Nipah

പൂര്‍ണ്ണ സജ്ജം, നമ്മള്‍ അതിജീവിക്കുമെന്ന് മന്ത്രി കെ കെ ശൈലജ, ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍

THE CUE

നിപ ബാധയെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്

കൊച്ചി: നിപ വൈറസ് ബാധ സംശയിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ജൂണ്‍ നാലിന് (4/6/19) രാവിലെ ലഭിച്ചതോടെയാണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും യുവാവുമായി അടുത്തിടപഴകിയ രണ്ടു പേര്‍ക്കം അടക്കം നാല് പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളെ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് നിപ തന്നെയാണോ എന്ന് പരിശോധനാ ഫലം വന്ന ശേഷമേ നിര്‍ണ്ണയിക്കാനാകൂ.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ

നിപ ബാധയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ആറംഗ കേന്ദ്ര സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം. നിപ ബാധയെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്

യുവാവിന്റെ നില സ്‌റ്റേബിളാണ്

നിപ സ്ഥിരീകരിച്ച യുവാവിന്റെ നില സ്റ്റേബിളാണെന്ന് മന്ത്രി അറിയിച്ചു. ഇടയ്ക്കിടെ പനിയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇപ്പോഴുണ്ട്. രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. രോഗം പകരാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള നടപടി കളും പുരോഗമിക്കുകയാണ്. നിലവില്‍ 86 പേരാണ് നിരീക്ഷണത്തിലുള്ളത്.

മെഡിക്കല്‍ കോളേജില്‍ പനി ക്ലിനിക്ക്

പനി ബാധിച്ചവര്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജില്‍ പനി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. സംശയം തോന്നുന്നവരെ പ്രത്യേകം ചികിത്സയ്ക്ക് വിധേയമാക്കും. നിപ ബാധ സംശയിക്കുന്നവരില്‍ നിന്ന് മൂന്ന് സാംപിളുകള്‍ എടുത്ത് ആലപ്പുഴ, മണിപ്പാല്‍, പുനെ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശോധനയ്ക്ക് അയയ്ക്കും.

പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടര്‍മാര്‍

പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടര്‍മാരാണ് ചികിത്സ നടത്തുന്നത്. ആവശ്യത്തിനുള മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐ സി എം ആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികിത്സ തേടണം

ചുമ, തുമ്മല്‍ തുടങ്ങി പനിയുടെ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികിത്സ തേടണം. ഇവര്‍ ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കോഴിക്കോട് നിപ ബാധയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്.

വ്യാജപ്രചാരണങ്ങള്‍ക്കെതിരേ കര്‍ശന നടപടി

തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണം. ബോധവത്കരണത്തിനായി ലഘു ലേഖകള്‍ വിതരണം ചെയ്യും. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT