കോഴിക്കോട് ചികില്‍സയിലിരിക്കെ 12 വയസുള്ള കുട്ടി മരിച്ചത് നിപ വൈറസ് ബാധ മൂലമാണെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. 2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019ല്‍ എറണാകുളത്തും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു
ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മലേഷ്യയില്‍
1999 ല്‍ മലേഷ്യയിലാണ് നിപാ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പന്നി കര്‍ഷകരിലാണ് ഈ രോഗബാധയുണ്ടായത്. പന്നികളുമായി നേരിട്ട് ഇടപഴകിയവരിലാണ് വൈറസ് പ്രവേശിച്ചത്. എന്നാല്‍ 99 ന് ശേഷം മലേഷ്യയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2001 ല്‍ ബംഗ്ലാദേശില്‍ അണുബാധയുണ്ടായിരുന്നു. വവ്വാലുകളുടെ വിസര്‍ജ്യങ്ങള്‍ വീണ കള്ള് ഉപയോഗിച്ചതില്‍ നിന്നാണ് ഇവിടെ പടര്‍ന്നത്. ബംഗ്ലാദേശില്‍ എല്ലാ വര്‍ഷവും ഒരേ സമയങ്ങളില്‍ ഈ രോഗം കാണപ്പെടുന്നതായി വിവരമുണ്ട്. ഇന്ത്യയില്‍ ബംഗാളിലും കേരളത്തിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം മെയ് ജൂണ്‍ മാസങ്ങളിലാണ് കോഴിക്കോട് പേരാമ്പ്രയില്‍ രോഗബാധയുണ്ടായത്. ഇതേതുടര്‍ന്ന് 19 പേര്‍ മരണപ്പെട്ടിരുന്നു.
വൈറസ് വാഹകര്‍ വവ്വാലുകള്‍
നിപ വൈറസ് ആണ് രോഗബാധയുണ്ടാക്കുന്നത്. പഴംതീനി വവ്വാലുകളിലെ പ്‌റ്റെറോപോഡിഡേ (Pteropodidae ) വിഭാഗത്തിലുള്ള വവ്വാലുകളിലാണ് വൈറസ് കാണപ്പെടുന്നത്. എന്നാല്‍ വവ്വാലുകള്‍ വൈറസ് വാഹകര്‍ മാത്രമാണ്. അതായത് വവ്വാലുകളെ രോഗം ബാധിക്കുന്നില്ല. എന്നാല്‍ ഇവയുടെ കാഷ്ഠം മൂത്രം, ഉമിനീര് എന്നീ സ്രവങ്ങളിലൂടെ വൈറസുകള്‍ വമിക്കും. ഇതില്‍ നിന്ന് പന്നി പൂച്ച നായ, തുടങ്ങിയ മൃഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ട്. ഇത്തരം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാം.
രോഗബാധയുടെ പ്രധാന സാഹചര്യങ്ങള്‍
നിപാ വൈറസ് വാഹകരായ പഴംതീനി വവ്വാലുകളുടെ ശരീരസ്രവങ്ങള്‍, വിസര്‍ജ്യങ്ങള്‍ എന്നിവ പഴങ്ങളില്‍ ചേരുകയും അത് കഴിക്കുകയും ചെയ്താല്‍ രോഗം വരാം. വവ്വാലുകളില്‍ നിന്ന് നിന്ന് എതെങ്കിലും തരത്തില്‍ വീടുകളിലെ വളര്‍ത്തുമൃഗങ്ങളിലേക്ക് പടര്‍ന്നാല്‍ മനുഷ്യരിലേക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഈ രണ്ട് തരത്തില്‍ രോഗബാധയുണ്ടായ ആളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരാം. രോഗിയുടെ ശരീരസ്രവങ്ങളിലൂടെയാണ് പകരുക.
രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ
നിപാ വൈറസ് ബാധ പ്രധാനമായും രണ്ട് തരത്തിലാണ് ശരീരത്തെ ബാധിക്കുക. നേരിട്ട് തലച്ചോറിനെ ബാധിച്ച് എന്‍സഫലൈറ്റിസിന് ഇടയാക്കാം. അല്ലെങ്കില്‍ ശ്വാസകോശത്തെ ബാധിച്ച് ന്യൂമോണിയ അടക്കം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന ഗുരുതര അവസ്ഥകളിലേക്ക് നയിക്കപ്പെടാം. നിപാ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് അഞ്ച് മുതല്‍ 15 ദിവസത്തിന് ശേഷമേ ലക്ഷണങ്ങള്‍ കാണിക്കൂ. കടുത്ത പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രാഥമിക ലക്ഷണങ്ങള്‍, ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം കാഴ്ചമങ്ങല്‍ എന്നിവ അനുഭവപ്പെടാം. രോഗലക്ഷണങ്ങള്‍ പ്രകടമായി ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. സ്ഥലകാല ബോധം നഷ്ടപ്പെടുക. അപസ്മാരം, ബോധക്ഷയം എന്നിവയ്ക്കും സാധ്യതയുണ്ട്.
ചുമയും പനിയുമുണ്ടായാല്‍ കരുതലെടുക്കാം
കടുത്ത ചുമയോ പനിയോ ഉണ്ടായാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം ചികിത്സ തേടണം. ലക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേകശ്രദ്ധ പുലര്‍ത്താം. ലക്ഷണങ്ങള്‍ കൃത്യമായി ഡോക്ടറെ ധരിപ്പിക്കണം. പനിയുണ്ടാകാന്‍ എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെന്ന് തോന്നുകയാണെങ്കില്‍ അതും ഡോക്ടറോട് പങ്കുവെയ്ക്കണം. വ്യാജ ചികിത്സകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വഴിപ്പെടാതിരിക്കുകയെന്നതും പ്രധാനമാണ്. പനി മാറുംവരെ പൂര്‍ണ്ണ വിശ്രമമമെടുക്കണം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
രോഗിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
രോഗിയെ പരിചരിക്കുന്നവര്‍ ഗ്ലൗസും മാസ്‌കും നിര്‍ബന്ധമായും ഉപയോഗിക്കണം. പരിചരിക്കുന്നവര്‍ സോപ്പുപയോഗിച്ച് കൈകള്‍ നിരന്തരം ശുദ്ധമാക്കണം. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ സുരക്ഷിതമായി മാറ്റിവെയ്ക്കണം. വസ്ത്രങ്ങള്‍ നല്ല രീതിയില്‍ വൃത്തിയാക്കി വെയിലത്ത് ഉണക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. പരിചരിക്കുന്നവര്‍ തങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്ന പോഷകാഹാരങ്ങള്‍ കഴിക്കേണ്ടതുമുണ്ട്. നിപാ ബാധയുടെ എറ്റവും രൂക്ഷമായ അവസ്ഥയിലാണ് ഈ രോഗം പടരുക. ഒരാളില്‍ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ അതിന് മുന്‍പുള്ള ദിവസങ്ങളില്‍ അയാളുമായി ഇടപഴകിയവര്‍ അക്കാര്യം ആശുപത്രി അധികൃതരെ വ്യക്തമായി ധരിപ്പിച്ച് ആവശ്യമെങ്കില്‍ ചികിത്സ തേടണം.
മുന്‍കരുതലുകള്‍ ഇങ്ങനെ
രോഗം പകരാനുള്ള സാഹചര്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. പഴങ്ങള്‍ കഴിക്കുമ്പോള്‍ വവ്വാലുകള്‍ കടിച്ചുപേക്ഷിച്ചതല്ലെന്ന് ഉറപ്പുവരുത്തുക. ഉപയോഗിക്കാവുന്ന പഴങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം മാത്രം കഴിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണറില്‍ വവ്വാലുകളുടെ വിസര്‍ജ്യങ്ങളോ സ്രവങ്ങളോ കലരാന്‍ ഇടയാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. രോഗബാധയുടെ സാഹചര്യത്തില്‍ കള്ള് ഉപയോഗിക്കുന്നതില്‍ പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കേണ്ടതുണ്ട്. വവ്വാലിന്റെ സമ്പര്‍ക്കത്തിന് സാധ്യതയുണ്ടെന്നതിനാലാണിത്. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവര്‍, അവയില്‍ എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടോയെന്ന് നിരീക്ഷിക്കണം. അങ്ങനെ തോന്നുകയാണെങ്കില്‍ അവയെ ചികിത്സയ്ക്ക് വിധേയമാക്കണം. അവയുടെ വിസര്‍ജ്യങ്ങളും സ്രവങ്ങളും ശരീരത്തിലാകാതെ നോക്കണം.