
'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന സിനിമയിലേക്ക് മാത്യു തോമസിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് പറഞ്ഞ് സംവിധായകൻ നൗഫൽ അബ്ദുള്ള. ഖാലിദ് റഹ്‌മാനാണ് പുതിയ പിള്ളേർക്കൊപ്പം ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞത്. അങ്ങനെയാണ് മാത്യു തോമസിനെവെച്ച് ഒരു സിനിമ ചെയ്താലോ എന്ന ആലോചനയിലേക്ക് വന്നത്. ഈ കഥ പറഞ്ഞയുടൻ എന്ന് ചിത്രീകരണം ആരംഭിക്കാൻ കഴിയും എന്നായിരുന്നു മാത്യുവിന്റെ മറുപടി. അതിൽ തന്നിലുള്ള മാത്യുവിന്റെ വിശ്വാസമാണ് കാണിക്കുന്നത് എന്നും നൗഫൽ അബ്ദുള്ള ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഖാലിദ് റഹ്‌മാനാണ് "ഒരു പിള്ളേര് സെറ്റ് പടം പിടിക്ക്" എന്ന് പറഞ്ഞത്. അങ്ങനെയാണ് മാത്യുവിലേക്ക് എത്തുന്നത്. 'നെയ്മർ' എന്ന സിനിമ ഞാൻ എഡിറ്റ് ചെയ്തിരുന്നു. അന്ന് മുതൽ മാത്യുവുമായി ഒരു ബന്ധമുണ്ട്. ഈ കഥ കേട്ടയുടൻ "എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത്?" എന്നാണ് മാത്യു ചോദിച്ചത്. അത് അദ്ദേഹത്തിന് എനിക്കുള്ള വിശ്വാസം കൊണ്ടാണ്,' നൗഫൽ അബ്ദുള്ള പറഞ്ഞു.
എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാ വായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.
മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒക്ടോബർ 10 ന് ചിത്രം തിയറ്ററുകളിലെത്തും.