Opinion

ആഴിയും തിരയും കാറ്റും.. ആഴവും പോലെ ഞങ്ങളും! പുഷ്പവതിയുടെ ശബ്ദസഞ്ചാരങ്ങള്‍

കൊച്ചിയില്‍ സ്വാമി ആനന്ദതീര്‍ത്ഥന്‍ സാംസ്‌കാരികകേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ ദേശീയ പുരസ്‌കാരം തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന് സമ്മാനിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു തമിഴ് കവിത പുഷ്പവതി ഈണം നല്‍കി ആലപിക്കുന്നുണ്ട്. പെരുമാള്‍ മുരുകന്റെ കവിതക്ക് പട്ദീപ് ഹിന്ദുസ്ഥാനി രാഗത്തിന്റെ വിഷാദഛവിയില്‍ അവര്‍ പുതിയൊരു കാവ്യാനുഭവം സൃഷ്ടിച്ചു. ''നീ മട്ടുമേ എന്‍ നെഞ്ചില്‍ നിര്‍ക്കിറായ് ...അഴിക്ക അഴിക്ക അഴിയാമല്‍.. തുടയ്ക്ക തുടയ്ക്ക മറയാമല്‍.. ഒളി വീസി ഒളി വീസി.. നീ മട്ടുമേ എന്‍ നെഞ്ചില്‍ നിര്‍ക്കിറായ്..'' എന്ന കവിതയെ വിരഹഭാവത്തിന്റെ വിഹായസ്സിലേക്ക് തന്റെ സംഗീതത്തിലൂടെ കൂട് തുറന്ന് വിടുന്നുണ്ട് പുഷ്പവതി. എത്ര ആവര്‍ത്തിച്ച് കേട്ടാലും മതിയാകാത്ത, കവിതയുടെ ഉള്ളം തൊടുന്ന എന്തോ ഒരു വൈകാരികത പുഷ്പവതിയുടെ ആലാപനയാത്രയില്‍ സംഭവിക്കുന്നുണ്ട്.

ഗുരുവിന്റെ ഭദ്രകാളി അഷ്ടകം ബ്രാഹ്‌മണേതരമായ ദ്രാവിഡ ദൈവസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലുള്ള കൃതിയാണ്. ഭക്തകുലദേവതയായി കീഴാള ജനത കണ്ടിരുന്ന കാളീസങ്കല്‍പ്പത്തെ ഗുരു ആധ്യാത്മിക വിജ്ഞാനത്തിന്റെ പ്രതീകമായി ഉയര്‍ത്തുന്നത് കാണാം. പുഷ്പവതി ഗുരുകൃതികള്‍ സംഗീതം നല്‍കി ആലപിച്ചതില്‍ ഭദ്രകാളിഅഷ്ടകം സവിശേഷ ശ്രദ്ധയും പഠനവും അര്‍ഹിക്കുന്നുണ്ട്.

പെരുമാള്‍ മുരുകന്‍ എന്ന പേരുതന്നെ വര്‍ത്തമാന ഇന്ത്യയില്‍ പ്രതിരോധത്തിന്റെ പര്യായമാണ്. ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഉള്‍വലിഞ്ഞ്‌പോയ ഒരു എഴുത്തുകാരന്റെ ഏകാന്തമായ വിഹ്വലതകള്‍ മുഴുവന്‍ മുറ്റിനില്‍ക്കുന്ന ഒരു കവിതയാണത്. പുഷ്പവതിയുടെ സംഗീതത്തിലെ ഓരോ ഇടപെടലിലും ഈവിധം സൂക്ഷ്മമായ സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലിന്റെതായ മാനം കാണാന്‍ കഴിയും. അത് പഠിക്കാന്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യശാസ്ത്രപരമായ ബാധ്യതയുണ്ട്.

ശ്രീനാരായണഗുരു കൃതികള്‍ ടി.എം.കൃഷ്ണ കച്ചേരിയില്‍ ആലപിക്കുന്നത് കേരളത്തിലും പുറത്തും വലിയ സാംസ്‌കാരിക രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിലെ കവിയേയും കവിത മുന്നോട്ട് വക്കുന്ന ദര്‍ശനങ്ങളെയും കര്‍ണ്ണാടക സംഗീതത്തിന്റെ വരേണ്യതയേയും സംബന്ധിച്ച വീണ്ടുവിചാരങ്ങള്‍ക്ക് ഇത് കാരണമായി തീര്‍ന്നിട്ടുണ്ട് എന്നത് തീര്‍ച്ചയായും വലിയ കാര്യമാണ്. എന്നാല്‍ കൃഷ്ണക്കും ഒരുപാട് മുന്‍പേ തന്റേതായ രീതിയില്‍ ഗുരുകൃതികളില്‍ ഇടപെടുകയും പലവേദികളില്‍ അവതരിപ്പിക്കുകയും ചെയ്ത കര്‍ണ്ണാടക സംഗീതജ്ഞയാണ് പുഷ്പവതി എന്നത് നാം കാണേണ്ടതുണ്ട്. ഗുരുവിന്റെ ആത്മോപദേശ ശതകമായാലും ദൈവദശകമായാലും ദൈവഭാവനയെ ഗുരു ജാതിരഹിതവും മതാതീതവും സാര്‍വ്വലൗകികവുമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നത് കാണാം. ലോകത്തിലെ ഏത് മനുഷ്യന്റെയും ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ കഴിയുന്ന മാനവികതയില്‍ വേരൂന്നിയ ഈശ്വര സങ്കല്‍പ്പമാണ് ദൈവദശകത്തില്‍.

''ആഴിയും തിരയും കാറ്റു-

മാഴവുംപോലെ ഞങ്ങളും

മായയും നിന്‍ മഹിമയും

നീയുമെന്നുള്ളിലാകണം.''

എന്ന ശ്ലോകം ഒരേസമയം ദാര്‍ശനികവും സാഹിത്യപരവുമായി പുലര്‍ത്തുന്ന ഉയരത്തോടൊപ്പം ഗുരുകൃതികളില്‍ പൊതുവേയും സവിശേഷമായിതന്നെ ചില ശ്ലോകങ്ങളിലും കാണുന്ന സംഗീതാത്മകതയെ തന്റെ ആലാപനത്തില്‍ കണ്ടെടുക്കുകയാണ് പുഷ്പവതി. ഗുരുകൃതികളിലെ പദവിന്യാസങ്ങള്‍ തീര്‍ക്കുന്ന സംഗീതം ഗുരുദര്‍ശനങ്ങളുടെ പുതിയ മാധ്യമമായി തീരുകയും സംഗീതത്തിന് മാത്രം സാധ്യമാകുന്ന അനന്യമായൊരു സംവേദനക്ഷമത കൈവരികയും ചെയ്യുന്നു. ഗുരുവിന്റെ ഭദ്രകാളി അഷ്ടകം ബ്രാഹ്‌മണേതരമായ ദ്രാവിഡ ദൈവസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലുള്ള കൃതിയാണ്. ഭക്തകുലദേവതയായി കീഴാള ജനത കണ്ടിരുന്ന കാളീസങ്കല്‍പ്പത്തെ ഗുരു ആധ്യാത്മിക വിജ്ഞാനത്തിന്റെ പ്രതീകമായി ഉയര്‍ത്തുന്നത് കാണാം. പുഷ്പവതി ഗുരുകൃതികള്‍ സംഗീതം നല്‍കി ആലപിച്ചതില്‍ ഭദ്രകാളിഅഷ്ടകം സവിശേഷ ശ്രദ്ധയും പഠനവും അര്‍ഹിക്കുന്നുണ്ട്. ഗുരുകൃതിയുടെ ദാര്‍ശനികമായ വിമോചന ഉള്ളടക്കത്തെ സംഗീതത്തിലും ആലാപനത്തിലും കൊണ്ടുവരുന്ന ഒരു ശൈലി അവര്‍ വികസിപ്പിച്ചതായി കാണാനാകും.

ശബരിമല വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ കേരളത്തിനെതിരെ യുദ്ധത്തിനിറങ്ങിയപ്പോള്‍ മതേതര കേരളത്തിന്റെ പ്രതിരോധമതിലായി അവരുടെ പാട്ട് മാറി. സര്‍വ്വകലാശാലകളില്‍ കാവിവല്‍ക്കരണം നടക്കുമ്പോള്‍ ആസാദി ഗാനമായി പുഷ്പവതി അലയടിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുകയും സംഗീതത്തെ ഉപാസിക്കുകയും ചെയ്ത പുഷ്പവതി അവരുടെ ജ്ഞാനത്തെ അധികമാരും ധൈര്യപ്പെടാത്ത പാതകളിലൂടെ നയിച്ചു.

വിലംബതാളത്തില്‍ നിന്നും ദ്രുതതാളത്തിലേക്കുള്ള പകര്‍ച്ചയും, പ്രതിരോധത്തിന്റെ ഉഗ്രതയിലെത്തുന്നതും ഒടുവിലൊരു വികാര വിസ്‌ഫോടനമായി പര്യവസാനിക്കുന്നതുമായ ആവിഷ്‌കാരമാണ് ഭദ്രകാള്യഷ്ടകം. അരുവിപ്പുറം പ്രതിഷ്ഠക്ക് നാല് വര്‍ഷം മുന്നെയാണ് ഗുരു ഭദ്രകാള്യഷ്ടകം രചിക്കുന്നത്. ബഹുജനങ്ങള്‍ക്കായി ഒരു മഹാ ആത്മീയ വിപ്ലവം കേരളത്തില്‍ പെയ്തുവീഴുന്നതിന് മുന്നോടിയായുള്ള കൊടുങ്കാറ്റിനെ ഭദ്രകാള്യഷ്ടകത്തില്‍ കാണാം. പുഷ്പവതിയുടെ ആലാപനം ആ ചരിത്രാനുഭവത്തിന്റെയാകെ ആവിഷ്‌കാരമായി മാറി. പൊയ്കയില്‍ അപ്പച്ചന്റെ കവിതകളായാലും കബീറിന്റെ ദോഹകളായാലും അധിനിവേശങ്ങള്‍ക്കെതിരെ ചരിത്രത്തില്‍ നിന്നും സ്മരണകളെ വീണ്ടെടുക്കലാണ്. രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ശുദ്ധിയുടെ പ്രതീകമായി ഗംഗാനദി മാറുമ്പോള്‍ കബീറിന്റെ ദോഹകളിലും സൂഫിസംഗീത പാരമ്പര്യത്തിലും അനേകം ഭക്തികവികളുടെ സങ്കല്‍പത്തിലും സാന്ദ്രമായൊഴുകിയ ഗംഗയെ വീണ്ടെടുക്കല്‍ ഒരു രാഷ്ട്രീയ പ്രക്രിയയാണ്. കബീറിനെ ഓര്‍ക്കുകയെന്നാല്‍ ബനാറസിലെ സഹവര്‍ത്തിത്വത്തിന്റെ പോയകാലത്തെ ഗംഗാ-യമുനാ തഹ്‌സീബ് (Ganga-Jamuna tehzeeb)ന്റെ സ്മരണകളെ വീണ്ടെടുക്കുകയാണെന്നാണര്‍ത്ഥം.

പാക്കിസ്ഥാനിലെ സിയാ ഉള്‍ ഹഖിന്റെ പട്ടാള ഭരണകൂടം ഉറുദു കവിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്ന ഫയസ് അഹമ്മദ് ഫയസിനെ ജയിലില്‍ അടച്ചപ്പോള്‍ അതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. ലോകപ്രശ്‌സതയായ ഗസല്‍ ഗായിക ഇക്ബാല്‍ ബാനു ഫൈസ് എഴുതിയ ഹം ദേഖേംഗേ എന്ന കവിത ലാഹോര്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സിയാ ഭരണകൂടം രാജ്യത്ത് നിരോധിച്ച കറുത്ത സാരിയും ധരിച്ചാണ് ഇക്ബാല്‍ ബാനു പ്രതിഷേധത്തിന് എത്തിയത്. അവരുടെ ആലാപനത്തിന് മധ്യേ ജനം ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുന്നത് റെക്കോര്‍ഡിങ്ങില്‍ നമുക്ക് കേള്‍ക്കാനാകും. ഒരു അഗ്‌നിപര്‍വ്വതം പൊട്ടിയൊഴുകി വരുന്ന പോലെയാണ് ഇക്ബാല്‍ ബാനുവിന്റെ ഗാനപ്രവാഹം. ലോകത്തിലെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ തന്നെ തീക്ഷ്ണമായ അധ്യായമാണ് ലാഹോറിലെ പ്രതിഷേധം. സംഘപരിവാര്‍ ഭരണകൂടം കേരളത്തെ സോമാലിയയോട് ഉപമിച്ചപ്പോള്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി അതിനോട് പ്രതികരിച്ചത് ഹം ദേഖേംഗേ എന്നാണ്. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ഇന്ത്യയിലുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ സംഘപരിവാര്‍ ഭരണകൂടം ക്രൂരമായാണ് നേരിട്ടത്.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മീതെ വാഹനമോടിച്ച് കയറ്റിയപ്പോഴും മുസ്ലീങ്ങളുടെ വീടും ആരാധനാലയങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തപ്പോഴും മലയാളത്തില്‍ ഒരു പ്രതിഷേധഗാനം ഉണ്ടായി. ഫയസ് അഹമ്മദിന്റെ, ഇക്ബാല്‍ ബാനു പാടിയ കവിതക്ക് ഷഹീന ബീഗത്തിന്റെ പരിഭാഷയെ സംഗീതം നല്‍കി ആലപിച്ചത് പുഷ്പവതി ആയിരുന്നു. ഇക്ബാല്‍ ബാനുവിന് ശേഷം ഇങ്ങനെ തീ പിടിക്കുന്ന പ്രക്ഷോഭ ഭാവത്തില്‍ ഹം ദേഖേംഗേ കേള്‍ക്കാനായത് പുഷ്പവതിയില്‍ നിന്നാണ്. ശബരിമല വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ കേരളത്തിനെതിരെ യുദ്ധത്തിനിറങ്ങിയപ്പോള്‍ മതേതര കേരളത്തിന്റെ പ്രതിരോധമതിലായി അവരുടെ പാട്ട് മാറി. സര്‍വ്വകലാശാലകളില്‍ കാവിവല്‍ക്കരണം നടക്കുമ്പോള്‍ ആസാദി ഗാനമായി പുഷ്പവതി അലയടിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുകയും സംഗീതത്തെ ഉപാസിക്കുകയും ചെയ്ത പുഷ്പവതി അവരുടെ ജ്ഞാനത്തെ അധികമാരും ധൈര്യപ്പെടാത്ത പാതകളിലൂടെ നയിച്ചു. മലയാളത്തിലെ നവോത്ഥാന ഫാസിസ്റ്റ് വിരുദ്ധ സ്വരമുദ്രയായി മാറാന്‍ കഴിയുംവിധം സാമൂഹ്യ അവബോധമുള്ള സംഗീതജ്ഞയും ജൈവ ബുദ്ധിജീവിയുമാണവര്‍.

തങ്ങള്‍ക്ക് മുറിച്ച് കടക്കേണ്ട വിലങ്ങുതടികളെ കുറിച്ചും അതിന്റെ ഭാരത്തെ കുറിച്ചും അത് മുറിച്ച് കടന്നവര്‍ക്ക് മാത്രമേ പെട്ടെന്ന് മനസ്സിലാകുകയുള്ളൂ. രണ്ടാമതൊരു ആലോചന വേണ്ടാത്തവിധം അധികാരത്തിന്റെ സൂക്ഷ്മധ്വനികളെ വരെ എത്ര അകലെനിന്നും തിരിച്ചറിയാനുള്ള ശ്രവണശേഷിയാണ് പുഷ്പവതിയെ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രതികരിപ്പിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്.

നമ്മുടെ സൂക്ഷ്മ സാംസ്‌കാരിക വൈജ്ഞാനികതയില്‍ ഈ നിലക്കെല്ലാം ഏറെക്കാലമായി ഇടപെടുന്ന, ജനപ്രിയ സംസ്‌കാരമായ സിനിമാഗാനങ്ങള്‍ പാടുന്ന പുഷ്പവതി ആഘോഷിക്കപ്പെടുന്ന ഇവിടുത്തെ സംഗീതപരിപാടികളില്‍ എത്രമാത്രം ദൃശ്യത കിട്ടുന്നുണ്ട്? എന്താണ് അവരെ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി നമ്മള്‍ കാണാത്തത്? ഗായിക, ഗായക താരങ്ങളുടെ ആഢംബര വിദേശ പര്യടനങ്ങളില്‍ കാണാത്തത്? ഈ വഴിക്കെല്ലാം നിറഞ്ഞു നില്‍ക്കുന്നവരെക്കാള്‍ എന്ത് കുറവാണ് പുഷ്പവതിക്ക് ഉള്ളത്? ആളുകള്‍ ശ്രദ്ധിച്ച ഒന്നോ രണ്ടോ സിനിമാഗാനം മാത്രം സംവിധാനം ചെയ്യുകയോ ചില പാട്ടൊക്കെ പാടുകയോ ചെയ്തവരെ വലിയ സിംഹങ്ങളായി വാഴിക്കുന്ന സാംസ്‌കാരിക മുഖ്യധാരയിലേക്ക് അതിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടും പുഷ്പവതിക്ക് സ്വാഭാവിക പ്രവേശനം നിഷേധിക്കുന്ന മൂല്യ- സൗന്ദര്യ ബോധമാണ് ജാതി എന്നത്. ഉപരിവര്‍ഗ്ഗത്തിന്റെ വിനോദ വ്യവസായത്തില്‍ പയറ്റിതെളിയാത്തതിനാലാണ് ''ഇവരൊക്കെ ആരാണ്'' എന്ന് വരേണ്യ നായകര്‍ ആശ്ചര്യപ്പെടുന്നത്. അവരുടെ സംഭാവനകളൊന്നും ഇവരുടെ അന്വേഷണത്തിലോ കാഴ്ചവെട്ടത്തിലോ ഒരുകാലത്തും കടന്നുവരുന്നില്ല. പിന്നെ എങ്ങനെ ഈ ''അപശബ്ദങ്ങളെ'' പണ്ഡിതര്‍ സഹിക്കും.. പൊറുക്കും?

തങ്ങള്‍ക്ക് മുറിച്ച് കടക്കേണ്ട വിലങ്ങുതടികളെ കുറിച്ചും അതിന്റെ ഭാരത്തെ കുറിച്ചും അത് മുറിച്ച് കടന്നവര്‍ക്ക് മാത്രമേ പെട്ടെന്ന് മനസ്സിലാകുകയുള്ളൂ. രണ്ടാമതൊരു ആലോചന വേണ്ടാത്തവിധം അധികാരത്തിന്റെ സൂക്ഷ്മധ്വനികളെ വരെ എത്ര അകലെനിന്നും തിരിച്ചറിയാനുള്ള ശ്രവണശേഷിയാണ് പുഷ്പവതിയെ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രതികരിപ്പിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്.

ദൈവദശകത്തില്‍

''ആഴിയും തിരയും കാറ്റു-

മാഴവുംപോലെ ഞങ്ങളും

മായയും നിന്‍ മഹിമയും

നീയുമെന്നുള്ളിലാകണം'' എന്നാണ് ഗുരു എഴുതിയിരിക്കുന്നത്. കാല്‍പനികമായ സാന്ത്വനത്തിന്റെയും ഒരു ജനതയുടെയാകെ അനുഭവ ബോധമുള്ള ആത്മതത്ത്വമായും ദൈവചിന്തയെ പുതിയൊരു പ്രതലത്തിലേക്ക് ആനയിക്കുന്നുണ്ട് ഗുരു. കാളി നാടകത്തില്‍ ''സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും..

മുദാസംഹരിച്ചും രസിച്ചും രമിച്ചും

കളിച്ചും പുളച്ചും മഹഘോരഘോരം

വിളിച്ചും മമാനന്ദദേശേ വസിച്ചും

തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം

തുളഞ്ഞുള്ളിലെള്ളോളമുള്ളയിരുന്നും..''

എന്നെല്ലാം എഴുതിയ ശ്രീനാരായണഗുരു കാളിയെ കീഴാള ജനതയുടെ അത്മാഭിമാനത്തിന്റെയും വിമോചന ചിന്തയുടെയും കേന്ദ്രസ്ഥാനത്ത് കൊണ്ടു വരുന്നത് കാണാം. ഗുരുവിന്റെ കാളി ഒരു ജനതയുടെ മുഴുവന്‍ ദാര്‍ശനിക വിമോചന പ്രതീകമായി മാറി. അതെല്ലാം ആന്തരികവല്‍ക്കരിച്ചാണ് ഒരു സമൂഹം ഇവിടെ നിവര്‍ന്ന് നിന്നതും മുന്നോട്ട് നടന്നതും. ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും എന്നതിലെ ഞങ്ങള്‍ ഏത് പ്രതികൂല കാലാവസ്ഥയിലും മനുഷ്യര്‍ക്ക് മുന്നേറാന്‍ കഴിയുന്ന സാഹോദര്യ സങ്കല്‍പ്പമാണ്. ചരിത്രവും വര്‍ത്തമാനവും സജീവവും സര്‍ഗാത്മകവുമായി സംവദിക്കുന്നതാണ് പുഷ്പവതിയുടെ നാദസഞ്ചാരങ്ങള്‍. ഡല്‍ഹിയിലെ വര്‍ഗ്ഗീയകലാപങ്ങളുടെ കണ്ണീരും മുറിവും തണുപ്പിച്ച കവി അമീര്‍ അസീസിന്റെ ഗിറ്റാറില്‍ സ്പന്ദിച്ച 'സബ് യാദ് രഖാ ജായേഗാ' എന്ന കവിതക്ക് ഷഹീന ബീഗത്തിന്റെ പരിഭാഷയില്‍ പുഷ്പവതി പാടി.. സകലതും ഓര്‍ത്തു വെക്കപ്പെടും സകലതിനെക്കുറിച്ചും ഓര്‍ത്തു വെക്കപ്പെടും.. അങ്ങനെ ഓര്‍ത്തു വെക്കാന്‍ മലയാളിക്ക് ഇന്ന് ഒരു പുഷ്പവതിയേ ഉള്ളൂ.. പ്രയാസങ്ങളുടെ കാലത്ത് കൂസലില്ലാതെ ഓര്‍മ്മകളെ എത്തിപ്പിടിക്കാനും പാട്ടുകെട്ടാനും.

അടൂര്‍ ഇങ്ങനെ തന്നെയായിരുന്നു, ഇപ്പോഴും നാളെയും അങ്ങനെ തന്നെയായിരിക്കും; വി.എസ്.സനോജ്

കളങ്കാവലിലെ മമ്മൂട്ടിയുടെ കഥാപാത്രവും സയനൈഡ് മോഹനനും തമ്മില്‍ എന്ത് ബന്ധം? ഉത്തരവുമായി സംവിധായകന്‍ ജിതിന്‍ കെ ജോസ്

നാല് കാലഘട്ടത്തിലും വ്യത്യസ്ത ആസ്പെക്ട് റേഷിയോകള്‍; ദേശീയ പുരസ്കാര വിജയ തിളക്കത്തില്‍ മിഥുന്‍ മുരളി

മമ്മൂക്കയുടെ കഥാപാത്രം എങ്ങനെയായിരിക്കും എന്ന സൂചന ഫസ്റ്റ് ലുക്കിൽ തന്നെയുണ്ട് ജിതിൻ കെ ജോസ്

ഗോവിന്ദ് വസന്തയുടെ സംഗീതം,ഉംബാച്ചിയുടെ വരികൾ; 'വള'യിലെ 'ഇക്ലീലി' എന്ന ഗാനം ശ്രദ്ധ നേടുന്നു

SCROLL FOR NEXT