News n Views

സര്‍ക്കാര്‍ സംരക്ഷണയില്‍ ആരേയും കയറ്റില്ലെന്ന് എകെ ബാലന്‍; വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്ന് എംഎം മണി

THE CUE

സര്‍ക്കാരിന്റെ താങ്ങിലും തണലിലും സംരക്ഷണത്തിലും ആരേയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ കെ ബാലന്‍. ഏതെങ്കിലും സ്ത്രീകളെ ശബരിമല കയറ്റുന്ന പ്രശ്‌നമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞു. ശബരിമല വിഷയത്തില്‍ നേരത്തേ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. സുപ്രീം കോടതിയുടെ ഇന്നത്തെ വിധി അതി സങ്കീര്‍മാണ്. സര്‍ക്കാരിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിധിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോകാറില്ലെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി പ്രതികരിച്ചു. വിശ്വാസികള്‍ അല്ലാത്ത ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കും. പുനപരിശോധന ഹര്‍ജികളിന്മേല്‍ തീര്‍പ്പ് കല്‍പിക്കുന്നത് നീട്ടിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും വിശ്വാസം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും ബഡായി പറയുകയാണ്. നിയമനിര്‍മ്മാണം നടത്തുകയാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും ബിജെപിയും നാടകം കളിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പറഞ്ഞു.

ശബരിമലയില്‍ കയറണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ വന്നാല്‍ സര്‍ക്കാര്‍ അവരെ തടയണമെന്ന് മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. യുവതികളെ കാര്യങ്ങള്‍ മനസിലാക്കി തിരിച്ചയക്കണം. മുമ്പുണ്ടായിരുന്ന ആചാരങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇനിയും പാഠം പഠിക്കാതെ യുവതികളെ കയറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ പറഞ്ഞു.

സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. കോടതി വിധി എന്തായാലും മാനിക്കും. വിധി പഠിക്കേണ്ടതുണ്ട്. അയോധ്യവിധിയില്‍ എന്ന പോലെ സംയമനത്തോടെ പ്രതികരിക്കണമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

കോടതിവിധിയെ തര്‍ക്കവിഷയമാക്കരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. രാഷ്ട്രീയലാഭത്തിനായി വിധി ഉപയോഗിക്കരുത്. സര്‍ക്കാരിന് നിയമപരമായ മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂ. ഈ മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികള്‍ വന്നാല്‍ അപ്പോള്‍ നോക്കാം. പുതിയ വിധിയോടെ കൂടുതല്‍ വിശാലമായ ആശയവിനിമയത്തിന് വേദി തുറന്നെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

സുപ്രീം കോടതി വിധിയില്‍ വ്യക്തതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പരാതിപ്പെട്ടു. സെപ്റ്റംബര്‍ 28ലെ വിധിയാണ് നിലനില്‍ക്കുന്നതെങ്കില്‍ ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടി വരും. വിധി എന്തു തന്നെയായാലും ശബരിമലയിലെ സാഹചര്യം സമാധാനപരമായി കൊണ്ടുപോകണമെന്നാണ് അഭിപ്രായം. വിധി ഗുരുതരമായ സാഹചര്യങ്ങള്‍ സ്വീകരിക്കുമോയെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരിശോധിക്കട്ടേ എന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT