ദുബായ് ഹെല്‍ത്തിന്‍റെ കീഴില്‍ സാലം മുഹൈസ്ന മെഡിക്കല്‍ ഫിറ്റ്നസ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ദുബായ് ഹെൽത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അമർ ഷെരീഫ്, ദുബായ് ഹെൽത്ത് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഖലീഫ ബക്കർ തുടങ്ങിയവർ സംബന്ധിച്ചു.ആയിരത്തിലധികം പേരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന മെഡിക്കല്‍ സെന്‍ററില്‍ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങൾ, പത്ത് ഫ്ലബോട്ടമി ക്യാബിനുകൾ, നാല് റേഡിയോളജി റൂമുകൾ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്.
താമസക്കാരായ എല്ലാവർക്കും കാര്യക്ഷമവും സൗകര്യപ്രദവുമായ മെഡിക്കൽ ഫിറ്റ്നസ് സേവനങ്ങൾ ലഭ്യമായിരിക്കുമെന്ന് സെന്‍റർ പ്രതിനിധി പറഞ്ഞു. ആരോഗ്യപരിപാലന സൗകര്യങ്ങളിലും സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ക്ഷേമത്തിലും ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുവാൻ ദുബായ് ഹെൽത്ത് എപ്പോഴും സന്നദ്ധമാണെന്നും പ്രതിനിധി ഉറപ്പുനല്‍കുന്നു.
തിങ്കൾ മുതൽ വ്യാഴം വരെ 24 മണിക്കൂറും വെള്ളിയാഴ്ചകളിൽ, 7:00 AM മുതൽ 12:00 വരെയും പിന്നീട് 2:00 PM മുതൽ 10:00 PM വരെയും പ്രവർത്തിക്കും.മുഹൈസ്‌ന- 2 ലുളള ഹെല്‍ത്ത് സെന്‍ററില്‍ വിശാലമായ പാർക്കിംഗ് സൗകര്യവും കാത്തിരിപ്പ് കേന്ദ്രങ്ങളും സജ്ജമാണ്.