Interview

ഇടത് സർക്കാർ മുസ്ലിം വിരുദ്ധമെന്ന് വരുത്താൻ ലീഗ് ശ്രമം; ഇടതു മുന്നണിയില്‍ എത്തുന്നത് വരെ ലീഗിന്റെ എതിര്‍പ്പെന്നും കെ.ടി ജലീല്‍

വഖഫ് വിഷയത്തില്‍ മുസ്ലിംലീഗുമായി അകന്നിട്ടില്ലെന്നും അടുപ്പം കൂടുകയാണ് ചെയ്തിരിക്കുന്നതെന്നും മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരിക്കുന്നു. വഖഫ് വിഷയത്തില്‍ മുസ്ലിംലീഗിന്റെ സമരം നടക്കുകയാണ്. സമസ്തയും സംസ്ഥാന സര്‍ക്കാരും ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നു. അകല്‍ച്ച ഇല്ലെന്ന് കരുതാന്‍ കഴിയുമോ?

സമസ്ത മത സംഘടനയും മുസ്ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയുമാണ്. സമസ്തയില്‍ അംഗങ്ങളായിട്ടുള്ളവര്‍ മുസ്ലിംലീഗിലും മറ്റ് പാര്‍ട്ടികളിലുമുണ്ട്. എന്നിട്ടും സമസ്ത മുസ്ലിംലീഗിന്റെ സഹസംഘടനയാണെന്ന എന്നനിലയില്‍ പലരും കണ്ടിരുന്നു. സമസ്തയ്ക്ക് ആ സംഘടനയുടേതായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉണ്ട്. മതകാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് മതപണ്ഡിതന്‍മാരാണ്. അല്ലാതെ രാഷ്ട്രീയ നേതാക്കളല്ല എന്ന അഭിപ്രായം വളരെ മുമ്പ് തന്നെ സമസ്തയിലുണ്ട്. സത്യത്തില്‍ സമസ്തയിലുണ്ടായ ആദ്യ പിളര്‍പ്പ് പോലും അങ്ങനെയുള്ള ചില വാദഗതികളുമായി ബന്ധപ്പെട്ടാണ്. ലീഗിന്റെ അപ്രമാദിത്വം അംഗീകരിച്ച് സ്വന്തമായി വ്യക്തിത്വമില്ലാത്ത സംഘടനയായി സമസ്ത മുന്നോട്ട് പോകണോ, അതല്ല സ്വന്തമായി വ്യക്തിത്വമുള്ള, ആര്‍ജ്ജവമുള്ള സംഘടനയായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സമദൂര സിദ്ധാന്തം പുലര്‍ത്തി മുന്നോട്ട് പോകണോ എന്നീ രണ്ട് ചോദ്യങ്ങളാണ് സമസ്ത നേതൃത്വം എക്കാലവും അഭിമുഖീകരിച്ചിട്ടുള്ളത്. ലീഗിന്റെ അപ്രമാദിത്വം അംഗീകരിച്ച് പോകണം എന്ന് അഭിപ്രായമുള്ള നേതൃത്വം ഉണ്ടായിരുന്ന ഘട്ടങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലായിരുന്നു. എന്നാല്‍ സമസ്തയ്ക്ക് സ്വന്തമായ അഭിപ്രായമുണ്ടെന്ന് വ്യക്തമായി പറയുന്ന നേതൃത്വം ഉണ്ടായ സമയത്തെല്ലാം ലീഗുമായി പ്രത്യക്ഷമായിട്ടല്ലെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണാവുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് സദുദ്ദേശത്തോടെയാണ്. 2017ലെ മന്ത്രിസഭാ യോഗമാണ് പി.എസ്.സി നിയമനത്തിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇരുപതോളം പോസ്റ്റുകളില്‍ നിയമനം നടത്തേണ്ട സ്ഥിതിയുണ്ടായിരുന്നു. വേണമെങ്കില്‍ സര്‍ക്കാരിന് അന്ന് ചെയ്യാമായിരുന്നു. സ്വന്തമായി ചെയ്യുന്നതിന് പകരം നല്ല ആളുകള്‍ വഖഫ് ബോര്‍ഡില്‍ വരട്ടെയെന്ന സദുദ്ദേശത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. പി.എസ്.സി വഴി മുസ്ലിം സമുദായത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി നിയമനിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചു. ഏതാണ്ട് ഒരുവര്‍ഷം മുമ്പ് ഇതിന്റെ ഓര്‍ഡിനന്‍സ് പുറത്തു നിലവില്‍ വന്നു. ഓര്‍ഡിനന്‍സ് പുറത്ത് വന്നപ്പോഴോ പി.എസ്.സിക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോഴോ വലിയ പ്രതിഷേധം മുസ്ലിം സമുദായ സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഓര്‍ഡിനന്‍സ് നിലനില്‍ക്കേയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിംലീഗ് ആ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാതിരുന്നത് എന്തുകൊണ്ടാണ്?. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് പി.എസ്.സിയിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കെതിരെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ വലിയ സമരം നടന്നത്. കോണ്‍ഗ്രസും ലീഗും അത് ഏറ്റെടുത്തു. ആ സമയത്ത് വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണം എന്ന വാദത്തെ എതിര്‍ക്കാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് ബോധപൂര്‍വം അവര്‍ ഈ വിഷയം ഉയര്‍ത്തിയില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വഖഫിലെ പി.എസ്.സി വിഷയം മറച്ചുവെച്ചു എന്ന് വേണ്ടേ മനസിലാക്കാന്‍. അന്നത്തെ പി.എസ്.സി സമരത്തെ ദുര്‍ബലപ്പെടുത്താതിരിക്കാനായിരുന്നു ലീഗ് ശ്രമിച്ചത്.

രണ്ടാം പിണറായി സര്‍ക്കാര്‍ നിയമം കൊണ്ടു വന്നപ്പോഴും വലിയ പ്രതിഷേധം ഉയര്‍ത്തിയില്ല. നിലവിലുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താതെ പി.എസ്.സി നിയമനം നടത്തരുതെന്നാണ് സബ്ജക്ട് കമ്മിറ്റിയില്‍ ലീഗ് പ്രതിനിധി ഉബൈദുള്ള വിയോജനക്കുറിപ്പ് എഴുതിയത്. വോട്ടെടുപ്പ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുമില്ല. ശബ്ദവോട്ടോടെയാണ് നിയമസഭയില്‍ പാസാക്കിയത്. വോട്ടെടുപ്പ് വേണമെന്ന് ലീഗ് പറഞ്ഞിരുന്നെങ്കില്‍ സ്പീക്കര്‍ തയ്യാറാകുമായിരുന്നു. ശബ്ദവോട്ട് പോരെയെന്ന് ചോദിച്ചപ്പോള്‍ ലീഗ് മൗനമായിരിക്കുകയാണ് ചെയ്തത്. മുസ്ലിംവിരുദ്ധമായ നിയമമാണെങ്കില്‍ അത് കീറിയെറിഞ്ഞ് നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങുമായിരുന്നില്ലേ ലീഗ്. അങ്ങനെയൊന്നും വഖഫ് ബില്ലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉണ്ടായിട്ടില്ല. പാസ്സായി കഴിഞ്ഞതിന് ശേഷം രാഷ്ട്രീയ ആയുധമാക്കാനാണ് ലീഗ് ശ്രമിച്ചത്. രാഷ്ട്രീയ കാര്‍ഡായി ഉപയോഗിച്ച് സമുദായ സംഘടനകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള അവസരമായാണ് ഈ വിഷയത്തെ ലീഗ് കണ്ടത്. മുസ്ലീം സമുദായത്തിന്റെ നഷ്ടപ്പെട്ടു പോയ നേതൃപദവി തിരിച്ചെടുക്കാനുള്ള പരീക്ഷണമാണ് ലീഗ് നടത്തിയത്. ആ പരീക്ഷണത്തില്‍ ലീഗ് ആത്യന്തികമായി തോറ്റു പോയി.

കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ കൂടുതലുള്ളത് സുന്നി വിഭാഗത്തിനാണ്. അതില്‍ തന്നെ ഇ.കെ സമസ്ത വിഭാഗം. പി.എസ്.സി വിഷയത്തില്‍ ഇ.കെ സമസ്ത മുസ്ലിം ലീഗിന് കീഴില്‍ നിന്ന് സമരത്തിലേക്ക് പോകുന്നതിന് പകരം മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് അവര്‍ പറഞ്ഞു. ഒരു ജനവിഭാഗത്തിനുമേലും അവര്‍ക്ക് ഇഷ്ടമില്ലാത്ത, അവര്‍ക്ക് സമ്മതമില്ലാത്ത ഒരു നിയമം കെട്ടിവെയ്ക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതൃത്വത്തെ അറിയിച്ചത്. പരിഷ്‌കാരങ്ങള്‍ ഉണ്ടാവേണ്ടത് അതാത് സമുദായങ്ങളുടെ ആവശ്യപ്രകാരമാണ്. ഇതിന് മുതിര്‍ന്നത് അത്തരമൊരു വികാരം മുസ്ലിം കമ്യൂണിറ്റിയിലുണ്ടെന്ന ധാരണയിലാണ്. ആ ധാരണ തെറ്റാണെന്ന് തെളിയിക്കുന്ന ഒരു പ്രക്ഷോഭ പരിപാടിയും ഉണ്ടായിട്ടില്ല.

കാന്തപുരം വിഭാഗം നേരത്തെ തന്നെ ഇടതുപക്ഷത്തിനൊപ്പമാണെന്ന പ്രതീതിയുണ്ട്. ഇപ്പോള്‍ സമസ്തയും സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ ലീഗിന് വലിയ പ്രതിസന്ധിയാകില്ലേ?

സമസ്ത സ്വീകരിച്ച നിലപാട് ലീഗിനെ സംബന്ധിച്ച് വലിയ പ്രയാസമാണ് ഉണ്ടാക്കാന്‍ പോകുന്നത്. പള്ളിയില്‍ നടക്കേണ്ട കാര്യത്തെക്കുറിച്ച് മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിപ്രായം പറയുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ശരിഅത്ത് വിവാദ കാലത്ത് മുസ്ലിം സംഘടനകള്‍ ഒരുമിച്ച് പ്രക്ഷോഭത്തിന് സന്നദ്ധമാകുകയും പള്ളികളില്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ പള്ളികളുടെ ഭരണം കൈയ്യാളുന്ന സമുദായ സംഘടനകളാണ് അക്കാര്യം പറഞ്ഞിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടന്നു. മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയല്ല അത് പ്രഖ്യാപിച്ചത്. ഈ വിഷയത്തിലും അങ്ങനെയായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ഇത്ര വലിയ പ്രതിസന്ധി മുസ്ലിംലീഗിന് ഉണ്ടാകുമായിരുന്നില്ല. ഒരു പള്ളി പോലും ഇല്ലാത്ത മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരില്‍ പ്രതിഷേധത്തെക്കുറിച്ച് പറഞ്ഞതാണ് വിവാദത്തിനിടയാക്കിയത്.

മുസ്ലിം സമുദായ നേതാക്കള്‍ കാലാകാലങ്ങളായി സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നത് മുസ്ലിംലീഗിലൂടെയായിരുന്നു. ലീഗാണ് അതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ കീഴ്‌വഴക്കത്തിന് വിരാമം കുറിച്ചു. മധ്യവര്‍ത്തികള്‍ ഇല്ലാതെ തന്നെ മതനേതാക്കള്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാം എന്ന സ്ഥിതി വന്നു. മതനേതാക്കള്‍ക്ക് വലിയ സ്വാതന്ത്ര്യമാണ് നല്‍കിയത്. ലീഗിന്റെ കീഴില്‍ മതനേതാക്കള്‍ മുഖ്യമന്ത്രിയെയും ഭരണകര്‍ത്താക്കളെയും കാണുന്ന രീതി മാറുകയും ലീഗില്ലാതെ തന്നെ മതനേതാക്കള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായതും ലീഗിനെ കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. മത സംഘടനകളെ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും അകറ്റുകയായിരുന്നു ലീഗിന്റെ ലക്ഷ്യം. ലീഗ് പാലമായി നിന്ന് മാത്രം മത നേതാക്കള്‍ക്ക് സര്‍ക്കാരുമായി സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാവുകയുള്ളുവെന്ന സാഹചര്യം സൃഷ്ടിക്കാനാണ് ലീഗ് ശ്രമിച്ചത്.

സമസ്തയിലേക്കുള്ള സര്‍ക്കാരിന്റെ പാലം താങ്കളാണെന്നാണല്ലോ പറയപ്പെടുന്നത്. പൗരത്വ വിഷയം, മുന്നാക്ക സംവരണം, ഇപ്പോള്‍ വഖഫ് നിയമനം. ലീഗിന് അസ്ഥിരപ്പെടുത്തുന്ന രാഷ്ട്രീയ മൂവ്‌മെന്റായി ഇത് മാറുമോ?

ഞാനല്ല സമസ്തയുമായിട്ടുള്ള ഇടതുപക്ഷത്തിന്റെയും മുഖ്യമന്ത്രിയുടെയും പാലം. മുഖ്യമന്ത്രി തന്നെ നേരിട്ട് ഒരുപാലം ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എം നേരിട്ട് അവരോട് സംസാരിക്കുന്നുണ്ട്. അതിന് അവര്‍ക്ക് ഞാനാകുന്ന പാലത്തിന്റെ ആവശ്യം ഇല്ല. എന്നെ കൊണ്ട് കഴിയുന്നത് പോലെ അവരുമായി സംസാരിക്കുന്നുണ്ട്. അഭിപ്രായം പറയുന്നുണ്ട്. അല്ലാതെ ലീഗിനെ സംഘടിതമായി ദുര്‍ബലപ്പെടുത്താനുള്ള നിഗൂഢ നീക്കമൊന്നും ആരും നടത്തുന്നില്ല. മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ലീഗിന് സമസ്തയോട് പറയാമായിരുന്നില്ലേ. എന്തുകൊണ്ടാണ് അവരത് പറയാത്തത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്കും മതനേതാക്കള്‍ക്കും വിശ്വാസമുണ്ട്. കാരണം അവരോട് പറഞ്ഞ കാര്യങ്ങളില്‍ മുഖ്യമന്ത്രി വീഴ്ച വരുത്തിയിട്ടില്ല. വാക്കു പറഞ്ഞതെല്ലാം നടപ്പാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് പള്ളി തുറക്കുന്നതിലും പൗരത്വ ബില്ല്, മുത്തലാഖ് വിഷയങ്ങളില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും പറഞ്ഞത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യും പിണറായി വിജയനെന്ന് കേരളത്തിലെ എല്ലാ വിഭാഗങ്ങളുമെന്നത് പോലെ മുസ്ലിം മതനേതാക്കളും വിശ്വസിക്കുന്നു.

പി.എം.എ സലാമിന്റെ പ്രസ്താവനകള്‍ അതിവൈകാരികമായെന്ന വിമര്‍ശനം മുസ്ലിംലീഗിന് അകത്ത് നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ടല്ലോ?

തീര്‍ച്ചയായും. പള്ളികളില്‍ പ്രതിഷേധം നടത്തുമെന്ന് പറയാന്‍ പാടില്ലായിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി രണ്ട് തവണ തന്നെ വിളിച്ചു പറഞ്ഞുവെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍ തന്നെ പറഞ്ഞിരിക്കുന്നു. പള്ളികളില്‍ ഇതില്‍ പ്രതിഷേധസമരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ച് ജിഫ്രി തങ്ങളോട് പറഞ്ഞിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ പോലെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മനസിലാക്കിയ ആളല്ല പി.എം.എ സലാം. അതുകൊണ്ടാണ് അദ്ദേഹത്തില്‍ നിന്നും അപക്വമായ പ്രസ്താവന ഉണ്ടാവുകയും വിവാദമാകുകയും ചെയ്തത്. ഈ വിവാദം ഇടതുപക്ഷക്കാരോ ലീഗ് വിരുദ്ധരോ ഉണ്ടാക്കിയതല്ല. ലീഗ് തന്നെ സൃഷ്ടിച്ചതാണ്.

കെ.ടി ജലീല്‍ സമുദായത്തിന് ബാധ്യതയാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചിരിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടുഷുകാരുടെയും സംഘപരിവാറിന്റെയും തന്ത്രമാണ് ജലീല്‍ പയറ്റുന്നതെന്നാണ് ഫാത്തിമ തഹ്ലിയയുടെ വിമര്‍ശനം?

ഞാന്‍ മുസ്ലിം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. മുസ്ലിം സമുദായ സംഘടനകള്‍ക്കിടയില്‍ നേരത്തെ തന്നെ ആശയപരമായ ഒരുപാട് വിയോജിപ്പുകളുണ്ട്. അതൊന്നും ഞാനുണ്ടാക്കിയതല്ല. 15 ഓളം മുസ്ലിം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ലീഗ് വിളിച്ചതെന്ന് പറയുന്നു. ഒറ്റ സംഘടനയായി ഇവര്‍ക്ക് നില്‍ക്കാവുന്നതല്ലേ?. വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്നത് എത്രയോ നൂറ്റാണ്ടുകളായി മുസ്ലിം സമൂഹത്തിലും ചിന്താധാരകളിലും നിലനില്‍ക്കുന്നതാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും രൂപപ്പെട്ടത്. ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളുംഏകാഭിപ്രായം ഉള്ള ഒരു സംഘമായല്ല നിലനില്‍ക്കുന്നത്. അഭിപ്രായ വ്യത്യാസം ഞാനായിട്ട് ഉണ്ടാക്കിയതല്ല. എനിക്ക് അതിന് താല്‍പര്യമില്ല. അതിന് സമയവുമില്ല.

മതസംഘടനകളുടെ കാര്യം തീരുമാനിക്കേണ്ടത് ഞാനല്ല. ഞാനൊരു അഭിപ്രായം പറയുകയാണ് ചെയ്തത്. പി.എസ്.സിക്ക് വിടുമ്പോള്‍ സമുദായത്തിലെ നിരീശ്വര വാദികള്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് ലീഗ് പറഞ്ഞിരുന്നു. ഇങ്ങനെയുള്ള അപകടകരമായ വാദങ്ങള്‍ ലീഗിനെ പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടി മുന്നോട്ട് വെയ്ക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്. ദര്‍ഖകളും മഖാമുകളും മഖ്ബറകളുമാണ് വഖഫ് ബോര്‍ഡിന്റെ പ്രധാന വരുമാന ശ്രോതസ്സ്. മുസ്ലിം കമ്യൂണിറ്റിയില്‍ ഇവയോടെല്ലാം വിയോജിപ്പുള്ളവര്‍ ജീവനക്കാരായി വരരുതെന്ന സങ്കുചിത വാദത്തിലേക്ക് മാറാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഇതുപോലുള്ള വാദങ്ങള്‍ ഇന്ത്യയെ പോലെ മതേതരമായ ഒരുരാജ്യത്ത് ലീഗ് ഉയര്‍ത്തരുതെന്ന് ഞാന്‍ പറഞ്ഞത്.

വിശ്വാസികളല്ലാത്തവര്‍ വഖഫ് ബോര്‍ഡില്‍ കയറി വരുമെന്ന വാദം തന്നെയാണല്ലോ സമസ്തയും ഉയര്‍ത്തുന്നത്. ഇത് വഖഫ് എന്ന കണ്‍സെപ്റ്റ് തന്നെ തകരാന്‍ ഇടയാക്കുമെന്നാണ് അവരുടെ വാദം?

അങ്ങനെ എങ്ങനെയാണ് വിശ്വസിക്കാന്‍ കഴിയുക. പി.എസ്.സി വഴി ജോലി കിട്ടുന്നവര്‍ അവിശ്വാസികളാണ്. നമ്മുടെ സമൂഹത്തില്‍ എത്രത്തോളം അവിശ്വാസികളുണ്ട്. മൈനോരിറ്റിയല്ലേ കടുത്ത യുക്തിവാദികളും അവിശ്വാസികളും. പി.എസ്.സിയിലൂടെയും അതിന്റെ പരിശ്ചേദം തന്നെയായിരിക്കും ഉണ്ടാവുക. വിശ്വാസികളല്ലാത്തവര്‍ ഈ ജോലിക്ക് വരില്ല. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും വഖഫ് ബോര്‍ഡിലേക്ക് പോകാന്‍ താല്‍പര്യമുള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. താല്‍പര്യമില്ലാത്തവര്‍ വഖഫ് ബോര്‍ഡിന്റെ വരുമാനത്തില്‍ നിന്നും ശമ്പളം ലഭിക്കുന്നവരായി നില്‍ക്കില്ലെന്ന് പറയും. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന ജോലിയായിരിക്കും അവര്‍ തെരഞ്ഞെടുക്കുക.

തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ജമായത്ത് ഇസ്ലാമിയെ ഒപ്പം നിര്‍ത്തിയിരുന്നു. അതിലൂടെ ഉണ്ടായ സ്വത്വ പ്രതിസന്ധി പരിഹരിക്കാനാണോ വഖഫ് വിഷയത്തിലൂടെ ലീഗ് ശ്രമിച്ചത്?

മുസ്ലിം ലീഗ് എക്കാലവും ജമായത്ത് ഇസ്ലാമിയോട് ആശയപരമായി ഭിന്നിച്ച് നിന്നിട്ടുള്ള പാര്‍ട്ടിയാണ്. ലീഗ് നേതൃത്വം ഒരുഘട്ടത്തിലും ജമായത്ത് ഇസ്ലാമിയെ അംഗീകരിച്ചിട്ടില്ല. പ്രത്യേകിച്ച് ലീഗിനെ ജനകീയമാക്കിയ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് ജമായത്ത് ഇസ്ലാമിയുടെ വലിയ വിമര്‍ശകനായിരുന്നു. അദ്ദേഹം ജമായത്ത് ഇസ്ലാമിയെ കളിയാക്കിയിട്ടുള്ള എത്രയോ പ്രസംഗങ്ങളുണ്ട്. ജമായത്ത് ഇസ്ലാമിക്കും ലീഗിനും ഒരുതോണിയില്‍ ഒരുമിച്ച് സഞ്ചരിക്കാനാവില്ല. കാരണം ജമായത്ത് ഇസ്ലാമിക്ക് അവരുടെ രാഷ്ട്രീയ ലക്ഷ്യവും നയവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുമുണ്ട്. മുസ്ലിംലീഗ് കേരളത്തിലെ മുസ്ലിങ്ങളുടെ ആധികാരിക പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ആ പാര്‍ട്ടിക്ക് മറ്റൊരു മുസ്ലിം രാഷ്ട്രീയ സംഘത്തെ അംഗീകരിക്കാനാവില്ല. സുന്നി, മുജാഹിദ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലീഗിന്റെ മെമ്പര്‍ഷിപ്പ് എടുത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ജമായത്ത് ഇസ്ലാമിലുള്ളവര്‍ ലീഗിനൊപ്പമല്ല. അവര്‍ വെല്‍ഫയര്‍ പാര്‍ട്ടിയിലെ അംഗങ്ങളാണ്. മുസ്ലിം സംഘടന, പൊളിറ്റിക്കല്‍ മൂവ്‌മെന്റ് എന്നനിലകളില്‍ അതേ രാഷ്ട്രീയ മൂവ്‌മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലീഗിന് ഗുണം ചെയ്യില്ല. ജമായത്ത് ഇസ്ലാമിയുടെ വലയില്‍ ലീഗ് വീണാല്‍ അവര്‍ക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാവുകയെന്നാണ്‌ ലീഗിനെ പഠിച്ചിട്ടുള്ളവര്‍ അഭിപ്രായം പറയുന്നത്. ലീഗ് നേരിടുന്ന സ്വത്വ പ്രതിസന്ധി പരിഹരിക്കാന്‍ ഈ സംഘടനകളെയെല്ലാം കൂട്ടിയാല്‍ കഴിയുമോയെന്ന് അവര്‍ ഒരു പരീക്ഷണം നടത്തി നോക്കിയതാണ്. ആ പരീക്ഷണം വിജയിച്ചില്ല. ലീഗിന് കനത്ത ആഘാതമാണ് ഇത് ഉണ്ടാക്കിയത്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നത് പോലെയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേര് പറഞ്ഞ് സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകളെല്ലാം ലീഗിന്റെ കൊടിക്കീഴിലാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ശ്രമം കലാശിച്ചിരിക്കുന്നത്.

സമസ്ത ഒപ്പമുണ്ടെന്നത് ലീഗിന് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ഇടതുപക്ഷവും ഇടത് സര്‍ക്കാരും മുസ്ലിം വിരുദ്ധമാണെന്ന പ്രചരണവും നടത്തിയിരുന്നു. ഇപ്പോള്‍ സമസ്ത പറയുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ സമീപനമാണെന്നാണ്. സമസ്തയിലുള്ളവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു. ഇത് ലീഗിനെ എങ്ങനെയാണ് ബാധിക്കുക?

ഇനി സമസ്തയ്ക്ക് അങ്ങനെയൊരു സമീപനം സ്വീകരിക്കാനേ കഴിയൂ. ഇടതു സര്‍ക്കാര്‍ മുസ്ലിം വിരുദ്ധമാണെന്ന് വരുത്തി തീര്‍ക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയിലെത്തുന്നത് വരെയേ ലീഗിന്റെ ഈ എതിര്‍പ്പ് ഉണ്ടാവുകയുള്ളു. കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്യൂണിസത്തെ ഇതിനേക്കാള്‍ ശക്തമായി നെഞ്ചോട് ചേര്‍ത്തിയിരുന്ന 1967ല്‍ മുസ്ലിംലീഗ് രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. ദൈവനിഷേധികളാണെന്നതോ ഭൗതികവാദികളാണെന്നതോ അന്ന് ലീഗിന് അറിയില്ലായിരുന്നോ?. ഇപ്പോള്‍ നില്‍ക്കുന്ന ചേരിയിലുള്ളിടത്തോളം കാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുക എന്നതാണ് ലീഗിന്റെ നയം. എന്ന് ഇടതുപക്ഷ മുന്നണിയിലേക്ക് വരുന്നുവോ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം മതനിഷിദ്ധമാണെന്ന് പറയുന്ന ലീഗ് തന്നെ മാറ്റി പറയും. മുമ്പ് മാറ്റി പറഞ്ഞിട്ടുണ്ട്. ലോകാവസനം വരെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമാകില്ലെന്ന് പ്രഖ്യാപിക്കാന്‍ ലീഗ് തയ്യാറാകണം. അവസാനത്തെ മുസ്ലിം ലീഗുകാരനും എരിഞ്ഞൊടുങ്ങുന്നത് വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാകില്ലെന്ന് ലീഗിന് പറയാന്‍ സാധിക്കുമോ?. ലീഗ് അങ്ങനെ പ്രഖ്യാപിക്കുകയാണെങ്കില്‍ മാത്രമേ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തില്‍ അവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെന്ന് പറയാന്‍ കഴിയൂ. അല്ലെങ്കില്‍ താല്‍ക്കാലിക രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടിയുള്ള ശ്രമമാണെന്ന് പറയേണ്ടി വരും.

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

SCROLL FOR NEXT