Opinion

ഈ നോവൽ അതിജീവിക്കും; 'മാസ്റ്റർപീസി"നെക്കുറിച്ച് സജയ് കെ.വി.

ഇപ്പോഴിതാ, ഫ്രാൻസിസ് നൊറോണയുടെ 'മാസ്റ്റർപീസ്' എന്ന നോവലിലെ സാഹിത്യകാരവിമർശം അപ്പേരിലറിയപ്പെടുന്ന ആരെയോ പ്രകോപിപ്പിച്ചിരിക്കുന്നു. അയാളുടെ വിഷഗ്രന്ഥിയിലാണ് ചവിട്ടേറ്റത്. ഫ്രാൻസിസ് നൊറോണയുടെ മാസ്റ്റർപീസ് നോവലിന് അവതരിക എഴുതിയ സജയ് കെ.വി എഴുതുന്നു.

'ഒരു മഹാകവി പോലും, ഒരു മഹാകപി പോലും

പെരുമ ഭാവിച്ചു ചൊറിഞ്ഞിരിപ്പൂ !'

മഹാകവി വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്ക'ലിലെ വരികളാണ്. ആത്മപരിഹാസത്തിലൂടെ എഴുത്തുകാരൻ സ്വയം അഭിമുഖീകരിക്കുന്ന മലയാളകവിതയിലെ അനന്യസന്ദർഭം. ചങ്ങമ്പുഴയുടെ 'പാടുന്ന പിശാചി'ലുമുണ്ടായിരുന്നു സറ്റയറിന്റെ, ഇത്തരം വേതാളകേളികൾ. 'പ്രാകൃതനാണ് സാഹിത്യകാരൻ' എന്ന് വൈലോപ്പിള്ളിയും 'സാഹിത്യകാരന്മാർ, സാഹിത്യകാരന്മാർ, സാഹസികന്മാർ, ഭയങ്കരന്മാർ !' എന്ന് ചങ്ങമ്പുഴയും എഴുതിയത്, സാഹിത്യകാരൻ എന്ന ബഹുവചനരൂപിയായ ഏകവചനത്തെ മുൻനിർത്തിയാണ്. അതിൽ നിന്ന് സ്വയം ഒഴിഞ്ഞു നിൽക്കാനും അവർ ശ്രമിച്ചിട്ടില്ല. മികച്ച കുമ്പസാരകവന(Confessional poetry)ങ്ങൾ കൂടിയാണ് , 'കുടിയൊഴിക്ക'ലും' പാടുന്ന പിശാ'ചും.

ഇപ്പോഴിതാ, ഫ്രാൻസിസ് നൊറോണയുടെ 'മാസ്റ്റർപീസ്' എന്ന നോവലിലെ സാഹിത്യകാരവിമർശം അപ്പേരിലറിയപ്പെടുന്ന ആരെയോ പ്രകോപിപ്പിച്ചിരിക്കുന്നു. അയാളുടെ വിഷഗ്രന്ഥിയിലാണ് ചവിട്ടേറ്റത് എന്നും വ്യക്തമായിക്കഴിഞ്ഞു. സർപ്പസന്തതികളുടെ കുലമായി നമ്മുടെ സാഹിത്യലോകം മാറിക്കഴിഞ്ഞു എന്നാണിതു സൂചിപ്പിക്കുന്നത്. ഇതിനെതിരായ സർഗ്ഗാത്മകപ്രതികരണമാകുന്നു നൊറോണയുടെ മേൽപ്പരാമർശിച്ച നോവൽ.

പരിവേഷം നഷ്ടപ്പെട്ട കവിയെപ്പറ്റി ബോദലേറുടെ ഒരു കവിതയുണ്ട്- 'തെരുവിലൂടെ, നാനാദിക്കിൽ നിന്നും കടന്നാക്രമിക്കുന്ന മരണത്തിന്റെയും ചലിക്കുന്ന അവ്യവസ്ഥയുടെയും നടുവിലൂടെ, ചേറു ചവിട്ടി പാഞ്ഞുപോകുമ്പോൾ, പൊടുന്നനേ, എന്റെ ശിരസ്സിനെച്ചൂഴുന്ന പരിവേഷം ചേറ്റിൽ വീണു പോയി.' അതിൽ അഭിമാനിക്കുകയാണ് , പരിതപിക്കുകയല്ല, ചെയ്യുന്നത് അയാൾ.

ഇത്രമാത്രമേ നൊറോണയും ചെയ്യുന്നുള്ളൂ. പരിവേഷനഷ്ടം സംഭവിച്ച എഴുത്താളന്റെ ഹീനദിഗംബരരൂപം, ഒരു പ്രദർശനശാലയിലെന്നോണം, കാഴ്ച്ചപ്പെടുകയാണ് 'മാസ്റ്റർപീസ്' എന്ന നോവലിൽ . അരോചകികൾ ആക്രമിക്കുകയോ അവഗണിക്കുകയോ ചെയ്താലും ഈ നോവൽ അതിജീവിക്കും; നാം അകപ്പെട്ട കാലത്തിന്റെയും ലോകത്തിന്റെയും ഒരു മികച്ച, സാംസ്കാരികരേഖ എന്ന നിലയിൽ.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT