അടൂര്‍ എന്തുകൊണ്ട് തിരുത്തണം?

ഫിലിം കോണ്‍ക്ലേവ് വേദിയിലും പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ നല്‍കിയ വിശദീകരണത്തിലും അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സിനിമയെടുക്കാന്‍ അറിയാത്ത പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരും സ്ത്രീകളും, ലൈറ്റും ക്യാമറയും എഡിറ്റിംഗും അറിയാതെ പപ്പടം എടുക്കുന്നവര്‍ എന്നിങ്ങനെയാണ് കെഎസ്എഫ്ഡിസിയുടെ ധനസഹായം സ്വീകരിച്ച് സിനിമയെടുക്കാന്‍ വരുന്നവരെ അടൂര്‍ വിശേഷിപ്പിച്ചത്. പ്രതിഷേധിച്ച പുഷ്പവതി പൊയ്പ്പാടത്തിന് അത്തരത്തില്‍ പ്രതിഷേധിക്കാന്‍ എന്ത് അര്‍ഹതയുണ്ടെന്നാണ് അടൂര്‍ ചോദിക്കുന്നത്. അടൂരിന് സദസ്സില്‍ നിന്നുയര്‍ന്ന കയ്യടികളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

എല്ലാവര്‍ക്കും സത്യജിത് റേയാവാന്‍ കഴിയില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് സിനിമയുണ്ടാക്കിയ, ചെയ്ത സിനിമകളെല്ലാം ക്ലാസിക്കുകളാക്കിയ ചലച്ചിത്രകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പാഥേര്‍ പാഞ്ചലി എന്ന ആദ്യ ചിത്രത്തിന്റെ പേരിന്റെ അര്‍ത്ഥം പാതയുടെ പാട്ട് എന്നായതുകൊണ്ട് അത് നിര്‍മിച്ചത് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് ഫണ്ട് കൊണ്ടാണെന്ന അപൂര്‍വ്വത കൂടിയുണ്ട്. അത് സംഘടിപ്പിക്കാന്‍ സത്യജിത്ത് റേ കുറച്ച് കഷ്ടപ്പെട്ടെങ്കിലും സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ടുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നതാണ് പിന്നീട് കണ്ടത്. കേരളത്തില്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കുമ്പോള്‍ അതില്‍ സ്ത്രീ-ദളിത്-ആദിവാസി പ്രാതിനിധ്യവും ഉറപ്പു വരുത്തുന്നുണ്ട്. ഇവിടെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിലയിരുത്തേണ്ടത്. കെഎസ്എഫ്ഡിസി സിനിമാ സംവിധായകരെ തെരഞ്ഞെടുക്കാന്‍ ഒരു സെലക്ഷന്‍ പ്രോസസ് നടത്തുന്നുണ്ട്. അതായത് കഴിവുള്ളവര്‍ മാത്രമേ തെരഞ്ഞെടുക്കപ്പെടുകയുള്ളു. ക്യാമറമാന്റെ ഔദാര്യത്തിലാണ് പലരും സിനിമയെടുക്കുന്നതെന്ന അടൂരിന്റെ മുന്‍വിധിയെ പ്രത്യേകം ശ്രദ്ധിക്കുക

സിനിമാ നയം രൂപീകരിക്കാന്‍ വിളിച്ചുചേര്‍ത്ത ഫിലിം കോണ്‍ക്ലേവിന്റെ സമാപനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിഖ്യാത സംവിധായകന്‍ പറഞ്ഞതിലെയും പിന്നീട് അതിന് നല്‍കിയ വിശദീകരണത്തിലെയും ഉള്ളടക്കത്തിലുള്ള ചില കാര്യങ്ങളാണ് ആദ്യം പറഞ്ഞത്. സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും അതേക്കുറിച്ച് അറിവില്ലെന്നും അവര്‍ക്ക് മൂന്ന് മാസത്തെയെങ്കിലും തീവ്ര പരിശീലനം കൊടുക്കണമെന്നുമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അവര്‍ക്ക് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ വെറുതെ കൊടുക്കുന്നത് അഴിമതിക്ക് ഇടയാക്കുമെന്ന്. കരംപിരിച്ച കാശാണ്, അത് മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്, സിനിമ പിടിക്കാന്‍ എത്തുന്നവര്‍ക്ക് അതൊന്നും അങ്ങനെ കൊടുക്കാന്‍ പാടില്ലെന്ന്. ഒന്നരക്കോടി രൂപ 50 ലക്ഷം വീതം മൂന്ന് പേര്‍ക്കായി കൊടുക്കണമെന്ന്. അടൂര്‍ ഗോപാലകൃഷ്ണന്‍ വിശ്വവിഖ്യാതനായ ചലച്ചിത്രകാരനാണ്. മലയാള സിനിമയെ ലോകത്തെയറിയിച്ചവരില്‍ ഒരാള്‍. പക്ഷേ കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങള്‍ ആ പദവിക്ക് യോജിക്കാത്തതാണെന്നതില്‍ സംശയമില്ല. അടൂര്‍ പറഞ്ഞതില്‍ ജാതിവിവേചനവും സ്ത്രീവിരുദ്ധതയും ഉണ്ടെന്ന് തിരിച്ചറിഞ്ഞവര്‍ അതിനെതിരെ പ്രതികരിച്ചു. പക്ഷേ അതിലേറെയായിരുന്നു അടൂരിന് കയ്യടിച്ചവരെന്നതും കാണേണ്ടതുണ്ട്.

നവാഗതര്‍ എന്നു പറഞ്ഞാല്‍ അവര്‍ സിനിമയില്‍ പരിചയമില്ലാത്തവരല്ല. സ്‌ക്രിപ്ര്റ്റും ബജറ്റും ലൈറ്റും ലെന്‍സും എഡിറ്റിംഗും അറിയാവുന്നവര്‍ തന്നെയാണ് സിനിമയെടുക്കാന്‍ വരുന്നത്. അതില്‍ ലിംഗ-ജാതി ഭേദമില്ല. പരിശീലനം കൊടുക്കുകയാണെങ്കില്‍ അത് എല്ലാ വിഭാഗക്കാര്‍ക്കും കൊടുക്കണം.

സിനിമയില്‍ ജീവിതം നിക്ഷേപിക്കുന്നവര്‍ക്ക് കഷ്ടപ്പാടുകള്‍ അന്നും ഇന്നും ഒന്നുതന്നെ. അത് പരിഹരിക്കുന്നതിനായാണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നവാഗതരായ സംവിധായകര്‍ക്ക് സിനിമ നിര്‍മിക്കാന്‍ പണം നല്‍കാന്‍ തീരുമാനിക്കുന്നത്. നവാഗതര്‍ എന്നു പറഞ്ഞാല്‍ അവര്‍ സിനിമയില്‍ പരിചയമില്ലാത്തവരല്ല. സ്‌ക്രിപ്ര്റ്റും ബജറ്റും ലൈറ്റും ലെന്‍സും എഡിറ്റിംഗും അറിയാവുന്നവര്‍ തന്നെയാണ് സിനിമയെടുക്കാന്‍ വരുന്നത്. അതില്‍ ലിംഗ-ജാതി ഭേദമില്ല. പരിശീലനം കൊടുക്കുകയാണെങ്കില്‍ അത് എല്ലാ വിഭാഗക്കാര്‍ക്കും കൊടുക്കണം. അതിന് പകരം ചില വിഭാഗങ്ങളെ മാത്രം എടുത്തു പറയുന്നത് വേറൊരു തരം കാഴ്ചയാണ്.

2022ല്‍ കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സില്‍ ഒരു സമരം നടന്നു. അവിടെ ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്‍ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയു അടിമകളെപ്പോലെ കണക്കാക്കുന്നതിനെതിരെ നടന്ന സമരം. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്ന അടൂര്‍ അന്ന് ശങ്കര്‍ മോഹന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. പിന്നീട് ഫിലിം കോണ്‍ക്ലേവിലെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങളും അടൂരിനെ വിവാദത്തിലാക്കിയിരിക്കുന്നു. ഇവയിലെല്ലാം പൊതുവായിട്ടുള്ളത് വിവേചനമാണെന്നത് അടൂരിന് മാത്രം മനസിലാകുന്നില്ല.

അടൂര്‍ വേദിയില്‍ നടത്തിയ പരാമര്‍ശത്തെ സദസ്സില്‍ നിന്ന് എതിര്‍ത്തത് ഒരാള്‍ മാത്രമാണ്. സംഗീത നാടക അക്കാഡമി വൈസ് ചെയര്‍പേഴ്സണും ഗായികയുമായ പുഷ്പവതി പൊയ്പ്പാടത്ത്. അവരെയും അധിക്ഷേപിക്കുകയാണ് അടൂര്‍ ചെയ്തത്. ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് എന്തോ പറഞ്ഞു. അവര്‍ക്ക് ഈ മേഖലയുമായി യാതൊരു ബന്ധവും ഇല്ലാത്തയാളാണ്. അവര്‍ക്ക് ഇതിനെപ്പറ്റി പറയാന്‍ എന്ത് അവകാശമാണുള്ളത്. ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ററപ്റ്റ് ചെയ്ത് സംസാരിക്കുകയാണ്. അവര്‍ക്ക് പബ്ലിസിറ്റി കിട്ടി. അതാണ് ഉദ്ദേശ്യം. വഴിയേ പോകുന്നയാളുകള്‍ക്ക് എന്തും പറയാന്‍ ഇത് ചന്തയൊന്നുമല്ല എന്നൊക്കെയാണ് അടൂര്‍ പറയുന്നത്. ക്ഷണിച്ചു വരുത്തിയവരായിരുന്നു ആ സദസിലുണ്ടായിരുന്നത്. അവരാണ് അഭിപ്രായം പറഞ്ഞതും.

ജാതി ഇന്ത്യന്‍ സമൂഹത്തിലെ യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞത് ഡോ.ബി.ആര്‍.അംബേദ്കറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in