

ഭ്രമയുഗം, ലോക, ഡീയസ് ഈറെ... ഓരോ സിനിമയുടെയും പോസ്റ്ററുകളിൽ സിഗ്നേച്ചർ പതിപ്പിച്ച് ‘ഏസ്തറ്റിക് കുഞ്ഞമ്മ’ അവരുടെ യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. ഭാഷകളുടെ അതിർവരമ്പുകൾ താണ്ടി, ഇപ്പോൾ അവർ എത്തിച്ചേർന്നിരിക്കുന്നത് ബോളിവുഡിലെ വമ്പൻ പ്രോജക്ടുകളായ ‘ആൽഫ’യിലും ‘തുമ്പാട് 2’യിലും. അരുൺ അജികുമാർ, ദീപക് ജ്യോതിബാസു, കിഷോർ ഗോപി, യദു മുരുകൻ, രാഹുൽ രാജ്, സതീഷ് ടി.പി, ടീന ടോമി - ഇവരാണ് ഈ ക്രിയേറ്റീവ് കൂട്ടായ്മയുടെ പിന്നിലെ കരുത്ത്. തുമ്പാടിന്റെയും ആൽഫയുടെയും പബ്ലിസിറ്റി ക്യാമ്പെയ്ൻ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു അരുൺ അജികുമാർ.
'തുമ്പാട് 2'ലേക്ക്
ഭ്രമയുഗവും ലോകയും ഡീയസ് ഈറെയുമെല്ലാം തുമ്പാടിന്റെ ടീം കണ്ടിരുന്നു. അവർക്ക് അതിന്റെ ക്യാമ്പെയ്ൻ ഇഷ്ടമായെന്ന് പറഞ്ഞു. ഒരു കൾട്ട് ഫോളോവിങ് ഉള്ള ചിത്രമാണ് തുമ്പാട്. പ്രേക്ഷകർക്ക് അതിന്റെ ലുക്ക് എല്ലാം അറിയാവുന്നതാണ്. അതിന്റെ പിരിയഡിക്‌നസ്സിനൊപ്പം ഒരു മോഡേൺ ടച്ചും നൽകണമെന്നാണ് അവർ പറഞ്ഞത്. ആ സമയത്ത് തന്നെ ആൽഫ എന്ന ബോളിവുഡ് സിനിമയുടെ ക്യാമ്പെയ്നും ഞങ്ങൾ ആരംഭിച്ചിരുന്നു. ആ പോസ്റ്ററും അവർക്ക് ഇഷ്ടമായി.
ഇന്റർനാഷണൽ ലെവൽ ചിത്രം
തുമ്പാടിനെ ഒരു പ്രോപ്പർ ഇന്റർനാഷണൽ സ്റ്റഫ് ആയിട്ടാണ് അവർ ഒരുക്കുന്നത്. ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയവയുടെ ടീമാണ് ഈ സിനിമയിൽ വർക്ക് ചെയ്യുന്നത്. അത്തരമൊരു ഇന്റർനാഷണൽ ടീമിനൊപ്പം വർക്ക് ചെയ്യുക എന്നത് ഒരു അഭിമാനകരമായ കാര്യമായി തോന്നി. അവരിൽ നിന്നെല്ലാം പഠിക്കാനും ഞങ്ങളുടെ മാക്സിമം ഈ സിനിമയ്ക്ക് വേണ്ടി നൽകാനുമുള്ള ഒരു അവസരമാണിത്.
തുമ്പാടിലെ ചലഞ്ച്
തുമ്പാടിൽ വർക്ക് ചെയ്യുമ്പോൾ ടെൻഷൻ ഫാക്ടർ എന്നതിനപ്പുറം ഇത്തവണ എക്സ്പെരിമെന്റ് ചെയ്യുക എന്ന ചിന്തയിലായിരുന്നു ഞങ്ങൾ. അവരും പരീക്ഷണ സ്വഭാവമുള്ള ക്യാമ്പെയ്നാണ് ആഗ്രഹിച്ചത്. തുമ്പാട് 1നെ ഫോളോ ചെയ്യേണ്ട, അതിനെ മറന്നേക്കൂ എന്നാണ് അവർ പറഞ്ഞത്. അതിനാൽ തന്നെ ചലഞ്ച് എന്ന നിലയിൽ അതിനെ കണ്ടിട്ടില്ല, പരീക്ഷണങ്ങൾക്ക് ഒരു സ്പേസ് ലഭിച്ചതിന്റെ സന്തോഷമാണ് ഞങ്ങൾക്കുണ്ടായത്. ആദ്യത്തെ അനിമേഷൻ ഞങ്ങളാണ് ചെയ്തത്. ക്യാരക്ടേഴ്സിനെ വരയ്ക്കുക, ത്രീഡിയിൽ അതിനെ ഡെവലപ്പ് ചെയ്യുക, അതിന് മോഷൻ നൽകുക എന്നിങ്ങനെ ഒരു മാസത്തിലധികം സമയമെടുത്തുള്ള പ്രോസസായിരുന്നു അത്. ഞങ്ങൾ ചെയ്യുന്ന പരീക്ഷണങ്ങളിൽ അവർ സന്തുഷ്ടരായിരുന്നു.
എന്റെ സിനിമകൾ അവർ കണ്ടിട്ടുണ്ട്
ഡീയസ് ഈറെയൊക്കെ കണ്ടതിനാൽ അവർക്ക് എന്നെ അറിയാം. ഒരു ആക്ടർ എന്തുകൊണ്ടാണ് ഈ പരിപാടിക്ക് വന്നിരിക്കുന്നത് എന്ന സർപ്രൈസോടെയാണ് അവർ ആദ്യം സംസാരിച്ചത്. പടക്കളം ആണ് അവരുടെ മോസ്റ്റ് എന്റർടെയ്നിങ് മൂവി എന്ന് പറയുകയുണ്ടായി. അവർ എല്ലാ മലയാളം സിനിമകളും കണ്ടിട്ടുണ്ട്. ആക്ടിംഗായിരിക്കും എന്റെ പ്രധാന പരിപാടി എന്നാണ് അവർ വിചാരിച്ചിരുന്നത്.
തുമ്പാട് 2 കാണാൻ കാത്തിരിക്കുന്നു
തുമ്പാടിന്റെ സ്ക്രിപ്റ്റ് വായിക്കുകയും സീനുകൾ കാണുകയും ചെയ്തതിനാൽ തന്നെ സിനിമ കാണാനുള്ള ഒരു എക്സൈറ്റ്മെന്റ് ഞങ്ങൾക്കുണ്ട്. അത് എത്രയും വേഗം കാണാൻ കഴിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
വൈആർഎഫിന്റെ 'ആൽഫ'
ലോക: ഇറങ്ങിയ സമയത്താണ് ആൽഫയിലേക്ക് ക്ഷണം ലഭിക്കുന്നത്. സാധാരണ സ്പൈവേഴ്സ് സിനിമകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ആൽഫ, ചിത്രം കണ്ടതിന് ശേഷം മാത്രം ഒരു ജഡ്ജ്‌മെന്റ് എടുത്താൽ മതിയെന്നാണ് അവർ പറഞ്ഞത്. മുൻ സ്പൈവേഴ്സ് സിനിമകൾ ഒന്നും റെഫർ ചെയ്യേണ്ട എന്നായിരുന്നു അവർ നൽകിയ നിർദേശം. എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഒരുപോലെ കണക്റ്റ് ആകുന്നതാകണം പോസ്റ്ററുകൾ എന്നതാണ് അവർ നൽകിയ മറ്റൊരു നിർദേശം. അത് മനസ്സിൽ വെച്ചുകൊണ്ടായിരുന്നു സിനിമയുടെ ക്യാമ്പെയ്ൻ.
ഫോട്ടോഷൂട്ട് ടൈം മുതൽ ആ സിനിമയുടെ ഭാഗമാണ് ഞങ്ങൾ. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ആലി ഭട്ട്, ശർവരി, അനിൽ കപൂർ, ബോബി ഡിയോൾ മുതലായ അഭിനേതാക്കളെ ഡയറക്ട് ചെയ്യാനും ഞങ്ങൾക്ക് സാധിച്ചു.
മലയാളം, തെലുങ്ക്, ബോളിവുഡ്... പല ഭാഷകളിലെ സിനിമകൾ
ഒരു ഫൺ രീതിയിൽ കാണുന്നത് കൊണ്ടാകാം, ഇതൊന്നും ഹെക്ടിക് ആയി തോന്നിയിട്ടില്ല. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും പുത്തൻ അറിവുകൾ നമുക്ക് ലഭിക്കുന്നുണ്ട്. അതിനാൽ തന്നെയാകാം പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ തോന്നുന്നത്. അതുപോലെ ഇൻഡസ്ട്രികൾ ഷഫിൾ ചെയ്യുമ്പോഴും ഞങ്ങൾക്ക് അവിടെയെല്ലാം പരീക്ഷണങ്ങൾക്ക് സ്പേസ് ലഭിക്കുന്നുണ്ട്. യങ്സ്റ്റേഴ്സ് ആയതുകൊണ്ടാകാം അവരും ഞങ്ങളിൽ നിന്ന് പുത്തൻ ആശയങ്ങൾ പ്രതീക്ഷിക്കുന്നത്. അതൊക്കെയാകാം ബാക്ക്-ടു-ബാക്ക് വർക്കുകൾ ചെയ്യാനുള്ള എനർജി നൽകുന്ന ഫാക്ടറുകൾ.