ഓരോരുത്തർക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയാണ് അന്‍പോട് കണ്‍മണിയെന്ന് അർജുന്‍ അശോകന്‍. ചിത്രത്തിന്‍റെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അർജുന്‍.വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാന്‍ വൈകുമ്പോള്‍ ദമ്പതികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യങ്ങള്‍ മറ്റൊരുതലത്തിലേക്ക് മാറുന്നതും അതുമായി ബന്ധപ്പെട്ട് ജീവിതത്തിലുണ്ടാകുന്ന അസ്വസ്ഥതകളുമാണ് അന്‍പോട് കണ്‍മണിയുടെ പ്രമേയം. ഇങ്ങനെയുളള പ്രശ്നങ്ങള്‍ അഭിമുഖീകരിച്ച സുഹൃത്തുക്കളോ ബന്ധുക്കളോ അടുപ്പക്കാരോ നമുക്കുണ്ടാകും. അവർക്കുവേണ്ടിക്കൂടിയുളള സിനിമയാണിതെന്നും നായക കഥാപാത്രമായ നകുലനായി എത്തുന്ന അർജുന്‍ പറഞ്ഞു. അത്തരത്തിലുളള ചോദ്യങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാമനുഷ്യരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണെന്ന് ചിത്രത്തിലെ നായിക കഥാപാത്രമായ ശാലനിയെ അവതരിപ്പിച്ചിരിക്കുന്ന അനഘ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ 'വിശേഷം' സിനിമയുടേതും സമാനമായ പ്രമേയമായിരുന്നല്ലോയെന്ന ചോദ്യത്തോട്, 'അന്‍പോട് കണ്‍മണി'യാണ് ആദ്യം പൂർത്തിയായതെന്നും, ചിത്രത്തിന് വിശേഷമെന്ന പേരുവരെ ആലോചിച്ചിരുന്നുവെന്നും അർജുന്‍ അശോകന്‍ പറഞ്ഞു. ചില സിനിമകള്‍ക്ക് തിയറ്റററില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കാറില്ല, അതേസമയം ഒടിടി റിലീസ് ചെയ്ത് മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഓരോ സിനിമയും കാണുന്ന പ്രേക്ഷകന്‍റെ വീക്ഷണം പലതരത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെലക്ടീവാകുകയെന്നുളളത് ആലോചിച്ചിട്ടില്ല, എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന സിനിമകളുടെ ഭാഗമാകും. ഓരോ സിനിമയും പ്രേക്ഷകർ സ്വീകരിക്കുമെന്നുളള ചിന്തയില്‍ തന്നെയാണ് ഒരുക്കുന്നത്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ വ്യക്തിഹത്യയെന്നുളള രീതിയിലേക്ക് വിമർശനങ്ങള്‍ മാറുന്നതിനോട് യോജിപ്പില്ല, പക്ഷെ അതെല്ലാം ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അർജുന്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് എത്തുന്ന പെണ്‍കുട്ടികളുടെ സമ്മർദ്ദമാണ് ശാലിനിയെന്ന കഥാപാത്രത്തിലൂടെ പറഞ്ഞതെന്ന് അനഘപറഞ്ഞു. വിവാഹം കഴിഞ്ഞ ഉടനെ കുഞ്ഞുങ്ങളായില്ലേയെന്നുളള ചോദ്യം പലരുടെയും ജീവിതത്തിന്‍റെ സ്വസ്ഥത തകർക്കുന്ന രീതിയിലേക്ക് എത്താറുണ്ട്. അത്തരം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവർ നിരവധിപേരുണ്ടെന്ന് ശാലിനിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുളള തയ്യാറെടുപ്പില്‍ ബോധ്യമായതാണെന്നും അനഘ പറഞ്ഞു. ചിത്രത്തിലെ നായകന് കുട്ടികളുണ്ടാകാത്തതാണ് വിഷയമെങ്കില്‍ കുട്ടികളുളളതാണ് നായകന്‍റെ കഥാപാത്രത്തിന്‍റെ സുഹൃത്തായെത്തുന്ന താന്‍ ചെയ്ത കഥാപാത്രത്തിന്‍റെ പ്രശ്നങ്ങളെന്ന് നവാസ് വളളിക്കുന്ന് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി തലശേരി ഭാഷ പഠിക്കുകയെന്നുളളത് തനിക്ക് അത്ര പ്രയാസമുളളതായിരുന്നില്ലെന്നും നവാസ് വളളിക്കുന്ന് പറഞ്ഞു.
ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവർക്ക് മുന്നിലേക്ക് ഒരു വഴി കൂടി ഈ ചിത്രം തുറന്നിടുന്നുണ്ടെന്ന് സംവിധായകന്‍ ലിജു തോമസ് പറഞ്ഞു. ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അനീഷും പ്രതികരിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിങിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ മാലാ പാർവ്വതി, ഉണ്ണിരാജ, മൃദുല്‍ നായർ,ജോണി ആന്‍റണി, ഭഗത് മാനുവല്‍ തുടങ്ങിയവരും ശ്രദ്ധേയ കാഥാപാത്രങ്ങളായെത്തുന്നു.