Opinion

പ്രതീതി നിര്‍മ്മിതികളുടെ തെരഞ്ഞെടുപ്പ് കാലം

കേരളം പോലുള്ള ഉയര്‍ന്ന സാക്ഷരതയുള്ള ഒരു ഡെമോഗ്രഫിയില്‍ സത്യാനന്തര കാലത്തെ നിര്‍വചിക്കുന്നത്, വിവരങ്ങളുടെയും വസ്തുതകളുടെയും അഭാവമല്ല, മറിച്ച് തീവ്രപക്ഷപാതിത്വമുള്ള അവയുടെ വ്യാഖ്യാനങ്ങളാണെന്നു പറയാം. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നു അസാമാന്യ മെയ്‌വഴക്കത്തോടെ നുണ പറയുന്ന, തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനങ്ങളിലൂടെ തടിരക്ഷിച്ചെടുക്കുന്ന തന്ത്ര പരതയെയല്ല, ഡിജിറ്റല്‍ സീലോകളിലൂടെ വസ്തുതകളെ വിഘടിപ്പിക്കുന്ന ഒരു സാമൂഹിക പരിവര്‍ത്തനത്തെയാണ് യഥാര്‍ത്ഥത്തില്‍ നാം അഭിസംബോധന ചെയ്യേണ്ടത്. ഡിജിറ്റക്രസി അഥവാ ഡിജിറ്റല്‍ ജനാധിപത്യം എന്നൊരു പ്രതീതി സൃഷ്ടിക്കാന്‍ സാധിച്ചു എന്നത് സത്യാനന്തരകാലത്ത് ഇന്ത്യയില്‍ സംഭവിച്ച വന്‍മാറ്റങ്ങളിലൊന്നാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് ദൃശ്യപരമായ മേല്‍ക്കോയ്മ ഉണ്ടാക്കാന്‍ സാധിച്ചതിനും ഭരണത്തുടര്‍ച്ചകള്‍ക്കു വഴിയൊരുക്കിയതിനും ഡിജിറ്റല്‍ ഇടപെടലുകള്‍ക്കുള്ള പങ്ക് അനന്യമാണ്. മുമ്പില്ലാത്തവിധം അക്രാമകമായ മാധ്യമ വ്യവഹാരങ്ങള്‍ക്ക് ഇത് തുടക്കം കുറിച്ചു.

രാഷ്ട്രീയ പ്രതിനിധികള്‍ക്ക് പരസ്യമായി പ്രകടിപ്പിക്കാനാവുന്ന ഇരട്ട സ്വത്വമാണ് ഇക്കാലത്തെ മറ്റൊരു സവിശേഷത. ടിവി സംവാദങ്ങളിലും പൊതുവേദികളിലും ഏറിയും കുറഞ്ഞുമുള്ള സംയമനം സാമൂഹിക മാധ്യമങ്ങളില്‍ അക്രമോല്‍സുകത പ്രദര്‍ശിപ്പിക്കുമ്പോള്‍ കാണാറില്ല

കേരളത്തെ സംബന്ധിച്ചിടത്തോളം സംഘപരിവാറിന്റെ ഡിജിറ്റല്‍ ഇടപടലുകളെ പ്രതിരോധിക്കും വിധമുള്ള സാമൂഹികമനസ്സ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ മറ്റൊരു സവിശേഷമായ സാമൂഹിക വ്യതിയാനം മലയാളികളുടെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നു എന്ന് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാക്കാവുന്നതാണ്. വസ്തുതകള്‍ വിഘടിച്ചു നില്‍ക്കുകയും ഓരോ വിഭാഗങ്ങളുടെയും പക്ഷപാതങ്ങള്‍ക്കനുസരിച്ച് പ്രചരിപ്പിക്കാനാവും വിധം അത് അതീവ ദുര്‍ബലപ്പെടുകയും ചെയ്യുന്നു എന്ന് കാണാം.

ഉദാഹരണത്തിന്, അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി ഒരു പാലം പണിതു എന്നിരിക്കട്ടെ, ഇതിനെ പൊതു പ്രയോജനമായല്ല, മറിച്ച് ഇടതു സര്‍ക്കാര്‍ അനുഭാവികള്‍ക്ക് വികസന നേട്ടമായും പ്രതിപക്ഷത്തെ സംബന്ധിച്ച് അതൊരു കടക്കെണിയുമായാണ് അനുഭവിക്കാനും വ്യാഖ്യാനിക്കാനും സാധിക്കുക. അതായത്, നാം പങ്കിടുന്ന ഒരേ സൗകര്യത്തെ ഇത്തരത്തില്‍ ഇരട്ട അനുഭവമായി ചിത്രീകരിക്കാന്‍ സാധിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇതേ ഗ്രാവിറ്റിയില്‍ നമുക്ക് മുന്‍കാലങ്ങളില്‍ അത്ര പരിചിതമല്ല. വയനാട് ദുരിത ബാധിതര്‍ക്കു വേണ്ടിയുള്ള ധനസമാഹരണവും വീടുനിര്‍മ്മാണവും പോലുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ വിചിത്രമാം വിധമുള്ള ന്യായീകരണങ്ങളും വെല്ലുവിളികളും സിപിഎം വിരുദ്ധതയുടെ പേരില്‍ നമുക്ക് പ്രചരിപ്പിക്കാനോ മറച്ചു പിടിക്കാനോ സാധിക്കും എന്നതാണ് ഇതിന്റെ കൗതുകം. പിണറായി സര്‍ക്കാരിന്റെ മൂന്നാംവരവ് ആത്മാഭിമാന പ്രശ്‌നമായി കരുതുന്നവരും തുടര്‍ഭരണം ജനാധിപത്യ വിരുദ്ധ മുദ്ര്യാവാക്യമാണെന്ന് വ്യാഖ്യാനിക്കുന്നവരും എല്ലാം ഈ ഒരു കുരുക്കില്‍ പെട്ടുപോയവരാണ്. വികസനത്തെയും സമരങ്ങളെയും സംബന്ധിച്ച നിലപാടുകളില്‍ കളമനുസരിച്ചു മാറ്റം വരുത്താന്‍ ഒരു പ്രത്യയശാസ്ത്ര നിലപാടുകളും ഇന്ന് തടസ്സമല്ല.

ചുരുക്കി പറഞ്ഞാല്‍ വ്യക്തികളുടെ 'ഡിജിറ്റല്‍ പ്രഭ' പാര്‍ട്ടിയുടെ പ്രകടന പത്രികകളേക്കാള്‍ വിലമതിക്കപ്പെടുന്നു. നേതാക്കളുടെ നായകത്വ പ്രതിച്ഛായക്കായി സിനിമാറ്റിക് സ്ലോ മോഷന്‍ ക്യാപ്ച്ചറുകള്‍, മാസ്സ് പ്രതീതി ജനിപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക്, എന്നിവ വസ്തുതാമുക്തമായ പ്രതീതി നിര്‍മ്മിക്കുകയും അവയുണ്ടാക്കുന്ന ദൃശ്യപരത ജനസമ്മതിയായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

രാഷ്ട്രീയ പ്രതിനിധികള്‍ക്ക് പരസ്യമായി പ്രകടിപ്പിക്കാനാവുന്ന ഇരട്ട സ്വത്വമാണ് ഇക്കാലത്തെ മറ്റൊരു സവിശേഷത. ടിവി സംവാദങ്ങളിലും പൊതുവേദികളിലും ഏറിയും കുറഞ്ഞുമുള്ള സംയമനം സാമൂഹിക മാധ്യമങ്ങളില്‍ അക്രമോല്‍സുകത പ്രദര്‍ശിപ്പിക്കുമ്പോള്‍ കാണാറില്ല. ഇത് വഴി ലഭിക്കുന്ന ദൃശ്യപരത സമൂഹ മാധ്യമങ്ങളില്‍ പ്രധാനമാണ്. ഇത്തരം പഞ്ച് ഡയലോഗുകളുടെയും മാസ്സ് പ്രകടനകളിലൂടെയാണ് കോണ്‍ഗ്രസ്സിന്റെ യുവനിര ജനപ്രിയത കണ്ടെത്തിയത്. പിണറായി വിജയന്‍ എന്ന ഏറ്റവും പ്രബലനായ രാഷ്ട്രീയ എതിരാളിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന, ഭരണവിരുദ്ധ ആഖ്യാനങ്ങളെ പ്രചോദിപ്പിക്കുന്ന റീല്‍സുകള്‍ നിരന്തരം സൃഷ്ടിച്ചു കൊണ്ടാണ് ഷാഫി പറമ്പിനെയും, രാഹുല്‍ മാങ്കൂട്ടത്തിലിനേയും പോലുള്ള നേതാക്കള്‍, സ്വാഭാവികതയില്‍ കഴിഞ്ഞ ജനപ്രീതി പതിന്മടങ്ങു വര്‍ധിപ്പിച്ചത്. ഹ്രസ്വമായ സമയപരിധിയുള്ള തുടര്‍ച്ചയായ ഇത്തരം ചെറുആഖ്യാനങ്ങള്‍ക്കു അരാഷ്ട്രീയ പ്രത്യശാസ്ത്ര സ്വഭാവമാണുള്ളതെങ്കിലും ശതുക്കളുടെ സര്‍വ സൈന്യാധിപന്‍ മലര്‍ത്തിയടിക്കപ്പെട്ടതിന്റെ ആഹ്ലാദമാണ് അതിന്റെ അനുഭവമൂല്യം. പരമ്പരാഗത രാഷ്ട്രീയ പ്രചാരണ ഉള്ളടക്കവും പ്രത്യയശാസ്ത്ര ബന്ധിതമായ വ്യാഖ്യാനവും താരതമ്യേന ചടുലത കുറഞ്ഞ ശരീരഭാഷയുമുള്ള ഇടതു യുവനേതാക്കള്‍ ഈ അനുഭവം നല്‍കുന്നതില്‍ അത്രകണ്ട് വിജയിച്ചിട്ടുമില്ല. വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി അത്രയധികം പ്രയത്‌നിച്ചിട്ടും ഈ വിഷയത്തില്‍ അവര്‍ക്ക് സ്വയം പ്രതിരോധിക്കേണ്ടി വരുന്നത് പുതിയ കാലത്തിന്റെ പ്രത്യകതകളെ സ്വംശീകരിക്കുന്നതില്‍ വന്ന പരിമിതികളാണെന്നു പറയാം. ദുരന്ത മുഖത്ത് പോലും രാഷ്ട്രീയം പയറ്റിയ ബിജെപിയുടെ പുതിയ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ ഹാന്‍ഡിലുകളും ദുര്ബലപ്പെടുന്ന വസ്തുതകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

ചുരുക്കി പറഞ്ഞാല്‍ വ്യക്തികളുടെ 'ഡിജിറ്റല്‍ പ്രഭ' പാര്‍ട്ടിയുടെ പ്രകടന പത്രികകളേക്കാള്‍ വിലമതിക്കപ്പെടുന്നു. നേതാക്കളുടെ നായകത്വ പ്രതിച്ഛായക്കായി സിനിമാറ്റിക് സ്ലോ മോഷന്‍ ക്യാപ്ച്ചറുകള്‍, മാസ്സ് പ്രതീതി ജനിപ്പിക്കുന്ന ബാക്ഗ്രൗണ്ട് മ്യൂസിക്, എന്നിവ വസ്തുതാമുക്തമായ പ്രതീതി നിര്‍മ്മിക്കുകയും അവയുണ്ടാക്കുന്ന ദൃശ്യപരത ജനസമ്മതിയായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ഡാറ്റകളെ പര്‍വ്വതീകരിച്ചു കൊണ്ടുള്ള അവതരണങ്ങള്‍ കൊണ്ട് പ്രത്യയശാസ്ത്രപരമായ നിലപാടുകളിലുള്ള പാളിച്ചകളെയും വ്യതിയാനങ്ങളെയും മറച്ചു വെക്കാനും സാധിക്കും.

മുന്‍കാലങ്ങളില്‍ നേതാക്കളുടെ മാധ്യമ സാന്നിധ്യം നിര്‍ണ്ണയിക്കാന്‍ എഡിറ്റര്‍മാര്‍ക്ക്/മാധ്യമ മാനേജ്മെന്റുകള്‍ക്കു സാധിച്ചിരുന്നു. എന്നാല്‍ ഇന്നവ അല്‍ഗോരിതങ്ങളാണ് നിശ്ചയിക്കുന്നത്. ഒരു വ്യക്തി/വോട്ടര്‍ എല്‍ഡിഎഫിന്റെ 'കാപ്‌സ്യൂള്‍' ഉപയോഗിക്കുമ്പോള്‍ യുഡിഎഫിന്റെ എതിര്‍വാദങ്ങള്‍ അവര്‍ക്ക് ദൃശ്യപ്പെടില്ലെന്ന് അല്‍ഗോരിതം ഉറപ്പാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് സമൂഹ മാധ്യമങ്ങള്‍ വഴി ജനങ്ങളുടെ പൊതുരാഷ്ട്രീയ അഭിലാഷം എന്താണെന്ന് ഗ്രഹിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. സ്വയം വിമര്‍ശനങ്ങള്‍ക്കും എതിര്‍പക്ഷ ആഖ്യാനങ്ങളെ മനസ്സിലാക്കി അവയ്ക്കനുസരിച്ചുള്ള പ്രതിരോധങ്ങള്‍ രൂപപ്പെടുത്തുന്നതിനും, രാഷ്ട്രീയ ബോധ്യങ്ങളുടെ വികാസത്തിനും ഫലത്തില്‍ ഇത് തടസ്സമാകുന്നുണ്ട്. തങ്ങളുടെ ശരികളില്‍ മാത്രം ജീവിക്കാനുള്ള ആത്മനിഷ്ഠാ പ്രവണതയെ ഇത് ത്വരിതപ്പെടുത്തുന്നു. രണ്ട് അയല്‍ക്കാര്‍ക്ക് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ 'യാഥാര്‍ത്ഥ്യങ്ങളില്‍' ജീവിക്കാന്‍ കഴിയുന്ന സത്യാനന്തര അവസ്ഥയെ ഇത് സാക്ഷ്യപ്പെടുത്തുന്നു. നവമാധ്യമങ്ങളിലെ മൈക്രോ ഇന്‍ഫ്‌ളുവന്‍സറിലേക്ക് തിരിച്ചുവിടപ്പെടുന്ന ഉള്ളടക്കങ്ങള്‍ നല്‍കുന്ന വ്യാജ ആധികാരികത ജനമനസ്സുകളെ ആഴത്തില്‍ സ്വാധീനിക്കുന്നു. കൂടാതെ ഡീപ് ഫേക്കുകളുടെ പ്രചാരണവും ശക്തിപ്രാപിക്കുന്നതോടെ വ്യാജവും വസ്തുതയും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ ഇല്ലാതെയാകുന്നു. ഫാക്ട് ചെക്കിങ്ങിലൂടെ ഇത് തള്ളിക്കളയാനുള്ള സാധ്യത ചൂണ്ടിക്കാട്ടാമെങ്കിലും വ്യാജ ഉള്ളടക്കത്തിന്റെ വൈകാരിക അംശങ്ങള്‍ അവശേഷിക്കുകതന്നെ ചെയ്യും. സത്യം ചെരിപ്പിടുമ്പോഴേക്കും ലോകം ചുറ്റി വരുന്ന നുണകളെക്കുറിച്ച് ആശങ്കപ്പെടാമെന്നു മാത്രം!

വോട്ടര്‍മാരുടെ പൊതുമനസ്സിനെ ഏതു അല്‍ഗോരിതത്തിനാണോ നിയന്ത്രിക്കാനാകുന്നത് എന്നതിനു ഇക്കാലത്ത് വളരെ പ്രസക്തിയുണ്ട്. സിന്തറ്റിക് റാലികള്‍ എന്നോ വെര്‍ച്വല്‍ ജനക്കൂട്ടമെന്നോ പറയാവുന്ന ആൾതിരക്കിന്റെ എഐ പ്രതീതി പോലും ഒരു വ്യാജ സമ്മതി ഉല്പാദിപ്പിക്കാന്‍ പോന്നതാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തെയും ആധിപത്യത്തെയും നിര്‍ണ്ണയിക്കാന്‍ അതിനാവും. ഒന്നും നിലവിലില്ലാതെ തന്നെ ഒരു തരംഗ പ്രതീതി സൃഷ്ടിക്കാനാവുമെന്നര്‍ത്ഥം. എന്തിനെന്നറിയാതെ തിരക്ക് പിടിച്ചു ഓടുന്ന യുവരാഷ്ട്രീയ നേതാക്കളുടെ റീല്‍സുകള്‍ സൃഷ്ടിക്കുന്ന വൈബ് ഇത്തരം ഒരു നിര്‍മ്മിതിയാണ്.

'ഡിജിറ്റല്‍ കാഴ്ച' എന്ന കലയില്‍ പ്രാവീണ്യം നേടിയ നേതാക്കള്‍ക്കേ പരമ്പരാഗത മാധ്യമ പരിശോധനയെ മറികടന്ന് വിജയകരമായി സംവദിക്കാനാവൂ എന്നായിട്ടുണ്ട് ചുരുക്കത്തില്‍ കാര്യങ്ങള്‍.

വസ്തുതയെക്കാള്‍ ദൃശ്യപ്പെടുന്നതിന്റെ പ്രാധാന്യമാണ് ഈ തിരഞ്ഞെടുപ്പിന്റെ വെല്ലുവിളി. സ്വതവേ മാധ്യമങ്ങളോടുള്ള അലംഭാവം ഉപേക്ഷിച്ച് മാരത്തോണ്‍ അഭിമുഖങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് ഈ തിരിച്ചറിവായിരിക്കണം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പുതിയ കാലത്തിന്റെ ഈ സവിശേഷതകള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ആളാണ്. അദ്ദേഹം ബൃഹദാഖ്യാനങ്ങളോട് കാണിക്കുന്ന ഉപേക്ഷ മാധ്യമസമ്മേളനങ്ങളില്‍ കാണാം. മുറിച്ച് കാണിക്കാവുന്ന റീല്‍സുകളായി അത് അളന്നു പറയാന്‍ സാധിക്കുന്നു എന്നതാണ് പ്രതിപക്ഷ ആഖ്യാനങ്ങളില്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്ന ഒരു ഘടകം. വസ്തുതയല്ല, അതിന്റെ പ്രതീതി ജനിപ്പിക്കലാണ് പ്രധാനം എന്നത് അദ്ദേഹത്തിന്റെ ശരീരഭാഷയും മനഃപൂര്‍വം ആവര്‍ത്തിക്കുന്ന വാക്പ്രയോഗങ്ങളും ദ്യോതിപ്പിക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസ്സിലെ പരമ്പരാഗത നേതൃശൈലിയില്‍നിന്നു വ്യത്യാസപ്പെടുകയും യുവനേതാക്കളുടെ അക്രമാത്മക ഡിജിറ്റല്‍ ഇടപെടലുകളോട് സാമ്യപ്പെടുകയും ചെയ്യുന്നുണ്ട്. ബിജെപി - സിപിഎം തിരഞ്ഞെടുപ്പ് ഡീലാണോ, കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യമാണോ വസ്തുതാപരമെന്നത് ചരിത്രമന്വേഷിച്ചു പോകുന്ന ആളുകളെ മാത്രം ബാധിക്കുന്ന കാര്യമാണ്. മറ്റുള്ളവര്‍ക്ക് ക്യാപ്‌സൂള്‍ വിശദീകരണങ്ങളും കൗണ്ടര്‍ പ്രതികരണങ്ങളും മാത്രം മതി എന്ന ഒരു യുക്തിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ ഈ സാധ്യത ആദ്യം മുതല്‍ക്കേ തിരിച്ചറിഞ്ഞ ബിജെപി, ആധികാരിക ഡാറ്റകളായി അവതരിപ്പിക്കുന്ന വ്യാജനിര്‍മ്മിതികളിലൂടെ കേരളത്തിലെ വിദ്യാസമ്പന്നരായ മധ്യവര്‍ത്തി സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം അത്ര നിസ്സാരമല്ല. കേരളത്തിന് നല്‍കുന്ന കേന്ദ്രഫണ്ട് പോലുള്ള വിഷയങ്ങളില്‍ രാജീവ് ചന്ദ്രശേഖറും, കെ.സുരേന്ദ്രനുമടക്കമുള്ള നേതാക്കള്‍ വസ്തുതകള്‍ അമ്പരപ്പിക്കും വിധം വളച്ചൊടിച്ചവതരിപ്പിക്കുമ്പോള്‍ അതിനു സമൂഹമാധ്യമങ്ങളില്‍ ഒരു പ്രത്യേക വിഭാഗം ആളുകളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും ഈ സവിശേഷതയുടെ സ്വാഭാവിക പരിണിതിയാണ്.

'ഡിജിറ്റല്‍ കാഴ്ച' എന്ന കലയില്‍ പ്രാവീണ്യം നേടിയ നേതാക്കള്‍ക്കേ പരമ്പരാഗത മാധ്യമ പരിശോധനയെ മറികടന്ന് വിജയകരമായി സംവദിക്കാനാവൂ എന്നായിട്ടുണ്ട് ചുരുക്കത്തില്‍ കാര്യങ്ങള്‍. യാഥാര്‍ഥ്യത്തിന്റെ സങ്കീര്‍ണ്ണതയേക്കാള്‍ അവരവരുടെ പക്ഷപാതങ്ങളെ ഉറപ്പിക്കാന്‍ സഹായിക്കുന്ന ആഖ്യാനങ്ങളോട് വിധേയപ്പെടുന്ന ഒരു സമ്മതിദായക സമൂഹം രൂപപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയാതെ ഇനി ഒരു രാഷ്ട്രീയ നേതൃത്വത്തിനും മുന്നോട്ടു പോകാനാകില്ല.

അടിമുടി യൂത്ത് വൈബിൽ ‘പ്രേംപാറ്റ’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ശ്രദ്ധനേടുന്നു

26 വയസ്സിൽ എസ്.ഐ ആകുന്ന പോലീസുകാരുടെ ജീവിതമാണ് 'ദൃഢം': തിരക്കഥാകൃത്തുക്കള്‍

ഹോം ഗ്രൗണ്ടിൽ ‘എൽ ക്ലാസിക്കോ’ പോരാട്ടം;റയല്‍ - ബാഴ്‌സ കിക്കോഫിനൊപ്പം ടൈറ്റിൽ ലോഞ്ച് ചെയ്ത് ടൊവിനോയും നസ്രിയയും

കിളിപാറിയ ക്ലൈമാക്സ്; 'ദൃഢം' സ്ലോ ബേർണിംഗ് പോലീസ് ത്രില്ലറെന്ന് പ്രേക്ഷകർ

വിജയ് ഒരു താല്‍ക്കാലിക പ്രതിഭാസമല്ല; നിര്‍മല്‍ ഏബ്രഹാം അഭിമുഖം

SCROLL FOR NEXT