'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം
Published on

സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുകയാണ് 'ലോക: ചാപ്റ്റർ 1 ചന്ദ്ര'. മലയാളികൾ ഏറെ പരിചിതമായ ചില മിത്തുകളെ പുതുമയാർന്ന കഥാപശ്ചാത്തലത്തിൽ അവതരിപ്പിച്ച സിനിമ റെക്കോർഡ് കളക്ഷനുകൾ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു ലോകയുടെ എ ഐ വിഷ്വലൈസറും പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസറുമായ അജ്മൽ ഹനീഫ്.

സൗഹൃദത്തിന്റെ 'ലോക'

നിമിഷും ഡൊമിനിക്കും ഏറെ വർഷങ്ങളായി എന്റെ സുഹൃത്തുക്കളാണ്. മൃത്വിഞ്ജയം എന്ന പേരിൽ ഡൊമിനിക് ഒരു ഷോർട്ട് ഫിലിം ചെയ്യുന്ന കാലം മുതൽക്കാണ് ഞങ്ങൾ സുഹൃത്തുക്കളായത്. അതിന്റെ ടൈറ്റിൽ അനിമേഷൻ ഞാൻ തന്നെ ചെയ്തു. ആ കാലയളവിൽ തന്നെയാണ് നിമിഷിനെ പരിചയപ്പെടുന്നത്. ആ സൗഹൃദമാണ് ലോകയിലേക്ക് എന്നെ എത്തിക്കുന്നത്.

ലോകയുടെ ആദ്യ ഐഡിയ വരുന്ന സമയത്ത് തന്നെ ഡൊമിനിക് എന്നോട് കാര്യം ചർച്ച ചെയ്‌തിരുന്നു. അന്ന് വളരെ ചെറിയൊരു ചിത്രമായിരുന്നു അത്. പിന്നീട് നിമിഷ് ഓൺ ബോർഡ് ആവുകയും അവരുടെ വേൾഡ് വലുതാവുകയും ചെയ്തു. അതിന് ശേഷം സിനിമയുടെ വേൾഡ് ബിൽഡ് ചെയ്യാം എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. ആദ്യ ഭാഗമായ ചന്ദ്ര മാത്രമല്ല, അടുത്ത ഭാഗങ്ങളുടെയും ബേസ് ഞങ്ങൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. എങ്കിൽ മാത്രമേ ആ വേൾഡ് ബിൽഡിങ് പ്രാവർത്തികമാകൂ. ആ ഭാഗങ്ങളെക്കുറിച്ചും ഒരു റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്.

ബസൂക്ക, ലക്കി ഭാസ്കർ, ഇപ്പോൾ ലോക

ലോകയല്ല എന്റെ ആദ്യ വർക്ക്. ബസൂക്കയിലാണ് ആദ്യമായി എ ഐ വിഷ്വലൈസേഷൻ എന്ന കൺസെപ്റ്റ് കൊണ്ടുവന്നത് എന്നാണ് എന്റെ അറിവ്. ആ സിനിമയുടെ പ്രീ പ്രൊഡക്ഷൻ സമയം എ ഐ തരംഗം വരുന്നതിന് മുന്നേ ആയിരുന്നു. ആ സമയം “Midjourney” എന്ന സോഫ്റ്റ്‌വെയർ മാത്രമേ നല്ല രീതിയിൽ എ ഐ ഇമേജുകൾ തയ്യാറാക്കുന്നതിനുള്ളതായിരുന്നുള്ളൂ. ഗെയിമിംഗുമായി ബന്ധപ്പെട്ട സിനിമയാണല്ലോ അത്. അപ്പോൾ ഈ എ ഐ പരിപാടി നമുക്ക് ആലോചിച്ചാലോ എന്ന് അവർ എന്നോട് ചോദിച്ചു. നിമിഷിന്റെ ഐഡിയ ആയിരുന്നു അത്. അതിന് ശേഷം ലക്കി ഭാസ്കർ എന്ന സിനിമയിലും ഞാൻ വർക്ക് ചെയ്തു. അതിലും നിമിഷ് ഡിഒപി ആയിരുന്നു.

മൂത്തോന്റെ സ്റ്റിക്ക്

ലോകയുടെ സ്ക്രിപ്റ്റിൽ തന്നെ മൂത്തോന്റെ കൈയിലുള്ള ആ സ്റ്റിക്കിനെക്കുറിച്ച് വ്യക്തമായൊരു ചിത്രം ഉണ്ട്. അതിൽ ഒരു ആനയുടെ സിംബലുണ്ട്. അതിനെല്ലാം കഥയിൽ വ്യക്തമായ പ്രാധാന്യമുണ്ട്. ലോകയുടെ വേൾഡിൽ മൂത്തോന് ഏറെ പ്രാധാന്യമുണ്ട്. ആ കഥാപാത്രത്തിന്റെ കൈവശമുള്ള ആ സ്റ്റിക്കിനും അത്രത്തോളം പ്രാധാന്യമുണ്ട്. ഡൊമിനിക്, നിമിഷ്, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ എന്നിവരും അതിൽ ഏറെ സജഷനുകൾ തന്നിരുന്നു. ആ സ്റ്റിക്കിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാകാര്യങ്ങളിലും അവരുടെ ഇൻപുട്ടുകൾ ഉണ്ട്.

എ ഐ വിഷ്വലൈസേഷന്റെ ഗുണങ്ങൾ

ഒരു നിർമ്മാതാവിനോടോ ആർട്ടിസ്റ്റിനോടോ നമ്മൾ ചിന്തിക്കുന്ന കഥ പറയുന്നതിനൊപ്പം വിഷ്വൽ ആയി കാണിച്ചുകൊടുക്കാം എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ കാര്യങ്ങളെക്കുറിച്ചും അണിയറപ്രവർത്തകർക്ക് വ്യക്തമായൊരു ചിത്രം ലഭിക്കും. അത് സിനിമയുടെ പ്രൊഡക്ഷന് ഏറെ സഹായകരമാകും. എ ഐ വരുന്നതിന് മുന്നേ കൺസെപ്റ്റ് ആർട്ടിസ്റ്റിനെയോ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റിനെയോ കൊണ്ടുവന്നായിരുന്നു ഈ പ്രോസസ് ചെയ്യാറുണ്ടായിരുന്നത്. ഇപ്പോഴും അത് അങ്ങനെയാണ്. എന്നാൽ എഐ കൂടി വന്നതോടെ വേഗത്തിൽ ഈ പ്രോസസ് ചെയ്യാൻ കഴിയുന്നുണ്ട്.

കരിയറിന്റെ തുടക്കം

ഞാൻ ഒരു വിഎഫ്എക്സ് ആർട്ടിസ്റ്റായി കരിയർ ആരംഭിച്ചു. പണ്ട് മുതൽക്കേ എനിക്ക് വിഎഫ്എക്സിനോട് വലിയ താല്പര്യമുണ്ടായിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് “ട്രാൻസ്ഫോർമേഴ്സ്” എന്ന സിനിമ പുറത്തിറങ്ങുന്നത്. അത് അന്ന് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്നും ആ സിനിമയുടെ ക്വാളിറ്റിയെ മറികടക്കാൻ പലർക്കും കഴിയിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. ആ ചിത്രം കണ്ടപ്പോൾ ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു എന്ന് ഞാൻ ആലോചിച്ചു. അതൊക്കെയാണ് ഈ മേഖലയിലേക്ക് തിരിയാൻ കാരണമായത്.

അടുത്ത പ്രൊജക്ടുകൾ

ലോകയുടെ പ്രീ വിസ് ചെയ്ത് തൊട്ടുപിന്നാലെ തന്നെ ഞാൻ “ഐ ആം ഗെയിം” എന്ന സിനിമയും ചെയ്തു. കൂടാതെ നിവിൻ പോളിയുടെ “ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല” എന്ന സിനിമയുടെ വർക്കുകളും നടക്കുന്നു. ഇതുകൂടാതെ നിവിൻ–ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലും ഞാൻ വർക്ക് ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in