ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'
Published on

മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ എന്നെന്നും അഭിനാനിക്കാവുന്ന ഒരു പേരാണ് പോത്തന്‍ ജോസഫ്. ആ നിരയില്‍ ഇരിപ്പിടം നേടിയ മഹനീയ വ്യക്തിത്വമായാണ് ടി.ജെ.എസ് ജോര്‍ജ്. 97-ാം വയസ്സില്‍ അദ്ദേഹം വിടപറയുമ്പോള്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായം അടയുകയാണ്

ടി.ജെ.എസ് 2008ല്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ് ഘോഷയാത്ര. അതില്‍ അദ്ദേഹത്തിന്റെ സ്വകാര്യജീവിതം കാര്യമായിട്ടൊന്നും എഴുതിയിരുന്നില്ല. എന്നാല്‍ അത് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാകാന്‍ മോഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും വിലപ്പെട്ടൊരു പുസ്തകമാണ്. എന്നാല്‍ അതിലൊന്നും പറയാത്ത കുടുംബവിശേഷത്തിന്റെ കെട്ടഴിക്കുന്നൊരു പുസ്തകം പുറത്തുവന്നിരുന്നു കഴിഞ്ഞ ജൂണ്‍ മാസം.

ടി.ജെ.എസ്.ജോർജ്ജ്
ടി.ജെ.എസ്.ജോർജ്ജ്

സമകാലിക സാഹിത്യത്തിലെ ഏറ്റവും മികച്ച ശബ്ദങ്ങളില്‍ ഒന്നായ 'ദി എല്‍സ്വെറയന്‍സ്', 'വീണ്ടെടുക്കലിന്റെയും പുനര്‍നിര്‍മ്മാണത്തിന്റെയും' വിശേഷങ്ങൾ ഒരു നോവലിന്റെ രൂപത്തിലാണ് പുറത്തുവന്നത്. അതെഴുതിയതാകട്ടെ അദ്ദേഹത്തിന്റെ മകന്‍ ജീത് തയ്യില്‍..!

മൂന്നാറുകള്‍ ചേരുന്ന മൂവാറ്റുപുഴയാറിന്റെ തീരത്തു നിന്നു തുടങ്ങി മൂവാറ്റുപുഴയയാറിന്റെ തീരത്തവസാനിക്കുന്ന സുന്ദരമായ എഴുത്ത്. അവരുടെ വീടിനെയും കുടുംബത്തെയും ഒരുമിച്ച് നിര്‍ത്തുന്ന ശക്തയായ സ്ത്രീയായ ജീത്ത് തയ്യിലിന്റെ അമ്മയായ അമ്മുവിന്റെ ജീവിതത്തെയും കാലത്തെയും കുറിച്ച് പറയുമ്പോള്‍, പലപ്പോഴും തടസ്സപ്പെട്ടുപോയ വികാരം ഇടയ്ക്കിടെ പുറത്തുചാടുന്നുണ്ട്.

ജീത്ത് തയ്യിൽ
ജീത്ത് തയ്യിൽ

അതില്‍ ടി.ജെ.എസ്. ജോര്‍ജ് ഏഷ്യാവീക്ക് ആരംഭിക്കുന്ന ഹോങ്കോംഗ് അധ്യായം രസകരമാണ്. അതുപോലെ തന്നെ രചയിതാവിന്റെ ചില വ്യക്തിഗത ചരിത്രം കൂടി പിന്തുടരുന്ന വിയറ്റ്‌നാം അധ്യായം കൂടുതല്‍ രസകരമാണ്. എന്നാല്‍ അതിലൊന്നും അധികം പരാമര്‍ശിക്കപ്പെടാത്ത ഏഷ്യാവീക്ക് എന്ന പ്രസിദ്ധീകരണത്തിന്റെ പിന്നാമ്പുറ കഥ ഈ അനുസ്മരണക്കുറിപ്പിലൂടെ പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ടി. ജെ. എസ്. ജോര്‍ജ് ഹോങ്കോങ്ങില്‍ എത്തുന്ന സമയത്ത് എം.പി നാരായണപിള്ള ഹോങ്കോം​ഗ് വിടാനൊരുങ്ങുകയായിരുന്നു. എങ്കിലും അവര്‍ തമ്മിലുള്ള ബന്ധം ഏറെ ദൃഢമായി. ഇടക്ക് ചില ഉച്ചക്കിറുക്കുകളൊക്കെ ഉണ്ടെങ്കിലും ഹോങ്കോങ്ങിലും തന്റേതുമാത്രമായ ഒരു വ്യക്തിത്വം സ്ഥാപിക്കാന്‍ നാണപ്പന് കഴിഞ്ഞെന്നാണ് ജോര്‍ജ് പറയുന്നത്. എന്തിനേറെ, സായിപ്പന്‍മാരെ അമ്പരപ്പിക്കുന്ന പലപല നമ്പറുകളിറക്കി അവരുടെയൊക്കെ പ്രശംസ പിടിച്ചുപറ്റാനും ടിയാന് കഴിഞ്ഞു. എവിടെചെന്നാലും മലയാളിത്തം കളയാന്‍ നാണപ്പന്‍ തയ്യാറായിരുന്നില്ല. ഇതുപോലെ പാചകവും. ഹോങ്കോംങ്ങ് തുറമുഖത്തെ അതി ശക്തതമായ കാറ്റത്ത് മുണ്ടുമുടുത്തു നടക്കാന്‍ ഒരുമാതിരി ആളുകള്‍ തയ്യാറാകില്ല. എന്നാല്‍ നാണപ്പൻ അതില്‍ ആനന്ദം അതില്‍ കണ്ടെത്തിയിരുന്നു. എന്തിനേറെ മുണ്ടുടുത്ത് തികച്ചും ഔദ്യോഗികപരിപാടികളില്‍ വിലസിനടക്കാനും കക്ഷിക്ക് മടിയുണ്ടായിരുന്നില്ലത്രെ..!

ടി.ജെ.എസ്.ജോർജ്ജ്
ടി.ജെ.എസ്.ജോർജ്ജ്

മലയാളക്കരയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള പ്രതിഭകളില്‍വ്യത്യസ്തമായ ഒരു ചൈതന്യ സാന്നിദ്ധമായിരുന്നു നാരായണപിള്ള. കണ്ടുമുട്ടിയ നാള്‍മുതല്‍, ജോര്‍ജിനും കുടുംബവും നാണപ്പന്റെ ആകര്‍ഷണ വലയത്തിലായിക്കഴിഞ്ഞിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനുശേഷം ഏറ്റം ഉദാത്തമായ മൗലികമായ ചിന്ത മാന്ത്രീകമായ ശൈലിയിലൂടെ അവതരിപ്പിച്ച സാഹിത്യകാരന്‍ നാരായണപിള്ളയായിരുന്നു എന്നാണ് ജോര്‍ജിന്റെ പക്ഷം. ഘോഷയാത്ര എഴുതാൻ പ്രേരിപ്പിച്ച നാണപ്പന്‍ തന്നെയായിരുന്നു അതിന്റെ അവതാരിക എഴുതിയതുപോലും. ഏഷ്യാവീക്കിന് ഒരു മൗലികത കൊണ്ടുവരുന്നതിലും നാണപ്പന്റെ കരങ്ങളുണ്ടായിരുന്നതിനാലാണ് ഇത് ആമുഖമായ അത് പറയുന്നത്.

ഊര്‍ജ്ജസ്വലരായ രണ്ട് പത്രപ്രവര്‍ത്തകര്‍. മൈക്ക് ഓ നീലും ടി.ജെ .എസ്സ് ജോര്‍ജും ചേര്‍ന്ന് ആരംഭിച്ച ഏഷ്യാ വീക്ക്, അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിന് പേരുകേട്ടതാണ്. ലോകത്തെയാകമാനം ഏഷ്യന്‍ കണ്ണിലൂടെ കാണുക, ലോകത്തില്‍ ഏഷ്യയുടെ ശബ്ദമായി മാറുക. ആദ്യ ലക്കത്തിലെ ആമുഖക്കുറിപ്പില്‍ ടി.ജെ.എസ്സ് എഴുതിയത് പോലെ: 'യാഥാര്‍ത്ഥ്യങ്ങള്‍ മാറി, അതിനാല്‍ മൂല്യങ്ങളും. ഇത് ഇപ്പോള്‍ ഒരു പുതിയ ഏഷ്യയാണ്, ഇത് റിപ്പോര്‍ട്ട് ചെയ്യുതിനുള്ള ഒരു പുതിയ പ്രസിദ്ധീകരണമാണിത്. ഏഷ്യാവീക്ക്. ചിരപുരാതനമായ ഏഷ്യന്‍ സമൂഹത്തില്‍ സംഭവിക്കുന്ന പുതിയ വിശേഷങ്ങള്‍ ചൂടാറും മമ്പേ ഏഷ്യാവീക്കിലൂടെ വായിക്കാം. ഏഷ്യാവീക്ക് ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ അത് അനിഷേധ്യ വിജയത്തിലെത്തിച്ചേര്‍ന്നു.

ടി.ജെ.എസ് ജോര്‍ജ് ആയിരുന്നു സ്ഥാപക എഡിറ്റര്‍ , നെറ്റ് വർക്ക്, സംഘാടനം എിന്നവയൊക്കെ മൈക്ക് ഓ നീല്‍ ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഏഷ്യാവീക്കിന്റെ പിന്നിലെ പ്രതിഭ ആരെന്ന് ജോര്‍ജിനോട് ചോദിച്ചാല്‍ പറയുന്ന പേരും മൈക്കിന്റേതായിരുന്നു. പത്രപ്രവര്‍ത്തനത്തോടുള്ള അടങ്ങാത്ത അഭിനിവേശത്താല്‍ ന്യൂസിലാന്റില്‍ നിന്ന് എത്തിയ ഈ പ്രതിഭാശാലി കാര്യമായി അക്കാദമിക് വിദ്യാഭ്യാസമൊന്നുമില്ലാത്ത മനുഷ്യനായിരുന്നു. ഒരു പത്രത്തില്‍ ഓഫീസ് ബോയ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ദേഹം ഹോങ്കോങ്ങിലേക്ക് കടന്നു. നല്ല ന്യൂസ് സെന്‍സുള്ള മൈക്ക് ഒരിക്കല്‍ ഒരു ഇടത്തരം ബാറില്‍ കയറി. അവിടെവെച്ച് ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂവില്‍ നിന്നുള്ള ചില ഡെസ്‌ക് എഡിറ്റര്‍മാര്‍ കക്ഷിയെ പരിചയപ്പെട്ടു. ആ രാത്രിയില്‍ ബാറില്‍ നിന്നിറങ്ങിയ മൈക്കിനെ എഡിറ്റര്‍മാര്‍ കുട്ടിക്കൊണ്ടുപോയി. പിന്നെ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് വാരികയില്‍ ജോലി ശരിപ്പെടുത്തിക്കൊടുത്തു.

എം.പി.നാരായണപിളള
എം.പി.നാരായണപിളള

ടി.ജെഎസ്സ് അന്ന് വാരികയുടെ പൊളിറ്റിക്കല്‍ എഡിറ്ററായിരുന്നു. അവിടെവച്ചാണ് മൈക്കും ടി.ജെ.എസ്സും ഉറ്റ ചങ്ങാതിമാരായതും ഏഷ്യാ വീക്ക് എന്ന അത്ഭുതത്തിന് തുടക്കമിടുന്നതും. ഒട്ടുമിക്ക കാര്യങ്ങളും സ്വയം പഠിച്ചെടുത്ത്, പിന്നീട് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച പണ്ഡിതനായി മാറി മൈക്ക്. അന്നൊക്കെ ഇരുവരും ഡസന്‍ കണക്കിന് വാരികകളും അത്രതന്നെ പത്രങ്ങളും എണ്ണമില്ലാത്തത്ര പുസ്തകങ്ങളും വായിക്കുമായിരുന്നു.

അക്കാലത്ത് യുദ്ധത്തില്‍ തകര്‍ന്ന കമ്പോഡിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള ടി.ജെ.എസ്സിന്റെ ചില റിപ്പോര്‍ട്ടുകള്‍ മൈക്കിനെ ഹരം കൊള്ളിച്ചു. പിന്നെ ഇരുവരും ഒരു ടീമായി. അല്ല, അവര്‍ ഇരുശരീരവും ഒരൊറ്റ അത്മാവുമായി മാറി. അതിന് പ്രധാന കാരണം, മൈക്കിന്റെ വെളുത്ത തൊലിക്ക് പിന്നില്‍ ഒരു തവിട്ട് നിറമുള്ള ഹൃദയമുണ്ടെന്ന് ടി.ജെ.എസ്സിന് ബോധ്യമായതാണ്.

വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീർ

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ടി.ജെ.എസ്സിന്റെ പതിവ് യാത്രകളില്‍ അദ്ദേഹം കണ്ടുമുട്ടിയ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, അക്കാദമിക് നിലവാരമുള്ളവരില്‍ നിന്ന് ടിയാന്‍ കേട്ട പതിവുചോദ്യങ്ങള്‍, കക്ഷി മൈക്കിനെ അറിയിച്ചു: ഏഷ്യയിലെ മികച്ച പ്രസിദ്ധീകരണങ്ങളെല്ലാം ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ളതാണ്. ഹോംങ്കോഗ് ആന്‍ഡ് ഷാങ്ഹായി ബാങ്കായിരുന്നു റിവ്യുവിന്റെ പിന്നിലെ സാമ്പത്തിക ശക്തി. മാത്രമല്ല, ഇമ്മാതിരി കാര്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കുള്ള പക്വതയും റിവ്യുവിന് മുതല്‍ക്കൂട്ടായി. കൊളോണിയന്‍ വ്യവസ്ഥയേയും മുതലാളിത്വത്തേയും പിന്താങ്ങുക എ പൊതു ധാരണയ്ക്കപ്പുറം ബാങ്കും ഗവണ്‍മെന്റും റിവ്യുവിന്റെ കാര്യങ്ങളില്‍ ഇടപെടാറില്ല. പരിചയസമ്പരായ ബ്രിട്ടീഷുകാരുടെ നേതൃത്വമാണ് അത് സാധ്യമാക്കിയതെന്ന് 1973ന് ശേഷം മാലോകരാകെ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ഏറെ താമസിയാതെ ഒരു അമേരിക്കന്‍ കമ്പനിയായ ഡൗജോസ് റിവ്യുവിനെ ഏറ്റെടുത്തു. പിന്നീടങ്ങോട്ട് നിലവാരത്തകര്‍ച്ച തുടങ്ങുകയായി. അമേരിക്കയുടെ ലോകവീക്ഷണം റിവ്യുവിന്റെ പേജുകളില്‍ നിറയാന്‍ തുടങ്ങി.

ചുരുക്കിപ്പറഞ്ഞാല്‍, ഏഷ്യന്‍ മാസികകളൊന്നും ഏഷ്യക്കാരുടെ ഉടമസ്ഥതയിലുള്ളതോ, ഏഷ്യയ്ക്ക് വേണ്ടി സംസാരിക്കുതോ അല്ല. ഇതിനൊരു പരിഹാരം കണ്ടുപിടിക്കാനാണ് ടി.ജെ.എസ്സും മൈക്കും ശ്രമിച്ചത്.

ഇത്തരത്തിലുള്ള സംഭാഷണങ്ങളിലൂടെയാണ് ഏഷ്യാവീക്ക് എന്ന ആശയം പിറന്നത്. പക്ഷെ സ്വപ്നം എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നതിനെക്കുറിച്ച് ഇരുവര്‍ക്കും കാര്യമായ ധാരണയുണ്ടായിരുില്ല. പത്രപ്രവര്‍ത്തനത്തില്‍ മികച്ചവരായിരുെങ്കിലും പ്രസിദ്ധീകരണത്തിന്റെ മാര്‍ക്കറ്റിങ്ങിനെ കുറിച്ചൊന്നും കാര്യമായ അറിവില്ലായിരുന്നു.

വാരിക നടത്തിക്കൊണ്ടുപോകാന്‍ ഭീമമായ തുകയൊന്നും ഇവരുടെ കയ്യിലുണ്ടായിരുില്ല. എങ്കിലും റിവ്യുവിന് ബദലായാണ് ഏഷ്യാ വീക്ക് എന്ന് പലരും പറയാന്‍ തുടങ്ങി. അങ്ങനെയൊന്നുമല്ലെങ്കിലും ഏഷ്യയുടെ ശബ്ദം പ്രൗഢിയോടെ ഉയര്‍ത്തണമെന്ന് ഇരുവരും ആഗ്രഹിച്ചു. അതിനുള്ള പണം കണ്ടെത്തേണ്ട ചുമതല മനമില്ലാ മനസ്സോടെയാണെങ്കിലും ടി.ജെ.എസ്സിന് ഏറ്റെടുക്കേണ്ടിവന്നു. ഏഷ്യയിലെ വന്‍ ബിസിനസ്സുകാരായ ചിലരെ കണ്ടുമുട്ടി. പലതും ആശയ്ക്ക് വക നല്‍കുന്നതായിരുന്നില്ല. ഒടുവില്‍ അവര്‍ ഒരു ഫിലിപ്പൈന്‍ ബാങ്കിനെ സമീപിക്കാന്‍ തീരുമാനിച്ചു. ബാങ്കിന്റെ ചെയര്‍മാനുമായി ടി.ജെ.എസ്സ് നടത്തിയ അവസാനവട്ട ചര്‍ച്ചയില്‍ വച്ച് അദ്ദേഹം സമ്മതപത്രങ്ങളില്‍ ഒപ്പിടുന്നു.

ഏഷ്യയ്ക്ക് വേണ്ടി സംസാരിക്കുന്ന ഒരു ഏഷ്യന്‍ മാഗസിനാണ് ഫിലിപ്പൈന്‍ ബാങ്കിന്റെ ധനസഹായത്തോടെ പുറത്തിറങ്ങുക എന്ന ഉറപ്പിലാണ് കാര്യങ്ങല്‍ നീങ്ങിയത്. ഏഷ്യയുടെ ഉടമസ്ഥതയിലുള്ള ഒരു ഏഷ്യന്‍ മാഗസിന്‍ എ ആശയം ക്ലിക്കുചെയ്തു. മാഗസിന്റെ പോളിസിയെക്കുറിച്ച് ചോദിച്ചവരോട് അവര്‍ പറഞ്ഞു: ടൈം മാഗസിന്‍ അമേരിക്കയെ ഉള്‍ക്കൊള്ളുന്ന അതേ അഭിമാനത്തോടെയാണ് ഞങ്ങള്‍ ഏഷ്യയെ ഉള്‍ക്കൊള്ളുന്നത്.

ടൈം മാഗസിന്റെ മേലധികാരികള്‍ അത് കേട്ടിരുന്നുവോ ആവോ? ഏഷ്യാവീക്ക് ചര്‍ച്ചാവിഷയമായി മാറിയതിനുശേഷം, ടൈം സിംഗപ്പൂരില്‍ നിന്ന് അച്ചടിച്ച് നേരത്തെ പ്രസിദ്ധീകരിക്കാനും തുടങ്ങി. വെല്ലുവിളിയുമായി ഉയര്‍ന്നുവന്ന ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ അതിന്റെ ശൃംഖല വിപുലീകരിക്കുകയും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഏഷ്യാവീക്കിനെ നിഷ്പ്രഭമാക്കാന്‍ ടൈമിന് കഴിഞ്ഞില്ല.

കേവലം യുക്തിബോധവും പരന്ന വായനയും കൊണ്ടുമാത്രമാണ് ഇതൊക്കെ ഇവര്‍ക്ക് നേടാനായത്. ഇതേകാലഘട്ടത്തിലായിരുന്നു വനിതാവിമോചനവും മറ്റും അമേരിക്കയിൽ പ്രബലമാകുന്നത്. ജുറമീയന്‍ ഗ്രീയറിന്റെ 'ഫീമെയില്‍ യുനക്' (പെണ്‍ നപുംസകം) എന്ന പുസ്തകം പാശ്ചാത്യ വനിതകള്‍ ഉയർത്തിപ്പിടിച്ച കാലം. സ്ത്രീകൾ കൂട്ടമായി ബ്രയ്‌സിയര്‍ ഉപേക്ഷിച്ച് വിമോചനവിപ്ലവം ആരംഭിച്ച കാലം. പിന്നെ ഒട്ടും മടിക്കാതെ നാണപ്പന്റെ സഹായത്തോടെ ടി.ജെ.എസ്സ് ഏഷ്യവീക്കിന്റെ കവര്‍ ഫിച്ചറായി എന്റെ കഥ എഴുതിയ മാധവിക്കുട്ടിയെ അവതരിപ്പിച്ചു.

ഏഷ്യാവീക്ക് തുടങ്ങി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെയാണിത് സംഭവിച്ചത്. ഇങ്ങ് കേരളത്തില്‍ എസ്.കെ നായരുടെ മലയാളനാട് വാരികയില്‍ മാധവിക്കുട്ടി, എന്റെ കഥ എന്ന പേരില്‍ എഴുതിത്തുടങ്ങിയിരുന്നു. അതിന് മുമ്പ് മലയാളനാട് വാരികയുടെ സര്‍ക്കുലേഷന്‍ നാല്പതിനായിരത്തിന് താഴെയായിരുന്നു. ഇത് അച്ചടിച്ചതോടെ വില്‍പ്പന 55,000 ആയി വര്‍ദ്ധിച്ചു. ഇതിനെത്തുടർന്നുള്ള വിവാദങ്ങളും ചര്‍ച്ചകളും ഹോങ്കോങ്ങിലിരുന്ന് ടി.ജെഎസ്സ് വായിച്ചുമനസ്സിലാക്കിയിരുന്നുവെന്ന് ചുരുക്കം. തന്റെ വായനക്കാര്‍ക്ക് വേണ്ടതെന്തെന്ന് നന്നായി അറിയാവുന്ന ടി.ജെ.എസ്സ് അങ്ങിനെയാണ് മാധവിക്കുട്ടിയെ ഏഷ്യാവീക്കില്‍ ഫിച്ചര്‍ ചെയ്തത്.

ജീവചരിത്രങ്ങളോടും ആത്മകഥകളോടും എന്തെന്നില്ലാത്ത തല്പര്യമായിരുന്നു ടി.ജെ.എസ്സിന്. എന്തെങ്കിലും പ്രത്യേകതയുള്ളവരെ ഇന്റര്‍വ്യു ചെയ്യുന്നതിലും കമ്പമുണ്ടായിരുന്നു. ജക്കാര്‍ത്തയില്‍പോയി സുഹാര്‍ത്തോവിനെ ഏഷ്യാവീക്കിനുവേണ്ടി ഇന്റര്‍വ്യു ചെയ്തത് ഏഷ്യയിലാകമാനം ആശ്ചര്യമുണ്ടാക്കിയ വാര്‍ത്തയായിരുന്നു. പത്രപ്രവര്‍ത്തകരെ അദ്ദേഹം അടുപ്പിച്ചിരുന്നില്ല. പ്രാധാന്യത്തില്‍ മുന്‍നിരയില്‍ നിന്ന ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യുവിന്റെ പ്രശസ്തനായ ഡെറിക് ഡേവിഡ് ദീര്‍ഘകാലമായി ഒരു ഇന്റര്‍വ്യൂവിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടന്നില്ല. ടി.ജെ.എസ്സ് കാര്യം അവതരിപ്പിച്ച ഉടന്‍ അനുകൂല മറുപടി ലഭിച്ചു.

ഏഷ്യാവീക്ക് എന്ന പുതിയ പ്രസിദ്ധീകരണമായിരുന്നു രഹസ്യം. ചരിത്രത്തിലാദ്യമായി ഏഷ്യക്കുവേണ്ടി ഒരു ശബ്ദം എന്ന നയം പ്രഖ്യാപിച്ച ഏഷ്യാവീക്ക് പത്രധര്‍മത്തിന്റെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. ഏഷ്യയിലെ ഒട്ടുമിക്ക നേതാക്കളും വാരികയെ സ്വാഗതം ചെയ്തുകൊണ്ട് മുന്നോട്ടുവന്നു. സിംഗപ്പൂരിലെ ലി ക്വാന്‍ യു മാത്രമായിരുന്നു ഇതിനൊരു അപവാദം. ആ രാജ്യത്ത് ഏഷ്യാവീക്കിന് അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ടായി. എന്നാല്‍ ചോദിക്കേണ്ട ചോദ്യം ധൈര്യമായി ചോദിച്ചതില്‍ ഒരിക്കലും ഏഷ്യാവീക്കിന് പശ്ചാത്താപം തോന്നിയിട്ടുമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടി.ജെ.എസ്സ് ജോര്‍ജിന് ഒരു മടുപ്പ് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ഇന്ത്യക്ക് വെളിയില്‍ ഇന്ത്യാക്കാര്‍ ബഹുമാനിക്കപ്പെടുന്നില്ല എന്നൊരുതോന്നല്‍!

ഇതിനിടെ ഏഷ്യവീക്ക് വിലക്ക് വാങ്ങാനും, പങ്കാളിയാകാനും പലരും മുന്നോട്ടുവന്നു. അതിനൊന്നും ആദ്യം ഇരുവരും വഴിപ്പെട്ടില്ല. എന്നാല്‍ പങ്കാളിയാകാനുള്ള റീഡേഴ്‌സ് ഡൈജസ്റ്റ് മുന്നോട്ടുവച്ച ഓഫര്‍ ഇവര്‍ സ്വീകരിക്കുകയായിരുന്നു. ഡൈജസ്റ്റിന്റെ വൃത്തിയുള്ളതും ആരോഗ്യകരവുമായ ഇമേജ് ഇവരെ പ്രചോദിപ്പിച്ചു.

ടി.ജെ.എസ്.ജോർജ്ജ്
ടി.ജെ.എസ്.ജോർജ്ജ്

എങ്കിലും ആ വില്പന ഒരു മണ്ടത്തരം തന്നെയായിരുന്നു. ആദര്‍ശവാദത്തില്‍, ഇവര്‍ ഫിലിപ്പൈന്‍ ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കുകയല്ലാതെ മറ്റൊരു പണവും അവരോട് ആവശ്യപ്പെട്ടില്ല. അത് റീഡേഴ്‌സ് ഡൈജസ്റ്റ് ഗ്രൂപ്പിനെയും ബാങ്കിനേയും ആശ്ചര്യപ്പെടുത്തിയിരിക്കണം, കാരണം അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷ വിഹിതത്തിന് ഇത് ഒരു ചെറിയ തുകയാണ്, മാത്രമല്ല തിരിച്ചടവ് പ്രതീക്ഷിക്കാത്ത ബാങ്കും.

അഞ്ചുവര്‍ഷത്തിനുശേഷം റീഡേഴ്‌സ് ഡൈജസ്റ്റ് അതിന്റെ ഓഹരികള്‍ ടൈം മാഗസിന് ഏതാനും ദശലക്ഷം യുഎസ് ഡോളറിന് വിറ്റപ്പോള്‍ ഇവരുടെ മണ്ടത്തരത്തിന്റെ വ്യപ്തി ഇവര്‍ക്കുതന്നെ ബോധ്യമായിക്കാണും. ടൈം മാഗസിന്‍ ഏഷ്യവീക്കിനെ ഏറ്റെടുത്തെങ്കിലും അവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 2001 ഡിസംബറില്‍ ഏഷ്യവീക്ക് പ്രസിദ്ധീകരണം നിര്‍ത്തുകയും ചെയ്തു. എങ്കിലും ചരിത്രത്തില്‍ ടി.ജെ.എസ് ജോര്‍ജിന്റേയും ഓ നീലിന്റേയും പേര് സ്വർണത്തിളക്കത്തോടെ നിലനില്‍ക്കും

Related Stories

No stories found.
logo
The Cue
www.thecue.in