Opinion

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇപ്പോള്‍ ഇവിടെ എന്തു കാര്യം?

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇന്നത്തെ സമൂഹം ഏത് കാഴ്ചപ്പാടിലൂടെ കാണുന്നു എന്നതാണ് പ്രധാനം. അതിനനുസരിച്ച് വിവിധ വേഷം അണിയിക്കാനുള്ള ചെറിയ ഫുട്നോട്ടുകൾ മാത്രമെ ചരിത്രത്തിലുള്ളൂ. വർത്തമാനകാലത്തെ വർഗീയ മനോഭാവമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു ഉശിരുള്ള സാധാരണ ഗ്രാമീണനെ ഒരു നൂറ്റാണ്ടിനപ്പുറം വിവാദപുരുഷനാക്കുന്നത്.

നമ്മളിന്ന് ജീവിക്കുന്ന സാമൂഹ്യസാഹചര്യത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് എന്താണ് പ്രസക്തി?, മലബാര്‍ കലാപം ചരിത്ര ആഖ്യാനങ്ങളില്‍ എങ്ങനെയായിരുന്നു?. എഴുത്തുകാരനും സാഹിത്യനിരൂപകനുമായ എന്‍.ഇ സുധീര്‍ എഴുതുന്നു

പൊടിപിടിച്ചു കിടക്കുന്ന ചരിത്ര ഗ്രന്ഥങ്ങളുടെ താളുകൾ തപ്പി നടക്കുകയാണ് ഇപ്പോൾ നമ്മളിൽ പലരും. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നൊരാളെപ്പറ്റിയാണ് ആ തിരച്ചിൽ. നമ്മുടെ കാലം നമ്മളെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവായി വേണം ഇതിനെ മനസ്സിലാക്കാൻ. ഒരു കമേഴ്സ്യൽ സിനിമയുടെ തയ്യാറെടുപ്പിനെപ്പറ്റി ഒരു പോപ്പുലർ നടൻ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിപ്പു നടത്തുമ്പോൾ ഒരു സമൂഹമാകെ ഇത്രമാത്രം ജാഗരൂകരാവേണ്ടി വരുന്നത് എന്തുകൊണ്ടാണ് ? അത്രയൊന്നും പ്രബലനല്ലാത്തതും വ്യക്തമായ വിവരങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതുമായ ഒരു പ്രാദേശിക ചരിത്ര വ്യക്തിയുമായി ബന്ധപ്പെട്ട ഒരു കഥയാണ് വരാൻ പോകുന്ന ആ സിനിമയുടെ പ്രമേയം എന്ന് നമുക്കെല്ലാം അറിയാം. എന്നിട്ടും എന്തുകൊണ്ട് ഇതൊരു വിവാദമായി വളർന്നു? വർത്തമാനകാല ഇന്ത്യൻ സമൂഹത്തിലെ വലിയ വിപല്‍ സാധ്യതയായ വർഗീയചേരുവ ഈ വ്യക്തിയുടെ അവ്യക്ത ചരിത്രവുമായി ചേർന്നു നിൽക്കുന്നു എന്നതാണ് ഇതിലെ കാര്യം. അതായത് പ്രശ്നം കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച് കൊല്ലപ്പെട്ടു പോയ ഒരു കുഞ്ഞഹമ്മദ് ഹാജിയല്ല; മറിച്ച് നമ്മളിന്ന് ജീവിക്കുന്ന സാമൂഹ്യ പരിസരമാണ്. നമ്മളുടെ കാഴ്ചയിലും കാഴ്ചപ്പാടിലും വർഗീയതയുടെ ഒരു ലെയര്‍ തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. അതിലൂടെയാണ് ഇനിയങ്ങോട്ട് നമ്മളെല്ലാം കാണുവാൻ പോവുന്നത്, ഉൾക്കൊള്ളാൻ പോവുന്നത്.

ഇനി ആ പേര് പലരുടെയും ഉറക്കം കെടുത്തിയെന്നും വരും. നുണക്കഥയുടെ യന്ത്രങ്ങള്‍ എണ്ണയിട്ട് തയ്യാറെടുത്തു കഴിഞ്ഞു. പൃഥ്വീരാജ് മുന്നോട്ടുവെച്ച ഈ വിഷയവുമായി ബന്ധപ്പെട്ട സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടത്, വലതുപക്ഷ വിരുദ്ധ കേരളീയ പൊതു സമൂഹത്തിന്റെ കര്‍ത്തവ്യമായി മാറി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയിൽ ഒരു മഹാസാധ്യത തിരിച്ചറിഞ്ഞ ഹിന്ദുത്വ രാഷ്ടീയക്കോമരങ്ങൾ നിമിഷങ്ങൾ കൊണ്ട് പ്രശ്നത്തെ വർഗീയവത്ക്കരിക്കുകയായിരുന്നു. ടെലിവിഷൻ ചർച്ചയിലെ രാഷ്ട്രീയകാര്യസ്ഥർ ഇതിനെ ഏറ്റെടുത്തതോടെ വാരിയംകുന്നത്ത് ഹാജി ചിലർക്ക് പ്രധാന നായകനും മറ്റു ചിലർക്ക് പ്രധാന വില്ലനുമായി. കേരളം ചോദിക്കേണ്ടിയിരുന്നചോദ്യം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇപ്പോൾ ഇവിടെ എന്തു കാര്യം എന്നാണ്. ഈ കുഞ്ഞഹമ്മദ് ഹാജിയെ ശരിക്കും നമ്മളിക്കാലത്ത് അറിയേണ്ടതുണ്ടോ എന്നാണ്? ഉത്തരം നിസ്സംശയം "ഇല്ല " എന്നു തന്നെയായിരുന്നു, രണ്ടു ദിവസം മുൻപു വരെ. എന്നാൽ ഇനി ആ ഉത്തരം അപ്രസക്തമാവുന്നു. ഇനിയിപ്പോൾ അയാൾ ആരായിരുന്നു എന്ന് അറിഞ്ഞേ പറ്റൂ. അയാൾ എന്തുകൊണ്ട് ഇപ്പോൾ ചർച്ചയിലേക്ക് വരുന്നു എന്നും, അയാളെക്കൊണ്ട് ഇപ്പോൾ ഇവിടെ ആർക്കാണ് പ്രയോജനം എന്നും നമ്മൾ തിരിച്ചറിയണം. കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ ആ വിഷയം വർത്തമാനകാല രാഷ്ട്രീയത്തിൻ്റെ അഴുക്കുചാലിൽ ഇതിനകം ഇടം കണ്ടെത്തിക്കഴിഞ്ഞു. ഇനിയങ്ങോട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പഴയ കുഞ്ഞഹമ്മദ് ഹാജി അല്ല. പല വേഷപ്പകർച്ചകൾക്കും ആ മനുഷ്യനെ നമ്മുടെ രാഷ്ടീയസമൂഹം വിധേയനാക്കും. ഇനി ആ പേര് പലരുടെയും ഉറക്കം കെടുത്തിയെന്നും വരും. നുണക്കഥയുടെ യന്ത്രങ്ങൾ എണ്ണയിട്ട് തയ്യാറെടുത്തു കഴിഞ്ഞു. പ്രശസ്ത ചലചിത്ര നടൻ പൃഥ്വിരാജ് മുന്നോട്ടുവെച്ച ഈ വിഷയവുമായി ബന്ധപ്പെട്ട സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടത്, വലതുപക്ഷ വിരുദ്ധ കേരളീയ പൊതു സമൂഹത്തിൻ്റെ കർത്തവ്യമായി മാറി.

ചരിത്ര പുസ്തകങ്ങളിലെ ഒന്നോ രണ്ടോ വരിയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് ഇടം നേടിയത്‌ തന്നെ ഒരു കൊളോണിയൽ നുണയുടെ അകമ്പടിയോടെയാണ്.

ഒരു നാട്ടുസംഭവത്തിലെ കഥാപാത്രം എന്നതിൽപ്പരം പ്രാധാന്യം അദ്ദേഹത്തിന് ആരും കൊടുത്തു കാണുന്നില്ല. അദ്ദേഹം പങ്കാളിയായ ചരിത്ര സംഭവത്തിന് പുതിയ മാനങ്ങൾ ഉണ്ടാക്കിയെടുക്കുന്നു എന്നതിലാണ്‌ കാര്യം കിടക്കുന്നത്. ഹാജിയാരെന്ന വ്യക്തിയെ അറിയുക എന്നത് എളുപ്പമല്ല. കെട്ടുകഥകളുടെ ചേരുവയിൽ പലതും കേട്ടുകേൾവിയായി നില നിലക്കുന്നുണ്ടാകാം. അത് വെച്ച് ഒരു സമഗ്ര വിലയിരുത്തൽ പ്രയാസം. അതിൻ്റെ ആവശ്യവും ഇതുവരെ ഉണ്ടായിട്ടില്ല.

കുഞ്ഞഹമ്മദ് ഹാജിയെ നേരിട്ടറിഞ്ഞ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിലെ വിവിധ മുഹുർത്തങ്ങളെ ഓർമ്മയിൽ നിന്ന് പകർത്തിവെച്ചിട്ടുള്ളത് പഴയ കാല കോൺഗ്രസ്സ് നേതാവായിരുന്ന കെ. മാധവൻ നായരാണ്. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ "മലബാർ കലാപം". എന്ന കൃതിയിൽ മാധവൻ നായർ പല പേജുകളിലായി ഈ ചെറിയ പോരാളിയെപ്പറ്റി വിവരിക്കുന്നുണ്ട്. ഒരു ചരിത്രകാരൻ്റെ കൃത്യതയോ, വിശകലന പാoവമോ ഒന്നുമില്ലാതെ പല പേജുകളിൽ പല തരത്തിൽ അദ്ദേഹം പല കാര്യങ്ങളും പറഞ്ഞു പോവുന്നു. ഈ വിവരണങ്ങൾ യഥാർത്ഥത്തിൽ സംഗതികളെ കുഴച്ചുമറിക്കുകയും വിരുദ്ധ വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഇനിയങ്ങോട്ട് ഇപ്പോൾ നിലവിലുള്ള പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ അസംബന്ധ ജഡിലമായ ദുർവ്യാഖ്യാനങ്ങൾക്കും ഇത് വഴിയൊരുക്കും. അതിൻ്റെ തുടക്കം കുറിക്കലുകൾക്കാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ടീയക്കോമരങ്ങൾ തുണ്ടുകടലാസുകളുമായി ചാനൽ ചർച്ചകളിൽ കുരച്ചു തിമർക്കുന്നത് നമ്മൾ കണ്ടുതുടങ്ങിയല്ലോ. സ്വാഭാവികമായും മാധവൻ നായരുടെ പുസ്തകത്തിലെ രേഖപ്പെടുത്തലുകളും ഇവർ മുന്നോട്ടു വെക്കുന്ന സാക്ഷ്യപ്പട്ടികയിൽ ഇടം നേടും.

എന്നാൽ ഇതിൽ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. കാരണം അത് പല തരം ദുർവ്യാഖ്യാനങ്ങൾക്ക് ഇടം നൽകുന്നു എന്നതാണ്. സമൂഹം ഈ അപകടം തിരിച്ചറിയണം. ഇതിന് വഴിയൊരുക്കിയത് നമ്മുടെ രാഷ്ട്രീയത്തിലെ വർദ്ധിച്ചു വരുന്ന മൂല്യശോഷണവും ചരിത്രമെഴുത്തിലെ അവധാനതക്കുറവുമാണ്. മലബാർ കലാപം പോലുള്ള ഒന്നിനെ ചരിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്താതെ പോയതുകൊണ്ടാണ് ചരിത്രേതര ഗ്രന്ഥങ്ങളുടെ പിൻബലത്തിൽ ഇടപെടുന്നവരുടെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കപ്പെടാൻ അവസരമുണ്ടായത്. നമ്മുടെ സംസ്കാരത്തിൽ ചരിത്ര ബോധത്തിൻ്റെ അഭാവം സൃഷ്ടിയ്ക്കുന്ന വിപത്ത് ചെറുതല്ല. ചരിത്രാന്വേഷണത്തിൽ നമുക്ക് എവിടെയാണ് തെറ്റുപറ്റിയത് എന്ന് മലബാർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ തന്നെ ചരിത്ര ഗ്രന്ഥകാരനായ ഡോ. എൻ.എം. നമ്പൂതിരി വിവരിക്കുന്നത് നോക്കുക:

" മാപ്പിള കലാപങ്ങൾ : 1836 നും 1853 നും മദ്ധ്യേ ഏറനാട്ടിലും വള്ളുവനാട്ടിലും മാത്രമായി 22 ൽ പരം മാപ്പിള - ഹിന്ദു ഏറ്റുമുട്ടലുകൾ ഉണ്ടായി എന്നിടത്താണ് " ബ്രട്ടീഷ് അധിനിവേശാധിപത്യ " മെന്ന കേന്ദ്ര ശക്തിയുടെ പൂർണ്ണാധിപത്യമുള്ള പ്രദേശമെന്ന നിലയിൽ മലബാർ ശ്രദ്ധേയമാകേണ്ടത്. " മാപ്പിളമാർ ഒറ്റയ്ക്കോ സംഘം ചേർന്നോ ഹിന്ദു ജന്മികളെ കൊല്ലുകയും ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു ഈ കലാപങ്ങളുടെ സാമാന്യ സ്വഭാവം" എന്നാണ് ഒരു കേരള ചരിത്രത്തിൽ വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ അടിസ്ഥാന പ്രമാണങ്ങളുടെ ബലത്തിൽ, പൊതുനിരീക്ഷണങ്ങൾ മാത്രം നടത്തേണ്ട ഒരു വിഷയമാണിത് എന്നിരിക്കെ ഇത്തരം നിഗമനങ്ങൾ ചരിത്രകാരന്മാരിൽ നിന്നുണ്ടായാൽ സമൂഹത്തിൻ്റെ പൊതുവികാരം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചരിത്രകാരൻ ഒരളവോളം തെളിവുകൾ നിരത്തി, ചില വിശദാംശങ്ങൾ നിരീക്ഷിച്ച്, വസ്തുതാപരമായ നിലപാടുകളിലേക്കു സമൂഹത്തെ എത്തിക്കാൻ ഒരു മാർഗ്ഗം തുറക്കുക എന്ന മിതത്വം പാലിക്കേണ്ട സന്ദർഭങ്ങളുണ്ട്. അതു കൈവിടുന്നതാകട്ടെ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിച്ചേക്കാം എന്നു തിരിച്ചറിയേണ്ടത് ചരിത്ര പഠിതാവിൻ്റെ ഉത്തരവാദിത്തമാണ്. "

''മാപ്പിള കലാപങ്ങൾ ' എന്ന പേരു തന്നെ ഏകപക്ഷീയമായ ദിശയിലാണ് നിൽക്കുന്നത്. കലാപകാരികൾ എന്ന നിലക്ക് മലബാറിലെ മാപ്പിളമാർ മുദ്രകുത്തപ്പെടുകയായിരുന്നു ഇതിൻ്റെ ഫലം. ഇടർച്ചകളും കലശലുകളും എന്ന നിലക്കാണ് ഈ സംഭവങ്ങളുടെ തുടക്കം. എന്താണിതിൻ്റെ പിന്നിലെ "ചേതോവികാരം" എന്ന് തിരയാവുന്നതാണ്. ഇത്തരം ചേതോവികാരങ്ങളാണ് സംസ്കാരധാരയായി മാറുന്നത്''..

"1921-ലെ " മലബാർ കലാപം" എന്ന സംഭവം ആരംഭിക്കുന്നതിൻ്റെ കാരണമായി സ്വരൂപഭരണത്തിലെ ഇളമുറത്തമ്പുരാൻ ഓരോ ദേശത്തും ചെന്ന് പാട്ടം പിരിക്കുന്നതിൽ ക്ഷുഭിതരായ ദേശവാസികളെപ്പറ്റി പറയുന്നുണ്ട്. നിലവിലുണ്ടായിരുന്ന " പൊളിച്ചെഴുത്ത് " എന്ന അവകാശക്കൈമാറ്റ വ്യവസ്ഥയും, മതപരിവർത്തന പ്രശ്നങ്ങളും അത്തരം രേഖകളിൽ പറയുന്നുണ്ട് . മതപരിവർത്തനത്തിൽ ഇംഗ്ലിഷ് വിദ്യാഭ്യാസ വ്യാപനം, മിഷൻ പ്രവർത്തനങ്ങൾ തുടങ്ങി ബ്രട്ടീഷാധിപത്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക നടപടികളാണ് ഒരു ഘടകം. പാട്ടം പിരിക്കലിൽ "കുടിയൊഴിക്കൽ" ഒരു പ്രശ്നമാണ്. ബ്രട്ടീഷ് അധികാരികളും സ്വരൂപാധികാരികളും ഒരേ സമയം ഇരുഭാഗത്തു നിന്നു നാട്ടിൽ "രാഷ്ട്രീയാധികാര സാന്നിദ്ധ്യം " ഉണ്ടാക്കുന്ന "ഇരട്ടഅധികാരക്രമം" ഒരു പ്രശ്നമാണ്. "ശുദ്ധാശുദ്ധ" വിവേചനത്തിലൂടെ മുസ്ലീം വിഭാഗത്തെ ഒന്നടങ്കം ഒറ്റപ്പെടുത്തി അകറ്റിയത് മറ്റൊരു പ്രശ്നമാണ്. ഇങ്ങനെ ഒന്നിനു മേൽ ഒന്നായി ആചാരവും അധികാരവും സാമ്പത്തിക ക്രമവും കൊണ്ട് സമ്മർദ്ദിതമായ ഒരു സമൂഹമാണ് മലബാറിൽ പൊതുവെ നില നിൽക്കുന്നത്. അതിൽ തന്നെ "ഒറ്റപ്പെടുത്തപ്പെട്ട'' സമൂഹപരിഛേദമാണ് മുസ്ലീം വിഭാഗം."

(ഡോ. എൻ.എം. നമ്പൂതിരി രചിച്ച "കേരള സംസ്കാരം അകവും പുറവും " ഗ്രന്ഥം. പേജ് - 691-692)

ഈ ഗ്രന്ഥത്തിൽ നിന്ന് ഇത്രയും വിശദമായി ഉദ്ധരിച്ചത് അത് ഉൾക്കൊണ്ട സമഗ്രമായ സാമൂഹ്യവീക്ഷണ സ്വഭാവം കൊണ്ടാണ്. അങ്ങനെയുള്ള ചരിത്ര ഗ്രന്ഥങ്ങൾ നമ്മുടെ നാട്ടിൽ വിരളമായതുകൊണ്ടാണ്. ഡോ. നമ്പൂതിരി വരച്ചിടുന്ന മുസ്ലീം സമൂഹത്തിൻ്റെ പ്രതിനിധിയാണ് വാരിയയുകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഇങ്ങനെയൊരു സമഗ്ര കാഴ്ചപ്പാടില്ലാതെ ചരിത്രത്തിലപെട്ടാൽ കാണുന്നത് പഴയ കഥയിലെ അന്ധർ ആനയെ വിവരിച്ചതു പോലാവും. അതാണ് ഇന്നിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നത് അതൊരു സൗകര്യമായി ചിലർ കൊണ്ടു നടക്കുകയാണ്. അത്തരമൊരു സൗകര്യത്തിൻ്റെ ഇരയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. പഴയ കാലത്തും ദുഷ്ടചിന്തയോടെയുള്ള ഇത്തരം ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായിരുന്നു. അന്ന് ബ്രട്ടീഷുദ്യോഗസ്ഥരാണ് അത് ചെയ്തു കൊണ്ടിരുന്നത്. ഇന്നത് ഹിന്ദുരാഷ്ട്രവാദികൾ ഏറ്റെടുത്തു . ദൗർഭാഗ്യവശാൽ വാരിയയംകുന്നത്ത് ഹാജിയാരുടെ ജീവിതത്തിൽ ഇത്തരം തെറ്റായ അടയാളപ്പെടുത്തലിനുള്ള ഇടങ്ങൾ ഉണ്ടായിരുന്നു.

ഈ ഇടങ്ങളിലൂടെ വായിച്ചെടുക്കാവുന്ന ഒരാളായിരുന്നില്ല ആ നാടൻ കലാപകാരി. അദ്ദേഹത്തെ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യത്തേയും നമ്മൾ കാണേണ്ടതുണ്ട്. സാമൂഹ്യ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങളായിരുന്നു അത്തരം മനുഷ്യരുടെ പ്രവർത്തനങ്ങൾ . ഇത് മനസ്സിലാക്കാതെ വ്യക്തികളെ വേറിട്ട് കണ്ട് വർഷങ്ങൾക്കിപ്പുറം ഇഷ്ടമുള്ള മുദ്ര ചാർത്തി പ്രതിപ്പട്ടികയിൽ നിർത്തുന്നത് ഒരു ആധുനിക സമൂഹത്തിന് ചേർന്നതല്ല. ഇതാണ് കുഞ്ഞഹമ്മദ് ഹാജിയാരുടെ കാര്യത്തിൽ സംഭവിക്കുന്നത്.

മുകളിൽ സൂചിപ്പിച്ച ഭാഗത്ത് ഡോ. എൻ.എം. നമ്പൂതിരി അന്നത്തെ സാമൂഹ്യ സാഹചര്യത്തെ കൃത്യമായി നോക്കിക്കാണുന്നുണ്ട്. അതുപോലെ മറ്റൊരു ചരിത്ര ഗ്രന്ഥരചയിതാവായ എ. ശ്രീധരമേനോൻ മലബാറിലെ അക്കാലത്തെ സാഹചര്യം വിവരിക്കുന്നതു കൂടി കാണാം.

" യഥാർത്ഥത്തിൽ ദാരിദ്ര്യം, ഭൂമിയുടെ കാര്യത്തിൽ അനുഭവപ്പെട്ട ഉപദ്രവങ്ങൾ , അന്ധമായ മതഭക്തി എന്നിവ മാപ്പിളമാരുടെ അസംതൃപ്തിയെയും എതിർപ്പിനെയും സജീവമായി നിലനിർത്തുകയും അവരെ അക്രമാസക്തമായ കലാപങ്ങളിൽ കൊണ്ടു ചാടിക്കുകയും ചെയ്തു." (കേരള ചരിത്രം - എ. ശ്രീധരമേനോൻ 2018 പതിപ്പ് - പേജ് 343)

ഇങ്ങനെയുള്ള ഒരു സമൂഹ്യ / സമുദായ സാഹചര്യത്തിൽ നിന്നു കൊണ്ട് കലാപകാരിയായ ഒരാളാണ് നമ്മുടെ കഥാനായകനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഇത് മനസ്സിലാക്കി വേണം അദ്ദേഹം കാട്ടിക്കൂട്ടിയ പ്രവർത്തനങ്ങളെ വിലയിരുത്താൻ. അദ്ദേഹം ചെയ്തു എന്നു പറയപ്പെടുന്ന പല കാര്യങ്ങളും കൃത്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്തവയുമാണ്. ഈ പ്രശ്നം അക്കാലത്തെ ചെറിയ ചെറിയ മുന്നേറ്റങ്ങളുടെയെല്ലാം പ്രശ്നം കൂടിയാണ്. സൂക്ഷ്മാവലോകനത്തിന് പറ്റിയ രേഖപ്പെടുത്തലുകൾ ഉണ്ടാവാറില്ല.

കുഞ്ഞഹമ്മദ് ഹാജിയെ നേരിട്ടറിയുന്ന കെ. മാധവൻ നായർ പറയുന്നതു നോക്കുക:

"1857ലുണ്ടായ ഇന്ത്യൻ ശിപായി ലഹളയ്ക്കു ശേഷം ബ്രട്ടീഷ് ഗവൺമെൻ്റും ഇന്ത്യക്കാരുമായി ഉണ്ടായിട്ടുള്ള സംഘട്ടനത്തിൽ വെച്ച് ഏറ്റവും ഗംഭീരമായ മലബാർ കലാപത്തിൽ ഗവൺമെൻ്റിൻ്റെ എതിരാളികിൽ അഗ്രഗണ്യനായിരുന്നു കുഞ്ഞഹമ്മദ് ഹാജി. " ( മലബാർ കലാപം, കെ.മാധവൻ നായർ പേജ് 244, മാതൃഭൂമി 2002 പതിപ്പ് ) .ഇതേ പുസ്തകത്തിൽ മാധവൻ നായർ തുടരുന്നു: " ലഹളയുടെ ആരംഭം മുതൽ അവസാനം വരെ സജീവമായി ഇടപ്പെട്ട അയാൾ സ്വന്തം നിതി നടപ്പിലാക്കി. അക്കാര്യത്തിൽ ഹിന്ദുവെന്നോ മുഹമ്മദിയരെന്നോ ഉള്ള യാതൊരു ഭേദവും കാണിച്ചിട്ടില്ല. പഠിപ്പോ ആയുധമോ വലുതായ ലോക പരിചയമോ ഇല്ലാത്ത ആളായിരുന്നു ഹാജിയാർ . അക്രമമാർഗത്തിൽ കൂടി ബ്രട്ടീഷ് ഗവൺമെൻ്റിനെ പരാജയപ്പെടുത്താമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സമ്മതമില്ലാത്തവരെ മതത്തിൽ ചേർക്കരുതെന്ന് നിഷ്കർഷിച്ചിരുന്നു. " ഈ വലിയ കലാപത്തിൽ പല ഭയങ്കര കൃത്യങ്ങളും നടത്തിയ ഹാജിയെ സധാരണക്കാരിൽ നിന്നും എത്രയോ ഉപരിയുള്ള ദേശാഭിമാനിയും മതാഭിമാനിയുമായിരുന്നുവെന്നും മാധവൻ നായർ സക്ഷ്യപ്പെടുത്തുന്നുണ്ട്.

(മലബാർ കലാപം പേജ് 235)

നൂറോളം പേജുകളിൽ മാധവൻ നായർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയെപ്പറ്റി വിവരിക്കുന്നുണ്ട്. " ഖിലാഫത്തിന്നു വേണ്ടി ബ്രട്ടീഷ് ഗവൺമെൻ്റിനോട് യുദ്ധം ചെയ്യുവാൻ ഒന്നാമതായി ഒരുങ്ങിപ്പുറപ്പെട്ടത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയാണ് എന്നതിനു സംശയമില്ല. ലഹളത്തലവന്മാരിൽ വെച്ച് ഏറ്റവും പ്രധാനിയും കുഞ്ഞഹമ്മദാജി തന്നെയായിരുന്നു. ലഹളയുടെ ആരംഭത്തിൽ അയാൾ കൊള്ളക്കാരുടെ ആക്രമണങ്ങളിൽ നിന്ന് ഹിന്ദുക്കളെ രക്ഷിച്ച് കൊള്ള ചെയ്തിരുന്ന മാപ്പിളമാരെ അയാൾ ശിക്ഷിക്കുകയും കൊല്ലുകയും ചെയ്തു. അക്കാലങ്ങളിൽ അയാൾ മതപരിവർത്തനത്തിന് വലിയ വിരോധിയായിരുന്നു." ഇതാണ് ഒരു ഭാഗം. എന്നാൽ ഇതേ ഹാജിയാരെ ഹിന്ദു വിരുദ്ധനാക്കാൻ ബ്രിട്ടിഷ് ഗവൺമെൻ്റ് ശ്രമിച്ച കഥയും ഈ പുസ്തകത്തിലുണ്ട്. അയാൾ കുറച്ചു കാലം അങ്ങനെ തെറ്റിദ്ധരിക്കുകയും ചില ക്രൂരതകൾ കാട്ടിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. വീണ്ടും ഹിന്ദുക്കളുടെ രക്ഷകനായി വർത്തിക്കുകയും ചെയ്തു. ഒരിക്കൽ മാധവൻനായരെ കണ്ട് "ഇനി ഞങ്ങൾ എന്താണു വേണ്ടത്? എല്ലാം ഉപദേശിച്ചു തരണം" എന്ന് പറഞ്ഞതായും പുസ്തകത്തിലുണ്ട്. ഇതൊക്കെ കാണിക്കുന്നത് ആ ഗ്രാമീണൻ പല തരം പ്രലോഭനങ്ങൾക്ക് വിധേയനായിട്ടുണ്ട് എന്നാണ്. അതിൻ്റെ കാരണങ്ങളെ നമ്മൾ കാണാതിരുന്നു കൂട.

ബ്രിട്ടീഷ് വിരോധവും നാടുവാഴിത്ത വിരോധവും മൂത്ത് സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു മലബാർ കലാപം . ഒരു കലാപത്തിൻ്റെ ഒരുക്കമോ സംഘടനയോ നേതൃത്വമോ ഇല്ലാതെ കർഷകരും മറ്റും ചേർന്ന് നടത്തപ്പെട്ട ഒന്ന്. അധികാരികൾ മൃഗീയമായി അതിനെ നേരിട്ടു. അതോടെ അതൊരു വലിയ കലാപമായി. മലപ്പുറം തിരൂരങ്ങാടി, പെരിന്തൽമണ്ണ , മഞ്ചേരി , നിലമ്പൂർ എന്നി പ്രദേശങ്ങളിലെ 220 ഓളം ഗ്രാമങ്ങളിലായി കലാപം മുന്നേറി. ഗവൺമെൻ്റ് പരാജയഭിതിയാൽ അതിനെ വർഗീയവത്ക്കരിച്ചു. അതൊരു ഹിന്ദു-മുസ്ലീം കലാപമാണെന്ന് പ്രചരിപ്പിച്ചു. നേതാക്കളെ ചതിയിൽ അറസ്റ്റു ചെയ്ത് വെടിവെച്ചു കൊല്ലുകയും ചെയ്തു. അങ്ങനെ ആ ജനാധിപത്യ മുന്നേറ്റം നുണയാൽ പരാജയപ്പെടുത്തി. ഇന്നും അതിനെ വെറുമൊരു ഹിന്ദു-മുസ്ലിം കലാപമായി നോക്കി കാണുന്നത് വസ്തുതാപരമായി തെറ്റാണ്.

അതിലെ പങ്കാളികളെ വർഗീയ കലാപകാരികളായി മാത്രം കാണുന്നതും ശരിയല്ല. അന്നത് ആസൂത്രിതമായി അങ്ങനെയാക്കി മാറ്റി. ഇന്നത് മുൻവിധിയോടെ അതിനെ അങ്ങനെ നോക്കിക്കാണുകയും ചെയ്യുന്നു.

ചരിത്രത്തെ വികലമായി വായിച്ച് പുതിയ ഹിന്ദുത്വവാദികൾ ബ്രിട്ടീഷുകാര്‍ ചെയ്ത തെറ്റ് ആവർത്തിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ പേരിൽ കേരളത്തെ വീണ്ടും വർഗീയവത്ക്കരിക്കാൻ ആരെയും അനുവദിക്കരുത്. കുറച്ചുകാലത്തേക്ക് അയാളെ വർഗീയതയിലേക്ക് വലിച്ചിഴച്ചത് ബ്രിട്ടീഷുകാരാണെങ്കിൽ ഇപ്പോൾ ആ മനുഷ്യൻ്റെ പേരിൽ വർഗീയത ഇളക്കിവിടുന്നത് ബി.ജെ.പിയും കൂട്ടാളികളുമാണ്. ലക്ഷ്യം ഒന്നേയുള്ളൂ വർഗീയതയിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം കയ്യടക്കുക.

അവർ പറഞ്ഞു പരത്തുന്ന ഭാഗിക കഥകളിൽ നമ്മൾ വീണു പോവരുത്. ചരിത്രത്തെ സമഗ്രതയോടെ നോക്കിക്കണ്ട് വർഗീയതയെ തോല്പിക്കണം. ഭാഗികമായി നോക്കിയാൽ ചരിത്രത്തിലെ പലരും പലതായി വ്യാഖ്യാനിക്കപ്പെടാൻ അർഹതയുള്ളവരായി കാണാം. കേരളം പോലും സൃഷ്ടിക്കപ്പെടാത്ത ഒരു കാലത്തെ വർഗീയതയുടെ പ്രാഥമികസ്വഭാവം പോലും ഇന്ന് നമ്മൾ കാണുന്നതിൽ നിന്ന്, പരിചയപ്പെട്ടു കൊണ്ടിരിക്കുന്നതിൽ നിന്നും ഏറെ വിഭിന്നമായ ഒന്നായിരിക്കും. വർഗീയതയുടെ സ്വഭാവത്തിൽ കാലം വരുത്തുന്ന മാറ്റങ്ങളും നമ്മൾ കാണേണ്ടതുണ്ട്. അന്നത്തെ മനുഷ്യർ വർഗീയതിലേക്ക് നീങ്ങിയതിൻ്റെ കാരണങ്ങൾ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമാണ്. അത് ചരിത്രകാരന്മാർ വിശദീകരിച്ചത് നമ്മൾ കണ്ടു.

ഇന്നത്തെ വർഗീയതയുടെ ലക്ഷ്യങ്ങളും പ്രേരണയും എന്താണെന്നും നമ്മൾ കാണുന്നുണ്ട്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇന്നത്തെ കേരളീയ പരിസരത്തേക്ക് വരേണ്ടതുണ്ടായിരുന്നില്ല. കാരണം ആ വാരിയംകുന്നത്ത് നാട്ടുകാരൻ അത്രയൊന്നും പ്രസക്തനായിരുന്നില്ല. ആ പ്രദേശത്തെ, അങ്ങനെയുള്ള എത്രയെത്രയോ പ്രദേശങ്ങളിലെ അക്കാലത്തെ സാധാരണ മനുഷ്യർ ചെയ്തു കൂട്ടിയ കാര്യങ്ങളെ കുഞ്ഞഹമ്മദ് ഹാജിയും ചെയ്തിട്ടുള്ളൂ. ആ ജീവിതത്തിൽ ഒരു സിനിമാക്കഥ ഒളിഞ്ഞിരിക്കുന്നതായി ആഷിഖ് അബുവിന് തോന്നിയാൽ അതിൽ കുറ്റം പറയാനില്ല. അത് കലാകാരൻ്റെ കണ്ടെത്തൽ. എന്നാൽ ആ തോന്നലിലൂടെ വർത്തമാനകാല കേരളത്തിൽ ഒരു പ്രഹേളികയായി പാവം ഹാജിയാർ പരിണമിക്കപ്പെട്ടു എന്നത് ഖേദകരവും കരുതലോടെ നേരിടേണ്ട ഒന്നുമാണ്. ഹാജിയാർ വിവേചനബുദ്ധിയില്ലാതെ , പരപ്രേരണയാൽ ജീവിതകാലത്ത് പല തെറ്റുകൾക്കും കാരണക്കാരനായി എന്നത് നേരാവാം. ഒരു നൂറ്റാണ്ടിനിപ്പുറം അതേ ഹാജിയാരെ ചിലർ മറ്റ് പല വലിയ തെറ്റുകളുടെയും കാരണമായി വലിച്ചിഴയ്ക്കുന്നു. കേരളിയ പൊതു സമൂഹം നേരിടുന്ന വർത്തമാനകാല വെല്ലുവിളിയാണ് വാരിയംകുന്നൻ്റെ ഇന്നലെകൾ. അയാൾ ഹിന്ദു വിരുദ്ധനായിരുന്നോ? ഹിന്ദു രക്ഷകനായിരുന്നോ? മുസ്ലീം പക്ഷപാതിയായ വീരനായകനാണോ ? പരമത സ്നേഹം വെച്ചു പുലർത്തിയ ഒരു ഗ്രാമീണനാണോ? വിരുദ്ധമായ ഈ ചോദ്യങ്ങൾക്കെല്ലാം " അതെ " ഉത്തരം ചരിത്രത്തിൻ്റെ ഫുട്നോട്ടുകളിൽ നിന്നും പരതിയെടുക്കാം. അടഞ്ഞതും അപ്രസക്തവുമായ ആ അദ്ധ്യായത്തിൻ്റെ പുറകെ പോയി നമ്മൾ പുതിയ കണ്ടെത്തലുകൾ നിർമ്മിച്ചെടുക്കുന്നത് എന്തിന് ? ചരിത്രം പുതിയ കാലത്തെ വിഷലിപ്തമാക്കാനുള്ള ഉപകരണമല്ല. അതാണ് ഇതിൽ നിന്നുള്ള പാഠം.

ഞാൻ വീണ്ടും പറയാം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇപ്പോൾ ഇവിടെ ഒരു കാര്യവുമില്ല. എന്നാൽ ചരിത്ര ബോധത്തിൻ്റെ കാര്യത്തിൽ, ചരിത്രമെഴുത്തിലെ കൃത്യതയുടെ കാര്യത്തിൽ നമ്മൾ ഇത്രയേറെ അലസരായിക്കൂട. ഒരു നൂറ്റാണ്ടിൻ്റെ പഴക്കമില്ലാത്ത കാര്യത്തിലാണ് നമ്മളിങ്ങനെ തപ്പിത്തടയുന്നത്. അതാണ് അനാവശ്യ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും വഴിയൊരുക്കുന്നത്. അടിയന്തിരമായ തിരുത്ത് ആവശ്യമുള്ള ഒരു മണ്ഡലമാണ് ഇത്. ഇത്തരം വിവാദങ്ങൾ നമ്മുടെ ചരിത്രജാഗ്രതയെ ഉണർത്തുമായിരിക്കും.

അതോടൊപ്പം പൃഥ്വിരാജിലൂടെ കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രം അധികം വൈകാതെ, ആഴത്തിലുള്ള ഒരനുഭവമായി നമ്മുടെയൊക്കെ മനസ്സിലേക്ക് എത്തട്ടെ. വിവേക ബുദ്ധിയോടെ, സഹിഷ്ണുതയോടെ അത്തരമൊരു കലാപ്രവർത്തനത്തിന് കേരളം വഴിയൊരുക്കട്ടെ. കുഞ്ഞഹമ്മദ് ഹാജിയും മാധവൻ നായരും തമ്മിൽ നിലനിന്ന ബന്ധത്തെ ഉലയ്ക്കാൻ ഈ സിനിമ കാരണമാവാതിരിക്കട്ടെ.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT