Blogs

'കേരളീയരുടെ നികുതിപ്പണമാണ് മന്ത്രിയുടെ വണ്ടിയും ചെലവുകളും പള്ളി വകയല്ല'

ഒരു ആധുനിക മതേതര ജനാധിപത്യ സമൂഹം എന്ന നിലയിലേക്കുള്ള കേരളത്തിന്റെ വളർച്ചയെ തടഞ്ഞുനിർത്തുന്ന ഏറ്റവും അപകടകരമായ സ്ഥാപനവത്‌കൃത ബോധമാണ് മതബദ്ധത.

സംസ്ഥാന മന്ത്രിസഭാംഗം റോഷി അഗസ്റ്റിൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം ക്രിസ്ത്യൻ പാതിരിയെക്കൊണ്ട് വെഞ്ചെരിപ്പിച്ചു. ടിയാൻ കേരള കോൺഗ്രസുകാരനും ക്രിസ്തുമതവിശ്വാസിയും ആയതിനാൽ അതിൽ എതിർപ്പുണ്ടാകേണ്ട കാര്യമില്ല എന്നാണ് ഒരു വാദം. കേരളീയരുടെ നികുതിപ്പണമാണ് മന്ത്രിയുടെ വണ്ടിയും ചെലവുകളും വഹിക്കുന്നത്, അല്ലാതെ പള്ളി വകയല്ല എന്ന് മന്ത്രി ഓർക്കണം. റോഷി അഗസ്റ്റിൻ സ്വന്തം വണ്ടി വാങ്ങുമ്പോൾ വെഞ്ചെരിക്കുകയോ കൂടോത്രം നടത്തുകയോ ഏകദൈവ വിശ്വാസികളും ക്രിസ്ത്യാനികളുമായവരെ മാത്രം വണ്ടിയിൽ കയറ്റുകയോ ഒക്കെയാകാം. പക്ഷെ കേരള സംസ്ഥാനത്തെ മന്ത്രിയായി അയാൾ ചുമതലയേൽക്കുമ്പോൾ അതിൽ ഇത്തരം പരിപാടികൾ നടത്തരുത്.

കേരളത്തിലെ മറ്റ് വിഭാഗങ്ങളിലെ മതവിശ്വാസികളേയും വിശ്വാസമില്ലാത്തവരെയുമൊക്കെ അപമാനിക്കലാണ് ഈ പരിപാടി. എന്താണ് വെഞ്ചെരിപ്പ്? സ്ഥലങ്ങളോ വസ്തുക്കളോ ഒക്കെ ക്രിസ്തീയ വിശ്വാസമനുസരിച്ച് വിശുദ്ധീകരിക്കുന്നതിനായി സഭയുടെ അധികാരത്തോട് കൂടി സഭയുടെ പുരോഹിതന്മാർ നടത്തുന്ന ഒരു കൂദാശാനുകരണമാണ് വെഞ്ചെരിപ്പ് എന്ന് സാമാന്യമായി പറയാം. അതായത് എന്റെയും നിങ്ങളുടെയും ഒക്കെ നികുതിപ്പണം കൊണ്ട് വാങ്ങിയ വണ്ടിയിൽ നിന്നും മറ്റു ബഹുദൈവവിശ്വാസികളടക്കമുള്ളവരുടെ ദൈവങ്ങളെയും സാത്താന്മാരെയും ഒക്കെ ഒഴിവാക്കി ക്രിസ്ത്യൻ സഭ കേരള സർക്കാരിന്റെ വണ്ടിയെ വിശുദ്ധീകരിക്കുകയാണ്. ഇതേ ന്യായം നോക്കിയാൽ ഇത്തരത്തിൽ വെഞ്ചെരിച്ച ഒരു വണ്ടി ഓടിക്കാൻ താൻ തയ്യാറാകില്ലെന്ന് ഹിന്ദു/മുസ്‌ലിം വിശ്വാസികളായ സർക്കാർ ഡ്രൈവർമാർക്ക് നിലപാടെടുക്കാം. ഇതൊക്കെ ഒരു സ്വാഭാവികതയായി കേരളീയ സമൂഹത്തിനു തോന്നുന്ന തരത്തിൽ ഇത് മാറിയിരിക്കുന്നു എന്നതുകൂടിയാണ് അപകടം. ഒരു ആധുനിക മതേതര ജനാധിപത്യ സമൂഹം എന്ന നിലയിലേക്കുള്ള കേരളത്തിന്റെ വളർച്ചയെ തടഞ്ഞുനിർത്തുന്ന ഏറ്റവും അപകടകരമായ സ്ഥാപനവത്‌കൃത ബോധമാണ് മതബദ്ധത.

ഭരണകൂടത്തെയും പൊതുസംവിധാനങ്ങളേയും മതവിശ്വാസങ്ങളിൽ നിന്നും മത പ്രതീകങ്ങളിൽ നിന്നും മുക്തമാക്കി നിർത്തുക കൂടി ചെയ്യുന്നു.

ഒരു മതേതര സമൂഹം എന്നത് പൗരന്മാർക്ക് തങ്ങളുടെ മതവിശ്വാസങ്ങൾ വ്യക്തിപരമായും സംഘമായും തുടരാൻ സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം ഭരണകൂടത്തെയും പൊതുസംവിധാനങ്ങളേയും മതവിശ്വാസങ്ങളിൽ നിന്നും മത പ്രതീകങ്ങളിൽ നിന്നും മുക്തമാക്കി നിർത്തുക കൂടി ചെയ്യുന്നു. ഈ നിലപാടിന്റെ ലംഘനമാണ് റോഷി അഗസ്റ്റിൻ എന്ന മന്ത്രിയുടെ വെഞ്ചെരിപ്പശ്ലീലം.

യു എസിൽ സർക്കാർ ഉടമസ്ഥതയുള്ള പൊതുവിടങ്ങളിൽ മതപ്രതീകങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കങ്ങളിൽ സുപ്രീം കോടതി പൊതുവിൽ എടുക്കുന്ന നിലപാട് അത് ഒഴിവാക്കണമെന്നാണ്. യൂറോപ്പിനെപ്പോലെ Scularism സംബന്ധിച്ച് അത്ര പുരോഗമനപരമായ കാഴ്ചപ്പാട് യു എസ് സമൂഹംഎടുത്തിട്ടില്ല എന്നതുകൂടിയുണ്ട്. Lynch v. Donnelly (1983) കേസിൽ ജസ്റ്റിസ് Sandra Day O’Connor ഇത് സംബന്ധിച്ച് രണ്ടു പരിശോധനകൾ പറയുന്നു;

(1) State actor വ്യക്തിനിഷ്ഠമായി ഒരു മതത്തെ പ്രചരിപ്പിക്കാനോ ഉയർത്തിക്കാട്ടാനോ ശ്രമിക്കുന്നുണ്ടോ,

(2) സാമാന്യമായി ഈ പ്രവർത്തി കാണുന്ന ഒരാൾക്ക് ഇത് ഒരു മതവിശ്വാസത്തെ അംഗീകരിക്കുന്നതായി തോന്നുമോ. വെഞ്ചെരിപ്പിലൂടെ ക്രിസ്ത്യൻ മതവിശ്വാസത്തിന്റെ സാധൂകരണമല്ലാതെ മറ്റെന്താണ് നടക്കുന്നത്? യൂറോപ്യൻ രാജ്യങ്ങളിൽ ഇത് സംബന്ധിച്ച് കുറേക്കൂടി പുരോഗമനപരമായ നിലപാടാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ചും ക്രിസ്ത്യൻ സഭയുടെ ആധിപത്യമുള്ള ഇരുണ്ട യുഗത്തിൽ നിന്നും ജ്ഞാനോദയ കാലത്തിലേക്ക് കടന്ന യൂറോപ്പ് വളരെ കർക്കശമായിത്തന്നെ മതേതര മൂല്യങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റിടങ്ങളിൽ ഇതിലേറെ മോശമാണ് അവസ്ഥ. വടക്കേ ഇന്ത്യയിലെ സർക്കാർ ഓഫീസുകളിലും പൊതുവിടങ്ങളിലും ദൈവങ്ങളുടെ പൂരക്കളിയാണ്. അതിലേറെയും ഹിന്ദു ദൈവങ്ങളാണ്. കേരളം ആ വഴിയിലേക്ക് പോയിക്കൂടാ.

റോഷി അഗസ്റ്റിന്റെ 'വെഞ്ചെരിപ്പ് മാതൃക' അനുകരിച്ചാൽ ഇനി ഗണപതി ഹോമവും ചാണകം തളിച്ച് ശുദ്ധിയാക്കലുമൊക്കെ നടന്നാൽ അതിനും ഇതേ ന്യായീകരണം നൽകാനാകും.

യു ഡി എഫ് ഭരണകാലത്ത് മുസ്‌ലിം ലീഗ് മന്ത്രി അബ്ദുറബ്ബ് തൻറെ ഔദ്യോഗിക വസതിയുടെ പേര് 'ഗംഗ' എന്നത് മാറ്റി നാട്ടിലുള്ള തന്റെ വീടിന്റെ പേരായ 'ഗ്രെയ്‌സ്' എന്നാക്കി മാറ്റി. മുസ്‌ലിം ലീഗ് മന്ത്രിക്ക് ഗംഗയോടുള്ള ഇഷ്ടക്കുറവിന്റെ കാരണം കണ്ടെത്താൻ അധികം സംശയമൊന്നുമില്ല. നിള, ഭവാനി, തുടങ്ങിയ വീട്ടുപേരുകളൊക്കെ രക്ഷപ്പെട്ടത് താമസക്കാർ വേറെയായതുകൊണ്ടാണ്. പുതിയ റവന്യൂ മന്ത്രി, റബ്ബിന്റെ വീട്ടുപേരിൽ ഒരു സർക്കാർ മന്ത്രി മന്ദിരം നിലനിൽക്കുന്നതിലെ വൃത്തികേട് മാറ്റും എന്ന് പ്രതീക്ഷിക്കുന്നു. സ്വന്തം വീടിന്റെ പേര് ഒരു ഔദ്യോഗിക മന്ത്രിമന്ദിരത്തിനു നൽകാൻ അയാൾ കാണിച്ച ഔദ്ധത്യം അധികാരത്തിന്റെ മുട്ടൻ ഹുങ്ക് കൂടിയാണ് എന്നത് വേറൊരു കാര്യം. റോഷി അഗസ്റ്റിന്റെ 'വെഞ്ചെരിപ്പ് മാതൃക' അനുകരിച്ചാൽ ഇനി ഗണപതി ഹോമവും ചാണകം തളിച്ച് ശുദ്ധിയാക്കലുമൊക്കെ നടന്നാൽ അതിനും ഇതേ ന്യായീകരണം നൽകാനാകും.

ഒരു മതേതര സമൂഹം എന്ന നിലയിൽ ഇത്തരത്തിലുള്ള വിഷയങ്ങൾ നാം കണ്ടില്ലെന്നു നടിക്കരുത്. ഇത്തരത്തിലുള്ള വൃത്തികേടുകളെ കണ്ടില്ലെന്നു നടിക്കുകയും ഒത്താശ ചെയ്യുകയുമാണ് നടപ്പുരീതി. അത് മാറണം. മന്ത്രിയുടെ വണ്ടിയിൽ കുരിശും കൊന്തയും തൂക്കാമോ എന്നാണെങ്കിൽ പാടില്ല എന്നുതന്നെയാണ്. കാരണം, ഇത് സർക്കാർ വണ്ടിയാണ്. വണ്ടി വെഞ്ചെരിച്ച യുക്തി വെച്ച് നാളെ നിയമസഭ വെഞ്ചെരിക്കണമെന്ന് വിശ്വാസികളായ ക്രിസ്ത്യൻ എം എൽ എ മാർക്ക് ആവശ്യപ്പെടാനാകും എന്ന സ്ഥിതി വരും. തേങ്ങയുടച്ചും ചാണകം തളിച്ചും സഭാ സമ്മേളനങ്ങൾ തുടങ്ങും. ആർത്തവ കാന്തിക തരംഗങ്ങളോട് കേരളത്തിലെ മനുഷ്യർ വലിയൊരു പോരാട്ടം നടത്തിയാണ് ഒരുവിധം രക്ഷപ്പെട്ടത്. ഇനിയിപ്പോൾ പാതിരിക്കൂട്ടത്തിന്റെ വെഞ്ചെരിപ്പ് കൂടി താങ്ങാൻ നമുക്കാവില്ല.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT