ഒന്നേയുള്ളൂ ഉമ്മന്‍ ചാണ്ടി
ആരവങ്ങള്‍ക്കൊപ്പം ഒഴുകിനടന്ന്, ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവാണ്, അതിലുപരി പച്ച മനുഷ്യനാണ് ആ ആളും ആരവവും ഒഴിവാക്കി ഇപ്പോള്‍ നമ്മളെ വിട്ടകന്നത്. ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല. ഒരേയൊരു ഉമ്മന്‍ ചാണ്ടിയെ മാത്രമേ കേരളം കണ്ടിട്ടുള്ളൂ. ഇനിയൊരിക്കലും മറ്റൊരു ഉമ്മന്‍ ചാണ്ടിയെ കാണാനുള്ള നിയോഗം നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാവുകയുമില്ല. ഉറപ്പ്. തിങ്കളാഴ്ച ബാംഗ്ലൂരില്‍ വെച്ച് നടന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം കഴിഞ്ഞ് പുലര്‍ച്ചയോടെയാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. അതികം വൈകാതെ തന്നെ ഉള്ളുലയ്ക്കുന്ന ആ വാര്‍ത്ത എന്നെ തേടിയെത്തി. എന്തുചെയ്യണമെന്ന് അറിയാതെ ഏറെ നേരം ഞാന്‍ തരിച്ചിരുന്നു.അപ്രതീക്ഷിതമായി കേട്ട ആ വാര്‍ത്തയോട് പൊരുത്തപ്പെടാന്‍ ഈ നിമിഷം പോലും കഴിഞ്ഞിട്ടില്ല. മനസ്സ് ആകെ പതറിനില്‍ക്കുന്ന സമയമാണിത്. എന്തുപറയണമെന്നോ എന്ത് ചെയ്യണമെന്നോ നിശ്ചയമില്ലാത്ത മണിക്കൂറുകള്‍. അത്രമേല്‍ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയെയാണ് എനിക്കും നമുക്കും നഷ്ടപ്പെട്ടത്.
പൊതുപ്രവര്‍ത്തനരംഗത്ത് ആമുഖങ്ങളും വിശേഷണങ്ങളും ഇല്ലാതെ ജനകീയ അടിത്തറ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിക്കലും നികത്താന്‍ കഴിയുന്നതല്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി അഹോരാത്രം പണിയെടുത്ത ജനകീയനായ നേതാവാണ് അദ്ദേഹം. കേരളത്തിന്റെ ഭരണ നിര്‍വഹണ ചരിത്രത്തില്‍ ഇത്രയേറെ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു ഭരണാധികാരിയില്ല.
ലോകത്ത് എവിടെ കൊണ്ടുപോയും അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കാന്‍ പാര്‍ട്ടി സന്നദ്ധമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ ചികത്സിച്ച ഡോക്ടറുമായി ആശയവിനിമയം നടത്തിയ ശേഷം രാഹുല്‍ ഗാന്ധി നേരിട്ട് ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിരന്തരം അന്വേഷിച്ചു കൊണ്ടേയിരുന്നു. ബാംഗ്‌ളൂരില്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടപ്പോഴും എന്തിനും ഏതിനും ഞങ്ങള്‍ കൂടെയുണ്ടെന്ന ആത്മവിശ്വാസം രാഹുല്‍ ഗാന്ധി അദ്ദേഹത്തിനു പകര്‍ന്നു നല്‍കി. മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി അദ്ദേഹത്തിന്റെ മടങ്ങിവരവിനായി ഞങ്ങളോരോരുത്തരും ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുമ്പോഴാണ് അതീവ വേദനയോടെ ഈ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത്.
ജനകീയത എന്നതിന്റെ പര്യായമാണ് ഉമ്മന്‍ ചാണ്ടി. കെ.എസ്.യു എന്ന വിദ്യാര്‍ഥിപ്രസ്ഥാനത്തിന് കേരളാ രാഷ്ട്രീയത്തില്‍ മേല്‍വിലാസം നല്‍കിയ ഒരണ സമരത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് നടന്നുകയറിയ കാലം മുതലിന്നു വരെ എല്ലാവര്‍ക്കും എപ്പോഴും പ്രാപ്യമായ അകലത്ത് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നപ്പോഴും രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും ആശ്രയം ചോദിച്ചെത്തുന്ന സാധാരണക്കാരെ ഉമ്മന്‍ ചാണ്ടി നിരാശരാക്കിയില്ല. അവരുടെ ആവലാതികള്‍ക്കും സങ്കടങ്ങള്‍ക്കുമൊപ്പം അദ്ദേഹം നിന്നു. പ്രതിസന്ധികളില്‍ തങ്ങളെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തുന്ന ആ വിശ്വാസത്തെ പുതുപ്പള്ളിയിലെ ജനങ്ങള്‍ മനസ്സോട് ചേര്‍ത്തുപിടിച്ചു. ആ കരുതലാണ് എല്ലാ വെല്ലുവിളികളെയും അനായാസം അതിജീവിക്കാന്‍ എക്കാലത്തും ഉമ്മന്‍ ചാണ്ടിക്ക് കരുത്തായത്. എല്ലാ പ്രതിസന്ധികളെയും മറികടക്കാനും അസാധ്യമെന്ന് മറ്റെല്ലാവരും വിധിയെഴുതുന്ന പലതിനെയും സാധ്യമാക്കാനുമുള്ള അനിതരസാധാരണമായ നിശ്ചയദാര്‍ഢ്യമാണ് അദ്ദേഹത്തെ എന്നും മുന്നോട്ടുനയിക്കുന്നത്.
രാജ്യത്തിന് തന്നെ അത്ഭുതമായി മാറിയ, ലോകം തന്നെ ആശ്ചര്യത്തോടെ നോക്കിക്കണ്ട ജനസമ്പര്‍ക്ക പരിപാടി തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയ ദാര്‍ഢ്യത്തിനും ജനകീയതക്കും ഏറ്റവും വലിയ ഉദാഹരണം. സാധരണ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ തൊട്ടടുത്ത് നിന്ന് തിരിച്ചറിയാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മണിക്കൂറുകളോളം ജനങ്ങള്‍ക്കിടയില്‍ കഴിയുന്നതിലും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും വല്ലാത്തൊരു ആവേശം അദ്ദേഹത്തില്‍ പ്രകടമായിരുന്നു. 2011-ല്‍ ആലപ്പുഴയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി 19 മണിക്കൂറോളമാണ് നീണ്ടുപോയത്. മുഖ്യമന്ത്രിക്ക് പിന്തുണയുമായി അന്ന് ആലപ്പുഴ എം.പി കൂടിയായ ഞാനുള്‍പ്പെടെ എല്ലാവരും ഒപ്പമുണ്ടായിരുന്നു. ചുവപ്പുനാടകളില്‍ കുരുങ്ങിയ ജീവിതങ്ങളുടെ കെട്ടുകളഴിച്ചും നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട കുരുക്കുകളഴിച്ചും ഉമ്മന്‍ ചാണ്ടിയിലെ ഭരണാധികാരി എണ്ണയിട്ട യന്ത്രം പോലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവുമല്ല ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാര്‍ എന്ന സന്ദേശം ഒരിക്കല്‍ക്കൂടി ഞങ്ങളെപ്പോലുള്ളവര്‍ക്ക് മനസിലാക്കി തരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അസാധ്യമെന്ന വാക്ക് ഉമ്മന്‍ ചാണ്ടിക്കില്ല. നടക്കില്ലെന്ന് എല്ലാവരും വിധിയെഴുതിയ പല പ്രശ്നങ്ങള്‍ക്കും അദ്ദേഹം പ്രായോഗികതയുടെ വഴിയിലൂടെ പരിഹാരം കണ്ടു. ആശ്രയിച്ചെത്തുന്നവരുടെ കണ്ണീരൊപ്പാന്‍ ഏതറ്റം വരെയും പോകുന്ന ഉമ്മന്‍ ചാണ്ടിയെയാണ് കേരളം ഹൃദയത്തിലേറ്റിയത്. മുന്നണിരാഷ്ട്രീയം പ്രതിസന്ധികളില്‍ ആടിയുലയുന്ന സന്ദര്‍ഭങ്ങളില്‍ പോലും സംയമനത്തിന്റെയും സമവായത്തിന്റെയും വഴികള്‍ ചെന്നെത്തുന്നത് ഉമ്മന്‍ ചാണ്ടിയിലാണ്. ആരെയും മുഷിപ്പിക്കാതെ ഐക്യത്തിന്റെ ദിശയിലേക്ക് പ്രശ്നങ്ങളെ വഴിനടത്തിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സാമര്‍ഥ്യം അദ്ദേഹം മുന്നണിയെ നയിക്കുമ്പോഴും അല്ലാത്തപ്പോഴും നമ്മള്‍ കണ്ടു. വലിപ്പച്ചെറുപ്പങ്ങള്‍ക്കുപരിയായി ആരുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും ഉള്‍ക്കൊള്ളേണ്ടതൊക്കെ സ്വീകരിക്കാനും ഒരിക്കലും ഉമ്മന്‍ ചാണ്ടി മടിച്ചിട്ടില്ല.
മന്ത്രിയായി രണ്ടുവര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണ വൈദഗ്ധ്യവും വികസനകാഴ്ചപ്പാടും ദയാവായ്പുമൊക്കെ നേരിട്ടനുഭവിച്ചറിയാനായി. അതിലൊന്ന് കേരളം അന്നുവരെ കണ്ടിട്ടില്ലാത്തതും തീരജനതയുടെ ജീവിതത്തെ കടപുഴുക്കിയെറിഞ്ഞതുമായ സുനാമി ദുരന്തത്തെ നേരിട്ട രീതി ഉമ്മന്‍ ചാണ്ടിയിലെ ക്രൈസിസ് മാനേജരുടെ പ്രാഗത്ഭ്യം കൂടിയാണ് നമുക്ക് കാണിച്ചുതന്നത്. ആ ദുരന്തം തിരമാലകളായി ആര്‍ത്തലച്ചെത്തിയപ്പോള്‍ അന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഭാര്യ ആശയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് ആലപ്പുഴയില്‍ നിന്ന് ഞാന്‍ തിരുവന്തപുരത്തേക്കു തിരിച്ചതായിരുന്നു. അമ്പലപ്പുഴയിലെത്തുമ്പോഴേക്കും കടലാക്രമണമെന്ന രീതിയില്‍ എനിക്ക് പോലീസില്‍ നിന്നും സന്ദേശം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വിളിയുമെത്തി. സുനാമി എന്നത് അത്യപൂര്‍വ പ്രതിഭാസമാണ്. ഒട്ടേറെപ്പേര്‍ക്ക് അപകടമുണ്ടായെന്നാണ് വിവരം. വേണു അടിയന്തിരമായി ആറാട്ടുപുഴയ്ക്ക് പോകണം. ഞാന്‍ ആറാട്ടുപുഴയിലെത്തിയപ്പോഴേക്കും, യാത്രയിലായിരുന്ന ഉമ്മന്‍ ചാണ്ടി ഭാര്യയോടൊപ്പം ദുരന്തത്തില്‍പ്പെട്ടവരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ച ഓച്ചിറ പരബ്രഹ്‌മ ആശുപത്രിയില്‍ എത്തി. പിന്നെക്കണ്ടത് സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണ വൈദഗ്ധ്യമാണ്.കടല്‍ കൊണ്ടുപോയ ജീവനുകളൊഴികെ നഷ്ടപെട്ടതെല്ലാം നിങ്ങള്‍ക്ക് തിരിച്ചു നല്‍കുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനം. അത്തരം ഒരു ദുരന്തം കേരളം മുന്‍പ് നേരിട്ടില്ലാത്തതിനാല്‍ ദുരിത ബാധിതരെ സഹായിക്കാന്‍ നിയമങ്ങളോ ചട്ടങ്ങളോ കീഴ് വഴക്കങ്ങളോ ഒന്നും അന്നില്ലായിരുന്നു. ആ കുരുക്കുകള്‍ അഴിക്കാന്‍ രണ്ടുതവണ വരെ മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നു. അര്‍ഹതപ്പെട്ട കേന്ദ്രസഹായമുള്‍പ്പെടെ നേടി ചുരുങ്ങിയകാലം കൊണ്ട് ആ വാഗ്ദാനം പാലിക്കാന്‍ അദ്ദേഹത്തിനായി.
മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു തീരുമാനവും അദ്ദേഹം ആരെയും അടിച്ചേല്‍പ്പിച്ചില്ല. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ടശേഷം മാത്രമേ മന്ത്രിസഭാ യോഗങ്ങളില്‍ പോലും അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നുള്ളു. അദ്ദേഹത്തിന്റെ കീഴില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് എനിക്ക് വകുപ്പില്‍ എല്ലാ സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹം തന്നിരുന്നു. കൂടാതെ എം.പി എന്ന നിലയില്‍ ഏറ്റവും വലിയ പിന്തുണ അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നു. നാല് പതിറ്റാണ്ടോളം മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണത്തിന് പണം ഒരു പ്രശ്നമായപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ദേശീയപാത പദ്ധതിക്ക് പകുതി പണം മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. തുറവൂര്‍ -പമ്പ പാത പദ്ധതിക്ക് പണം അനുവദിക്കുന്നതിലും ഇതേ രീതിയിലുള്ള പരിഗണന അദ്ദേഹം നല്‍കിയിരുന്നു.
കേരളത്തിന്റെ വികസനത്തില്‍ എക്കാലത്തെയും മികച്ച പദ്ധതികള്‍ കൊണ്ടുവരാനും നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനും ഉമ്മന്‍ ചാണ്ടിക്കായി. കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും സ്മാര്‍ട്ട് സിറ്റിയും നിര്‍മ്മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖവുമടക്കം നിരവധി വികസനപദ്ധതികളും ശ്രുതി തരംഗവും കാരുണ്യയും സൗജന്യ കാന്‍സര്‍ ചികിത്സയും അടക്കം നിരവധി ക്ഷേമ പദ്ധതികളും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്.
ഇങ്ങനെ അടിമുടി ജനകീയനായ ഉമ്മന്‍ ചാണ്ടിയുടെ സമാനതകളില്ലാത്ത അഞ്ച് പതിറ്റാണ്ടുകളാണ് നമ്മളോട് യാത്ര പറയുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് വിട.