പകയുടെ ഹിംസാടന കാലമാണിത്. സ്നേഹവും കരുണയും സഹനവും ത്യാഗവുമെല്ലാം പുറപ്പെടാമൂര്‍ത്തികളായി ശിലാരൂപം പൂണ്ടിരിക്കുന്നുവോ എന്ന് സംശയിക്കേണ്ട കാലത്തിലേക്ക് നാം അതിവേഗം നടന്നടുക്കുകയാണോ? സ്നേഹത്തണലുകളില്‍ പ്രാണനെടുക്കുന്ന കാളസര്‍പ്പം മയങ്ങുന്നു. പ്രണയം കാമത്തിനും സാഹോദര്യം അന്യവല്‍ക്കരണത്തിനും വഴിമാറി. ഏതു നിമിഷവും അയല്‍ക്കാരന്റെ ഹൃദയത്തിലേക്ക് കഠാരത്തണുപ്പിറക്കാന്‍ കാക്കുന്ന ഇടവഴിയോരമായി സമകാലിക സമൂഹം പരിവര്‍ത്തനപ്പെടുന്നുവോ എന്ന് ആകുലപ്പെടേണ്ട സ്ഥിതി. അമ്മയെ കൊല്ലുന്ന മക്കള്‍, അയല്‍വാസിയെ കുടുംബത്തോടെ ഇല്ലാതാക്കുന്നവര്‍, പ്രണയസല്ലാപത്തിനിടയില്‍പ്പോലും ഇണയുടെ കുരല്‍ മുറിക്കുന്നവര്‍, കൂട്ടുകാരനെ കുത്തിവീഴ്ത്തുന്ന കുട്ടി, പട്ടിക നീളുകയാണ്. സംസ്‌കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളിക്ക് എന്തുപറ്റി. ആകുലതയുടെ വാര്‍ത്തകളാണ് ചുറ്റും പരക്കുന്നത്. വേദനയും വേപഥുവുമെല്ലാം കടിച്ചിറക്കി ഭയം പൂക്കുന്ന കണ്ണുകളോടെ പുറംലോകത്തേക്ക് നോക്കിയിരിക്കാം. ദിനവും ഹിംസയുടെ വാര്‍ത്തകള്‍ മാത്രമെത്തുന്ന ഏകചിത്രജാലകവുമടച്ച് ഏകാന്തതയിലേക്ക് മടങ്ങുകയാണോ മലയാളി സമൂഹം.
പ്രണയത്തിന്റെ പേരില്‍, പകയുടെ പേരില്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍, ലഹരിയുടെ മറവില്‍ മനുഷ്യന്‍ സ്വയമോ മറ്റൊരാളെയോ കൊലചെയ്യുന്ന അവസ്ഥകളുടെ അടിസ്ഥാന കാരണങ്ങളിലേക്കുള്ള യാത്ര അനിവാര്യമായിരിക്കുന്നു.
നിരന്തരം വിശ്വാസവഞ്ചനയുടെയും അന്ധവിശ്വാസങ്ങളുടെയും കൊലയുടെയും കഥകള്‍ കേട്ടുകൊണ്ടേയിരിക്കുമ്പോള്‍ പരസ്പര വിശ്വാസം എന്നത് അന്യം നിന്നു പോവുകയും മനുഷ്യര്‍ പരസ്പരം സംശയിക്കുകയും ചുറ്റുപാടുകളെ ഭയക്കുകയും ചെയ്യുന്ന പരിതസ്ഥിതിയിലേക്ക് എത്തിച്ചേരുകയാണ്. ചൂഷകരുടെ മുഖങ്ങള്‍ പുറത്തേക്ക് വരുന്ന വാര്‍ത്തകളില്‍ ഉത്കണ്ഠാകുലരാകുന്നതിന് പകരം ഈ സമൂഹം പരിഷ്‌കരിക്കപ്പെടുകയാണെന്ന അഭിമാനത്തോടെ അത് ശ്രവിക്കാനാകണം.
ചൂഷകരെയും അന്ധവിശ്വാസികളെയും ഒളിപ്പിച്ചു വെച്ചുകൊണ്ടുള്ള പുറംമോടികളില്‍ അഭിരമിക്കുന്ന സാമൂഹിക അവസ്ഥ പാടെ മാറി വരണം. തകരേണ്ടുന്ന വിശ്വാസങ്ങള്‍ തകരുക തന്നെ വേണം. ചൂഷകരുടെ കഥകള്‍ ഒളിച്ചു വെക്കപ്പെടാതെ ഓരോന്നായി പുറത്തേക്ക് വരണം. സൗഹൃദങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും പ്രണയബന്ധങ്ങളില്‍ നിന്നുമൊക്കെ ഒഴിവാക്കപ്പെടുമ്പോള്‍, അല്ലെങ്കില്‍ നമുക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയാല്‍ നമ്മള്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് തിരിച്ചറിയുമ്പോള്‍ അതിന്റെ കെട്ടുപാടുകളില്‍ നിന്ന് പുറത്തു കടക്കാന്‍ പലപ്പോഴും സാമാന്യ മനുഷ്യര്‍ക്ക് സാധിക്കുന്നില്ല. സ്വയം വിശ്വസിക്കുകയും ബഹുമാനിക്കുകയും അവനവനോട് നീതിപുലര്‍ത്തുകയും ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവുമായുള്ള സ്വാതന്ത്ര്യം കൈവരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രണയം നിരസിക്കുമ്പോള്‍ മുഖത്ത് ആസിഡൊഴിക്കുക, കൊല്ലുക, പ്രണയബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കുന്നതിന് വേണ്ടി പങ്കാളിയുടെ ജീവനെടുക്കുക, അന്ധവിശ്വാസങ്ങളുടെയും ലഹരിയുടെയും മറവില്‍ കൊലപാതകങ്ങള്‍ നടത്തുക ഇതൊക്കെയും സര്‍വ്വസാധാരണമാകുന്ന ഒരവസ്ഥയിലേക്ക് ഈ സമൂഹത്തെ കൊണ്ടുചെന്ന് എത്തിക്കുക എന്നതല്ല നമ്മുടെ ഉത്തരവാദിത്വം. പകരം ഇത്തരം വാര്‍ത്തകളുടെ പ്രവാഹം ഉണ്ടാകുമ്പോള്‍ ഈ ലോകം എത്രയെത്ര ചൂഷകരാല്‍ നിറഞ്ഞതാണ് എന്ന ബോധ്യമുണ്ടാവുകയും അത്തരം പ്രവണതകളെ ചെറുക്കാന്‍ നമ്മുടെ സാമൂഹിക ഉത്തരവാദിത്തം എന്താണ് എന്നുള്ള ധാരണ നിര്‍മ്മിച്ചെടുക്കുകയും വേണം. ഇക്കഴിഞ്ഞ മാസങ്ങളില്‍ തന്നെ നാടിനെ നടുക്കുന്ന നിരവധി ക്രൂരമായ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രണയപ്പക, അന്ധവിശ്വാസം, ലഹരി ഇങ്ങനെ കൊലപാതകങ്ങള്‍ക്ക് പുറകിലുള്ള കാരണങ്ങള്‍ എന്തായാലും അതിവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയ്ക്കും മൗലിക അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണ്.
ജനുവരി 18 നാണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ദാരുണമായ മരണങ്ങള്‍ക്ക് കാരണമായ ചേന്ദമംഗലം കൂട്ടക്കൊല നടന്നത്. പ്രതിയായ ഋതു ജയന്‍ എന്ന യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബം തന്നെ അപകീര്‍ത്തി പെടുത്തുന്നതാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. പക്ഷെ ആ പ്രദേശവാസികള്‍ക്കാകെ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അയാള്‍ ഒരു നിരന്തര ശല്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിഷാദരോഗത്തിന് മരുന്നുകള്‍ കഴിക്കുന്നു എന്ന് കാണിച്ചുകൊണ്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പല കേസുകളില്‍ പെട്ട് അറസ്റ്റിലാകുമ്പോള്‍ പ്രതിയുടെ വീട്ടുകാര്‍ തന്നെ കൊണ്ടുവരുന്നു.
മേല്‍പ്പറഞ്ഞ കൊലപാതകത്തിന്റെ പ്രേരണ ലഹരിയാണെങ്കില്‍ നെന്മാറയിലെ ചെന്താമരയെന്ന പ്രതി തന്റെ പരിസരവാസികളെ അരുംകൊല ചെയ്തത് അന്ധവിശ്വാസങ്ങളുടെയും വൈരാഗ്യങ്ങളുടെയും കൈപിടിച്ചാണ്. തനിക്ക് കൊലചെയ്യാനുള്ള ആളുകളുടെ ലിസ്റ്റ് ചെന്താമരയുടെ കയ്യില്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയില്‍ അകപ്പെട്ടതിനുശേഷം തന്റെ ചെയ്തികളെ കുറിച്ചുള്ള കുറ്റബോധത്തിന്റെ ചെറുകണിക പോലുമില്ലാതെ നില്‍ക്കുന്ന അയാളെ നമ്മള്‍ കണ്ടു.
ഒരു സ്ത്രീ കുറ്റവാളിയായതുകൊണ്ട് മാത്രം 'അപൂര്‍വങ്ങളില്‍ അപൂര്‍വ്വം' എന്ന് വിലയിരുത്തപ്പെട്ട ഷാരോണ്‍ വധക്കേസ് ആണ് മറ്റൊന്ന്. കുറ്റവാളിയായ ഗ്രീഷ്മ ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം യാതൊരു പ്രത്യേക പരിഗണനയും അവള്‍ അര്‍ഹിക്കുന്നില്ല. അതോടൊപ്പം കുറ്റവാളി സ്ത്രീയായതുകൊണ്ട് ആ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ആകരുത്. അതിക്രൂരമായ ബലാല്‍സംഗങ്ങള്‍ക്കു ശേഷമുള്ള കൊലകളും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ശേഷമുള്ള കൊലകളും ആത്മഹത്യകളും നാട്ടില്‍ സര്‍വ്വസാധാരണമാവുകയാണ്. അതിനൊന്നും വലിയ വാര്‍ത്താ മൂല്യമില്ല. കുറ്റം ചെയ്യുന്നത് പുരുഷനാണെങ്കില്‍ അത് അപൂര്‍വമല്ല എന്ന പാട്രിയാര്‍ക്കിയില്‍ ചിന്തയുടെ വേര് തന്നെയാണ് കുടുംബങ്ങളെയും സമൂഹത്തെയും ജുഡീഷ്യറിയെ തന്നെയും നിലനിര്‍ത്തി പോരുന്നത്. ഈ ബന്ധം മതിയാക്കാം എന്ന് നിരവധി തവണ പറഞ്ഞിട്ടും പോകാന്‍ തയ്യാറാകാതെ പ്രണയത്തില്‍ നിന്ന് വിട്ടുമാറാനാകാതെ നിന്ന തന്റെ കാമുകനെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ ഗ്രീഷ്മ കണ്ടെത്തിയ മാര്‍ഗ്ഗം കൊലപാതകമായിരുന്നു. ഏതൊരു ബന്ധത്തില്‍ നിന്നും ഇറങ്ങി വരുവാനുള്ള സാമൂഹിക അന്തരീക്ഷം നമുക്കിടയില്‍ ഉണ്ടാകുന്നില്ല എന്നുള്ളത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ബന്ധങ്ങളില്‍ നിന്ന് പുറത്തേക്ക് നടന്നു കൊണ്ടുള്ള ഒരു ജീവിതം നിലവിലുള്ള സമൂഹത്തില്‍ ദുഷ്‌കരമാണ് എന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായുള്ള ചിന്തകളില്‍ നിന്നുമാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകളും സംഭവിക്കുന്നുണ്ടാവുക.
മുന്‍പൊരു പ്രണയബന്ധം ഉണ്ടായിരുന്നു എന്ന് പുറംലോകം അറിയുന്നത്, തേപ്പുകാരി/രന്‍ എന്ന് വിളിക്കപ്പെടുന്നത്, വിവാഹബന്ധം ഉപേക്ഷിച്ചയാള്‍ എന്ന ലേബലില്‍ അറിയപ്പെടുന്നത് ഇതൊക്കെയും ഈ സമൂഹത്തില്‍ മരണത്തേക്കാള്‍ സങ്കീര്‍ണമായ അവസ്ഥകളാണ്. ഒരു ബന്ധത്തില്‍ നിന്ന് പുറത്തേക്ക് വരികയും അതേക്കുറിച്ചുള്ള പഴികള്‍ കേട്ടുകൊണ്ട് ഈ സമൂഹത്തില്‍ ജീവിക്കുകയും ചെയ്യുക എന്നുള്ളതിനേക്കാള്‍ എളുപ്പമുള്ള വഴിയാണ് കൊല്ലുക അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്ന സദാചാരബോധത്തിലേക്ക് നമ്മള്‍ എങ്ങനെയാണ് പാകപ്പെട്ടത്. ഇപ്പോഴും വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ പഴയകാല ബന്ധങ്ങളെ കുറിച്ച് നമ്മള്‍ വല്ലാതെ ആകുലരാണ്. ആ വ്യക്തിയുടെ മറ്റ് ഏതൊരു മേന്മയെക്കാളും നമ്മളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് ഇത്തരം ചില ആശങ്കകളാണ്.
ഇത്തരം സദാചാരബോധങ്ങളുടെ ഭാരം കൂടുതല്‍ താങ്ങേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. അതുകൊണ്ടുതന്നെ വിവാഹത്തിനു മുമ്പുള്ള ശാരീരിക ബന്ധത്തിന്റെ അടയാളങ്ങള്‍ പൂര്‍വ്വ കാമുകന്റെ കയ്യിലുണ്ടെങ്കില്‍ അക്കാരണങ്ങളാല്‍ ആകുലപ്പെട്ട് കൊലപാതകത്തില്‍ വരെ എത്തിച്ചേരാന്‍ നമ്മള്‍ മടിക്കുന്നില്ല.
ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചിരിക്കുന്നത് വധശിക്ഷയാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീയുമാണ് ഗ്രീഷ്മ. ഒരു കേസിന്റെ നിയമവശങ്ങളും സാമൂഹിക വശങ്ങളും വിഭിന്നങ്ങളായ വഴികളിലൂടെയാവും സഞ്ചരിക്കുക. നിയമം പലപ്പോഴും കുറ്റകൃത്യത്തെ മാത്രമാണ് സംബോധന ചെയ്യുക, അത് ചെയ്യാനുണ്ടായ മാനസികമായി സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.
കൊല ചെയ്യാനുണ്ടായ പ്രേരണകളെ കൂടി കൃത്യമായി വിശകലനം ചെയ്യുമ്പോഴാണ് ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് മനുഷ്യന്‍ എത്തിച്ചേരാനുള്ള സാമൂഹികമായ പശ്ചാത്തലം അപഗ്രഥിക്കപ്പെടുകയും അതിന്റെ മറികടക്കലുകള്‍ സാധ്യമാവുകയും ചെയ്യുക. പ്രണയം മടുക്കുമ്പോള്‍ ആ ബന്ധത്തില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നത് വിശ്വാസ വഞ്ചനയാണെന്നോ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നോ ഉള്ള സന്ദേശങ്ങളാണ് ഈ കേസിലൂടെ ജുഡിഷ്യറി സാധാരണ മനുഷ്യര്‍ക്ക് നല്‍കുന്നത്. അല്ലെങ്കില്‍ സമൂഹം അത് അങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടികള്‍ നിരവധിയാണ്.
2024 ഏപ്രിലില്‍ പട്ടാമ്പിയില്‍ പ്രവിയ എന്ന യുവതിയെ സുഹൃത്ത് സന്തോഷ് റോഡില്‍ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്, 2024 ഒക്ടോബറില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത് വീട്ടില്‍ കയറി കഴുത്തറുത്തു കൊലപ്പെടുത്തിയത് ഇങ്ങനെ പ്രണയത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തില്‍ 2017 മുതല്‍ 2021 വരെ 350 മരണങ്ങളാണ് ഉണ്ടായത് എന്നാണ് കണക്ക്. അതില്‍ 10 പേര്‍ കൊല്ലപ്പെടുകയായിരുന്നു. ഇതില്‍ പ്രണയിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലപാതകങ്ങളും പെടും. മന്ത്രി വീണ ജോര്‍ജ് നിയമസഭാ ചോദ്യോത്തര വേളയില്‍ ഈ കണക്കുകള്‍ വെളിപ്പെടുത്തുകയുണ്ടായി. വളരെ ആസൂത്രിതമായി ബിഹാറില്‍ പോയി തോക്ക് വാങ്ങി ദിവസങ്ങളോളം അവസരത്തിനായി കാത്തിരുന്ന് കോതമംഗലം മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മാനസയെ 2021 ജൂലൈയില്‍ വെടിവെച്ച് കൊന്ന് പിന്നീട് ആ സുഹൃത്ത് ആത്മഹത്യ ചെയ്തത് പ്രണയം നിരസിച്ചതിന്റെ പേരിലാണ്. 2019ല്‍ പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ ശല്യം ചെയ്തിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് വെട്ടിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. പെരിന്തല്‍മണ്ണയിലെ ദൃശ്യ, തിരുവല്ല അയിരൂര്‍ സ്വദേശി കവിത, തൃശൂര്‍ ചിയ്യാരത്ത് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിനി നീതു, കടമ്മനിട്ട സ്വദേശിനി ശാരിക, കാക്കനാട് പ്ലസ്ടു വിദ്യാര്‍ത്ഥിനി ദേവിക, പാലാ സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിനി നിധിനമോള്‍ ഇവരൊക്കെ പ്രണയ പ്രതികാരത്തിന്റെ ഇരകളാണ്.
ഈയടുത്ത് കണ്ട പ്രണയപ്പക വാര്‍ത്തകളുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഊഹങ്ങളെക്കാളും മാറുന്ന മൊഴികളെക്കാളുമൊക്കെ ഉപരിയായി മറ്റൊരുപാട് കാര്യങ്ങളാണ് മനസിലാകുന്നത്. വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് നമ്മളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, എന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് നീ ജീവിക്കണം എന്ന് പറയുന്ന ഏതുതരം ബന്ധങ്ങളും വിഷമയമായി മാറും എന്ന് മനസ്സിലാക്കി അത്തരം ബന്ധങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഓരോ വ്യക്തിയും പാകപ്പെട്ടാല്‍ മാത്രമേ വ്യക്തികള്‍ക്കും അതുവഴി സമൂഹത്തിനും ആരോഗ്യമുള്ള മാനസികാവസ്ഥ ഉണ്ടാവുകയുള്ളൂ.
'നീ എനിക്ക് കഷായം തരാത്തതിന് നന്ദി','ഭാര്യക്കും കാമുകിയ്ക്കും നന്ദി' ഇങ്ങനെയുള്ള ചില ട്രോളുകള്‍ മുന്‍പ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു ക്രൂരമായ കുറ്റകൃത്യം തമാശയെന്നു കരുതി പടച്ചുവിടുമ്പോള്‍ ഒരു ലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ മുഴുവന്‍ എതിര്‍ലിംഗക്കാരെ കൊല്ലാന്‍ നടക്കുന്നവരാണ് എന്ന പൊതുധാരണ ഉണ്ടാക്കിയെടുക്കുക എന്നതിനപ്പുറത്ത് ഈ ട്രോളുകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കാലങ്ങളായി ഗാര്‍ഹിക പീഡനങ്ങള്‍ കൊണ്ടും പ്രണയപ്പക കൊണ്ടും ആത്മഹത്യ ചെയ്തതും കൊലചെയ്യപ്പെട്ടതുമായ പെണ്‍കുട്ടികള്‍ കണക്കെടുക്കാന്‍ പറ്റാത്ത അത്രയും ഉണ്ട്. അപ്പോഴൊന്നും ഉണ്ടായിട്ടില്ലാത്ത ട്രോള്‍ ആഘോഷം ഇപ്പോള്‍ ഉണ്ടാകുന്നുണ്ട് എങ്കില്‍ പുരുഷന്‍ ചെയ്യുന്നതും ചെയ്തു കൊണ്ടിരിക്കുന്നതുമായ കുറ്റകൃത്യങ്ങള്‍ എല്ലാം തന്നെ നോര്‍മലൈസ് ചെയ്യപ്പെട്ട അപകടം പിടിച്ച ഒരു സമൂഹമായി നമ്മള്‍ മാറിയിട്ടുണ്ട്. വയലന്‍സില്‍ പോലും പുരുഷ മേധാവിത്വം വേണം എന്ന പാട്രിയാര്‍ക്കിയല്‍ വ്യവസ്ഥിതിയുടെ ഭയപ്പെടുത്തുന്ന ഒരു മുഖം ആണ് ഇവിടെയൊക്കെ തുറന്നുകാട്ടപ്പെടുന്നത്.
പരാജയത്തെയോ എതിര്‍പ്പുകളെയോ അംഗീകരിക്കാന്‍ സാധിക്കാനാവാത്ത അവസ്ഥ, മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുടെ മേല്‍ അധീശത്വം നേടാന്‍ ശ്രമിക്കല്‍, താന്‍ വഞ്ചിക്കപ്പെടുന്നു എന്ന തോന്നല്‍, സംശയരോഗം, ചെറിയ പ്രകോപനങ്ങളില്‍പോലും തോന്നുന്ന വലിയ മാനസികസംഘര്‍ഷം ഇതെല്ലാം മാനസിക വൈകല്യങ്ങളാണ്. ഇതിനെ പ്രണയത്തിന്റെ പേരിലുള്ള ചാപല്യമോ അപക്വതയോ ആയി മാത്രം കാണിച്ച് അപഗ്രഥിക്കുന്നതും അപകടകരമായ പ്രവണതയാണ്. അത് വലിയ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം.
കത്വയിലെ എട്ടുവയസ്സുകാരി ആസിഫയുടെ ക്രൂരമായ ബലാത്സംഗ വാര്‍ത്തകള്‍ക്ക് ശേഷം അതിന്റെ ദൃശ്യങ്ങള്‍ തിരഞ്ഞ ഗൂഗിള്‍ സെര്‍ച്ചുകളും 2019ല്‍ പ്രിയങ്ക റെഡ്ഡി എന്ന വെറ്ററിനറി ഡോക്ടര്‍ കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ടതിന് ശേഷം അവരുടെ നീതിക്കുവേണ്ടിയുള്ള തിരച്ചിലുകളെക്കാള്‍ ആ ദൃശ്യങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലുകളും മേല്‍പ്പറഞ്ഞ മാനസിക വൈകല്യങ്ങളുടെ ബാക്കിപത്രം തന്നെയാണ്. ലോകമാകെ അതേ വൈകല്യങ്ങളുടെ പിടിയില്‍ തന്നെയാണ് ഇപ്പോഴും. ഒരു പെണ്‍കുട്ടി വിശ്വസ്തന്‍ എന്ന് കരുതി സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെച്ച നിരവധി വീഡിയോകള്‍ നമ്മുടെ പോണ്‍ സൈറ്റുകളില്‍ കാണാം. വിശ്വസ്തന്‍ എന്ന് കരുതിയ ആളുടെ കയ്യില്‍ നിന്ന് തന്നെ ആവണം ആ വീഡിയോകള്‍ ഇവിടേക്ക് എത്തിയത്. അത്തരം വീഡിയോകളുടെ ആവശ്യക്കാരും ഏറെയാണ്. താന്‍ അയച്ചുകൊടുത്ത സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ച് പ്രണയത്തില്‍ നിന്ന് പിന്മാറുന്ന അവസ്ഥയില്‍ ആ വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ ഭയത്തോടെ നേരിടുന്ന, ആത്മഹത്യ ചെയ്യുന്ന, പങ്കാളിയെ കൊലപ്പെടുത്തുന്ന ഭീകരമായ അവസ്ഥകള്‍ ഇവിടെയുണ്ടാകുന്നു. നമ്മുടെ പോണ്‍ സൈറ്റുകള്‍ക്ക് വിറ്റഴിക്കാന്‍ പെണ്‍ ശരീരമാണ് എപ്പോഴും ആവശ്യം. അത് ലോകമെമ്പാടും അങ്ങനെ തന്നെയാണ്. ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന മേല്‍പ്പറഞ്ഞ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ വേഗവും ശക്തവും മാതൃകാപരവും കാര്യക്ഷമവുമമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ എന്താണ് ഇവിടെ തടസ്സം നില്‍ക്കുന്നത്. എന്തുതന്നെയായാലും അത് പരിഹരിക്കപ്പെടേണ്ടത് നിലവിലെ സമൂഹത്തിന്റെ അനാരോഗ്യകരമായ മാനസികാവസ്ഥയില്‍ നിന്ന് പുറത്തേക്ക് കടക്കുവാന്‍ അത്യന്താപേക്ഷിതമാണ്.
അന്ധവിശ്വാസം മൂലമുള്ള കൊലപാതകങ്ങള്‍ക്കും സാമൂഹികവും മാനസികവുമായ അവബോധങ്ങള്‍ക്ക് പുറമേ നിയമപരമായ നടപടികളും സ്വീകരിക്കേണ്ടിയിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 25 (1) പ്രകാരം പൊതുക്രമസമാധാനം, പൊതുധാര്‍മ്മികത, പൊതുജനാരോഗ്യം എന്നിവ സംരക്ഷിച്ചുകൊണ്ടു മാത്രമേ മതവിശ്വാസവും ആചരണവും പ്രചാരണവും നടത്താന്‍ പാടുള്ളു. ഈ തത്വം പ്രായോഗികവല്‍ക്കരിക്കണമെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ഒരു നിയമനിര്‍മ്മാണം അനിവാര്യമാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കെതിരെയും ഒക്കെയുള്ള നിയമങ്ങള്‍ പ്രാബല്യത്തിലുണ്ട്. നിയമങ്ങള്‍ കൊണ്ട് മാത്രം അവിടങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ക്ക് പ്രഹരമേറ്റിട്ടുണ്ടോ എന്നത് സംശയമാണ്. സാമൂഹികമായ പരിഷ്‌കരണങ്ങളും പ്രായോഗികമായ അടിസ്ഥാന വിദ്യാഭ്യാസവുമൊക്കെ അതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. സാമൂഹികമായ പുരോഗമനത്തില്‍ മറ്റേത് സംസ്ഥാനത്തേക്കാളും കേരളം മുന്നിലാണ് എന്നതുകൊണ്ട് തന്നെ കര്‍ശനമായ നിയമ നിര്‍മാണങ്ങള്‍ കേരളത്തില്‍ കൂടുതല്‍ ഫലപ്രദമാകും.
ലഹരിയുടെ സ്വാധീനത്താല്‍ നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും മറ്റൊരു വശത്ത് മാറ്റങ്ങളില്ലാതെ തുടരുന്നുണ്ട്. അതില്‍ തന്നെ നമ്മള്‍ അധികം ചര്‍ച്ച ചെയ്തിട്ടില്ലാത്ത 'പാസ്സീവ് ഡ്രഗ് ഇന്‍ഫ്‌ളുവന്‍സ്' എന്നൊരു വസ്തുതയുണ്ട്. ആ പ്രയോഗം ഔദ്യോഗികമായി നിലവില്‍ ഉണ്ടോ എന്നറിയില്ല. പുകവലിക്കുന്ന ഒരാളില്‍ നിന്ന് അയാളുടെ ചുറ്റിലുമുള്ള പുകവലിക്കാത്ത ആളുകള്‍ക്ക് പോലും പുകവലിയുടെ ദോഷഫലങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന ഒരു അവസ്ഥയുണ്ട്. 'പാസ്സീവ് സ്‌മോക്കിംഗ്' എന്ന് അതിനെ വിളിക്കാം. അതുപോലെതന്നെ ഒരു വ്യക്തി ഇടപഴകുന്ന സമൂഹം അയാള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തെയും അയാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം. ആ സമൂഹം എന്നത് അയാള്‍ നേരിട്ട് ഇടപഴകുന്ന സമൂഹമോ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധങ്ങളോ ആകാം. ആ വലയത്തില്‍ ലഹരി ഉപയോഗിക്കുന്ന വ്യക്തികള്‍ ഉണ്ടെങ്കില്‍ അവരുടെ സ്വഭാവവും അവര്‍ക്ക് സമൂഹത്തോടുള്ള കാഴ്ചപ്പാടുകളും ചിന്തകളും ആക്രമണാത്മകതയും അവരുമായി ഇടപഴകുന്ന വ്യക്തികളിലും പ്രകടമായേക്കാം.
അത്തരത്തിലുള്ള ഒരു സാധ്യത ആരോഗ്യമേഖലയും ഭരണകൂടങ്ങളും സമൂഹവും വിലയിരുത്തേണ്ടതുണ്ട്. ലഹരി ഉപയോഗിക്കുന്നവരെ പറ്റി മാത്രമായി പോകരുത് നമ്മുടെ ചര്‍ച്ചകള്‍. ലഹരിക്ക് അടിമയായ ഒരു വ്യക്തിയുടെ തരത്തിലുള്ള സ്വഭാവ പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് കുറ്റകൃത്യം നടത്തുന്നതോ അക്രമാസക്തമായി പെരുമാറുന്നതോ ആക്രോശിക്കുന്നതോ ആയ പല വ്യക്തികളും എല്ലായ്‌പ്പോഴും ലഹരിക്ക് അടിമയായിരിക്കണമെന്നില്ല. അവരെ ശാസ്ത്രീയമായി പരിശോധിച്ചാല്‍ ലഹരിയുടെ അംശം കണ്ടെത്താന്‍ സാധിക്കണമെന്നും ഇല്ല. പക്ഷേ മേല്‍പ്പറഞ്ഞ 'പാസീവ് ഡ്രഗ് ഇന്‍ഫ്‌ളുവന്‍സ്' വഴി സ്വഭാവരൂപീകരണം നടന്നവരാകാം അവര്‍. അത്തരത്തിലുള്ള ഒരു പ്രക്രിയ നമ്മുടെ സമൂഹത്തില്‍ വളരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതും കൂടി അഭിസംബോധന ചെയ്തില്ല എങ്കില്‍ നമ്മള്‍ ഒരു തോറ്റ സമൂഹം ആയി മാറും. ലഹരിക്കെതിരെ നമുക്ക് നിയമങ്ങള്‍ ഉണ്ട്. പക്ഷേ 'പാസ്സീവ് ഡ്രഗ് ഇന്‍ഫ്‌ളുവന്‍സ്' വഴി ആക്രമണ സ്വഭാവം കാണിക്കുന്നതിനെതിരെ പ്രത്യേക നിയമവഴികളില്ല.
എന്തുകൊണ്ട് മനുഷ്യര്‍ മറ്റു ലഹരികള്‍ തേടി പോകുന്നു എന്നതിന്റെ ഉത്തരത്തേക്കുറിച്ചുള്ള ഏകദേശ ധാരണ നമുക്കുണ്ട്. പക്ഷേ ലഹരി ഉപയോഗങ്ങളെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കാത്തതിന് ലഹരിവസ്തുക്കളുടെ സുലഭമായ ലഭ്യത, മനുഷ്യന്റെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള അവബോധമില്ലായ്മ ഇതൊക്കെ കാരണങ്ങളാണ്. ബഹുഭൂരിപക്ഷം പേരും ലഹരിക്ക് അടിമയാകുമ്പോള്‍ ഉല്‍പാദനക്ഷമതയും സര്‍ഗാത്മകതയും നഷ്ടപ്പെട്ടവരായി തീരുകയും സമൂഹത്തിന് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ക്രിയേറ്റിവിറ്റിയും പ്രോഡക്ടിവിറ്റിയും നഷ്ടപ്പെട്ട അപകടകാരികളായ മനുഷ്യര്‍ ഉണ്ടായി വരുന്നു എന്നതിനെ അതിന്റെ വേരില്‍ ഇറങ്ങിച്ചെന്നു കൊണ്ടല്ലാതെ പരിഹരിക്കാന്‍ സാധിക്കില്ല.
നമ്മുടെ നാടിന് നവോത്ഥാനങ്ങളുടെ, കമ്മ്യൂണിസ്റ്റ് ചിന്തകളുടെ ശക്തമായ അടിത്തറയുണ്ട്. തലമുറകള്‍ വളര്‍ന്നുവരുന്തോറും ആ അടിത്തറയ്ക്ക് ഇളക്കം സംഭവിക്കരുത്. ലഹരിയും അന്ധവിശ്വാസങ്ങളും പകയും വിദ്വേഷവും നിറഞ്ഞ നവോത്ഥാനത്തിനും മുമ്പുള്ള ഇരുണ്ട കാലഘട്ടത്തിലേക്ക് തിരിച്ചുപോകേണ്ടിവരുന്ന അവസ്ഥ ഭയാനകമായിരിക്കും. ആധുനികവും സാങ്കേതികവുമായ ഒട്ടനവധി നേട്ടങ്ങളില്‍ അഭിരമിക്കുമ്പോള്‍ അതു മാത്രം ഉണ്ടായതുകൊണ്ട് പുരോഗമനം സാധ്യമാവില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സാമൂഹിക പുരോഗതിക്ക് മെച്ചപ്പെട്ട മാനസിക ആരോഗ്യമുള്ള മനുഷ്യരുണ്ടാകണം. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും തുല്യമായി പരിഗണിക്കണം. മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തേണ്ടതുണ്ട്. വളര്‍ന്നുവരുന്ന കുട്ടികള്‍,അവരുടെ രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങി ഈ സമൂഹത്തിലെ സകല വ്യക്തികളിലേക്കും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ശാസ്ത്രീയമായ അവബോധം ഉണ്ടാക്കിയെടുത്തെങ്കില്‍ മാത്രമേ ആരോഗ്യ സാക്ഷരത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.