉപയോഗം തടസ്സപ്പെടാതെ മുന്നോട്ടുപോവുകയന്നുളളതാണ് ആർടിഎയുടെ കാഴ്ചപ്പാട്. വൈഫൈ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ലഭ്യമാക്കി, യാത്രാ ആസ്വാദ്യകരമാക്കുന്നത് ബസുള്‍പ്ടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ക്ക് പ്രേരണയാകുമെന്നാണ് വിലയിരുത്തല്‍.