എനിക്ക് എഴുതണം എഴുതിയേ പറ്റു; നമ്മുടെ ശബ്ദമില്ലാതാകുന്നതിലൂടെ ഒരുപാട് മനുഷ്യരുടെ ശബ്ദം കൂടിയാണ് ഇല്ലാതാകുന്നത് :ഫ്രാൻസിസ് നൊറോണ അഭിമുഖം

എനിക്ക് എഴുതണം എഴുതിയേ പറ്റു; നമ്മുടെ ശബ്ദമില്ലാതാകുന്നതിലൂടെ ഒരുപാട് മനുഷ്യരുടെ ശബ്ദം കൂടിയാണ് ഇല്ലാതാകുന്നത് :ഫ്രാൻസിസ് നൊറോണ അഭിമുഖം
Summary

എപ്പഴും എന്തെങ്കിലും എഴുതുന്നതിനു മുമ്പ് ആദ്യം സർക്കാരിനെ വിമർശിക്കുന്നതാണോ എന്നാണ് ചിന്തിക്കുന്നത്. അത്തരത്തിലുള്ള ഒരു എഡിറ്റിംഗ് എന്റെ എഴുത്തിന് ആദ്യമേ വരും. ഞാൻ എഴുതുമ്പോൾ മനസ്സിൽ കാണാത്ത പലരും ഇത് വായിക്കുമ്പോൾ അവരെത്തന്നെ കാണുന്നു എന്നതാണ് സത്യം. എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണയുമായി നടത്തിയ അഭിമുഖം

Q

ഒരു പുസ്തകമെഴുതിയതിന്റെ പേരിൽ പല എഴുത്തുകാരും ക്രൂശിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ അറ്റാക്കുകൾക്ക് പുറത്ത് മാസ്റ്റർപീസ് എന്ന നോവലിലുണ്ടായ വിവാദത്തിൽ ജോലി തന്നെ ഉപേക്ഷിക്കാം എന്ന് തീരുമാനിക്കുന്നതെങ്ങനെയാണ്?

A

മാസ്റ്റർ പീസ് എന്ന നോവലിന്റെ പേരിൽ എനിക്കെതിരെ സർക്കാർ തലത്തിൽ ഒരു പരാതി വന്നിരുന്നു. ഞാൻ ജുഡീഷ്യൽ ഡിപ്പാർട്മെന്റിലാണ് പ്രവർത്തിക്കുന്നത്. എന്റെ സഹപ്രവർത്തകരൊക്കെ പറഞ്ഞത്, നിയമവശങ്ങൾ മനസിലാക്കി എഴുത്തിനൊപ്പം ജോലിയും തുടരാനാണ്. പക്ഷെ മറ്റുള്ളവരെ പോലുള്ള ഒരു അവസ്ഥയല്ല എന്റേത്. മാസ്റ്റർപീസിന് ശേഷം 'കക്കുകളി' എന്ന കഥയും വിവാദമായിരിക്കുന്ന അവസ്ഥയിൽ, മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്. അങ്ങനെയാണ് ഈ ഉപജീവനം ഉപേക്ഷിച്ച് അതിജീവനം തുടരാം എന്ന് തീരുമാനിച്ചത്. എഴുത്തുമായി ബന്ധപ്പെട്ട് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പൊതുവിൽ പ്രതിസന്ധിയുണ്ട് എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. ഇതൊരു പ്രത്യേക സംഭവമാണ്. പൊതുവെ എഴുത്തുകാരോട് സർക്കാർ അനുഭാവപൂർണമായ നിലപാടാണ് സ്വീകരിക്കാറുള്ളത്, എഴുത്തും കലാ പ്രവർത്തനവും നടത്തുന്ന ആളുകൾക്ക് സർക്കാർ വലിയ രീതിയിലുള്ള പിന്തുണ നൽകുന്നുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചെടുത്തോളം, നീതിന്യായ വകുപ്പിൽ ജോലി ചെയ്യുന്നതുകൊണ്ടുതന്നെ എന്റേത് ഒരു പ്രത്യേക സാഹചര്യമാണ്. അതുകൊണ്ടു തന്നെ ജോലിയും എഴുത്തും തുടർന്നുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ജോലി ഉപേക്ഷിച്ച് എഴുത്തിൽ തുടരാം എന്ന് തീരുമാനിച്ചതും അതുകൊണ്ടാണ്.

Q

'മാസ്റ്റർപീസ്' എന്ന നോവൽ എങ്ങനെയാണ് ഒരു സർക്കാർ മെമ്മോ നല്കുന്നതിലേക്ക് നയിക്കുന്ന തരത്തിൽ വിവാദമാകുന്നത്. നോവലിലെ പ്രധാനകഥാപാത്രം ഒരു എഴുത്തുകാരനാണല്ലോ. എഴുത്തുകാർക്കിടയിലെ പ്രശ്നങ്ങളും സാഹിത്യ രംഗത്തെ പുഴുക്കുത്തുകളുമാണല്ലോ നോവലിന്റെ പ്രമേയമായി വരുന്നത്. അതെങ്ങനെ ഒരു പരാതിയിലേക്കെത്തി?

A

ഞാൻ 2016 മുതലാണ് എഴുത്തിൽ സജീവമാവുന്നത്. അതിനു മുമ്പുവരെ എനിക്ക് എഴുത്തിന്റെ ഒരു പരീക്ഷണകാലമുണ്ടായിരുന്നു. പക്ഷെ ആ കാലം വായനയുടെ വലിയ കാലമായിരുന്നു. ഞാൻ വായിച്ച് അറിഞ്ഞിട്ടുള്ള ഒരു എഴുത്തിന്റെ ലോകമുണ്ട്. ആ ലോകത്ത് എഴുത്തുകാരൻ അത്രയും ആദരവും ബഹുമാനവുമെല്ലാം ലഭിക്കുന്ന ഒരു ബിംബമാണ്. വായനക്കാരന് അയാൾ ഒരു ദൈവീക പരിവേഷമുള്ളയാളാണ്. ആ ഒരിടമല്ല ഞാൻ എഴുത്തിലേക്കിറങ്ങിയപ്പോൾ കണ്ടത്. ഇത് ശരിക്കും ഒരു രാജ്യമാണ്. അവിടെ ഒരു രാജ്യത്തിന്റേതായ എല്ലാ അഴിമതികളും പ്രശ്നങ്ങളുമുണ്ട്. എനിക്ക് അതിൽ നിന്ന് മാറി നിന്ന് വിമർശിക്കാൻ കഴിയില്ല. ഞാനും ഉൾപ്പെടുന്ന ഒരു രാജ്യമാണത്. ഈ നോവലിൽ പതിനഞ്ചോളം പേജുകൾ ഞാൻ എന്നെ തന്നെ വിമർശിക്കാൻ മാറ്റി വച്ചിട്ടുണ്ട്. ഇത് ഒരു സറ്റയർ സ്വഭാവത്തിലാണ് പോകുന്നത്. വളരെ ഗൗരവമുള്ള ഒരു കാര്യമാണ് പറയുന്നത് എന്നതുകൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് എത്താൻ വേണ്ടിയാണ് സറ്റയർ ഉപയോഗിച്ചത്.

വായനക്കാർ ഇതുവരെ കാണാത്ത ഒരു സാഹിത്യലോകം. അങ്ങനൊരു ലോകത്തിന്റെ വാതിലും ജനലും അവരുടെ മുന്നിൽ തുറന്നിടുക എന്നതാണ് ഞാൻ ഈ നോവലിലൂടെ ഉദ്ദേശിച്ചത്. നിങ്ങൾ കാണൂ ഇതാണ് ഇവിടുത്തെ അവസ്ഥ. ഇത്രയും പരിതാപകരമായ അവസ്ഥകൂടിയിവിടെയുണ്ട്. നല്ലതുള്ളപ്പോൾ തന്നെ ഇങ്ങനൊരു അവസ്ഥയുമിവിടെയുണ്ട് എന്ന് ഞാൻ പറയുന്ന പുസ്തകമാണ് 'മാസ്റ്റർപീസ്'. എന്തടിസ്ഥാനത്തിലാണ് പരാതി കൊടുത്തതെന്ന് അറിയില്ല. കൃത്യമായി എന്താണ് പരാതി എന്നെനിക്കറിയില്ല. പക്ഷെ സർക്കാർ മെമ്മോയിൽ പറയുന്നത് ഈ നോവൽ എഴുതാൻ ഞാൻ മുൻ‌കൂർ അനുമതി വാങ്ങിയില്ല എന്നാണ്. നമ്മൾ എല്ലാ പുസ്തകങ്ങൾക്കും അതിന്റെ കോപ്പി സഹിതം നൽകി ഡിപ്പാർട്മെന്റിൽ നിന്നും അനുമതി വാങ്ങിച്ചിട്ട് മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നാണ് നിയമം. അങ്ങനെ നോക്കിയാൽ നമുക്ക് ഒരു ഫേസ്ബുക് പോസ്റ്റ് എഴുതണമെങ്കിൽ തന്നെ ഈ അനുവാദം ആവശ്യമാണ്. നിയമങ്ങളിങ്ങനെയാണെങ്കിലും ഒരു സർക്കാരും എഴുത്തുകാരുടെ കാര്യത്തിൽ അത്തരം കടുംപിടുത്തങ്ങൾ കാണിക്കാറില്ല. പക്ഷെ ഒരു പരാതി വരുമ്പോൾ, പ്രത്യേകിച്ച് ഒരു നിയമസംവിധാനത്തിനു കീഴിലുള്ള സ്ഥാപനത്തിലാകുമ്പോൾ ഇത് നിയമലംഘനമായി മാത്രമേ കാണു. ഞാൻ മുമ്പ് പഞ്ചായത്തിൽ വർക്ക് ചെയ്യുന്ന സമയത്ത് ഒരു ജനറൽ പെർമിഷൻ എടുത്തിരുന്നു. പക്ഷെ അത് ഇരുപത് വർഷങ്ങൾക്ക് മുമ്പായിരുന്നു. എന്നാൽ അതിനെ നിയമപരമായി ചോദ്യം ചെയ്യാൻ ഏതൊരാൾക്കും സാധിക്കും. എല്ലാത്തിനും അനുവാദം വാങ്ങുക എന്ന് പറഞ്ഞാൽ ഒരു ഫിക്ഷൻ എഴുത്തുകാരനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് എഴുത്ത് തുടരാം ജോലി മതിയാക്കാം എന്ന് തീരുമാനിച്ചത്.

Q

എഴുത്തിനൊപ്പം സുരക്ഷിതമായ ജോലിയുണ്ടായിരുന്ന, ഇപ്പോഴുമുള്ള ഒരുപാട് എഴുത്തുകാരുണ്ട്. എം. മുകുന്ദനെ പോലെ, എൻ.എസ് മാധവനെപോലെ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പോലെ, ഇവരെല്ലാം വളരെ സമാധാനത്തിൽ എഴുതുന്നത് ഈ ജോലിയുടെ ബലത്തിൽ കൂടിയാണ്. ഒരു എഴുത്തുകാരന്റെ സാമ്പത്തികാവസ്ഥ നമ്മൾ ചർച്ചചെയ്യേണ്ട കാര്യം തന്നെയാണല്ലോ. ഒരാൾക്ക് എഴുതി മാത്രം ജീവിക്കാൻ പറ്റുമോ എന്നത് ഒരു ചോദ്യമാണല്ലോ? ഉപജീവനമാണോ അതിജീവനമാണോ എന്ന അവസ്ഥയിൽ അതിജീവനം തെരഞ്ഞെടുത്തു എന്ന് നിങ്ങൾ എഴുതുന്നതിൽ ആ അവസ്ഥയുണ്ടല്ലോ.

A

ആനുകാലികങ്ങളിൽ ഒരു കഥ കവർ സ്റ്റോറിയായി വന്നാൽ മാത്രമേ നമുക്ക് ഒരു അയ്യായിരം രൂപയെങ്കിലും കിട്ടൂ. അല്ലാത്തപക്ഷം എല്ലാവരും തരുന്ന ഏറ്റവും കൂടിയ തുക മൂവ്വായിരമാണ്. ചിലർ രണ്ടായിരം തരും, ചിലർ ആയിരത്തിയഞ്ഞൂറ്. കഥയൊക്കെ നമ്മൾ ആറുമാസത്തിനിടയ്ക്ക് ഒന്നൊക്കെയാണ് എഴുതുന്നത്. അങ്ങനെ കഥയെഴുതി ഒരു വർഷം നമുക്ക് സമ്പാദിക്കാൻ കഴിയുന്ന ഏറ്റവും കൂടിയ തുക ഏകദേശം ആറായിരം രൂപയാണ്. ഈ നോവലിൽ ഞാനത് കൃത്യമായി കണക്കുകൂട്ടി പറയുന്നുണ്ട്. വളരെ സജീവമായി എഴുതുന്ന ഒരാളുടെ വരുമാനമെന്താണ്, തൊഴിലുറപ്പിനു പോയാൽ അതിലും കൂടുതൽ വരുമാനം കിട്ടുമെന്നൊക്കെ സറ്റയറായി അവതരിപ്പിക്കുന്നു. ഈ നോവൽ എഴുത്തിന്റെ സകല മേഖലകളെ കുറിച്ചും പറയുന്നുണ്ട്.

Q

എഴുത്തുകാരൻ അണ്ടർ പെയ്ഡ് ആണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇനി അങ്ങോട്ട് എഴുത്തു മാത്രം മതി എന്ന് തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ധൈര്യമുണ്ടല്ലോ, അങ്ങനെ റോയൽറ്റിയിലൂടെ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ബെന്യാമിനെ പോലെയോ, കെ ആർ മീരയെ പോലെയോ ചിലർ മാത്രമേയുള്ളു. ആ തീരുമാനമെടുക്കാനുള്ള ധൈര്യം എന്തായിരുന്നു?

A

കെ. ആർ മീരയെ പോലെയോ ബെന്യാമിനെ പോലെയോ അത്ര പോപ്പുലറല്ല എന്റെ പുസ്തകങ്ങളുടെ സെയിൽ. ഞാൻ 2016ൽ എഴുത്തിലേക്ക് വന്നു, എന്റെ പുസ്തകങ്ങളെ കുറിച്ച് ആളുകൾ കെട്ടും അറിഞ്ഞും വരുന്നേയുള്ളു. ഒരു മൂന്നു നാല് വർഷത്തേക്കെങ്കിലും എനിക്കൊരിക്കലും എഴുത്ത് ഒരു ഉപജീവനമാർഗ്ഗമാണെന്ന് പറയാൻ സാധിക്കില്ല. ഞാൻ കടന്നുവന്നിട്ടുള്ള സാഹചര്യം വളരെ സാധാരണമായ ഒരാളുടേതാണ്. ലളിതമായ ജീവിതമാണ് എനിക്കുള്ളത്. എന്റെ പെൻഷൻ ആനുകൂല്യങ്ങൾ ഉപയോഗിച്ച് വേണമെങ്കിൽ ഒരു ഓട്ടോ എടുത്തിട്ടാണെങ്കിലും ഓടാം എനിക്ക്. വളരെ സാധാരണമായ ഒരു ജീവിതം ജീവിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. നാളെ എഴുത്തിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം എന്നൊന്നും ഞാൻ കരുതുന്നില്ല, എന്നാൽ എഴുത്ത് എനിക്കൊരു പാഷൻ ആണ്. എഴുതിയില്ലെങ്കിൽ മരിച്ചു പോകുമെന്ന പോലെ പ്രണയമുണ്ട് എനിക്ക് എഴുത്തിനോട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. എനിക്ക് എഴുതണം, എഴുതിയേ പറ്റു. നമ്മുടെ എഴുത്തിലൂടെ നമ്മൾ ഒരുപാട് മനുഷ്യരെ പ്രതിനിധീകരിക്കുന്നുണ്ട്. നമ്മുടെ ശബ്ദമില്ലാതാകുന്നതിലൂടെ ഈ മനുഷ്യരുടെ ശബ്ദം കൂടിയാണ് ഇല്ലാതാകുന്നത്. അവരുടെ സ്വരം ഇല്ലാതാകരുത് എന്ന ഉദ്ദേശം കൂടിയുണ്ട് ഇതിനെല്ലാം പിന്നിൽ.

Q

എഴുത്തിനോടുള്ള പാഷനെപ്പറ്റി പറയുമ്പോൾ ഈ നോവലിൽ തന്നെ കുറിക്കു കൊള്ളുന്ന ഒരുപാട് വാചകങ്ങൾ എഴുതി വെക്കുന്നുണ്ട്. "നിരാശപ്പെടേണ്ട വത്സാ... അനുഭവങ്ങളങ്ങനെ പെറ്റുകിടക്കയല്ലേ... ട്രെന്‍ഡ് തീരും മുന്നേ നീ ഇറങ്ങിപ്പുറപ്പെട്ടോളൂ..." എന്നെഴുതുന്നിടത്ത് സോഷ്യൽ മീഡിയയുടെ കാലത്ത് എങ്ങനെ സ്വയം എസ്റ്റാബ്ലിഷ്‌ ചെയ്യാം എന്നൊക്കെ ചിന്തിക്കുന്ന ഒരെഴുത്തുകാരനെ ഒറ്റ വാക്യത്തിൽ അവതരിപ്പിക്കാൻ താങ്കൾക്ക് സാധിച്ചു. എഴുത്ത് ഒരു തരത്തിലും നിർത്തനാകില്ല എന്ന ബോധ്യത്തിൽ നിന്നാണോ ഈ തീരുമാനം?

A

ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് കുറെ അധികം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് മാത്രമേ എഴുതാൻ സാധിക്കൂ. പലകാര്യങ്ങളിലും വിധേയത്വം നിലനിർത്തിക്കൊണ്ടു മാത്രമേ എനിക്ക് സർക്കാർ തസ്തികയിലിരുന്നുകൊണ്ട് എഴുതാൻ സാധിക്കുകയുള്ളു. എപ്പഴും എന്തെങ്കിലും എഴുതുന്നതിനു മുമ്പ് ആദ്യം സർക്കാരിനെ വിമർശിക്കുന്നതാണോ അത് എന്നാണ് ചിന്തിക്കുന്നത്. അത്തരത്തിലുള്ള ഒരു എഡിറ്റിംഗ് എന്റെ എഴുത്തിന് ആദ്യമേ വരും. ഒരെഴുത്തുകാരൻ എപ്പോഴും സ്വതന്ത്രനായിരിക്കണം. സ്വതന്ത്രമായി എല്ലാത്തിനെ കുറിച്ചും അയാൾക്ക് സംസാരിക്കാൻ സാധിക്കണം. എല്ലാ മേഖലയിലും ഇടപെടുന്ന സമയത്ത് തന്നെ എഴുത്ത് ഒരു ഹിഡൻ അജണ്ടയായി മാറുന്നതാണ് മാസ്റ്റർപീസിൽ ഞാൻ പൊളിച്ചെഴുതുന്നത്. ഈ സാഹചര്യത്തിലാണ് ഞാൻ എഴുത്തിലൂടെ അതിജീവിക്കാം എന്ന് കരുതുന്നത്. അത് അത്ര ഈസി ആയ ഒരു കാര്യമൊന്നുമല്ലെന്ന് എനിക്കറിയാം.

Q

താങ്കൾ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടെഴുതിയ ഫേസ്ബുക് പോസ്റ്റിൽ," മാസ്റ്റർപീസിന്റെ താളുകളിൽ എന്റെ അജ്ഞാത ശത്രു, വിരുന്നൊരുക്കി വീണ്ടുമെന്റെ എഴുത്ത് മേശ" എന്ന് എഴുതിയിരുന്നു. ഈ പരാതി നൽകിയത് ആരാണെന്നാണ് തോന്നുന്നത്? തുടർച്ചയായി ഇത്തരം വിവാദങ്ങളുണ്ടാകുമ്പോൾ സ്വാഭാവികമായും അത് ആലോചിക്കുമല്ലോ.

A

'മാസ്റ്റർപീസ്' രാഷ്ട്രീയമായി ആരെയെങ്കിലും എതിർത്തുകൊണ്ടുള്ള ഒരു വർക്ക് അല്ല. പൂർണ്ണമായും ലിറ്റററി ആയ ഒരു പുസ്തകമാണ്. മതങ്ങളെ വിമർശിക്കുന്ന പുസ്തകങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. എന്നാൽ അതിനെതിരെയൊന്നുമുണ്ടാകാത്ത പരാതി എങ്ങനെ മാസ്റ്റർപീസിനെതിരെ വന്നു എന്നതാണ് എനിക്ക് മനസിലാകാത്തത്. പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയം ഇങ്ങനൊന്നായതുകൊണ്ടു തന്നെ അത് വായിക്കുന്ന വായനക്കാരുടെയും എഴുത്തുകാരുടെയും മനസ്സിൽ അവര് നിൽക്കുന്ന അവസ്ഥയെ കുറിച്ച് തിരിച്ചറിവുണ്ടായി അത് തിരുത്തണമെന്ന ആഗ്രഹത്തോടെ എന്നെ വിളിച്ചവരുമുണ്ട്. ഞാൻ എഴുതുമ്പോൾ മനസ്സിൽ കാണാത്ത പലരും ഇത് വായിക്കുമ്പോൾ അവരെത്തന്നെ കാണുന്നു എന്നതാണ് സത്യം. എഴുതുമ്പോൾ എന്റെ മനസ്സിൽ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായി ഒരുപാടുപേർ ഉണ്ടായിരുന്നു. പക്ഷെ വായിക്കുന്നവർ ഞാൻ കണ്ടതിനുമപ്പുറം ആളുകളെ കാണുന്നു. പരാതി ചിലപ്പോൾ സാഹിത്യമേഖലയിൽ നിന്ന് തന്നെയായിരിക്കും എന്ന് ചിന്തിക്കുന്നത് അതുകൊണ്ടുതന്നെ സ്വാഭാവികമാണ്. ഇത് ഒരിക്കലും ഒരു എഴുത്തുകാരൻ ചെയ്തതാവരുതേ എന്ന് മാത്രമേ എനിക്കുള്ളൂ. ഈ പരാതി കൊടുത്തത് ഒരെഴുത്തുകാരനാണെന്നു മനസിലാകുന്ന നിമിഷം ഞാൻ തകർന്നു പോകും അതൊരിക്കലും ആയിരിക്കല്ലേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ഫയലുകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഒരുപക്ഷെ അത് മനസിലാകും. അത് അറിയുമ്പോഴും ഏതെങ്കിലും ഒരു അപരിചിതനായിരിക്കണേ എന്ന് മാത്രമേ ഞാൻ ഇപ്പോൾ ചിന്തിക്കുന്നുള്ളു.

Q

'കക്കുകളിയും' ഈ സമയത്ത് തന്നെ വിവാദമായല്ലോ. ആ നാടകം നേരത്തെ തന്നെ നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ഈ അടുത്ത് ഒരു മത വിഭാഗം തന്നെ അതിനെതിരെ രംഗത്ത് വരുന്നു. വീണ്ടും വീണ്ടും വിവാദങ്ങളുണ്ടാകുന്നു. നമ്മൾ ടാർഗറ്റ് ചെയ്യപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകുന്നുണ്ടോ?

A

തീർച്ചയായും. മാസ്റ്റർപീസിന്റെ പരാതിക്കു ശേഷമാണ് അടുത്ത നീക്കമുണ്ടാകുന്നത്. മാസ്റ്റർപീസ് അവരുദ്ദേശിച്ച ചലനം ഉണ്ടാക്കാത്തതുകൊണ്ടാണ് പുതിയ വിവാദത്തിലേക്ക് പോയത് എന്നാണ് കരുതുന്നത്. ഞാൻ ഒതുങ്ങിപോയിട്ടില്ല എന്ന അവസ്ഥയിലാണ് 'കക്കുകളി' വിവാദമാകുന്നത്. ഇത് രണ്ടും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് ഒറ്റനോട്ടത്തിൽ പറയാമെങ്കിലും, കക്കുകളി വിവാദം വരുന്ന വഴിയും സംഭവിക്കുന്ന രീതിയുമെല്ലാം നോക്കുമ്പോൾ എന്നെ ഒരു സർക്കാർ ജീവനക്കാരനാക്കി മൂലയിൽ ഒതുക്കി നിർത്തതാം എന്ന ഉദ്ദേശമാണ് രണ്ടിന്റെയും പുറകിലുള്ളത്. എനിക്ക് അങ്ങനെ ഒരു ആകുലതയുണ്ട്. അത് ചിലപ്പോൾ തെറ്റായിരിക്കാം പക്ഷെ സ്വാഭാവികമായും അങ്ങനെ ചിന്തിക്കാനാണ് എനിക്ക് തോന്നുന്നത്. അതിൽ ഞാൻ ഭയപ്പെടുന്നുമില്ല. എല്ലാത്തിനെയും നേരിട്ട് എന്റെ വായനക്കാരുള്ളിടത്തോളം എനിക്ക് എഴുതണമെന്നാണ് ആഗ്രഹം. അവർക്ക് എന്നെ മടുത്താലും, ഞാൻ വന്ന് ആസ്വദിച്ച് നിന്ന, വായനയുടെ ഒരിടമുണ്ട് അവിടെ ഞാനുണ്ടാകും. ഞാൻ എല്ലായിപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഒരു എഴുത്തുകാരനായി എത്രകാലം തുടരാനാകും എന്നെനിക്കറിയില്ല, എന്നാൽ ഒരു വായനക്കാരനായി മരിക്കുന്നതുവരെ ഞാനുണ്ടാകും.

Q

ഒരുപാട് കെട്ടുപാടുകൾക്കിടയിൽ നിന്നും, പ്രതിസന്ധികൾക്കിടയിൽ നിന്നും വീണ്ടും തിരിച്ചു പോകുന്നത് സ്വന്തം എഴുത്തുമേശയിലേക്കാണല്ലോ, എത്രത്തോളം പ്രതീക്ഷയോടെയും സമാധാനത്തോടെയുമാണ് ആ എഴുത്ത്മേശയിലേക്ക് തിരിച്ച് പോകുന്നത്?

A

ജീവനുള്ള എന്തുതന്നെയാണെങ്കിലും, അത് ഒരു ചെടിയായാലും ഒരു ജീവിയായാലും, അത് ഏറ്റവും മൂർച്ചയോടെ വളരുന്നത് സ്വാതന്ത്ര്യങ്ങളിലല്ല, പ്രതിസന്ധികളിലാണ്. അപ്പൊ ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുവന്ന എന്റെ എഴുത്ത് കൂടുതൽ തീക്ഷ്ണമാകും എന്നാണ് ഞാൻ കരുതുന്നത്. അരികുവത്കരിക്കപ്പെട്ടവരെ അടയാളപ്പെടുത്താനും ആൺ അധികാരത്തെ തുറന്നു കാണിക്കാനും നിരന്തരം ഞാൻ എഴുത്തിലൂടെ ശ്രമിച്ചിരുന്നു. ആ എഴുത്ത് തുടരുന്നുണ്ട്. ആ എഴുത്തിനു പിന്നാലെ ഇതുപോലുള്ള വിവാദങ്ങൾ ഇനിയുമുണ്ടാകുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. അതിനെയെല്ലാം നേരിടാനുള്ള മനസും കരുത്തും ഉണ്ട്. അത് എക്കാലവും ഉണ്ടാവുകയും ചെയ്യും

Related Stories

No stories found.
logo
The Cue
www.thecue.in