Opinion

രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ പരസ്യമായ തര്‍ക്കം ചരിത്രത്തില്‍ ഇല്ലാത്തത്; കളമൊരുങ്ങുന്നത് ചൈന-അമേരിക്ക-റഷ്യ അച്ചുതണ്ടിന്?

ചരിത്രത്തില്‍ തന്നെ ഇല്ലാത്ത വിധമുള്ള ഒരു സംഭവമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മിലുണ്ടായ വാദപ്രതിവാദത്തില്‍ കണ്ടത്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാണെങ്കിലും സ്വകാര്യമായാണ് അവ സാധാരണഗതിയില്‍ ചര്‍ച്ച ചെയ്യുക. അത് എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പബ്ലിക് ഷോ ആയി മാറിയതെന്ന് അറിയില്ല. രണ്ട് കൂട്ടര്‍ക്കും ഇതില്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന് വേണം കാണാന്‍. അവരുടെ ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കത്തക്കവണ്ണം വളരെ പ്രയാസമുള്ള ചര്‍ച്ചകള്‍ ആയതുകൊണ്ട് രണ്ടുപേര്‍ക്കും ഇതൊരു പബ്ലിക് ഷോ ആയി നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ ഇങ്ങനെയൊരു സംഭവം ഇത്ര രൂക്ഷമായ മൂന്ന് വര്‍ഷത്തെ യുദ്ധത്തിന് ശേഷം, നമ്മുടെ ചരിത്രത്തില്‍ തന്നെ കണ്ടിട്ടില്ല. യുദ്ധത്തില്‍ ഒരാള്‍ ഇരയാണ് ഒരാള്‍ മധ്യസ്ഥനാണ്. അത്തരമൊരു സാഹചര്യത്തില്‍ ഒരു തര്‍ക്കമായിട്ടോ വാദപ്രതിവാദമായിട്ടോ വരാനുള്ള സാധ്യത വളരെ കുറവാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

നടക്കുന്നത് ലോകക്രമത്തെ മാറ്റിമറിക്കുന്ന ചർച്ചകൾ

കഴിഞ്ഞ 30 വര്‍ഷം ഇല്ലാത്ത തരത്തില്‍ കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് ലോകക്രമം തന്നെ മാറിപ്പോകുന്ന തരത്തിലുള്ള ചര്‍ച്ചയാണ് ഇവിടെ നടന്നത്. റഷ്യ-അമേരിക്ക ബന്ധം എക്കാലത്തും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. പലപ്പോഴും ഉണ്ടായിട്ടുള്ള ചെറിയ മാറ്റങ്ങള്‍, ഗോര്‍ബച്ചേവിന്റെ കാലത്തുണ്ടായ മാറ്റങ്ങള്‍ ഒക്കെ വളരെ നാടകീയമായാണ് അന്ന് കണ്ടിരുന്നത്. അതില്‍ നിന്നൊക്കെ മാറി റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറയുമ്പോള്‍ ഇങ്ങനെയൊരു രാഷ്ട്രീയമായിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്. റഷ്യയുടെ കൂടെ നില്‍ക്കില്ലെന്നായിരുന്നു വിചാരിച്ചിരുന്നത്. നേറ്റോയോട് റഷ്യ യുദ്ധമായിരുന്നല്ലോ. അതില്‍ അമേരിക്ക പങ്കെടുത്തിരുന്നു. ധാരാളം പണവും ആയുധങ്ങളും നല്‍കിയിരുന്നു. അതില്‍ നിന്ന് പെട്ടെന്ന് മാറിയിട്ട് ഇരയെ അക്രമിയായി കാണിക്കുകയും യഥാര്‍ത്ഥ അക്രമിയുടെ കുറ്റം വലുതായി കാണിക്കാതിരിക്കുകയും ചെയ്യുകയും യുക്രൈന്റെ ധാതുക്കള്‍ കയ്യിലാക്കാന്‍ നടത്തുന്ന ശ്രമവും ചരിത്രത്തില്‍ ഇല്ലാത്തതാണ്. അതുകൊണ്ടാണ് ഇതിന് പ്രത്യേക പ്രാധാന്യം വന്നിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ മിനറല്‍സിന്റെ ഒരു കരാര്‍ ഉണ്ടാകുമെന്നാണ് നമ്മള്‍ വിശ്വസിച്ചിരുന്നത്. അമേരിക്ക ചെലവാക്കിയ പണം തിരിച്ചു പിടിക്കുകയെന്നതാണ് പ്രസിഡന്റ് ട്രംപിന്റെ ശ്രമം. പലതരത്തിലുള്ള യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട്, അവ സമാധാനത്തിലേക്ക് വരുന്നതും കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരു തകിടം മറിച്ചില്‍ മറ്റൊരിടത്തും കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല, ചരിത്രം പരിശോധിച്ചാല്‍. ട്രംപിന്റെ പ്രത്യേകത നമുക്ക് അറിയാം. ഒരുപക്ഷേ പുടിന് പോലും ഇത് അതിശയമായിക്കാണാനാണ് സാധ്യത. 24 മണിക്കൂറിനുള്ളില്‍ യുദ്ധം തീര്‍ക്കും എന്ന് ട്രംപ് പറഞ്ഞതൊക്കെ വളരെ ആശാവഹമായിരുന്നെങ്കിലും ആ തരത്തിലായിരുന്നില്ല കാര്യങ്ങള്‍ നീങ്ങിയത് എന്നതാണ് പ്രത്യേകത. റഷ്യ അമേരിക്ക ബന്ധങ്ങളില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ട്രംപിന്റെ സമീപനം തീര്‍ച്ചയായിട്ടും വ്യത്യസ്തമായിരുന്നു, അതിശയകരമായിരുന്നു. എന്നിട്ടും ഒരു യുദ്ധവിരാമം ഉണ്ടായിട്ടില്ല.

പ്രസിഡന്റ് സെലന്‍സ്‌കി അപ്രതീക്ഷിതമായി വളരെ ശക്തമായ നിലപാടാണ് എടുത്തത്. യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമില്ലെന്നത് പോലെയാണ് കണ്ടത്. അതിന് പ്രധാന കാരണം നേറ്റോ രാജ്യങ്ങള്‍ അദ്ദേഹത്തിന് വലിയ പിന്തുണ നല്‍കിയെന്നതാണ്.

വിശേഷിച്ച് യുകെയും ഫ്രാന്‍സും ജര്‍മനിയും ഡൊണാള്‍ഡ് ട്രംപിന്റെ ആശയങ്ങള്‍ അറിയാമെങ്കില്‍ പോലും വളരെ ശക്തമായിത്തന്നെ സെലന്‍സ്‌കിയെ പിന്തുണച്ചതുകൊണ്ടാണ് അദ്ദേഹം അങ്ങനെയൊരു നിലപാടെടുക്കാന്‍ തയ്യാറായത്. മിനറല്‍സ് കരാറില്‍ ഒപ്പിട്ട് അമേരിക്കയ്ക്ക് കുറേ പണം തിരിച്ചു കൊടുത്ത ശേഷം റഷ്യയോട് അവര്‍ കീഴടക്കിയ സ്ഥലങ്ങളില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെടുന്നത് അടക്കമുള്ള പദ്ധതികളായിരുന്നു അദ്ദേഹം നേരത്തേ മുന്നോട്ടു വെച്ചിരുന്നത്. ഇപ്പോള്‍ മിനറല്‍സ് കരാര്‍ ഒപ്പുവെച്ചില്ല. അത് നടക്കുമെന്നായിരുന്നു കരുതിയത്. അവസാന നിമിഷം സെലന്‍സ്‌കി അതിന് തയ്യാറായില്ല.

ഒരു വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന സമ്മര്‍ദ്ദമാണ് സെലന്‍സ്‌കിക്ക് മേല്‍ ട്രംപ് ചെലുത്തിയത്. നിങ്ങളുടെ രാജ്യം രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും യുദ്ധവിരാമം ഉണ്ടാക്കേണ്ടതാണെന്നും നിര്‍ബന്ധിച്ച് പറഞ്ഞപ്പോഴാണ് സെലന്‍സ്‌കി ഏറ്റവും ശക്തമായി തന്നെ അതിനെ നിരാകരിച്ചത്. യുദ്ധവിരാമം പോലും ആവശ്യമില്ലാത്ത മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. ട്രംപ് യുക്രൈന് സഹായം നല്‍കുന്നതില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും നേറ്റോയുടെ പിന്തുണ കിട്ടുമെന്ന് തന്നെയാണ് മനസിലാകുന്നത്. കെയര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റും ജര്‍മന്‍ ചാന്‍സലറുമൊക്കെ ട്രംപിന്റെ അഭിപ്രായം മാറ്റാന്‍ ശ്രമിച്ചു. അവര്‍ തമ്മിലും വലിയ വിള്ളലുണ്ടായിട്ടുണ്ട്. അവര്‍ തമ്മിലായിരുന്നു ഏറ്റവും കൂടുതല്‍ അന്യോന്യം സഹകരിച്ചിരുന്നത്. വെസ്‌റ്റേണ്‍ പാക്ട് തന്നെ തകര്‍ന്നു പോകുന്നതാണ് കണ്ടത്. ഒരു ഇടനിലക്കാരന്‍ എന്ന തരത്തിലല്ല ട്രംപ് സംസാരിച്ചത്. സമാധാനം വരണം എന്നായിരുന്നു നിലപാടെങ്കിലും ഒരു വിട്ടുവീഴ്ചയും സെലന്‍സ്‌കിക്ക് നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

പുടിനെ ഏകാധിപതിയെന്നും കോമാൡയെന്നുമൊക്കെ വിളിച്ച് പരിഹസിക്കുന്ന തരത്തിലായിരുന്നു ട്രംപ് നേരത്തേ സംസാരിച്ചിരുന്നത്. അതിലും വഷളായിട്ട് എല്ലാവരുടെയും മുന്നില്‍ വെച്ച്, മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് യുദ്ധത്തില്‍ നിന്ന് പിന്‍മാറണം, യുദ്ധവിരാമത്തില്‍ ഏര്‍പ്പെടണം അല്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകും എന്നൊക്കെ റഷ്യയുടെ പക്ഷം ചേര്‍ന്ന് പറയുന്നത് പോലെയാണ് ട്രംപ് സംസാരിച്ചത്. യുദ്ധവിരാമത്തിന് തയ്യാറാണെങ്കില്‍ തിരിച്ചു വരിക അല്ലെങ്കില്‍ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു പോകുക എന്ന സന്ദേശമാണ് കൊടുത്തത്. അതനുസരിച്ച് സെലന്‍സ്‌കി പോകുകയും ചെയ്തു.

ഈ വിഷയത്തില്‍ സെലന്‍സ്‌കിക്ക് കരണത്ത് അടി കിട്ടി എന്ന് ഒരു റഷ്യന്‍ വക്താവ് പറയുന്നുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിശ്ചയദാര്‍ഢ്യമൊന്നും ഇവിടെ കണ്ടില്ല. പ്രാഥമികമായി സ്വന്തം പണം തിരിച്ചു പിടിക്കാനും അതിന് ശേഷം യുദ്ധം അവസാനിപ്പിക്കാനുമുള്ള ശ്രമമായി ഇതിനെ കാണാനാകും. പരിഗണനകള്‍ മാറിപ്പോയി. അടുത്ത നടപടി എന്തെന്ന് വ്യക്തമല്ല. വീണ്ടും സമ്മര്‍ദ്ദം ചെലുത്തി യുദ്ധവിരാമം ഉണ്ടാക്കാനും ശ്രമിച്ചേക്കാം. നേറ്റോ രാജ്യങ്ങളും കൂടി ചേര്‍ന്ന് ഒരു തീരുമാനത്തില്‍ എത്തിയാലേ ഈ യുദ്ധം അവസാനിക്കുകയുള്ളു. യുദ്ധം അവസാനിക്കാനുള്ള സാധ്യതകള്‍ വളരെയുണ്ട്. നേരിട്ടുള്ള ചര്‍ച്ചകളായിരുന്നെങ്കില്‍ ഒരുപക്ഷേ സാധിക്കുമായിരുന്നു.

യുദ്ധം അവസാനിപ്പിക്കും എന്നുതന്നെയാണ് തോന്നുന്നത്. വെടിനിര്‍ത്തലെങ്കിലും കൊണ്ടുവന്നേക്കും. രഹസ്യമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകും. പൊതുവേദിയില്‍ ഇങ്ങനെ അവതരിപ്പിച്ചത് ട്രംപിന്റെ അധികാര പ്രകടനമായിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുന്നത് രഹസ്യ ചര്‍ച്ചകളില്‍ കൂടിയായിരിക്കും.

ധാതുക്കള്‍ സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ ട്രംപിന്റെ ആവശ്യം നിറവേറിക്കഴിഞ്ഞു. പിന്നെയുള്ളതാണ് യുദ്ധം അവസാനിപ്പിക്കുകയെന്നത്. അത് പെട്ടെന്നു തന്നെയുണ്ടാകും. വേദിയൊരുങ്ങിക്കഴിഞ്ഞു. നേറ്റോയാണ് ഒരു വശത്തുള്ളത്. നേറ്റോയും അമേരിക്കയുമായുള്ള ബന്ധത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാന്‍ പോകുന്നുണ്ട്. റഷ്യക്ക് ഏറ്റവും ഭയമുള്ളത് നേറ്റോയെയാണ്. അതിലും മാറ്റമുണ്ടാകും. ചൈനയും അമേരിക്കയും ചേര്‍ന്ന് ഒരു സഖ്യം ഉണ്ടാകുന്നതു പോലെയാണ് കാണുന്നത്. ചൈന ഈ സഖ്യത്തില്‍ വരാതിരിക്കാന്‍ ശ്രമിക്കുമെങ്കിലും റഷ്യയും ചൈനയും തമ്മില്‍ 2022ല്‍ രൂപീകരിച്ച കരാര്‍ അനുസരിച്ച് അവരും ഇതിന്റെ ഭാഗമായി സ്വാഭാവികമായും മാറും.

ചൈന-റഷ്യ-അമേരിക്ക അച്ചുതണ്ട് എന്നത് ഒരു പുതിയ കാര്യമാണ്. അതിനെ എത്രമാത്രം ചെറുത്തുനില്‍ക്കാന്‍ നേറ്റോ രാജ്യങ്ങള്‍ക്ക് കഴിയും എന്നത് പറയാനാകില്ല.

എന്നാല്‍ അങ്ങനെ പോകാന്‍ പാടില്ലെന്ന് യുകെയും ഫ്രാന്‍സും ജര്‍മനിയും വളരെ ശക്തമായി ട്രംപിനെ ഉപദേശിക്കുന്നുണ്ട്. അതായത് ലോകക്രമത്തെ മാറ്റിമറിക്കുന്ന തരത്തിലാണ് ട്രംപിന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നത്. സാധാരണ ഇത്തരം കാര്യങ്ങള്‍ വളരെ വര്‍ഷങ്ങളെടുത്താണ് സംഭവിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. ട്രംപിന്റെ ഉദ്ദേശ്യം യുദ്ധം നിര്‍ത്തുകയും അമേരിക്കയ്ക്ക് പണം തിരികെ കിട്ടുകയെന്നതുമാണ്. അതില്‍ അദ്ദേഹം വിജയിച്ചേക്കും.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT