Memoir

പുഴയുടെ മേഘച്ചിറകുകള്‍

മഞ്ഞുകാലത്ത് വീടിന് മുന്നിലെ വയല്‍ക്കരയ്ക്കടുത്തുള്ള പുഴയില്‍ നിന്ന് പുകമഞ്ഞ് ഉയര്‍ന്നുവരുന്നത് നോക്കിനിന്ന ഒരു കുട്ടിയുണ്ടായിരുന്നു. പുഴയുടെ വെളുത്ത ചിറകുകളാണ് മഞ്ഞെന്ന് ആദ്യമൊക്കെ ആ കുട്ടി സങ്കല്പിക്കുമായിരുന്നു. പിന്നെപ്പിന്നെ മേഘം മുഖംകഴുകാന്‍ പുഴയിലേക്കിറങ്ങി വരുന്നതാകും എന്നായി സങ്കല്പത്തിന്റെ മറുഭാഷ്യം. അക്കാലത്ത് വായിച്ച നാടോടിക്കഥകളുണ്ടാക്കിയ ഭാവനയുടെ അതിരില്ലാ ലോകത്തായിരുന്നു അവന്‍. അങ്ങനെയിരിക്കെ നാലുകെട്ടില്‍ നിന്ന് ഒരു കുട്ടി വന്ന് അവന്റെ കൈപിടിച്ചു. അത് അപ്പുണ്ണിയായിരുന്നു. പാരവശ്യത്തിന്റെ പരുക്കന്‍ വഴികളിലൂടെ നടന്നുവന്നതിന്റെ ഉള്‍ക്കനം അവന്റെ മുഖത്തുണ്ടായിരുന്നു. നാട്ടിന്‍പുറത്തെ സാധാരണക്കാരനായൊരു കുട്ടിയുടെ മുഖഭാവം തന്നെയായിരുന്നു അവനും. ഞങ്ങളുടെ അപമാനവും ആത്മനിന്ദയും അവന്റേത് കൂടിയായിരുന്നു. അപ്പുണ്ണിയില്‍ നിന്നായിരുന്നു നിങ്ങളിലേക്ക് യാത്ര ആരംഭിക്കുന്നത്.

അന്ന് തൊട്ട് നിങ്ങളും നിങ്ങളുടെ കഥകളും നിങ്ങളുടെ കഥാപാത്രങ്ങളും ഒപ്പമുണ്ട്. കര്‍ക്കടകത്തിലെയും പടക്കത്തിലെയും നിന്റെ ഓര്‍മയിലെയും കുട്ട്യേടത്തിയിലെയും കുട്ടി ഞാന്‍ കൂടിയായിരുന്നു. മൗനത്തിന്റെയും മൂകതയുടെയും ഈറന്‍മഴക്കാറ്റില്‍ വിറച്ചും വേച്ചും നില്‍ക്കുന്നത് എനിക്കിപ്പോള്‍ കാണാം. സേതുവിന് സ്‌നേഹം സേതുവിനോട് മാത്രമായിരുന്നു എന്ന് വായിക്കുമ്പോള്‍ മറ്റുള്ളവരെ സ്‌നേഹിച്ചും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചും സ്വയം ജീവിക്കാന്‍ മറന്നുപോയ ചുറ്റുമനുഷ്യരെ ഓര്‍ത്തത് ഞാന്‍ മാത്രമായിരിക്കുമോ? നാളെയുടെയും ഇന്നലെയുടെയും മദ്ധ്യത്തില്‍ ഒഴിവുകാലം കടന്നുപോകുന്നു എന്ന മഞ്ഞിലെ വരികള്‍ മനസില്‍ വീണപ്പോള്‍ വിഷാദത്തിന്റെ ഏകാന്തസായാഹ്നത്തില്‍ നിശബ്ദരായിപ്പോയ ആയിരങ്ങളില്‍ ഞാനുമുണ്ടായിരുന്നു.

'ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. കാലത്തിന്റെ പാറക്കെട്ടുകളില്‍ മഞ്ഞുവീഴുന്നു, ഉരുകുന്നു. വീണ്ടും മഞ്ഞിന്‍പടലങ്ങള്‍ തണുത്തുറഞ്ഞ് കട്ടപിടിക്കുന്നു. നാമെല്ലാം കാത്തിരിക്കുന്നു..' അനന്തമായ കാത്തിരിപ്പിന്റെ ഹിമശൈലം ഘനീഭവിച്ച വരികള്‍. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് പല കാലങ്ങളില്‍ പല നേരങ്ങളില്‍ അനുഭവിച്ച് വിതുമ്പിയതും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു. 'നമ്മള്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. എവിടെയോ ഒരു മരുപ്പച്ചയുണ്ട്. എത്തുമെന്ന് ഉറപ്പില്ല. എങ്കിലും പ്രതീക്ഷയോടെ നമ്മള്‍ സഞ്ചരിച്ചു കൊണ്ടിരിക്കണം. എത്തിയില്ലെങ്കിലും ആ യാത്ര വലിയ കാര്യമാണ്. അത് തുടര്‍ന്നുകൊണ്ടിരിക്കണം. അതാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്' എന്ന് നിങ്ങള്‍ എഴുതിവെച്ചത് ജീവിതത്തില്‍ മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുന്തോറും ഇടറിവീഴുന്ന ഞങ്ങള്‍ക്ക് വേണ്ടിയാണല്ലോ..

നിങ്ങളെഴുതിയ കൂടല്ലൂരും നിളാനദിയും മനസിലൊഴുകിപ്പരന്നപ്പോഴാണ് എന്റെ നാടിനെയും നാട്ടാരെക്കുറിച്ചും എഴുതാമെന്ന തോന്നല്‍ ഉള്ളിലുണ്ടാവുന്നത്. എഴുത്തിന്റെ സ്വത്വം വെളിവാകുന്നത് നിങ്ങളില്‍ നിന്നാണ്. എഴുത്തിലേക്ക് എഴുത്ത് കൊണ്ട് വഴിതെളിച്ചതും നിങ്ങളാണ്.

നന്ദി, നിങ്ങള്‍ ജീവിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതിന്. മലയാളത്തിന്റെ തന്റേടമായതിന്. എഴുത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും അന്തസ് കാലം തൊട്ട് ബോധ്യപ്പെടുത്തിയതിന്. എകാന്തവും അഭിശപ്തവുമായ നേരങ്ങളില്‍ കൂട്ടുകൂടാന്‍ കഥകളുടെ കാലം ഒരുക്കിതന്നതിന്. ഓര്‍മയുള്ളിടത്തോളം വിട്ടുപോവില്ലൊരിക്കലും.. മനസില്‍ നിറനിലാവ് പോലെ തെളിഞ്ഞു നില്‍ക്കുമെപ്പോഴും..

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT