Memoir

ലതാ മങ്കേഷ്കർ മുതൽ എസ്. ജാനകി വരെ; ആലാപനത്തിന്റെ രണ്ട് ധ്രുവങ്ങൾ

ജാനകിയമ്മയുടെ പാട്ടുകൾ കേട്ടുകൊണ്ടിരിക്കെ സാക്ഷാൽ ലതാ മങ്കേഷ്ക്കർ നിരീക്ഷണ താരതമ്യങ്ങളിൽ വന്നു. ലതാ മങ്കേഷ്ക്കറുടെ ശബ്ദവും ആലാപനവും എല്ലായ്പ്പോഴും ഏറ്റവും പ്രൗഢവും രാജകീയവുമായ, ഒപ്പം കുലീനവുമായ ഒരു വൈകാരിക പരിസരത്തെ സൃഷ്ടിച്ചു. മണിനാദം പോലെ തെളിമയാർന്ന ആ ശബ്ദവും ഏറ്റവും ശുദ്ധം ചെയ്തതു പോലുള്ള ആലാപനവും ലതാജിയുടെ പാട്ടുകളിലൂടെ അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ ജീവിതങ്ങളെ എല്ലായ്പ്പോഴും മാന്യവും അന്തസ്സുറ്റതുമായ ഒരു സാമൂഹികാവസ്ഥയിലേക്ക് ഉയർത്തിവച്ചു.

മണിമാളികയിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഉന്നതകുലജാതയുടെ ദുഃഖവും രാജ്ഞിയുടെ വിഷാദവും ഉപരിമദ്ധ്യവർഗ്ഗ സ്ത്രീകളുടെ സ്വപ്നങ്ങളും പ്രണയനിരാസസങ്കടങ്ങളും നിരാശകളും വിരഹവും കാത്തിരിപ്പും ചിരിയും കണ്ണീരും, എല്ലാം ലതാജിയുടെ ശബ്ദത്തിലും ആലാപനത്തിലും സ്വയംഭൂവായെന്ന പോലെ സന്നിവേശിക്കപ്പെട്ടിരുന്നു.

1949ൽ മധുബാല നായികയായ മഹൽ എന്ന ചിത്രത്തിൽ പാടിയ 'ആയേഗാ ആനേവാലാ' എന്ന പാട്ടിലൂടെ, ഒറ്റപ്പെട്ട ഉന്നതകുലജാതയുടെ നഷ്ടപ്പെട്ട പ്രാണേശ്വരനായുള്ള കാത്തിരിപ്പ് ലതാജിയുടെ സ്വരത്തിൽ കാലാതീതമായ വൈകാരികാനുഭവമായി.

'മുഗൾ ഇ ആസം ' എന്ന ചിത്രത്തിൽ അക്ബറുടെ സദസ്സിലെ കൊട്ടാരം നർത്തകിയായ അനാർക്കലിയുടെ സലിംരാജകുമാരനുമായുള്ള പ്രണയത്തിൻ്റെ പശ്ചാത്തലത്തിലെ 'പ്യാർ കിയാ തോ ഡർനാ ക്യാ ' എന്ന ഗാനവും മീനാകുമാരി നഴ്‌സായി വേഷമിട്ട ' ദിൽ അപ്‌നാ ഓർ പ്രീത് പരായി ' എന്ന ചിത്രത്തിലെ 'അജീബ് ദാസ്താൻ ഹേ ' എന്ന ഗാനവും

'ഗൈഡി 'ലെ ആജ് ഫിർ ജീനേ കി തമന്നാ ഹെയും അടക്കമുള്ള ലതാജിയുടെ നൂറുകണക്കിന് ഗാനങ്ങൾ ആ കഥാപാത്രങ്ങളെ പ്രൗഢവും കുലീനവും അന്തസ്സുറ്റതുമാക്കി പ്രേക്ഷകഹൃദയങ്ങളിൽ അവതരിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു.

50കളിലും 60കളിലും 70കളിലും മാത്രമല്ല 80കളിലും 90കളിലും പോലും ഇന്ത്യൻ സിനിമയിൽ നായികമാരെ എപ്പോഴും ഒരു ആദർശരൂപമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിരുന്നത്. വീട്ടമ്മയായാലും രാജ്ഞിയായാലും വേശ്യയായാലും ആ കഥാപാത്രങ്ങൾക്ക് മാന്യതയും സാമൂഹ്യാംഗീകാരവും നൽകാൻ ലതാജിയുടെ ശബ്ദം കൃത്യമായും ഉപയോഗിക്കപ്പെട്ടു.

മീനാകുമാരി നായികയായ,ഒരു വേശ്യാലയ നർത്തകിയുടെ കഥ പറഞ്ഞ 'പക്കീസ'യിലെയും ഷർമിള ടാഗോറിന്റെ 'അമർ പ്രേം ' എന്ന സിനിമയിലെ വേശ്യയുടെ കഥാപാത്രത്തെയുമൊക്കെ നന്മയുള്ള ഹൃദയങ്ങളുടെ ഉടമകളായി, പ്രേക്ഷകഹൃദയങ്ങളിലേക്ക് ചേർത്തുനിർത്തുന്നതിൽ ലതാ മങ്കേഷ്ക്കറുടെ സ്വരവും ആലാപനവും വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ കഥാപാത്രങ്ങളുടെയെല്ലാം പശ്ചാത്തലവും രൂപഭാവങ്ങളും ഉപരി മദ്ധ്യവർഗ്ഗത്തിന്റെ സാമൂഹ്യ-സാംസ്കാരിക പെരുമാറ്റരീതികളോട് ഇണങ്ങുന്നതും പ്രിയങ്കരമാകുന്നതുമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധപതിയേണ്ട വിഷയമാണ്. അവിടെയാണ് ലതാമങ്കേഷ്ക്കറുടെ സ്വരത്തിന്റെ പ്രസക്തിയും പ്രാധാന്യവും!

എന്നാൽ... ഉപരി മദ്ധ്യവർഗ്ഗ സ്വഭാവമില്ലാത്ത, സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ ശബ്ദം കൊണ്ട് പൂരിപ്പിക്കേണ്ടിവന്ന ഇടങ്ങളിലും സന്ദർഭങ്ങളിലും ലതാജി വേണ്ടതുപോലെ വിജയിച്ചുവോ എന്ന ചോദ്യം പ്രസക്തമാണ്. ഒരു കലാസൃഷ്‌ടി എന്ന നിലയിൽ ലതാജിയുടെ ഓരോ ഗാനവും മികവിന്റെ ഉയരങ്ങൾ കീഴടക്കുമ്പോഴും ഏറ്റവും സാധാരണക്കാരായ കഥാപാത്രങ്ങളുടെ സാമൂഹ്യാന്തരീക്ഷത്തിന്റെയും അതിന് അനുസരിച്ച ഭാവപ്പകർച്ചയുടെയും പ്രതിഫലനം ലതാജിയുടെ ഗാനങ്ങളിൽ കണ്ടെടുക്കുന്നത് പലപ്പോഴും പ്രയാസകരമാകും എന്നത് ഒരു യാഥാർത്ഥ്യമാണ്.

ദരിദ്രപൂർണ്ണവും കടുപ്പം നിറഞ്ഞതുമായ ജീവിതസാഹചര്യങ്ങളിൽ പുലരുന്ന സ്ത്രീകളുടെ വൈകാരികാവസ്ഥകളെ ആവിഷ്ക്കരിക്കേണ്ട ഗാനസന്ദർഭങ്ങളിൽ ലതാജിയുടെ അതിമധുരശബ്ദവും പാഠ്യപദ്ധതികൾക്കിണങ്ങുന്ന വിധം സംസ്ക്കരിച്ചെടുക്കപ്പെട്ട സമ്പൂർണ്ണമായ ആലാപന ശൈലിയും ചേർന്ന് വളരെ മിനുസപ്പെടുത്തി അവതരിപ്പിക്കുന്ന അവസ്ഥയുണ്ടായി. ഇത് ആ ജീവിതങ്ങളുടെ ആവിഷ്‌കാരത്തിലെ സത്യസന്ധതയെ ഇല്ലാതാക്കുന്ന തരത്തിലേക്ക് പോലും പരിണമിക്കുകയുണ്ടായി.

ഡിമ്പിൾ കപാഡിയ നായികയായ, രാജസ്ഥാനിലെ ഒരു വിദൂരഗ്രാമം കഥാപശ്ചാത്തലമായ സിനിമയാണ് 'രുദാലി '! ധനികരുടെ മരണവീടുകളിൽ ചെന്ന് ബന്ധുക്കൾക്ക് വേണ്ടി ആർത്തുകരയുന്ന ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഏറ്റവും ദരിദ്രയും മരുഭൂമിപോലെ തിളയ്ക്കുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവളുമായ നായികയ്ക്കു വേണ്ടി ലതാജി പാടുന്നു, "ദിൽ ഹൂം ഹൂം കരേ..."!

ലതാജിയുടെ ശബ്ദം ആ പാട്ടിനെ ഒരു ഉയർന്ന തലത്തിലേക്ക് ഉയർത്തുന്നുണ്ട്. പക്ഷേ പ്രശ്‌നം , ആ കഥാപാത്രത്തിന്റെ ഹൃദയത്തിലെ പൊള്ളുന്ന മുറിവുകളോ ആ മണ്ണിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുടെ വെയിൽച്ചൂടോ ഒന്നും ലതാജിയുടെ ശബ്ദത്തിൽ പ്രതിഫലിക്കുന്നില്ല എന്നതാണ്. അതിന് പകരം ആ ഗാനം ഏറെക്കുറെ ഒരു 'മെലഡി'യായി മാറുന്നു. ഇതേ ഗാനം സംഗീതസംവിധായകൻ കൂടിയായ ഭൂപേൻ ഹസാരിക പാടിയിട്ടുള്ളത് കേട്ടാൽ, കൃത്യമായും ഒരു വിലാപം പോലെ അത് ഹൃദയത്തിൽ കൊളുത്തിവലിക്കും. സിനിമയിൽ നായിക ചുണ്ടനക്കി പാടുന്നതിനുപകരം പശ്ചാത്തലത്തിൽ ഭൂപേൻ ഹസാരിക പാടിയ ഗാനം ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് മോഹിച്ചുപോകും. അത്രമേൽ അനുഭവ തീവ്രമാണ് ആ ആലാപനം!

മധുമതി എന്ന ചിത്രത്തിൽ വൈജയന്തിമാല അവതരിപ്പിക്കുന്ന ആദിവാസി പെൺകുട്ടി പാടുന്ന 'ആജാ രേ പർദേശി' കേൾക്കുമ്പോൾ ഏതോ ഒരു ദേവലോകത്തു നിന്ന് ഏതോ ഒരു അപ്സരസ്സ് പാടും പോലെ കുളിർമ്മയുള്ള വികാരമാണ് അനുഭവപ്പെടുന്നത്. ഗംഭീരമായ പാട്ടാണത് . പക്ഷേ കഥാപാത്രത്തിന് കൊടുക്കേണ്ടിയിരുന്ന അസംസ്കൃതമായ ആലാപനത്തിന്റെ ചില മൂർച്ചകളോ അർത്ഥപൂർണ്ണമായ അപൂർണ്ണതകളോ ലതാജിയുടെ ശബ്ദത്തിൽ നിന്ന് കണ്ടെടുക്കാനില്ലായിരുന്നു. ഇവിടെയാണ് എസ്. ജാനകി എന്ന ഗായിക മഹാത്ഭുതമായി മാറുന്നത് !

ഒരു ഓന്ത് നിറം മാറി ചുറ്റുപാടുകളുടെ നിറഭേദങ്ങളിലേക്ക് പ്രവേശിക്കുന്നതുപോലെ ഏത് കഥാപാത്രത്തിന്റെ സാമൂഹിക ജീവിതാവസ്ഥകളിലേക്കും ശരീരഭാഷയിലേക്കും അനായാസം ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു അത്ഭുതശബ്ദവും ആലാപനവുമായിരുന്നു ജാനകിയമ്മയുടേത്. ആ ശബ്‌ദം രാജ്ഞിയെയും തൂപ്പുകാരിയെയും യക്ഷിയെയും ഒരുപോലെ ഉൾകൊണ്ടു, മാളികയിൽ വാഴുന്നവളും മീൻ വില്ക്കുന്നവളും ആ ശബ്ദത്തിൽ ഒരേ യാഥാർത്ഥ്യബോധം അനുഭവിപ്പിച്ചു. കൊട്ടാരത്തിന്റെ രാജകീയതയും ചെളിമണ്ണിന്റെ പശപശപ്പും ആ ശബ്ദത്തിൽ സമന്വയിച്ചു.

ലതാജിയുടെ ശബ്ദം ആഗോളസാദ്ധ്യതയുള്ള ഒരു അപൂർവ്വ രത്നമാലയാണ്. അത് ഏത് കഥാപാത്രത്തെ അണിയിച്ചാലും അവർക്ക് ഒരു രാജകീയമായ പ്രൗഢിയും ഉദാത്തമായ ഒരു ആധികാരികതയും സ്വന്തമാകും. ജാനകിയമ്മയുടെ ശബ്ദം പക്ഷേ ഓരോ കഥാപാത്രങ്ങൾക്കും അവർക്ക് അർഹതപ്പെട്ട മാലകൾ നൽകി. രാജ്ഞിക്ക് വജ്രമാല ചാർത്തിയ അവർ മുക്കുവ പെണ്ണിന് ചന്തമുള്ള മുത്തുമാല കോർത്തു നൽകി. ഒപ്പം,എല്ലാ മാലകളിലും അവർ തന്റേത് മാത്രമായ കാല്പനികതയുടെ അമൂല്യമായ സ്വരക്കല്ലുകൾ ചേർത്തുവച്ചു.

ജാനകിയമ്മയുടെ ശബ്‌ദത്തിന്റേ ഏറ്റവും വലിയ സവിശേഷത ഭൂമിയിലെ ഏറ്റവും മനോഹരമായ കാല്പനികതയുടെ ഉൾച്ചേരലാണ്. ആ കാല്പനികതയെ ഗാനസന്ദർഭത്തിൻ്റെ ആവശ്യമനുസരിച്ച് പ്രണയത്തിലും വിരഹത്തിലും വിഷാദത്തിലും നഷ്‌ടസ്‌മൃതികളിലും പകയിലും പ്രതികാരത്തിലും വരെ, കൃത്യമായ അളവുകളിൽ അവരുടെ ഓരോ ഗാനത്തിലും സന്നിവേശിപ്പിക്കപ്പെട്ടു. അങ്ങനെ അവരുടെ ശബ്ദത്തിൽ, യക്ഷികൾ പോലും ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തമാകുന്ന വിധത്തിൽ പാടി തിരശ്ശീലയിൽ അലഞ്ഞുനടന്നു.

ഒടുങ്ങാത്ത പ്രണയത്തിന്റെ ഓർമ്മകളിൽ വിഷാദവും വിരഹവും ചാലിച്ചാണ്  ഭാർഗ്ഗവി "പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടി"യത്, അതേ സമയം ഇരയെ വശീകരിച്ചും പ്രലോഭിപ്പിച്ചും "നിഴലായ് ഒഴുകി വരും ഞാൻ" എന്നു കള്ളിയങ്കാട്ട് നീലി പാടുമ്പോൾ ആ സ്വരത്തിൽ എസ്. ജാനകി അലിയിച്ചുചേർത്ത  മാദകത്വത്തിന്റെ അംശം ഏതു ശ്രോതാവിനെയും വിസ്മയിപ്പിക്കും.

മികച്ച ഭക്തിഗാനങ്ങൾ പാടിയിട്ടുള്ള ജാനകിയമ്മ പക്ഷേ 'ഓപ്പോൾ ' എന്ന ചിത്രത്തിൽ 'ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് "എന്ന പാട്ട് പാടിയപ്പോൾ പുതുപ്പെണ്ണും നവവരനും ഒരു കൊച്ചരുവിയുടെ തീരത്ത് ഒന്നിച്ചിരിക്കുന്ന  സ്നേഹനിമിഷങ്ങളെയാണ് ഗാനരംഗത്തിൽ ആവിഷ്ക്കരിക്കുന്നത് എന്ന ബോദ്ധ്യത്തോടെയാകണം ആ പാട്ടിന് മറ്റൊരു ഭാവതലമാണ് സമ്മാനിച്ചത്.

" കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ ഇന്നെന്നെ കണ്ടാൽ എന്തുതോന്നും കിങ്ങിണിപ്പൂവേ? എന്ന് ചോദിക്കുന്ന യുവതിയെ പാടിയ അതേ കാലത്ത് സത്യൻമാഷിന്റെ റിക്ഷക്കാരനോട് "മുറ്റത്തെ മുല്ലയിൽ" എന്ന് പാടുന്ന കൗമാരക്കാരിയായ വളർത്തുമകളുടെ പാട്ടിൽ കൊഞ്ചലും ഇഷ്‌ടവും കുട്ടിത്തവും സമാസമം ചേർത്തു ജാനകിയമ്മ!

"മലർക്കൊടി പോലെ"പാടി കുഞ്ഞിനെ ഉറക്കുന്ന, സ്നേഹം പ്രസരിക്കുന്ന കുടുംബത്തിലെ  വീട്ടമ്മയുടെ താരാട്ടുപാട്ടിന്റെ ആലാപനത്തിലില്ലാത്ത  ഒരു ഘനീഭവിച്ച ദുഃഖത്തെ വിഷാദസ്‌മൃതികൾ നിറഞ്ഞ, ദരിദ്രപൂർണ്ണമായ ഒരു കുടിലിലെ ജീവിതവേള ആവിഷ്ക്കരിക്കുന്ന 'അവളുടെ രാവുക'ളിലെ 'ഉണ്ണിയാരാരിരോ തങ്കമാരാരിരോ' എന്ന താരാട്ടിൽ ജാനകിയമ്മ മെഴുകുതിരി  ഉരുകിവീഴുമ്പോലെ നിലനിർത്തുന്നുണ്ട്.

'ആഴക്കടലിന്റെ അങ്ങേ ചെരിവിലായ് ' എന്ന് സുകുമാരിയുടെ അരയത്തിയായ വൃദ്ധ പാടുമ്പോൾ നാട്ടുപാട്ടുകളുടെ മിനുക്കപ്പെടാത്ത ഒരു പ്രതലം സൃഷ്ടിക്കുക മാത്രമല്ല, തലമുറകളുടെ വംശസ്മൃതികൾ ഉണർത്തുന്ന ചില നീട്ടി മൂളലുകളും മുഴക്കങ്ങളും ധ്വനികൾ പോലെ അവശേഷിപ്പിക്കുന്നു എസ്.ജാനകി എന്ന മഹാഗായിക ! തേവർ മകൻ എന്ന തമിഴ് സിനിമയിലെ 'ഇഞ്ചി ഇടുപ്പഴകീ' എന്ന ഗാനവും ഓർമ്മിക്കാം.

വിഷാദത്തിന്റെയും ദുഃഖത്തിന്റെയും ഇത്രമേൽ ഭാവസാന്ദ്രവും വൈവിദ്ധ്യപൂർണ്ണവുമായ ലോകം പാട്ടിലൂടെ  സൃഷ്ടിച്ചിട്ടുള്ള മറ്റൊരു ഗായിക ഉണ്ടാകാനിടയില്ല. മൗനമേ നിറയും മൗനമേ, നിറങ്ങൾ തൻ നൃത്തം, മിഴിയോരം നനഞ്ഞൊഴുകും, കൊഞ്ചി കരയല്ലേ, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ , തമിഴിൽ ദളപതി എന്ന ചിത്രത്തിലെ 'ചിന്നത്തായവൾ ' എന്നിങ്ങനെ വിഷാദഭാവത്തിന്റെ അക്ഷയഖനി തന്നെ ഒരുക്കിവച്ചിട്ടുണ്ട് എസ്. ജാനകി.

കുട്ടികളുടെ സ്വരത്തിലൊക്കെ പാടുന്നത് ജാനകിയമ്മയുടെ വെറും കുട്ടിമാജിക്കായിരുന്നു. യഥാർത്ഥ മാജിക്  കഥാപാത്രങ്ങളുടെ സാമൂഹികാവസ്ഥകളെയും ജീവിതപശ്ചാത്തലങ്ങളെയും മനസ്സിലാക്കി അവരുടെ ഭാവപ്രതികരണങ്ങളെ കൃത്യമായി ഉൾക്കൊണ്ട് , പാട്ടിൽ ആ കഥാപാത്രങ്ങളുടെ വൈകാരികലോകത്തെ ആവിഷ്‌കരിക്കുകയെന്ന ലോകാത്ഭുതമായിരുന്നു. അവിടെ അവർക്കു മുകളിൽ ആരുമില്ല. കൂട്ടത്തിൽ വിസ്മയിപ്പിച്ച ഒരു പാട്ടാണ് 'മൂന്നാംപിറൈ' എന്ന കമൽഹാസൻ ചിത്രത്തിലെ 'പൊന്മേനി ഉരുകുതേ'. 

സിൽക്ക് സ്മിത തന്റെ പ്രലോഭനീയമായ ശരീരം പ്രദർശിപ്പിച്ച് കമലിനോടൊപ്പം നൃത്തം ചെയ്യുന്ന ആ ഗാനസന്ദർഭത്തിനു വേണ്ടി സ്മിതയുടെ ഭാവപ്രകടനങ്ങൾക്കിണങ്ങുന്ന വിധമുള്ള ശബ്ദ-ശ്വാസ പ്രയോഗങ്ങളും നീട്ടിമൂളലുകളും സീൽക്കാര ശബ്ദങ്ങളുമൊക്കെയായി അക്ഷരാർത്ഥത്തിൽ എസ് ജാനകി എന്ന ഗായിക ശ്രോതാക്കളെ  ഞെട്ടിക്കുന്നു.

ലതാ മങ്കേഷ്കർ ഒരു ശ്രവ്യഗായികയാണ്, അതിന്റെ പൂർണ്ണതയാണ്. എന്നാൽ  എസ്. ജാനകി ആകട്ടെ, ഒരു ദൃശ്യഗായിക കൂടിയാണ്. ഷീല മുതൽ വിധുബാല വരെ, ജയഭാരതി മുതൽ സറീന വഹാബ് വരെ, ശോഭന മുതൽ സുഹാസിനി വരെ, കെ.പി.എ.സി ലളിത മുതൽ സുകുമാരി വരെയുള്ളവരുടെ  വൈവിധ്യമാർന്ന അഭിനയശൈലികളിലൂടെ ഇതൾവിരിഞ്ഞ വിവിധ സാമൂഹ്യലോകങ്ങളിൽ നിന്നുള്ള  കഥാപാത്രങ്ങൾക്ക് അവരുടെ ശബ്‌ദവും ആലാപനശൈലിയും പ്രദാനം ചെയ്യാൻ സവിശേഷസിദ്ധിയുണ്ടായിരുന്ന ഒരു അപൂർവ്വ ഗായിക. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ശബ്ദത്തെ കഥാപാത്രത്തിന്റെ ശരീരഭാഷയുമായി ഇത്രമേൽ ലയിപ്പിച്ച മറ്റൊരു ഗായികയില്ല.

ലതാജിയുടെ ശബ്ദം ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള റെക്കോർഡിംഗ് സ്റ്റുഡിയോകൾക്ക് വേണ്ടി അത്ഭുതകരമാംവിധം മധുരതരമായി പ്രകൃത്യാ പാകപ്പെട്ടതാണ്.അതുകൊണ്ട് തന്നെ, ദരിദ്രവും ക്ലേശകരവുമായ ജീവിതങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെ  പോലും മദ്ധ്യവർഗ കാഴ്ചാശീലങ്ങളോട് ഇണക്കിനിർത്തി അതിസുന്ദരമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി  ലതാജിയുടെ ശബ്ദം സംഗീതസംവിധായകർക്കൊപ്പം ചലച്ചിത്രസംവിധായകരും ആയുധമാക്കി. ഗ്രാമജീവിതങ്ങൾ ആവിഷ്‌ക്കരിച്ച സിനിമകളിൽ എസ്. ജാനകിയെപ്പോലെ ശബ്ദത്തിലും ഭാവത്തിലും ഗ്രാമ്യതയുടെ ഒരു അസംസ്കൃതസ്വഭാവം (texture of the soil) കൊണ്ടുവരാൻ ലതാജി കാര്യമായി പരിശ്രമിച്ചിരുന്നില്ല. അവർ എപ്പോഴും പ്രൗഢയും കുലീനയുമായ ആദർശവതി നായിക'യുടെ ശബ്ദമായി തുടരാൻ തന്നെയാണ് ഇഷ്ടപ്പെട്ടത് എന്ന് നിരീക്ഷിക്കാം.

ചുരുക്കത്തിൽ ,ലതാജിയുടെ ശബ്ദം അതിസുന്ദരവും ശ്രേഷ്ഠവുമായ ഒരു തടാകക്കാഴ്ചയുടെ അനുഭവത്തെ സൃഷ്ടിക്കുന്നു. അത് അതിന്റേതായ ഒരിടത്ത് ഏഴഴകോടെ നിലകൊള്ളുന്നു, അനന്തകാലം ! എന്നാൽ എസ്. ജാനകിയുടെ ശബ്ദം ഒഴുകുന്ന ഒരു പുഴ പോലെയാണ്, മാറി വരുന്ന ഋതുക്കൾക്കനുസരിച്ച് രൂപവും ഭാവവും മാറാൻ കെല്പുള്ള ഒരു പുഴ ! കോടിക്കണക്കായ മനുഷ്യരുടെ ഹൃദയതീരങ്ങളിൽ കാല്പനികതയുടെയും ഭാവതീവ്രതയുടെയും പച്ചകൾ സൃഷ്ടിച്ച് ആ പുഴ തലമുറകളെയും കടന്ന്, ഒഴുകിക്കൊണ്ടേയിരിക്കും.

ലാഭം, അധികാരം, മനുഷ്യൻ: ലീക്ക് 86ന്റെ രാഷ്ട്രീയ വായന

ചിരിച്ച് മറിയാം, പേടിച്ചിരിക്കാം!! ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' കിടിലൻ ട്രെയ്‌ലർ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ടീസർ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബർ 11ന്

'വരവ്' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു; ഷാജി കൈലാസ്-ജോജു ജോര്‍ജ് ചിത്രം ജൂലൈ 16ന് തിയറ്റുകളില്‍

മരണങ്ങളില്‍ വ്യൂഫൈന്‍ഡറിലൂടെ കരയാനേ കഴിയൂ; രാജേഷ് തകഴി അഭിമുഖം

SCROLL FOR NEXT