News n Views

മുരളീധരന്റെ വട്ടിയൂര്‍ക്കാവ് ‘കൈ’വിട്ടാല്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരം ; മുല്ലപ്പള്ളിക്ക് വെല്ലുവിളി 

കെ. പി.സബിന്‍

ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കൈവിട്ടാല്‍ രാഷ്ട്രീയ പ്രത്യാഘാതം കനത്തതാകുമെന്നതിനാല്‍ ഏതുവിധേനയും മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്. ഇത് മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കി.ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന വികാരമാണ് നേതൃത്വത്തിനുള്ളത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍, പീതാംബരക്കുറുപ്പ്, നെയ്യാറ്റിന്‍കര സനല്‍, കെ മോഹന്‍കുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കെ മുരളീധരന്‍ എന്നിവരുടെ നിലപാട് നിര്‍ണായകമാകും.

മുരളീധരന്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്‌. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് മുരളി വടകരയിലെത്തിയത്. മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം, പി ജയരാജനെന്ന കരുത്തനെ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ തേടുകയായിരുന്നു. ഒടുവില്‍ നിര്‍ണ്ണായക ട്വിസ്റ്റിലൂടെ മുല്ലപ്പള്ളി മുരളീധരനെ പ്രഖ്യാപിച്ചു. 84663 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാല്‍ മുരളീധരന്‍ നിയമസഭയില്‍ രണ്ടുതവണ വിജയിച്ച വട്ടിയൂര്‍ക്കാവ് കൈവിടുകയെന്നത് കോണ്‍ഗ്രസിന് ചിന്തിക്കാവുന്നതല്ല. മണ്ഡലത്തില്‍ ബിജെപിയുമായിട്ടായിരുന്നു കഴിഞ്ഞകുറി യുഡിഎഫിന്റെ നേരിട്ടേറ്റുമുട്ടല്‍. 7622 വോട്ടുകള്‍ക്ക് കുമ്മനം രാജശേഖരനെ തറപറ്റിച്ചായിരുന്നു മുരളീധരന്റെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി എന്‍ സീമ മൂന്നാമതായി.

അതേസമയം തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുരളീധരന്റെ ഭൂരിപക്ഷമായ 7622, ശശി തരൂരിനെതിരെ 2836 ആക്കി കുറയ്ക്കാന്‍ കുമ്മനത്തിനായി. ഈ കണക്ക് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായെത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ മികച്ച സ്ഥാനാര്‍ത്ഥി വേണമെന്ന വികാരം കോണ്‍ഗ്രസില്‍ ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗവും ശബരിമല വിഷയത്തിന്റെ ആനുകൂല്യവും മികച്ച രാഷ്ട്രീയാന്തരീക്ഷമാണെന്നാണ് കോണ്‍ഗ്രസ് നിരീക്ഷണം. ഭരണവിരുദ്ധവികാരം തുണയാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ അടുത്ത സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സ്വാഭാവികമായും കെ മുരളീധരന്റെ അഭിപ്രായത്തിന് മേല്‍ക്കൈയുണ്ട്.

വട്ടിയൂര്‍ക്കാവില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ പ്രത്യാഘാതം ഇങ്ങനെ

1. വട്ടിയൂര്‍ക്കാവില്‍ തോറ്റാല്‍, നിയമസഭാ മണ്ഡലം നഷ്ടപ്പെടുത്താനായി എന്തിന് മുരളീധരനെ രാജിവെപ്പിച്ച് മത്സരിപ്പിച്ചെന്ന ചോദ്യമുയരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുവെ അനുകൂലമായിരുന്ന രാഷ്ട്രീയ സ്ഥിതിയില്‍ വടകരയില്‍ മറ്റൊരു ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമായിരുന്നില്ലേ എന്ന ചോദ്യത്തിന് കെപിസിസി നേതൃത്വം മറുപടി പറയേണ്ടി വരും.

2. കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വരികയും വിജയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ രണ്ടാമതൊരിടത്ത് താമര വിരിയാന്‍ കളമൊരുക്കിയെന്നത് കോണ്‍ഗ്രസിന് പേരുദോഷമാകും. മുരളീധരനെ രാജിവെപ്പിച്ച് മത്സരിപ്പിച്ചത് കൊണ്ടുമാത്രമാണ് അങ്ങനെ സംഭവിച്ചതെന്ന ആരോപണം നേരിടേണ്ടി വരും.

3. ഇടതുമുന്നണിയാണ് ജയിക്കുന്നതെങ്കില്‍ ഭരണത്തിനനുകൂലമായ വിധിയെഴുത്തായി അത് വിലയിരുത്തപ്പെടും. ആദ്യം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും മൂന്നരവര്‍ഷം പിന്നിട്ട ശേഷം മണ്ഡലം സര്‍ക്കാരിനെ തുണയ്ക്കുകയും ചെയ്യുന്നത് രാഷ്ട്രീയമായി ഇടതുമുന്നണിക്ക് ഗുണംചെയ്യും.

4. മണ്ഡലം കൈവിട്ടാല്‍ സ്വാഭാവികമായും നിയമസഭയില്‍ യുഡിഎഫ് പ്രാതിനിധ്യത്തില്‍ ഒരു എംഎല്‍എ കുറയും. പാര്‍ലമെന്റ് സീറ്റ് പിടിക്കാനായി ഒരു നിയമസഭാ മണ്ഡലം നഷ്ടപ്പെപ്പെടുത്തിയെന്ന വികാരമുയരും.

5. തിരുവനന്തപുരം എംപി ശശി തരൂരും കെ മുരളീധരനുമിടയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ട്. എല്ലാറ്റിനും മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് വിശ്വാസ്യത കളയരുതെന്ന ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ മുരളി രംഗത്തുവന്നിരുന്നു. മോദിയെ പുകഴ്‌ത്തേണ്ടവര്‍ക്ക് കോണ്‍ഗ്രസ് വിടാമെന്നതടക്കം രൂക്ഷമായ വിമര്‍ശനങ്ങളാണ് മുരളി തരൂരിനെതിരെ ഉന്നയിച്ചത്. ബിജെപിയോട് നേരിട്ടേറ്റുമുട്ടിയാണ് മുരളി വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത്. അങ്ങനെയിരിക്കെ ശശി തരൂര്‍ മോദി അനുകൂല പ്രസ്താവന നടത്തുന്നത് മണ്ഡലത്തില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ബിജെപി ശ്രമിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ സ്വാഭാവികമായും ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകാനും കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകാനും അത് വഴിവെയ്ക്കും.

6. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്റെ അനുകൂല്യമുണ്ടായിട്ടും വട്ടിയൂര്‍ക്കാവില്‍ തോറ്റത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പിടിപ്പുകേടായി വിലയിരുത്തപ്പെടും.

മുല്ലപ്പള്ളി രാമചന്ദ്രന് വെല്ലുവിളി

മുല്ലപ്പള്ളി രാമചന്ദ്രന്‍ രണ്ട് തവണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് വടകര. കെപിസിസി അദ്ധ്യക്ഷനായതിനാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയാണ് മാറിനിന്നത്. പകരം മണ്ഡലം കൈവിടാതിരിക്കാന്‍ മുരളീധരനെ ഇറക്കി. മുരളിയുടെ പേര് നിര്‍ദേശിച്ചതും നിയോഗിച്ചതും മുല്ലപ്പള്ളിയാണ്. അതിനാല്‍ വട്ടിയൂര്‍ക്കാവിലെ പോരാട്ടം മുല്ലപ്പള്ളിക്ക് കനത്ത വെല്ലുവിളിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടത് മറ്റാരേക്കാളും അദ്ദേഹത്തിന്റെ ബാധ്യതയാണ്. ഇല്ലെങ്കില്‍ തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയില്‍വരും.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT