'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം
Published on

ഫാല്‍ക്കേ പുരസ്‌കാരം നേടിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാനോളം മലയാളം ലാല്‍സലാം എന്ന സ്വീകരണ പരിപാടിയില്‍ മോഹന്‍ലാലിന്റെ മറുപടി പ്രസംഗം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. 'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി' എന്ന ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. മോഹന്‍ലാലിന്റെ പ്രസംഗത്തിന് മുന്‍പായി അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു പ്രസംഗിച്ചത്. എനിക്ക് മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. അത് സംഭവിച്ചില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. സന്ദര്‍ഭവശാല്‍ പറയട്ടെ, മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നല്‍കുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാന്‍ എന്നായിരുന്നു അടൂര്‍ പറഞ്ഞത്. മോഹൻലാൽ അടൂരിന് നൽകിയ മറുപടി എന്ന വിധത്തിലാണ് ഇത് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത്.

2023ല്‍ അടൂര്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. മോഹന്‍ലാലിനെ പോലെ 'നല്ല റൗഡി' ഇമേജുള്ള നടനെ മനസില്‍ വെച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നാണ് അന്ന് അടൂര്‍ പറഞ്ഞത്. താരങ്ങളെയല്ല, കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ സിനിമകള്‍ ചെയ്യുന്നതെന്നും അടൂര്‍ വ്യക്തമാക്കിയിരുന്നു. 'വല്ലാത്തൊരു ഇമേജാണ് മോഹന്‍ലാലിന്റേത്. നല്ലവനായ റൗഡി, എനിക്ക് ആ റോള്‍ പറ്റില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. റൗഡി, റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാവുന്നത്? അത്തരത്തിലുള്ളതല്ലാത്ത വേഷങ്ങളും മോഹന്‍ലാല്‍ ചെയ്തിരിക്കാം. എന്നാല്‍, എന്റെ മനസില്‍ ഇപ്പോള്‍ ഉറച്ചിരിക്കുന്ന ഇമേജ് അതാണ്' എന്നായിരുന്നു അടൂരിന്റെ വാക്കുകള്‍.

ലാല്‍സലാം വേദിയില്‍ അടൂര്‍ പറഞ്ഞത്

എനിക്ക് മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. അത് സംഭവിച്ചില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. സന്ദര്‍ഭവശാല്‍ പറയട്ടെ, മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നല്‍കുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയതലത്തില്‍ ഉള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെയാണ്. അക്കാര്യത്തില്‍ എനിക്ക് വളരെ അഭിമാനമുണ്ട്, വളരെ സന്തോഷമുണ്ട്.

രണ്ട് ദശാബ്ദം മുന്‍പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെയുള്ള ആഘോഷങ്ങളോ ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാരും പ്രത്യേക താല്‍പര്യം എടുത്താണ് അദ്ദേഹത്തെ ആദരിക്കുന്നത്. അക്കാര്യത്തില്‍ എനിക്ക് എല്ലാവരോടും വലിയ സന്തോഷമുണ്ട്. നമ്മുടെ മലയാളത്തിന്റെ വലിപ്പം നമുക്ക് എല്ലാവര്‍ക്കും അറിയാം, അതിനെ പ്രതിനിധീകരിച്ച ആളാണ് മോഹന്‍ലാല്‍. ഓരോ മലയാളിക്കും സ്വന്തം പ്രതിബിംബം ഈ നടനില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ്.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് മോഹന്‍ലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് സമ്മാനിച്ചത്. മോഹന്‍ലാലിനെ അഭിനന്ദിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സ്വീകരണ ചടങ്ങായിരുന്നു വാനോളം മലയാളം ലാല്‍സലാം.

Related Stories

No stories found.
logo
The Cue
www.thecue.in